News

മന്‍ കീ ബാത്: ''ലഡ്ഡു പൊട്ടിയത്'' പൊഖ്‌റാനില്‍ എന്നു പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിമാസം ആകാശവാണിയിലൂടെ നടത്തുന്ന 'മന്‍ കീ ബാത്ത്' പ്രഭാഷണം സുവര്‍ണജൂബിലി പിന്നിട്ടു. അന്‍പതാമതു ലക്കം ഇന്നു സംപ്രേഷണം. ചെയ്തു. 'മന്‍ കീ ബാത്തി'ന്റെ വിശേഷങ്ങളാണ് ഇന്നത്തെ പ്രഭാഷണത്തില്‍ ഉള്‍പ്പെടുത്തിയത്. രാജ്യത്തെ ജനങ്ങളോടു സംവദിക്കാന്‍ റേഡിയോ തെരഞ്ഞെടുത്തത് എന്തുകൊണ്ടെന്നും നവമാധ്യമങ്ങളെക്കൂടി ഉപയോഗപ്പെടുത്തി ജനങ്ങളോടു ഫലപ്രദമായി സംവദിക്കുന്നത് എങ്ങനെയെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തി.
ഇന്നത്തെ 'മന്‍ കീ ബാത്തി'ല്‍നിന്ന്:
2014 ഒക്‌ടോബര്‍ മൂന്നിലെ വിജയദശമിയുടെ പുണ്യമുഹൂര്‍ത്തം. 'മന്‍ കീ ബാത്തി'ലൂടെ നാം ഒരുമിച്ച് ഒരു യാത്ര ആരംഭിക്കയുണ്ടായി. 'മന്‍ കീ ബാത്' ഈ യാത്രയുടെ അമ്പത് ലക്കങ്ങള്‍ കടക്കുകയാണ്. ഇത് സുവര്‍ണജൂബിലി ലക്കമാണെന്നു പറയാം. ഇപ്രാവശ്യം നിങ്ങളുടേതായി വന്നിട്ടുള്ള ഫോണുകളിലും കത്തുകളിലും അധികവും ഈ ലക്കവുമായി ബന്ധപ്പെട്ടാണ്. മൈ ജിഒവില്‍ ദില്ലിയില്‍ നിന്നുള്ള അംശുകുമാര്‍, അമര്‍ കുമാര്‍, പിന്നെ പാറ്റ്‌നയില്‍ നിന്ന് വികാസ് യാദവ് തുടങ്ങിയവരും ഇതേപോലെ നരേന്ദ്ര മോദി ആപ്പില്‍ ദില്ലിയില്‍ നിന്നുള്ള മോണികാ ജെയ്ന്‍, ബംഗാളിലെ ബര്‍ധനില്‍നിന്നുള്ള പ്രസേന്‍ജിത് സര്‍ക്കാര്‍, നാഗ്പൂരില്‍നിന്നുള്ള സംഗീത ശാസ്ത്രി തുടങ്ങിയവരൊക്കെ ഏകദേശം ഒരേ ചോദ്യമാണ് ചോദിച്ചത്. അവര്‍ ചോദിക്കുന്നത് സാധാരണയായി ആളുകള്‍ അങ്ങയുമായി ബന്ധപ്പെടുന്നത് ആധുനിക സാങ്കേതിക വിദ്യ, സമൂഹമാധ്യമം, മൊബൈല്‍ ആപ്പുകള്‍ എന്നിവയിലൂടെയാണെന്നിരിക്കെ ആളുകളുമായി ബന്ധപ്പെടുന്നതിന് അങ്ങ് റേഡിയോ തിരഞ്ഞെടുത്തതെന്തുകൊണ്ടാണ് എന്നാണ്. റേഡിയോയെ മിക്കവാറും മറന്നിരിക്കുന്ന ഇന്നത്തെ കാലത്ത് മോദി റേഡിയോയുമായി വന്നത് എന്തിനെന്ന നിങ്ങളുടെ ജിജ്ഞാസ തികച്ചും സ്വാഭാവികമാണ്.
ഇതുമായി ബന്ധപ്പെട്ട് നിങ്ങളോട് ഒരു കഥ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 1998ല്‍ നടന്നതാണ്. ഞാന്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംഘടനാപ്രവര്‍ത്തകനെന്ന നിലയില്‍ ഹിമാചലില്‍ പ്രവര്‍ത്തിക്കയായിരുന്നു. മെയ് മാസമായിരുന്നു. വൈകുന്നേരം ഞാന്‍ യാത്രചെയ്ത് എവിടേക്കോ പോവുകയായിരുന്നു. ഹിമാചലിലെ പര്‍വതപ്രദേശങ്ങളില്‍ വൈകുന്നേരമാകുമ്പോഴേക്കും തണുപ്പാകും. യാത്രയ്ക്കിടയില്‍ ഒരു ദാബയില്‍ ചായ കുടിക്കാനിറങ്ങി. അതൊരു ചെറിയ ദാബയായിരുന്നു. ഒരാള്‍ തനിയെയാണ് ചായ ഉണ്ടാക്കുകയും വില്‍ക്കുകയുമൊക്കെ ചെയ്തിരുന്നത്. അദ്ദേഹം ഉടുപ്പുപോലുമിടാതെ നില്‍ക്കുകയായിരുന്നു. അദ്ദേഹം തന്റെ പക്കലുണ്ടായിരുന്ന കണ്ണാടി ഭരണിയില്‍ നിന്ന് ലഡ്ഡു എടുത്തു നീട്ടിക്കൊണ്ടു പറഞ്ഞു, സാബ്, ചായ പിന്നെക്കുടിക്കാം, ആദ്യം ലഡ്ഡൂ കഴിക്കൂ. മധുരം കഴിച്ചാട്ടെ. എനിക്ക് ആശ്ചര്യമായി. ഞാന്‍ ചോദിച്ചു എന്താ വീട്ടില്‍ വിവാഹമോ മറ്റാഘോഷമോ ഉണ്ടോ? ഇല്ല ഭായ്‌സാബ് അങ്ങയ്ക്കറിയില്ലേ... അദ്ദേഹം വളരെ ഉത്സാഹത്തോടെ ആവേശം കൊള്ളുകയായിരുന്നു.
ഞാന്‍ വീണ്ടും ചോദിച്ചു: 'എന്താ എന്താണ്?'
അദ്ദേഹം പറഞ്ഞു: 'അറിഞ്ഞില്ലേ ഭാരതം ബോംബ് പൊട്ടിച്ചു.'
എനിക്കൊന്നും മനസ്സിലായില്ല. എന്റെ പ്രതികരണം കണ്ട് അദ്ദേഹം പറഞ്ഞു: 'സാബ്, റേഡിയോ കേള്‍ക്കൂ. റേഡിയോയില്‍ അതെക്കുറിച്ചുള്ള ചര്‍ച്ചയാണു നടക്കുന്നത്. നമ്മുടെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിജീ ആണവപരീക്ഷണത്തെക്കുറിച്ച് അറിയിച്ചു, അതു ഞാന്‍ റോഡിയോയില്‍ കേട്ടു.'
അദ്ദേഹം സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. എനിക്ക് ആശ്ചര്യം അടക്കാനായില്ല. ഈ കാട്ടുപ്രദേശത്ത്, മഞ്ഞുമൂടിയ പര്‍വ്വതങ്ങളുടെ നടുവില്‍ ഉന്തുവണ്ടിയില്‍ ചായ വില്‍ക്കുന്ന ജോലി ചെയ്യുന്ന ഒരു മനുഷ്യനെ ഇത്രയധികം സ്വാധീനിക്കാന്‍ ആ റോഡിയോ വാര്‍ത്തയ്ക്കു സാധിച്ചിരിക്കുന്നു. അദ്ദേഹം പകല്‍ മുഴുവന്‍ റേഡിയോ കേള്‍ക്കുകയാകണം. റേഡിയോയില്‍ കേട്ട വാര്‍ത്ത അദ്ദേഹത്തിന്റെ മനസ്സിനെ വളരെ സ്വാധീനിച്ചിരിക്കുന്നു. അതുകണ്ട് എനിക്ക് ഒരു കാര്യം മനസ്സിലായി. റേഡിയോ ജനമനസ്സുമായി ബന്ധപ്പെട്ടിരിക്കുന്നു. റേഡിയോയ്ക്ക് വലിയ ശക്തിയുണ്ട്. വാര്‍ത്തകള്‍ എത്തിച്ചേരുന്നതും അതിന്റെ ആഴത്തിലുള്ള സ്വാധീനവും നോക്കിയാല്‍ റേഡിയോയ്ക്കു തുല്യമായി മറ്റൊന്നുമില്ല. ഈ വിശ്വാസം എന്റെ മനസ്സില്‍ പതിഞ്ഞു. ആ കരുത്ത് എനിക്കു മനസ്സിലായി.
ഞാന്‍ പ്രധാനമന്ത്രിയായപ്പോള്‍ ഏറ്റവും ശക്തമായ മാധ്യമത്തിലേക്ക് എന്റെ ശ്രദ്ധ തിരിയുന്നത് തികച്ചും സ്വാഭാവികമായിരുന്നു. 2014 മെയ് മാസത്തില്‍ പ്രധാന സേവകനായി ജോലി ഏറ്റെടുത്തപ്പോള്‍ രാജ്യത്തിന്റെ ഐക്യം, നമ്മുടെ മഹത്തായ ചരിത്രം, അതിന്റെ ശൗര്യം, ഭാരതത്തിന്റെ വൈവിധ്യം, നമ്മുടെ സാംസ്‌കാരിക വൈവിധ്യം, നമ്മുടെ സമൂഹത്തിന്റെ ഓരോ നാഡീഞരമ്പിലും നിറഞ്ഞുനില്‍ക്കുന്ന നന്മകള്‍, ആളുകളുടെ ജീവിതലക്ഷ്യം, ഉത്സാഹം, ത്യാഗം, തപസ്സ് തുടങ്ങി എല്ലാ കാര്യങ്ങളും അടങ്ങുന്ന ഭാരതത്തിന്റെ കഥ എല്ലാ ജനങ്ങളിലും എത്തണമെന്നു നിശ്ചയിച്ചു. ഇതു രാജ്യത്തെ ദൂരെദൂരെയുള്ള ഗ്രാമങ്ങള്‍ മുതല്‍ മഹാനഗരങ്ങള്‍ വരെ, കര്‍ഷകര്‍ മുതല്‍ യുവ പ്രഫഷണലുകള്‍ വരെ ഉള്ളവരിലേക്ക് എത്തണം എന്നുള്ള ആഗ്രഹത്തില്‍ നിന്നാണ് 'മന്‍ കീ ബാത്തി'ന്റെ യാത്ര ആരംഭിക്കുന്നത്. എല്ലാ മാസവും ലക്ഷക്കണക്കിന് കത്തുകള്‍ വായിച്ചുകൊണ്ട്, ഫോണ്‍കോളുകള്‍ കേട്ടുകൊണ്ട്, ആപ്പുകളിലും മൈ ജിഒവിയിലും ഉള്ള കമന്റുകള്‍ കണ്ടുകൊണ്ട്, ഇവയെ എല്ലാം ഒരു ചരടില്‍ കോര്‍ത്തുകൊണ്ടു ചെറിയ ചെറിയ കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് അമ്പതു ഭാഗങ്ങളായുള്ള ഈ യാത്ര നാം ഒരുമിച്ചാണ് ചെയ്തിരിക്കുന്നത്. അടുത്ത കാലത്ത് 'മന്‍ കീ ബാത്തി'നെക്കുറിച്ച് ആകാശവാണി  സര്‍േവ നടത്തി. അതില്‍ ചില ഫേസ്ബുക്ക് പ്രതികരണങ്ങള്‍ വളരെ രസമുള്ളവയാണ്. സര്‍വ്വേ നടത്തപ്പെട്ടവരില്‍ ശരാശരി 70 ശതമാനം പേര്‍ പതിവായി 'മന്‍ കീ ബാത്' കേള്‍ക്കുന്നവരാണ്. അധികം ആളുകള്‍ക്കും കരുതുന്നത് 'മന്‍ കീ ബാത്' സമൂഹത്തില്‍ സകാരാത്മകമായ ചിന്താഗതി വളര്‍ത്തി എന്നാണ്. മന്‍ കീബാത്തിലൂടെ പല ജനമുന്നേറ്റങ്ങള്‍ക്കും പ്രോത്സാഹനം ലഭിച്ചു.
.

Back to Top