News

ഭീകരതയെ തടുക്കുന്നതിലും ആഭ്യന്തര സുരക്ഷയിലും കേന്ദ്ര ആഭ്യന്തര വകുപ്പിനു വിജയം

ന്യൂഡെല്‍ഹി: നേട്ടങ്ങളുടെ വര്‍ഷമായിരുന്നു കേന്ദ്ര ആഭ്യന്തര വകുപ്പിന് 2018. ഭീകരതയെ തടുത്തുനിര്‍ത്തുന്നതിലും ആഭ്യന്തര സുരക്ഷ ഉറപ്പു വരുത്തുന്നതിലും ജാഗ്രത പുലര്‍ത്തി. ചൈനയുമായി പ്രഥമ കരാര്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളുമായി സമാധാന കരാര്‍ ഒപ്പിടാന്‍ സാധിച്ചു. കേരളത്തിലെ വെള്ളപ്പൊക്കത്തോട് അനുഭാവപൂര്‍ണമായ നിലപാടാണു മന്ത്രാലയം കൈക്കൊണ്ടത്. പ്രധാന നേട്ടങ്ങള്‍ ചുവടെ:
ജമ്മു കാശ്മീരില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സൈന്യത്തിനു നല്‍കിയിരുന്ന പ്രത്യേക അധികാരം പിന്‍വലിച്ചു. അസമില്‍ പൗരന്മാരുടെ പേരു ചേര്‍ക്കല്‍ സമാധാനപരമായി നടന്നു. തീവ്രവാദ സ്വാധീന മേഖലകള്‍ 76ല്‍ നിന്ന് 58 ആയി ചുരുങ്ങി. പടിഞ്ഞാറന്‍ മേഖലയിലെ രാജ്യാതിര്‍ത്തി ആധുനികവത്ക്കരിച്ചു. ഇന്ത്യ-ചൈന ഉഭയകക്ഷി കരാര്‍ ആദ്യമായി ഒപ്പുവെച്ചു. ദേശീയ പോലീസ് സ്മാരകം അനാവരണം ചെയ്തു. അടിയന്തര സഹായ പ്രതികരണത്തിന് രാജ്യമെമ്പാടും ഉപയോഗിക്കാന്‍ 112 എന്ന ഫോണ്‍ ഏര്‍പ്പെടുത്തി. സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ പുതിയ വകുപ്പ് നിലവില്‍ വന്നു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലെ കേന്ദ്ര വിഹിതം – 75 ശതമാനത്തില്‍നിന്ന് 90 ശതമാനമാക്കി ഉയര്‍ത്തി.
കാശ്മീര്‍ താഴ്‌വരയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ വിജയം കണ്ടു. 587 സംഭവങ്ങളിലായി കഴിഞ്ഞ വര്‍ഷം 238 ഭീകരവാദികള്‍ കൊല്ലപ്പെട്ടു. 86 സുരക്ഷാ ഭടന്മാര്‍ വീരമൃത്യു വരിച്ചു. 37 സിവിലിയന്‍മാരും മരിച്ചു. ജമ്മുകാശ്മീര്‍ സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് 14.30 കോടി രൂപ ഖേലോ ഇന്ത്യ പദ്ധതിക്കായി പ്രഖ്യാപിച്ചു. ജമ്മുവില്‍ സേവനം ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഓണറേറിയം 9000 രൂപ ആയി ഉയര്‍ത്തി. 15 വര്‍ഷമായവര്‍ക്ക് 12000 രൂപയുമാക്കി. അസം, മേഘാലയ, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ വടക്കുകിഴക്കന്‍ മേഖലകളില്‍ സമാധാനം പരിപാലിക്കുന്നതിനായി സായുധ സേനയ്ക്കു നല്‍കിയ പ്രത്യേക അധികാരം പിന്‍വലിച്ചു. ഏപ്രില്‍ 28 മുതല്‍ ഈ മേഖലകളില്‍ വെടിനിര്‍ത്തലും നിലവില്‍ വന്നു. അസമിലെയും സമീപ സംസ്ഥാനങ്ങളിലെയും ജനസംഖ്യാ റജിസ്‌ട്രേഷന്‍ സമാധാനപരമായി പൂര്‍ത്തിയാക്കി. ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ജൂലൈ 25ന് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
കഴിഞ്ഞ നാലു വര്‍ഷത്തിനിടെ രാജ്യത്തെ ഇടതുതീവ്രവാദ സ്വാധീന മേഖലകള്‍ ചുരുങ്ങി. 2013ല്‍ 76 ജില്ലകളില്‍ തീവ്രവാദികളുടെ പ്രവര്‍ത്തനം സജീവമായിരുന്നു. ഇന്ന് അത് 58 ജില്ലകളായി ആയി കുറഞ്ഞു. രാജ്യത്തെ വിധ്വംസക പ്രവര്‍ത്തനങ്ങളുടെ അവസ്ഥ വിലയിരുത്തുന്നതിനായി ആഭ്യന്തര മന്ത്രാലയം രണ്ട് ഉപദേഷ്ടാക്കളെ നിയമിച്ചു. കൂടാതെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായി ഉന്നതാധികാര സമിതിയെയും നിയോഗിച്ചു.
ജമ്മു അതിര്‍ത്തിയിലെ പാക് - ഇന്ത്യാ അന്താരാഷ്ട്ര നിയന്ത്രണ രേഖയിലുള്ള ആധുനിക വേലി സെപ്റ്റംബര്‍ 17ന് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്തു. സമഗ്ര അതിര്‍ത്തി സംരക്ഷണ സംവിധാനം രാജ്യത്ത് ആദ്യമായി ഇവിടെ നടപ്പിലാക്കി. രാജ്യത്ത് ഇന്‍ഡോ- ടിബറ്റന്‍ സേനയുടെ പുതിയ ആറാം ബറ്റാലിയന്‍ ബീഹാറിലെ ജലാല്‍പൂരില്‍ ഏപ്രില്‍ 22നു പ്രവര്‍ത്തനം തുടങ്ങി.
112 എന്ന അടിയന്തര ഫോണ്‍ നമ്പര്‍ രാജ്യത്ത് ഉടനീളം പ്രാബല്യത്തില്‍ വരുത്തിക്കൊണ്ട് പോലീസ് സേനയെ നവീകരിച്ചു. ഇതിന്റെ ഉദ്ഘാടനം നവംബര്‍ 28ന് ഹിമാചല്‍ പ്രദേശില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി നിര്‍വഹിച്ചു.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നിയന്ത്രിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം പുതിയ വകുപ്പ് ആരംഭിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലും ലൈംഗിക അതിക്രമ വിവര ശേഖരവും ഇതിന്റെ ഭാഗമായി തുടങ്ങി. ഇതിനായി പോലീസ് നടപടികള്‍ക്കുള്ള കൈപ്പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഇന്ത്യയിലേ്ക്കുള്ള വിദേശികളുടെ വീസാ നടപടികള്‍ പരിഷ്‌കരിച്ചു. ലോകത്തിലെ 166 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് 26 വിമാനത്താവളങ്ങളിലും 5 തുറമുഖങ്ങളിലും ഇലക്ട്രോണിക് വിസ ഫെസിലിറ്റിയുടെ പ്രയോജനം ലഭിക്കും.
ചൈനയുമായുള്ള പ്രഥമ സുരക്ഷാ ഉഭയകക്ഷി കരാര്‍ ഒക്ടോബര്‍ 22ന് ഡല്‍ഹിയില്‍ ഒപ്പുവെച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലര്‍ സവോ കെസി എന്നിവര്‍ പ്രതിനിധിസംഘങ്ങളെ നയിച്ചു. അതിര്‍ത്തി കടന്നുള്ള ഭീകരവാദം, മയക്കുമരുന്നു കള്ളക്കടത്ത് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടതാണ് ഈ കരാര്‍. ബംഗ്ലാദേശുമായി സമാന സ്വഭാവമുള്ള ഒരു കരാറും ഡാക്കയില്‍ ഇന്ത്യ ഒപ്പിട്ടു. കൂടാതെ മ്യാന്‍മറുമായും മംഗോളിയയുമായും ഇതേ വിഷയത്തില്‍ ഇന്ത്യ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
ഇന്ത്യയുടെ പോലീസ് സേനയെ പരിശീലിപ്പിക്കുന്നതിനായി അമേരിക്കന്‍ ബ്യൂറോ ഓഫ് പൊലീസുമായും നെതര്‍ലന്റുമായും ഇന്ത്യ നടത്തിയ ചര്‍ച്ചകള്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. സമാന കരാറുകള്‍ ഫ്രാന്‍സുമായും ഒപ്പിട്ടിട്ടുണ്ട്.
സംസ്ഥാനങ്ങളുമായുള്ള ബന്ധം ഊഷ്മളമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് സംസ്ഥാനാന്തര കൗണ്‍സിലുകള്‍ ശക്തമാക്കി.
സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലെ കേന്ദ്ര വിഹിതം 75 ശതമാനത്തില്‍ നിന്നു 90 ശതമാനമാക്കി. ദുരന്ത നിവാരണ സേനയുടെ നാലു പുതിയ ബറ്റാലിയനുകള്‍ക്ക് അംഗീകാരവും നല്‍കി. ഇതിനായി 673 കോടി രൂപയാണ് ഇപ്പോള്‍ വകയിരുത്തിയിരിക്കുന്നത്. കൂടാതെ രണ്ടു വീതം ബറ്റാലിയനുകള്‍ അസം റൈഫിള്‍സിലും ടിബറ്റന്‍ അതിര്‍ത്തിസേനയിലും രൂപീകരിച്ച് അംഗീകരിച്ചു. നിലവില്‍ 12 ബറ്റാലിയനുകള്‍ രാജ്യത്ത് ദുരന്ത നിവാരണ മേഖലയില്‍ പ്രവര്‍ത്തനസജ്ജമാണ്. ഇവര്‍ക്കു വിദഗ്ധ പരിശീലനം നല്കുന്നതിനായി ഉദ്ദേശിക്കുന്ന ദേശീയ ദുരന്ത നിവാരണ ഇന്‍സ്റ്റിറ്റ്യൂട്ടിന് ഉപരാഷ്ട്രപതി മെയ് 22ന് ആന്ധ്രയിലെ കൃഷ്ണയില്‍ ശിലാസ്ഥാപനം നിര്‍വഹിച്ചു.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു ജൂലൈ 21ന് കേരളത്തിലെ പ്രളയക്കെടുതികള്‍ വിലയിരുത്തി. ഓഗസ്റ്റ് 12ന് കേന്ദ്ര ആഭ്യന്തരമന്ത്രിയും കേരളത്തിലെത്തി വെള്ളപ്പൊക്ക കെടുതികള്‍ നിരീക്ഷിച്ചു. ഓഗസ്റ്റ് 17ന് കെടുതികള്‍ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. തുടര്‍ന്ന് കേരളത്തിനു വെള്ളപ്പൊക്ക ദുരിതാശ്വാസമായി കേന്ദ്രത്തിന്റെ 500 കോടി രൂപ അടിയന്തിര സഹായ ധനം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 100 കോടി രൂപ കേന്ദ്ര ആഭ്യന്തര മന്ത്രിയും അനുവദിച്ചു. ഇത് കേരളത്തിനു ലഭിച്ച 562.45 കോടിക്കു പുറമെയാണ്. ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്നു 3,048.39 കോടിയും സംസ്ഥാനത്തിനു ലഭിച്ചു.
രാജ്യത്തെ പൗരന്മാര്‍ക്ക് പദ്മ അവാര്‍ഡ് നല്‍കുന്നതിനായി 49,992 നാമനിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. പോലീസ് സേനയുടെ സേവനങ്ങള്‍ പുരസ്‌കരിച്ച് ആഭ്യന്തര മന്ത്രാലയം അഞ്ചു പുതിയ പോലീസ് മെഡലുകള്‍ കൂടി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 21നു ദേശീയ പോലീസ് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ദേശീയ പോലീസ് സ്മാരകം രാഷ്ട്രത്തിനു സമര്‍പ്പിച്ചു. രാജ്യത്ത് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ദേശീയ തലത്തില്‍ ആരംഭിച്ചു. എട്ട്, ഒന്‍പത് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെയാണ് ഇതില്‍ അംഗങ്ങളാക്കുക.
മഹാത്മഗാന്ധിയുടെ 150-ാം ജന്മ വാര്‍ഷികം പ്രമാണിച്ച് മൂന്നില്‍ രണ്ടു ശിക്ഷ അനുഭവിച്ച ഭിന്നശേഷിക്കാരായ തടവുകാര്‍ക്ക് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം ഇളവു നല്കി.
.

Back to Top