News

ഹരിതകേരളം മിഷന്റെ രണ്ടാം വാര്‍ഷികം: എല്ലാവരും ജലാശയങ്ങളിലേക്ക്

തിരുവനന്തപുരം: എല്ലാ ജില്ലകളിലും ജനകീയ പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകൊണ്ട് ഹരിതകേരളം മിഷന്‍ ശനിയാഴ്ച രണ്ടാം വാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക്  തുടക്കം കുറിക്കും. കാര്‍ഷിക സമൃദ്ധിക്ക് അവിഭാജ്യ ഘടകമായ ജലസമൃദ്ധി ലക്ഷ്യമിട്ട് 'എല്ലാവരും ജലാശയങ്ങളിലേക്ക്' എന്ന സന്ദേശവുമായാണ്  പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ജനകീയ കൂട്ടായ്മകളുടെയും നേതൃത്വത്തിലാണ് പുഴ ശുചീകരണ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നടക്കുന്ന പരിപാടികളില്‍ മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എ മാര്‍, ജനപ്രതിനിധികള്‍, സാമൂഹ്യ സാംസ്‌കാരിക നായകര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ വന്‍ ജനാവലി പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും.
കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ പാണ്ടിവയല്‍ തോട് പുനരുജ്ജീവനം ജലവിഭവ മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും കല്ലടയാര്‍ ശുചീകരണം വനം മന്ത്രി കെ.രാജുവും ഉദ്ഘാടനം ചെയ്യും. പാലക്കാട് ജില്ലയിലെ മംഗലംപുഴയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സാംസ്‌കാരിക മന്ത്രി എ.കെ.ബാലന്‍ നേതൃത്വം നല്‍കും. വയനാട് കബനീ നദിയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ ജില്ലയിലെ കക്കാട് പുഴയില്‍ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ, പി.കെ.ശ്രീമതി എം.പി എന്നിവരുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. ഇടുക്കി ജില്ലയിലെ പെരിയാര്‍ (മരിയാപുരം) ദേവിയാര്‍പുഴയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വൈദ്യുതി മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യും. ജോയ്‌സ് ജോര്‍ജ് എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍.സീമ തുടങ്ങിയവര്‍ പങ്കെടുക്കും.
തിരുവനന്തപുരം ജില്ലയില്‍ വാമനപുരത്ത് ഡോ.എ.സമ്പത്ത് എം.പിയും ഡി.കെ മുരളി എം.എല്‍.എയും കാട്ടാക്കട വിളപ്പില്‍ ശാലയില്‍ ഐ.ബി സതീഷ് എം.എല്‍.എ യും പത്തനംതിട്ട കോഴിത്തോട് വീണാജോര്‍ജ് എം.എല്‍.എയും തൃശൂര്‍ ജില്ലയിലെ എടത്തിരുത്തി കനോലി കനാലില്‍ ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എയും മലപ്പുറത്ത് പുഴക്കാട്ടിരി പുഴയില്‍ അഹമ്മദ് കബീര്‍ എം.എല്‍.എയും കോഴിക്കോട് പെരുമണ്‍കടവ് തോട്ടില്‍         വി.കെ.സി.മമ്മദ് കോയ എം.എല്‍.എയും കാസര്‍ഗോഡ് ചിറ്റാരിപ്പുഴയില്‍ പി..കരുണാകരന്‍ എം.പിയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടിപ്പുഴ, എറണാകുളം ജില്ലയിലെ ചങ്ങനാരിക്കല്‍, മലപ്പുറം ജില്ലയിലെ ചെറുപുഴ, കൊണ്ടോട്ടി, വാഴൂര്‍തോട്, കോഴിക്കോട് ജില്ലയിലെ കനോലി കനാല്‍, ആലപ്പുഴ ജില്ലയിലെ കരിപ്പയില്‍തോട് തുടങ്ങിയ സ്ഥലങ്ങളിലും പുഴ ശുചീകരണ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. ഓരോയിടത്തും നിശ്ചിത പ്രദേശങ്ങളില്‍ നിശ്ചിത ദൂരത്താണ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്. വിവിധ പുഴകളിലും ജലാശയങ്ങളിലും ഡിസംബര്‍ എട്ടിനും തുടര്‍ന്നുള്ള ദിവസങ്ങളിലുമായാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്.
.

Back to Top