Rishipatham

ഭാരതീയ ചികില്‍സാശാസ്ത്രത്തെ ക്രോഡീകരിച്ച ചരക മഹര്‍ഷി

ഭാരതീയചികില്‍സാശാസ്ത്രത്തിന്റെ പിതാവെന്നു കരുതിപ്പോരുന്ന ചരകമഹര്‍ഷിക്ക് ആരോഗ്യശാസ്ത്രത്തിലും ശരീരശാസ്ത്രത്തിലും മനഃശാസ്ത്രത്തിലും അഗാധപാണ്ഡിത്യം ഉണ്ടായിരുന്നു. അദ്ദേഹം രചിച്ച ചരകസംഹിത ആയുര്‍വേദ ചികില്‍സയുടെ ആധികാരിക ഗ്രന്ഥമാണ്. ക്രിസ്തുവിനുമുമ്പ് എട്ടാം നൂറ്റാണ്ടില്‍ ജീവിച്ച ഈ ആയുര്‍വേദാചാര്യന്‍ ചികില്‍സാരംഗത്തിനു നല്‍കിയിട്ടുള്ള സംഭാവനകള്‍ അളവറ്റതാണ്. അഥര്‍വവേദത്തെ അടിസ്ഥാനമാക്കിയായിരുന്നു പ്രധാനമായും പഠനങ്ങള്‍ നടത്തിയിരുന്നത്. ഹിമാലയത്തോടു ചേര്‍ന്നുള്ള ഏതോ പ്രദേശത്താണ് അദ്ദേഹം ജീവിച്ചിരുന്നതെന്നാണു നിഗമനം.
ഭ്രൂണഘടന ഉള്‍പ്പെടെ ബീജസംയോഗം മുതല്‍ മരണം വരെയുള്ള ജീവിതദശകളെ സംബന്ധിച്ച അഗാധമായ പാണ്ഡിത്യത്തിന് ഉടമയായിരുന്നു ചരകമഹര്‍ഷി. ഭ്രൂണം ശിശുരൂപം പ്രാപിച്ചശേഷം സ്വതന്ത്രമായി ജീവിക്കുന്നതിനായി പ്രസവത്തിലൂടെ പിറക്കുന്ന വളര്‍ച്ച അദ്ദേഹം വിശദമായി വിവരിച്ചിട്ടുണ്ട്. മനുഷ്യശരീര ഘടനയെക്കുറിച്ചുള്ള അറിവും പകര്‍ന്നുനല്‍കി. 360 അസ്ഥികളെപ്പറ്റിയും ആന്തരികാവയവങ്ങളെപ്പറ്റിയുമൊക്കെ ചരകന്‍ പഠിച്ചിരുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെപ്പറ്റിയും രക്തചംക്രമണത്തെപ്പറ്റിയുമൊക്കെ വിശദീകരിച്ചിട്ടുണ്ട്. ശ്വാസകോശത്തെക്കുറിച്ചും ശരീര രസങ്ങളെക്കുറിച്ചും അദ്ദേഹം മനസ്സിലാക്കിയിരുന്നു. 380 ഇനം സസ്യങ്ങളെ തിരിച്ചറിയുകയും അവയുടെ വേര്, തണ്ട്, ഇല, പൂവ്, കായ എന്നിവ ഔഷധനിര്‍മാണത്തിന് ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു.
ഏതാണ്ട് നാലായിരം വര്‍ഷങ്ങള്‍ക്കുമുന്‍പ് അഗ്നിവേശന്‍ രചിച്ച അഗ്നിവേശസംഹിത എന്ന ആയുര്‍വേദ ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാണ് ചരകമഹര്‍ഷി സംഹിത രചിച്ചതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ആവശ്യമായ നവീകരണത്തോടുകൂടിയായിരുന്നു പുനര്‍രചന. ഓരോ അധ്യായത്തിന്റെയും അന്ത്യത്തില്‍ 'അഗ്നിവേശകൃതേ തേ്രന്ത ചരകപ്രതിസംസ്‌കൃതേ' എന്നു ചേര്‍ത്തതില്‍നിന്നാണ് അഗ്നിവേശകൃതിയാണു ചരകന്റെ രചനയ്ക്ക് അവലംബം എന്നു തെളിയുന്നത്. വേദപാരമ്പര്യത്തില്‍ അടിയുറച്ചുനിന്നുകൊണ്ടാണു രചന നിര്‍വഹിച്ചിട്ടുള്ളത്.
വാതം, പിത്തം, കഫം എന്ന ആയുര്‍വേദത്തിലെ ത്രിദോഷസിദ്ധാന്തം ചരകസംഹിത അംഗീകരിക്കുന്നുണ്ട്. വാതമോ പിത്തമോ കഫമോ സന്തുലിതാവസ്ഥയില്‍നിന്നു വ്യത്യാസപ്പെട്ടാല്‍ രോഗത്തിലേക്കു നയിക്കുമെന്നതാണ് ഈ സിദ്ധാന്തം. എന്താണു ദോഷകാരണമെന്നു കണ്ടെത്തി ചികില്‍സിക്കലാണു വൈദ്യന്റെ ഉത്തരവാദിത്തം.
സംഹിതയുടെ ആദ്യ അധ്യായത്തില്‍ത്തന്നെ ഹിമാലയസാനുക്കളില്‍ അക്കാലത്തു നടന്ന ആയുര്‍വേദ വിചാരസത്രത്തെക്കുറിച്ചു വിശദീകരിക്കുന്നുണ്ട്. ധര്‍മം, അര്‍ഥം, മോക്ഷം, കാമം എന്നിവ ലക്ഷ്യമാക്കിയുള്ള ശ്രേയോമാര്‍ഗ പ്രവര്‍ത്തനത്തിനു തടസ്സം സൃഷ്ടിക്കുന്ന രോഗങ്ങളെ എങ്ങനെ മറികടക്കാം എന്നതായിരുന്നു വിഷയം. ജമദഗ്നി, വസിഷ്ഠന്‍, കശ്യപന്‍, ഭൃഗു, പുനര്‍വസു, ഗൗതമന്‍, നാരദന്‍, പുലസ്ത്യന്‍, അഗസ്ത്യന്‍, വാമദേവന്‍, ഭരദ്വാജന്‍, വിശ്വാമിത്രന്‍, ഗാര്‍ഗ്യന്‍, ബാദരായണന്‍, കാത്യായനന്‍, മൈത്രേയന്‍ തുടങ്ങി എത്രയോ ഋഷിമാര്‍ സത്രത്തില്‍ പങ്കെടുത്തതായും വെളിപ്പെടുത്തിയിട്ടുണ്ട്.
.

Back to Top