News

സുവര്‍ണ നേട്ടങ്ങളുമായി കമ്പനികാര്യ മന്ത്രാലയം

ന്യൂഡെല്‍ഹി: കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിനു ഭരണനേട്ടങ്ങളുടെ വര്‍ഷമാണ് 2018. കമ്പനി (ഭേദഗതി) നിയമം 2017 നടപ്പാക്കുകയും കമ്പനി (ഭേദഗതി) ഓര്‍ഡിനന്‍സ് 2018നു പകരം കമ്പനി (ഭേദഗതി) ബില്‍ 2018 അവതരിപ്പിക്കാന്‍ നിര്‍ദേശിക്കുകയുംചെയ്തു. നിര്‍ധനത്വം സംബന്ധിച്ച ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റ്‌സി കോഡ് (രണ്ടാം ഭേദഗതി) നിയമം 2018 വിജ്ഞാപനം ചെയ്തതും നേട്ടമായി. കമ്പനികളുടെ സാമ്പത്തിക കാര്യങ്ങള്‍ വെളിപ്പെടുത്തുന്ന കാര്യത്തില്‍ നിക്ഷേപകര്‍ക്കും പൊതുജനങ്ങള്‍ക്കുമുള്ള ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനായി എന്‍.എഫ്.ആര്‍.എ. സ്ഥാപിച്ചു. മന്ത്രാലയവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ സൗകര്യപ്രദമാക്കുന്നതിനായി വിവിധ ഇ-ഗവേണന്‍സ് പദ്ധതികള്‍ക്കു തുടക്കമിടുകയും ചെയ്തു.
2018 ജനുവരിമുതല്‍ നവംബര്‍ വരെ നാഴികക്കല്ലുകള്‍ എന്നു വിശേഷിപ്പിക്കാവുന്ന ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുന്നതിലും തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിലും കമ്പനികാര്യ മന്ത്രാലയം വിജയിച്ചു. ബിസിനസ്‌ചെയ്യല്‍ എല്ലാവര്‍ക്കുംസുഗമമാക്കുക, കമ്പനിഘടനയില്‍ കൂടുതല്‍ സുതാര്യത സാധ്യമാക്കുക, മെച്ചപ്പെട്ട നിയന്ത്രണം പ്രാവര്‍ത്തികമാക്കുക എന്നീ മാര്‍ഗങ്ങളിലൂടെ കമ്പനീസ് ആക്റ്റ് 2013നു കീഴിലുള്ള പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കുക എന്നതാണു ലക്ഷ്യംവെക്കുന്നത്.
കമ്പനി (ഭേദഗതി) നിയമം 2017, കമ്പനി (ഭേദഗതി) ഓര്‍ഡിനന്‍സ് 2018, ദേശീയ സാമ്പത്തിക റിപ്പോര്‍ട്ടിങ് അതോറിറ്റി (എന്‍.എഫ്.ആര്‍.എ.) രൂപീകരണം, ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റ്‌സി കോഡില്‍ ഭേദഗതികള്‍ വരുത്തല്‍ തുടങ്ങിയവയാണു മന്ത്രാലയം നടപ്പാക്കിയ പ്രധാന തീരുമാനങ്ങളില്‍ ചിലത്.
2018 ഒക്ടോബര്‍ 31നു പുറത്തിറക്കിയ ലോകബാങ്കിന്റെ, വിവിധ രാജ്യങ്ങളിലെബിസിനസ് ചെയ്യുന്നത് എളുപ്പമാക്കല്‍ സംബന്ധിച്ച പട്ടികയില്‍ റാങ്കിങ് വര്‍ധിപ്പിക്കാന്‍ ഇന്ത്യക്കു സാധിച്ചു. 2017ല്‍ പട്ടികയില്‍ നൂറാംസ്ഥാനത്തായിരുന്നെങ്കില്‍ 23 സ്ഥാനം മുകളില്‍ 77ല്‍ എത്തിച്ചേരാന്‍ ഈ വര്‍ഷം സാധിച്ചു. ആകെയുള്ള പത്തു മാനദണ്ഡങ്ങളില്‍ ആറെണ്ണത്തിലും നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്.
* കമ്പനി നിയമം 2013ന്റെ 465ാം വകുപ്പൊഴികെ എല്ലാ വകുപ്പുകളും വിജ്ഞാപനം ചെയ്തു.
* കമ്പനി (ഭേദഗതി) ബില്‍ 2017നു രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതിനെത്തുടര്‍ന്ന് കമ്പനി (ഭേദഗതി) നിയമം 2017 എന്ന പേരില്‍ നടപ്പാക്കി.
*  2018ലെ ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റ്‌സി കോഡ് (ഭേദഗതി) നിയമം, 19-01-2018നു വിജ്ഞാപനം ചെയ്തു. ഐ.ബി.സി. (ഭേദഗതി) ഓര്‍ഡിനന്‍സിനു പകരമാണിത്.
* കണക്കിലെ വെട്ടിപ്പും അതു വഴിയുള്ള അഴിമതിയും കമ്പനിമേഖലയില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദേശീയ സാമ്പത്തിക റിപ്പോര്‍ട്ടിങ് അതോറിറ്റി(എന്‍.എഫ്.ആര്‍.എ.) രൂപീകരിച്ചു. ഓഡിറ്റിങ്ങിനായുള്ള സ്വതന്ത്ര നിയന്ത്രണ ഏജന്‍സിയാണ് ഇത്.
* ഇ-ഗവേണന്‍സിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ നടപ്പാക്കി. നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും സുതാര്യത ഉറപ്പാക്കാനും ഉദ്ദേശിച്ചാണ് ഇത്. റിസര്‍വ് യുനീക് നെയിം, ടിന്‍ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പരിഷ്‌കരിക്കല്‍, കമ്പനി രൂപീകരിക്കുന്നതിനുള്ള എം.സി.എ. ഫീ ഒഴിവാക്കല്‍ തുടങ്ങിയവയാണു നടപ്പാക്കിയ പ്രധാന പദ്ധതികള്‍.
* നിര്‍ധനത്വം സംബന്ധിച്ച പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി ദേശീയ കമ്പനി നിയമ ട്രിബ്യൂണലിനു കീഴില്‍ എട്ടു പ്രത്യേക കോടതികള്‍ ആരംഭിക്കാനുള്ള നിര്‍ദേശം കമ്പനികാര്യ മന്ത്രാലയംമുന്നോട്ടുവെച്ചു. നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ട്രിബ്യൂണലിനു 11 ബെഞ്ചുകള്‍ ഉണ്ടെങ്കിലും ജോലിഭാരം അമിതമായതിനാലാണു കൂടുതല്‍ കോടതികള്‍ തുറക്കാന്‍ നിര്‍ദേശിച്ചത്.
* കണക്കെഴുത്ത് കൂടുതല്‍ സുതാര്യമാക്കുന്നതിനായി ഇന്ത്യന്‍ അക്കൗണ്ടിങ് സ്റ്റാന്‍ഡേര്‍ഡ് (ഇന്‍ഡ് എ.എസ്.)വിജ്ഞാപനം ചെയ്തു. 2018 ഏപ്രില്‍ ഒന്നു മുതല്‍ ഇതു പ്രാബല്യത്തിലുണ്ട്.
* ലിസ്റ്റ്‌ചെയ്യപ്പെട്ട കമ്പനികള്‍ക്കു പുറമെ, ലിസ്റ്റ്‌ചെയ്യപ്പെടാത്ത പൊതു കമ്പനികളിലും സെക്യൂരിറ്റികള്‍ ഇലക്ട്രോണിക് രൂപത്തിലാക്കുന്നതിന് അനുമതി നല്‍കുന്നതിനായി സി.എ.-13ല്‍ ഭേദഗതിവരുത്തി. ബന്ധപ്പെട്ട എല്ലാവരുമായി ചര്‍ച്ച നടത്തിയശേഷം 2018 ഒക്ടോബര്‍ രണ്ടിനു പ്രാബല്യത്തില്‍ വരുംവിധമാണ് ഇതു നടപ്പാക്കിയത്.
* നിക്ഷേപകര്‍ക്കു വിദ്യാഭ്യാസവും സുരക്ഷയും നല്‍കുന്നതിനുള്ള ഫണ്ടി(ഐ.ഇ.പി.എഫ്.)ന്റെ പ്രചാരം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് പുതിയ ലോഗോ 2018ല്‍ പുറത്തിറക്കപ്പെട്ടു. സംരംഭകര്‍ക്കിടയില്‍ നിക്ഷേപ ബോധവല്‍ക്കരണം ഉള്‍പ്പെടെയുള്ള ലക്ഷ്യങ്ങള്‍ കൈവരിക്കാനാണു ശ്രമം.
* രാജ്യത്തു മല്‍സരക്ഷമത വര്‍ധിപ്പിക്കുന്നതിനും മല്‍സരക്ഷമത സംബന്ധിച്ച ലോകോത്തര നിലവാരമുള്ള പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുതിനുമായി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ 2018 മാര്‍ച്ചില്‍ ന്യൂഡല്‍ഹിയില്‍ 17ാമത് രാജ്യാന്തര മല്‍സര ശൃംഖല (ഐ.സി.എന്‍.) ദേശീയ സമ്മേളനം സംഘടിപ്പിച്ചു. ഏഴുപതിലേറെ രാജ്യങ്ങളില്‍നിന്നായി അഞ്ഞൂറിലേറെ വിദഗ്ധര്‍ പങ്കെടുത്തു.
നിലവിലുള്ള നയങ്ങളുടെ മല്‍സരക്ഷമത വിലയിരുത്തുന്നതിനായി കമ്പനികാര്യ മന്ത്രാലയം വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതി രൂപീകരിച്ചു. മല്‍സരക്ഷമതയ്ക്കു ഭീഷണി ഉയര്‍ത്തുന്ന വ്യവസ്ഥകള്‍ ബന്ധപ്പെട്ട നിയമങ്ങളില്‍ ഉണ്ടോ എന്നു പരിശോധിക്കുകയാണു സമിതിയുടെ പ്രധാന ഉത്തരവാദിത്തം.
* ശക്തമായ സാമ്പത്തിക അടിത്തറയ്ക്കു ചേരുംവിധമാണു നിയമ നിര്‍മാണം നടക്കുന്നതെന്ന് ഉറപ്പു വരുത്തുന്നതിനായി മല്‍സരക്ഷമതാ നിയമ പുനഃപരിശോധനാ സമിതിക്കു രൂപം നല്‍കി. മല്‍സരക്ഷമത സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും നിയന്ത്രണങ്ങളും പരിശോധിക്കുക, ആഗോള തലത്തിലുള്ള മികച്ച പ്രവര്‍ത്തന രീതികള്‍ കണ്ടെത്തുക തുടങ്ങിയവയാണു സമിതിയുടെ പ്രധാന ചുമതലകള്‍.
മല്‍സരക്ഷമതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു പ്രചാരണം നല്‍കുന്നതിനായി വിവിധ പദ്ധതികള്‍ നടപ്പാക്കി.
.

Back to Top