News

ജനശബ്ദമാകൂ, ജയം നേടൂ: ബി.ജെ.പി. കേരള നേതാക്കളോടു മോദി

തിരുവനന്തപുരം: ത്രിപുരയ്ക്കു സമാനമായ രാഷ്ട്രീയ പരിവര്‍ത്തനം കേരളത്തില്‍ വിദൂരമല്ലെന്നും ജനങ്ങളുടെ ശബ്ദമായിത്തീര്‍ന്നാല്‍ കേരളത്തില്‍ ബി.ജെ.പിക്കു ജയിക്കാന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ മോദി. ഭരണം ലഭിച്ചിട്ടില്ല എന്നതു ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതിനു തടസ്സമാകുന്നില്ല. സൗജന്യ ചികില്‍സയും റോഡ് പദ്ധതികളും സംരംഭകത്വ വായ്പയുമൊക്കെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്ത് അനുവദിച്ചിട്ടുണ്ട്. ലോകത്തിലെ പ്രമുഖ രാജ്യങ്ങളുടെ നിരയിലേക്ക് ഇന്ത്യ ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഇതു സാധ്യമാക്കിയതു ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാലര വര്‍ഷം നേട്ടങ്ങളുടേതാണെന്നും ബി.ജെ.പി. ഭാരവാഹികളുമായി വീഡിയോ കോണ്‍ഫറന്‍സിങ് വഴി നടത്തിയ ചര്‍ച്ചയില്‍ നരേന്ദ്ര മോദി വ്യക്തമാക്കി. കൊല്ലം, മാവേലിക്കര, ആറ്റിങ്ങല്‍, പത്തനംതിട്ട, ആലപ്പുഴ ലോക്‌സഭാ മണ്ഡലങ്ങളിലെ ബി.ജെ.പി. ഭാരവാഹികള്‍ക്കാണു പ്രധാനമന്ത്രിയുമായി സംവദിക്കാന്‍ അവസരം ലഭിച്ചത്.
ഭരിക്കാന്‍ ബി.ജെ.പിക്ക് ഇതാദ്യമായി അവസരം നല്‍കിയതിലൂടെ എല്ലാവര്‍ക്കും ഗുണകരമായ നവ ഭരണമാതൃക ത്രിപുരയിലെ ജനങ്ങള്‍ക്കു ലഭ്യമായെന്ന് അദ്ദേഹം അവകാശപ്പെട്ടു. എല്ലാവര്‍ക്കും ഗുണകരമായ ഭരണം കാഴ്ചവെക്കുക എന്നതാണു പാര്‍ട്ടിയുടെ ലക്ഷ്യം.
കേരളത്തില്‍ ഭരണത്തില്‍ ഇല്ല എന്നതു ക്ഷേമപദ്ധതികള്‍ നടപ്പാക്കാനുള്ള പാര്‍ട്ടി അജണ്ട നടപ്പാക്കുന്നതിനു തടസ്സമാകുന്നില്ല. സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനു വ്യാപകമായ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിവരികയാണ്. തൊണ്ണൂറായിരം പേര്‍ക്കു പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം സൗജന്യ ചികില്‍സ ലഭ്യമാക്കി. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ രണ്ടേകാല്‍ ലക്ഷത്തിലേറെ ശൗചാലയങ്ങള്‍ നിര്‍മിച്ചു. ആയിരത്തിലേറെ കിലോമീറ്റര്‍ ഗ്രാമീണ റോഡ് നിര്‍മിക്കപ്പെട്ടു. 50 ലക്ഷത്തിലേറെ രൂപ മുദ്ര വായ്പയായി അനുവദിച്ചു. 25000 കോടി രൂപ കേരളത്തിലെ സംരംഭകത്വ മേഖലയ്ക്കു നല്‍കി. രണ്ടു ലക്ഷത്തോളം കുടുംബങ്ങള്‍ക്കു വീടുകള്‍ ലഭിച്ചു. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ ഒട്ടേറെ കണക്റ്റിവിറ്റി പദ്ധതികള്‍ക്കു തുടക്കമിട്ടു. 2019ല്‍ 3500 കോടി രൂപ മൂല്യം വരുന്ന 19 ദേശീയ പാത പദ്ധതികള്‍ അനുവദിക്കപ്പെട്ടു. സാഗരമാല പദ്ധതി പ്രകാരം നാലു പദ്ധതികള്‍ക്ക് അനുമതി നല്‍കപ്പെട്ടു. വെള്ളപ്പൊക്കത്തില്‍ ഉണ്ടായ നാശനഷ്ടം സംഭവിച്ചവര്‍ക്കൊപ്പം രാജ്യം ഒന്നാകെ നിന്നുവെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
ജനങ്ങളുടെ ശബ്ദമായി നിലകൊള്ളാന്‍ സാധിക്കണമെന്നും അതോടെ നിങ്ങളുടെ ശബ്ദം കേള്‍ക്കപ്പെടുമെന്നും മോദി ബി.ജെ.പി. നേതാക്കളെ ഉപദേശിച്ചു. ജനങ്ങളുടെ പ്രതീക്ഷകള്‍ യാഥാര്‍ഥ്യമാക്കാന്‍ സാധിക്കണം. അവരുടെ വാക്കുകള്‍ കേള്‍ക്കാന്‍ തയ്യാറാവുകയും അത് ഉള്‍ക്കൊള്ളാന്‍ സാധിക്കുകയും വേണം. ജനങ്ങളുടെ അവകാശങ്ങള്‍ നേടിക്കൊടുക്കുന്നതിനായി പൊരുതാന്‍ തയ്യാറാകണം. ഈ പോരാട്ടത്തില്‍ ജനങ്ങളെ ഒപ്പം നിര്‍ത്താന്‍ സാധിക്കുകയും വേണം.
കേരളത്തിലെ ബി.ജെ.പി. ഭാരവാഹികള്‍ ഈ ദിശയിലുള്ള പ്രയത്‌നത്തില്‍ വിജയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നേതാക്കള്‍ ജനങ്ങള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുകയാണ്. രാഷ്ട്രീയ അക്രമത്തെ നേരിടുന്നതില്‍പ്പോലും വലിയ ത്യാഗം നല്‍കി അവര്‍ നിലകൊള്ളുകയാണ്.
വിദേശങ്ങളിലുള്ള ഇന്ത്യന്‍ വംശജരാണ് ഇന്ത്യയുടെ സ്ഥിരം അംബാസഡര്‍മാരെന്നു വീഡിയോ കോണ്‍ഫറന്‍സിങ്ങിനിടെ ഉയര്‍ന്ന ചോദ്യത്തിനു മോദി മറുപടി നല്‍കി. കേരളത്തില്‍നിന്നുള്ള ആയിരക്കണക്കിനു പേര്‍ വിദശ രാഷ്ട്രങ്ങളിലുണ്ട്. സോഫ്റ്റ്‌വെയര്‍ രംഗത്ത് ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന എത്രയോ മികച്ച കേരളീയര്‍ മറ്റു രാജ്യങ്ങളില്‍ ജോലി ചെയ്യുന്നു. അവര്‍ ഇന്ത്യക്കു കൂടുതല്‍ കീര്‍ത്തി പകരുന്നു. 130 കോടി ജനങ്ങളുള്ള രാജ്യം സംസാരിക്കുമ്പോള്‍ ആ ശബ്ദം കേള്‍ക്കാന്‍ ലോകം തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും വേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ ഇന്ത്യയുടേതാണ്. രാജ്യാന്തര സൗരോര്‍ജ സഖ്യത്തിലെ സ്ഥാപകാംഗമാണ് ഇന്ത്യ. യോഗ ലോകത്തിലാകെ ആരോഗ്യരംഗത്തു ചലനം സൃഷ്ടിക്കുകയാണ്. കായിക രംഗത്ത് ഇടം നേടിത്തരാന്‍ നമ്മുടെ യുവ കായിക താരങ്ങള്‍ക്കു സാധിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഓരോ രംഗത്തും വ്യക്തിമുദ്ര പതിപ്പിക്കുന്നവരും അവരുടെ നേട്ടങ്ങളുമാണ് ഇന്ത്യയെ ആഗോളശക്തിയായി വളര്‍ത്തുന്നത്. അവര്‍ക്കുള്ള സൗകര്യം ഒരുക്കുക മാത്രമാണു സര്‍ക്കാര്‍ ചെയ്യുന്നത്.
നാലര വര്‍ഷം മുമ്പുള്ള പത്രവാര്‍ത്തകളെയും ഇപ്പോഴത്തെ പത്രവാര്‍ത്തകളെയും താരതമ്യം ചെയ്താല്‍ ഇന്ത്യ നേടിയ വളര്‍ച്ച വ്യക്തമാകും. പണപ്പെരുപ്പം, കുംഭകോണങ്ങള്‍, സാമ്പത്തിക തളര്‍ച്ച, പ്രവര്‍ ഗ്രിഡ് തകര്‍ച്ച എന്നിവയായിരുന്നു മുന്‍കാലത്തെ വാര്‍ത്തകള്‍ എങ്കില്‍ ഇപ്പോള്‍ സ്ഥിതി മാറി. കേരളീയരെ സംബന്ധിച്ച് ഏതാനും വര്‍ഷം മുമ്പ് സോളാര്‍ എന്നുകേട്ടാല്‍ കുംഭകോണം എന്നാണ് ഓര്‍മ വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ ഓര്‍മ വരിക രാജ്യാന്തര സൗരോര്‍ജ സഖ്യത്തെക്കുറിച്ചാണ്. സുസ്ഥിര ഭാവിക്കായി എത്രയോ രാജ്യങ്ങള്‍ ഒന്നിച്ചിരിക്കുകയാണ്.
ഇന്ത്യ എന്താണു ചെയ്യുന്നതെന്ന് അറിയാന്‍ ലോകം കാതോര്‍ക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ലോകബാങ്കിന്റെ വാണിജ്യം സുഗമമാക്കല്‍ സൂചികയില്‍ 2014ലെ സ്ഥാനത്തെ അപേക്ഷിച്ച് 65 സ്ഥാനം ഉയര്‍ന്നു രാജ്യത്തിന്റെ റാങ്കിങ് 77 ആയി. വിദേശ പ്രത്യക്ഷ നിക്ഷേപം സര്‍വകാല റെക്കോര്‍ഡിലേക്ക് ഉയര്‍ന്നു. 2014ല്‍ 38 ശതമാനം ഗ്രാമീണ ഭവനങ്ങളില്‍ മാത്രമാണ് ശൗചാലയങ്ങള്‍ ഉണ്ടായിരുന്നത്. എന്നാല്‍, ഇപ്പോള്‍ 95 ശതമാനം ഗ്രാമീണ ഭവനങ്ങളിലും ശൗചാലയം നിര്‍മിക്കപ്പെട്ടു. 2014ല്‍ 55 ശതമാനം വാസമേഖലകള്‍ക്കു മാത്രമാണ് റോഡുകള്‍ ഉണ്ടായിരുന്നതെങ്കില്‍ കഴിഞ്ഞ നാലര വര്‍ഷംകൊണ്ട് 91 ശതമാനം വാസമേഖലകളും റോഡ് വഴി ബന്ധിപ്പിക്കാന്‍ സാധിച്ചു. 2014ല്‍ 55 ശതമാനം വീടുകളില്‍ മാത്രമാണു പാചകവാതക കണക്ഷന്‍ ഉണ്ടായിരുന്നത്. എന്നാല്‍, ഇപ്പോള്‍ 90 ശതമാനം വീടുകളിലും ആ സൗകര്യമുണ്ട്. 2014ല്‍ 50 ശതമാനം വീടുകള്‍ക്കു മാത്രമാണ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരുന്നത്. ഇപ്പോഴാകട്ടെ എല്ലാ വീടുകള്‍ക്കും സ്വന്തമായി ബാങ്ക് അക്കൗണ്ട് ആയിക്കഴിഞ്ഞുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
.

Back to Top