News

ശബരിമല: സി.പി.ഐ(എം)യില്‍ രഹസ്യ ചര്‍ച്ചകള്‍ സജീവം

തിരുവനന്തപുരം: ശബരിമല സംബന്ധിച്ച വിവാദങ്ങളെക്കുറിച്ച് സി.പി.ഐ(എം)യില്‍ രഹസ്യ ആലോചനകള്‍ സജീവം. സുപ്രീം കോടതിവിധി നടപ്പാക്കുന്നതിനു സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളും തുടര്‍ന്നുണ്ടായ സാഹചര്യവുമാണു നേതാക്കള്‍ക്കിടയില്‍ അനൗദ്യോഗികമായി ചര്‍ച്ച ചെയ്യപ്പെടുന്നത്. ചര്‍ച്ചകളേറെയും മുഖ്യമന്ത്രിയെയും പാര്‍ട്ടി നേതൃത്വത്തെയും വിമര്‍ശിച്ചുകൊണ്ടുള്ളതാണ് എന്നാണു സൂചന. ശബരിമല വിശ്വാസികള്‍ കൂടുതലുള്ള മണ്ഡലങ്ങളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും ഒപ്പം നിലകൊള്ളുന്ന നേതാക്കളുമാണു നേതൃത്വത്തിനെതിരെ ശക്തമായ നിലപാടു കൈക്കൊള്ളുന്നത്. പാര്‍ട്ടിവേദികളില്‍ ചര്‍ച്ച ചെയ്യാതെയാണു തീരുമാനങ്ങള്‍ എടുക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ടു പ്രഖ്യാപിക്കപ്പെടുന്ന പൊതുപരിപാടികള്‍ സംബന്ധിച്ചുപോലും വേണ്ടവിധത്തില്‍ ആലോചന നടക്കുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്.
അനൗദ്യോഗികമെങ്കിലും പാര്‍ട്ടിയുടെ വിവിധ തലങ്ങളിലുള്ള നേതാക്കള്‍ തമ്മില്‍ ശബരിമല പ്രശ്‌നം ആവര്‍ത്തിച്ചു ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. മറ്റു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചേരുന്ന പാര്‍ട്ടിയോഗങ്ങളും പോഷക സംഘടനകളുടെ യോഗങ്ങളും മറ്റും നടക്കുന്ന ഇടങ്ങള്‍ പോലും ശബരിമലവിഷയത്തെക്കുറിച്ചുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ക്കു വേദിയാകുന്നുണ്ട്.
പ്രശ്‌നം മാസങ്ങളായി സജീവമായി നിലകൊളളുന്ന സാഹചര്യത്തില്‍ നേതൃനിരയിലെയും പ്രവര്‍ത്തകരിലെയും സമാന മനസ്‌കര്‍ ചേരിതിരിയുന്നതിലേക്കു കാര്യങ്ങള്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രിക്കും നേതൃത്വത്തിനും അടിക്കടി പാളിച്ചകള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ് എന്നാണു ഭൂരിഭാഗവും കരുതുന്നത്. വിശ്വാസികള്‍ പാര്‍ട്ടിയില്‍നിന്ന് അകലുകയാണെന്ന് അവര്‍ ആരോപിക്കുന്നു. പാര്‍ട്ടിയുടെ പ്രവര്‍ത്തകരില്‍ ഏറെയും ഉള്‍പ്പെടുന്ന മതവിഭാഗത്തെ അകറ്റുകയെന്ന വീഴ്ച സംഭവിക്കുന്നതായി നേതൃത്വത്തിന്റെ നിലപാടുകളെ എതിര്‍ക്കുന്നവര്‍ കരുതുന്നു.
ജനങ്ങളുമായോ താഴെക്കിടയിലുള്ള പ്രവര്‍ത്തകരുമായോ ബന്ധം പുലര്‍ത്താത്ത നേതാക്കള്‍ പ്രവര്‍ത്തകരുടെയോ പൊതുജനങ്ങളുടെയോ വികാരം മനസ്സിലാക്കാതെ ജനവിരുദ്ധ തീരുമാനങ്ങള്‍ കൈക്കൊള്ളുകയാണെന്ന് ആരോപണമുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരില്‍ നല്ലൊരു വിഭാഗം ശബരിമലയില്‍ യുവതീപ്രവേശം അനുവദിക്കുന്നതിനെ അനുകൂലിക്കുന്നില്ല. മുന്‍വര്‍ഷങ്ങളില്‍ സി.പി.ഐ.(എം) പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ വളരെയധികം പേര്‍ മാലയിട്ട് ശബരിമലദര്‍ശനത്തിനു പോകാറുണ്ടായിരുന്നു എങ്കില്‍ ഇത്തവണ വളരെ കുറച്ചു പേര്‍ മാത്രമേ മാലയിട്ടുള്ളൂ എന്നതില്‍നിന്നു തന്നെ വിശ്വാസികളുടെ വികാരം വ്യക്തമല്ലേ എന്ന ചോദ്യമാണ് ഉയരുന്നത്. ഹൈന്ദവ സംഘടനകള്‍ സംഘടിപ്പിച്ച നാമജപ ഘോഷയാത്രകളില്‍ ഉണ്ടായ വമ്പിച്ച വനിതാ പങ്കാളിത്തവും ചൂണ്ടുപലകയായി കാണേണ്ടതാണെന്നു മിക്ക നേതാക്കളും ചൂണ്ടിക്കാട്ടുന്നു. പ്രതിഷേധ സമരത്തില്‍ പങ്കെടുക്കുന്നത് ഹൈന്ദവ സംഘടനാ പ്രവര്‍ത്തകരോ ബന്ധുക്കളോ മാത്രമാണെന്ന നിലപാടു കൈക്കൊള്ളുന്നതു ഹൈന്ദവ സംഘടനകള്‍ വളരെയേറെ കരുത്തു നേടിയെന്നു പരോക്ഷമായി സമ്മതിക്കലാവുമെന്നും പാര്‍ട്ടിയിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.
സമരക്കാരോടു വൈരനിര്യാതന ബുദ്ധിയോടെ പെരുമാറുന്നതു പൊതുസമൂഹത്തെ പാര്‍ട്ടിക്കെതിരെ തിരിച്ചുവിടുമെന്നു പല സി.പി.ഐ.(എം) നേതാക്കളും ആശങ്കപ്പെടുന്നുണ്ട്. പ്രമുഖ ആരാധനാലയമായ ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ സമാധാനപൂര്‍വം ലംഘിച്ചും നാമം ജപിച്ചും പ്രതിഷേധിക്കുന്നവരെയും അതിനു നേതൃത്വം നല്‍കുന്നവരെയും തുടര്‍ച്ചയായി അറസ്റ്റ് ചെയ്യുകയും അവര്‍ക്കെതിരെ അന്യായമായി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമുള്ള കേസുകള്‍ എടുക്കുകയും ചെയ്യുന്നത് വലിയ എതിര്‍പ്പു സൃഷ്ടിക്കുമെന്നാണു ജനവികാരത്തെ ഗൗരവമായി കാണണമെന്നു വിശ്വസിക്കുന്നവര്‍ സംശയിക്കുന്നത്.
അതേസമയം, തങ്ങളുടെ വാദത്തെ ഗൗരവത്തിലെടുക്കാനോ നയം മാറ്റാനോ മുഖ്യമന്ത്രിയും പാര്‍ട്ടിനേതൃത്വം തയ്യാറാകാത്തത് പാര്‍ട്ടിയിലെ എതിര്‍പക്ഷക്കാരെ ആശങ്കപ്പെടുത്തുന്നുണ്ട്. ചുരുങ്ങിയ ഇടവേളകളില്‍ അയഞ്ഞ സമീപനം കൈക്കൊള്ളുന്നുണ്ടെങ്കിലും ഈ പ്രശ്‌നത്തില്‍ തുടക്കം മുതല്‍ വിശ്വാസികള്‍ക്കെതിരെ കടുംപിടിത്തത്തിലാണു മുഖ്യമന്ത്രിയും ഒപ്പം നില്‍ക്കുന്ന നേതാക്കളും എന്നാണു വെളിവാകുന്നത്.
വിശ്വാസികളല്ലാത്ത യുവതികളെ ശബരിമലയില്‍ എത്തിക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കിയതും അതു സാധ്യമാക്കാന്‍ പൊലീസ് സംഘര്‍ഷപൂര്‍ണമായ സാഹചര്യം സൃഷ്ടിച്ചതും പരക്കെ വിമര്‍ശിക്കപ്പെടുന്നുണ്ട്. ഹിന്ദുമത വിശ്വാസികളായ യുവതികള്‍ക്കു മാത്രമാണു പ്രവേശനം അനുവദിച്ചിരിക്കുന്നതെന്നും വിശ്വാസികള്‍ അല്ലാത്തവരെ കടത്തിവിടാന്‍ പൊലീസ് എന്തിനു മുന്‍കൈ എടുക്കുന്നു എന്നുമുള്ള ചോദ്യം ഉയരുന്നുണ്ട്.
ഭക്തരുടെ ദര്‍ശനം സുഗമമാക്കാന്‍ ശബരിമലയിലേക്കു വിട്ട പൊലീസ് പ്രതിസന്ധി വര്‍ധിപ്പിച്ചു എന്നും നേതാക്കള്‍ക്കിടയില്‍ സംസാരമുണ്ട്. ശബരിമലയിലെ ആചാരരീതികളെക്കുറിച്ച് ഒട്ടും അറിവില്ലാത്ത പൊലീസുകാരുടെ നിയന്ത്രണത്തിലേക്കു സന്നിധാനവും പമ്പയും നിലയ്ക്കലുമെല്ലാം വിട്ടുകൊടുത്തതു ഭക്തരുടെ സഞ്ചാരത്തിനു പലപ്പോഴും തടസ്സം സൃഷ്ടിച്ചു. എല്ലാം നേരെചൊവ്വേ ആണെന്നു മുഖ്യമന്ത്രി പലതവണ അവകാശപ്പെട്ടെങ്കിലും യാഥാര്‍ഥ്യം മറ്റൊന്നാണെന്ന വാര്‍ത്ത ഭക്തര്‍ക്കിടയില്‍ പ്രചരിച്ചുകൊണ്ടിരുന്നു. ദര്‍ശനത്തിനെത്തി വളരെ ശാന്തനായി നിലകൊണ്ട കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് പൊലീസ് ഉദ്യോഗസ്ഥന്‍ തട്ടിക്കയറുന്ന സാഹചര്യം ഉണ്ടായത് ശബരിമലയില്‍ പൊലീസ്‌രാജാണു നടക്കുന്നതെന്ന പരാതിയില്‍ കഴമ്പുണ്ടെന്നു വെളിപ്പെടുത്തുന്നതായിരുന്നു.
നിരോധനാജ്ഞയില്‍ പ്രതിഷേധിച്ചു ശബരിമലയില്‍ നിത്യവും നാമജപ പ്രതിഷേധം നടക്കുന്നുണ്ടെങ്കിലും വിവാദങ്ങള്‍ അല്‍പം അടങ്ങിയ സാഹചര്യത്തില്‍ കൂടുതല്‍ പ്രകോപനം സൃഷ്ടിക്കാനുള്ള നീക്കങ്ങളാണു സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ആരോപണമുണ്ട്.
ഇതുവരെ ആഘോഷിക്കാതിരുന്ന ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാര്‍ഷികം വിളംബരം നടന്നതിന്റെ 82ാം വര്‍ഷമായ ഇക്കൊല്ലം കെങ്കേമമായി ആഘോഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതു വിമര്‍ശിക്കപ്പെടുന്നുണ്ട്. യുവതീപ്രവേശം കോടതി വഴി ആകരുതെന്ന ഭക്തരുടെ നിലപാടിനെ എതിര്‍ത്തുകൊണ്ടുള്ളതാണെന്നു വ്യക്തമാണെന്നാണ് ആരോപിക്കപ്പെടുന്നത്. വിശ്വാസിസമൂഹത്തിലെ സ്ത്രീകളേറെയും യുവതീപ്രവേശത്തിനെതിരെ കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രക്ഷോഭം നടത്തിവരുന്നതിനിടെയാണു വനിതാമതില്‍ തീര്‍ക്കാന്‍ തീരുമാനം ഉണ്ടായത്. ഇതിനു കണ്ടെത്തിയ വഴിയാകട്ടെ എല്ലാ സാമുദായിക സംഘടനകളെയും കൂട്ടുപിടിക്കുക എന്നതാണ്. സാമുദായിക സംഘടനകള്‍ക്കു കീഴ്‌പ്പെടില്ലെന്നു സദാ വാദിക്കുന്ന പാര്‍ട്ടിയാണു സമരം വിജയിപ്പിക്കാന്‍ അത്തരം സംഘടനകളുടെ പിറകെ പോകാന്‍ നിര്‍ബന്ധിതരായത് എന്നതു ശ്രദ്ധേയമാണ്. അതോടൊപ്പം, സംഘടനാബലത്താല്‍ വിജയിപ്പിക്കാന്‍ സാധിച്ചാല്‍ തന്നെ വലിയ വിഭാഗം ജനങ്ങളുടെ എതിര്‍പ്പു സൃഷ്ടിക്കുന്നതായിരിക്കും വനിതാമതില്‍ എന്ന ആരോപണവും സി.പി.ഐ(എം)യില്‍ ഉയരുന്നുണ്ട്.
.

Back to Top