News

ക്ഷേത്രപ്രവേശന വിളംബരത്തെ സി.പി.ഐ.(എം) രാഷ്ട്രീയ നേട്ടത്തിനായി ശബരിമല സ്ത്രീപ്രവേശനവുമായി കൂട്ടിക്കെട്ടുന്നു

തിരുവനന്തപുരം: ക്ഷേത്രപ്രവേശന വിളംബരത്തെ ശബരിമല വിഷയവുമായി കൂട്ടിക്കെട്ടി വോട്ട്ബാങ്ക് രാഷ്ട്രീയത്തില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുമോ എന്നു സി.പി.ഐ.എമ്മിന്റെ ശ്രമം. ഇതിനായി, പൊതു ഖജനാവിലെ പണം ഉപയോഗിച്ച് സംസ്ഥാനത്താകമാനം ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. ഇടതുപക്ഷത്തിന്റെ, വിശേഷിച്ച് സി.പി.ഐ.എമ്മിന്റെ മേളകളായി ആഘോഷപരിപാടികള്‍ മാറ്റുകയും ചെയ്തു.
ഐ. ആന്‍ഡ് പി.ആര്‍.ഡി. വകുപ്പിനാണ് ആഘോഷച്ചുമതല. പൊതുസമ്മേളനങ്ങള്‍, പോസ്റ്റര്‍-വീഡിയോ പ്രദര്‍ശനങ്ങള്‍ തുടങ്ങിയ പരിപാടികളാണു സംഘടിപ്പിക്കപ്പെട്ടത്. 'തമസോ മാ ജ്യോതിര്‍ ഗമയ' എന്ന പേരില്‍ പ്രത്യേക പുസ്തകവും ഇറക്കിയിട്ടുണ്ട്. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ സര്‍ക്കാര്‍ വഹിച്ച പങ്ക് എന്ത് എന്നു വിശദമാക്കുന്ന പുസ്തകം വാര്‍ഷികാഘോഷ പരിപാടികളില്‍ സൗജന്യമായി വിതരണം ചെയ്യുന്നുമുണ്ട്. ക്ഷേത്ര പ്രവേശന വിളംബരം സംബന്ധിച്ച പോസ്റ്റര്‍ പ്രദര്‍ശനത്തിലും തയ്യാറാക്കിയ വീഡിയോയിലും ക്ഷേത്രപ്രവേശന വിളംബരത്തിന്റെ ചരിത്രത്തോടൊപ്പം ഇപ്പോഴത്തെ ശബരിമല വിഷയവും കൂട്ടിച്ചേര്‍ക്കാന്‍ വിഫല ശ്രമം നടത്തുന്നുണ്ട്. ഒരു നൂറ്റാണ്ടിലേറെയായി നിലനിന്നിരുന്ന ദുരാചാരങ്ങളും അവ ഇല്ലാതാക്കപ്പെട്ട സാഹചര്യവും സംബന്ധിച്ചും ഒപ്പം അതിനായി പ്രവര്‍ത്തിച്ച സാമൂഹിക പരിഷ്‌കര്‍ത്താക്കളെ സംബന്ധിച്ചും പ്രദര്‍ശനത്തിലും വീഡിയോയിലും പരാമര്‍ശിക്കുന്നുണ്ട്. കേരള നവോത്ഥാനത്തിനു നേതൃത്വം നല്‍കിയവരില്‍ ഏറെക്കുറെ എല്ലാവരും ഹൈന്ദവ ആചാര്യന്‍മാര്‍ ആയിരുന്നു എന്നു പ്രദര്‍ശനത്തില്‍ സമ്മതിക്കുന്നുമുണ്ട്. ശ്രീ നാരായണ ഗുരു, ചട്ടമ്പി സ്വാമികള്‍, വൈകുണ്ഠസ്വാമി തുടങ്ങിയവരുടെ പേരുകള്‍ ആവര്‍ത്തിച്ചു ചൂണ്ടിക്കാട്ടുന്നുമുണ്ട്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപപ്പെടുംമുമ്പാണ് ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കപ്പെടുന്നതെങ്കിലും കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കും പാര്‍ട്ടിക്കും ഈ നവോത്ഥാനത്തില്‍ പങ്കുണ്ടെന്ന രീതിയിലാണ് അവതരണം. എ.കെ.ജിയെപ്പോലുള്ള കമ്മ്യൂണിസ്റ്റ് നേതാക്കള്‍ അക്കാലത്തു കോണ്‍ഗ്രസിലായിരുന്നു എന്നോ കോണ്‍ഗ്രസ് നേതാക്കള്‍ എന്ന നിലയ്ക്കാണ് അവര്‍ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതെന്നോ പ്രദര്‍ശനത്തില്‍ വ്യക്തമാക്കുന്നില്ല.
ക്ഷേത്രപ്രവേശന വിളംബര കാലത്തെക്കുറിച്ചുള്ള പ്രദര്‍ശനത്തിന്റെ അവസാന ചിത്രങ്ങള്‍ എത്തുമ്പോഴേക്കും പെട്ടെന്നു വിഷയം മാറ്റി സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യത്തിലേക്കും ശബരിമല വിഷയത്തിലേക്കും കടക്കുകയാണ്.
ശബരിമലയിലേക്കു യുവതികളെ പ്രവേശിപ്പിക്കുക വഴി സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന നവോത്ഥാന പ്രക്രിയ എന്ന പേരില്‍ ശബരിമല സ്ത്രീപ്രവേശനത്തെ അവതരിപ്പിക്കുക എന്ന അന്തര്‍നാടകം ഉള്ളതായി ആരോപണമുണ്ട്. ഇതു ശരിവെക്കുന്നതാണ് ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള പ്രദര്‍ശനത്തിലും പരിപാടികളിലുമുള്ള ഇത്തരം തിരുകിക്കയറ്റലുകളെന്നു സംശയിക്കപ്പെടുന്നു.
.

Back to Top