Sanathanam

ശബരിമല എന്ന സത്യം

മധു രാധാകൃഷ്ണന്‍
 
വര്‍ഷങ്ങളായി ശബരിമലദര്‍ശനം നടത്തുന്ന ഒരാള്‍ എന്ന നിലയ്ക്കു കുറച്ചു കാര്യങ്ങള്‍ കുറിക്കട്ടെ.
ഒരു മതം; അതേതും ആകട്ടെ. അവരുടെ വിശ്വാസത്തെ എതിര്‍ത്തുകൊണ്ട് സുപ്രിം കോടതിവരെ പോയി നേടിയെന്ന് അവകാശപ്പെടുന്ന വിജയം സ്ത്രീകളുടെ സമത്വവുമായി ബന്ധപ്പെട്ട് കിടക്കുന്നത് എങ്ങനെയെന്ന് മനസ്സിലാകുന്നില്ല. സ്ത്രീസമത്വം കാണിക്കേണ്ട സ്ഥലമാണ് ശബരിമല എന്ന് ഒട്ടും കരുതുന്നില്ല. ശബരിമലയുടെ കിടപ്പുതന്നെയാണ് അതിനു കാരണം. മാത്രമല്ല ശബരിമലവിഷയം കൈകാര്യം ചെയ്ത സുപ്രീം കോടതിയിലെ ഭരണഘടനാബെഞ്ചിലെ ഏക വനിതാ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര സ്ത്രീപ്രവേശത്തെ അനുകൂലിച്ചിട്ടുമില്ല. 
 
എന്റെ നിലപാട് ശബരിമലയുടെ ചുറ്റുപാടിലും ഭൂമിശാസ്ത്രപരമായ കിടപ്പിലും ഊന്നിയാണ്. ക്ഷേത്രം എന്ന ചിന്തയിലേക്ക് എത്തുന്നത് അതിനുശേഷം മാത്രമാണ്. നിങ്ങള്‍ എന്നെ ഹിന്ദുത്വവാദി എന്നോ സംഘി എന്നോ വിളിച്ചേക്കും. ഉറക്കെ വിളിച്ചോളൂ! കാരണം നിങ്ങള്‍ക്ക് അങ്ങനെ വിളിച്ച് രക്ഷപ്പെടാനാണു താല്‍പര്യം. ആ ഒറ്റവിളിയില്‍ അപഹസിക്കാനേ നിങ്ങള്‍ക്കറിയൂ. അതിനപ്പുറത്തേക്കുള്ള ചര്‍ച്ച പോലും ആ വിളിയിലൂടെ നിങ്ങള്‍ ഇല്ലാതാക്കുന്നു. ഏതായാലും നിങ്ങളുടെ വിളിയില്‍ ചുരുങ്ങിപ്പോകുന്നവനല്ല ഞാന്‍. നിങ്ങള്‍ സ്വയം ചുരുങ്ങുപ്പോകാതെ ശ്രദ്ധിച്ചാല്‍ മതി.
 
നിങ്ങള്‍ പ്രവേശിക്കുന്നതല്ല കുഴപ്പം. പക്ഷെ ഒരു വാഗമണ്‍ യാത്രയുടെ ലാഘവത്തോടെ ശബരിമലയെക്കുറിച്ച് സംസാരിക്കുന്നു. പ്രധാനമായും ക്ഷേത്രവിശ്വാസത്തെയും ആരാധനയെയും എതിര്‍ക്കുന്നവര്‍, യുക്തിവാദികള്‍ എന്നിവരൊക്കെ. ഇവരൊക്കെത്തന്നെയാണ് അയ്യപ്പനെ കാണാന്‍ തിരക്ക് പിടിക്കുന്നത് എന്നതാണു കൗതുകം. അതുകൊണ്ടുതന്നെ, അത്രവിലയേ ഈ നിരീക്ഷണത്തിനു ഞാന്‍ കല്‍പിക്കുന്നുള്ളൂ. ശബരിമലയില്‍ സ്ത്രീകള്‍ക്ക് കൂടികയറാന്‍ പാകത്തിന് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം എന്നാണല്ലോ വിധിയെ സ്വാഗതം ചെയ്തവര്‍ പറഞ്ഞത്. പ്രിയപ്പെട്ടവരേ, ശബരിമല ഇപ്പോള്‍ നില്‍ക്കുന്നത് തന്നെ അതിന്റെ പരമാവധിയിലാണ് എന്നോര്‍ക്കണം. വര്‍ഷങ്ങള്‍ക്ക് മുമ്പ് വന്‍ ദുരന്തം ഉണ്ടായത് മറന്നുകാണില്ലല്ലോ. ഡാമുകള്‍ക്ക് മാത്രമല്ല മലനിരകള്‍ക്കും ശേഷിക്ക് പരിധിയുണ്ട് പുരോഗമന വാദികളേ. മൂന്നോ നാലോ വീട് വെച്ച സ്ഥലങ്ങള്‍ വരെ ഉരുള്‍പൊട്ടി ചിതറിയ കഥ മറക്കാറായിട്ടില്ല. അത്തരം സ്ഥലങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പോലും ഇനിയുണ്ടാകില്ലെന്ന് പറഞ്ഞ സര്‍ക്കാറിന് ശബരിമലയെക്കുറിച്ച് എന്താണിത്ര ഉറപ്പ്. അവിടേക്ക് അയ്യപ്പനെ ഒരു നോക്ക് കാണാന്‍ വരുന്ന സ്ത്രീകള്‍ക്ക് നല്‍കാന്‍ കഴിയുന്ന സുരക്ഷയെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? അല്ലെങ്കില്‍ ആ സുരക്ഷയ്ക്ക് പരിധിയുണ്ട് എന്നോര്‍ത്തിട്ടുണ്ടോ? പുരുഷനു മാത്രം പ്രവേശനം മതി എന്നു പറയുകയല്ല. പക്ഷേ, ആരോഗ്യപരമായി പുരുഷന്‍മാരെക്കാള്‍ എന്തുകൊണ്ടും പുറകിലാണു സത്രീകള്‍. ശബരിമലയിലെ ക്യൂവിലും തണുപ്പിലും ബാത്ത്‌റൂമുകളിലും പമ്പയിലും എരുമേലിയിലും നിങ്ങള്‍ എങ്ങനെ പ്രാഥമിക കര്‍മങ്ങള്‍ നടത്തും? ഇപ്പോള്‍ എങ്ങനെയാണ് ഇതൊക്കെ നടക്കുന്നത് എന്ന് ചോദിക്കുമായിരിക്കും നിങ്ങള്‍. പക്ഷെ ഇപ്പോള്‍ എത്തുന്ന സ്ത്രീകളുടെ ശതമാനം അത്രയും ചെറുതാണ്. അതുപോലെയാണോ ഇരുപതിലും മുപ്പതിലുമുള്ളവര്‍ കൂട്ടമായി കയറിയാല്‍ സംഭവിക്കുക. ഇടിച്ചു പിഴിഞ്ഞാണ് ദര്‍ശനം കഴിഞ്ഞ് പുറത്ത് മാളികപ്പുറത്തേക്ക് സ്വാമിമാര്‍ എത്തുന്നത്. നിങ്ങള്‍കൂടി കൂട്ടമായി വരുന്നതോടെ ഇത്തരം സ്ഥിതിയെ പുറത്തിറങ്ങി നിങ്ങള്‍ തന്നെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിച്ചാല്‍ എന്തായി കഥ! അടുത്ത് നില്‍ക്കാന്‍ തന്നെ ഭയപ്പെടില്ലേ? നിങ്ങള്‍ വിളിച്ചുപറയുന്നതാണ് സത്യമാകുക. പുരുഷന്‍ പറയുന്നതല്ലല്ലോ. അപ്പോള്‍ ശബരിമല മറ്റൊരു കുപ്രസിദ്ധിയിലേക്ക് പോകും. മാധ്യമങ്ങള്‍ ആഘോഷിക്കും. ഇനി അതാണോ ലക്ഷ്യം? പണ്ട് ശാരീരികമായും മാനസികമായും ഏറെ പ്രയാസമുള്ള കഠിനമായ യാത്രയായിരുന്നു ശബരിമലയിലേക്ക്. അത്തരമൊരു മനഃശാസ്ത്ര പ്രകാരം കൂടിയാണ് സ്ത്രീകളെ മാറ്റിനിര്‍ത്തിയത് എന്ന് പലരും ചൂണ്ടിക്കാട്ടുന്നു. പക്ഷെ ന്യൂ ജനറേഷന്‍ അല്‍പജ്ഞാനികളും ഫെമിനിസ്റ്റുകളും അതെന്താ സ്ത്രീകള്‍ക്ക് അയ്യപ്പനെ കണ്ടാല്‍ എന്ന ലൈനിലാണ് ചിന്തിക്കുന്നത്. 
 
ശബരിമല എന്നത് ഒരു വിശ്വാസം അടിസ്ഥാനമാക്കി മുന്നോട്ടുപോകുന്ന ആരാധനാ കേന്ദ്രം കൂടിയാണ്. ആഴ്ചകള്‍ നീളുന്ന വ്രതം എടുത്ത് അങ്ങോട്ടേക്ക് എത്തുന്ന ഞാനുല്‍പ്പടെയുള്ള വലിയൊരു സമൂഹം ഉള്‍പ്പെട്ടതാണത്. കുറഞ്ഞത് ഒരു ദിവസം മുതല്‍ അഞ്ചും ആറും ദിവസങ്ങളും ആഴ്ചകളും വരെയെടുത്ത് പോയിവരുന്ന പല ജില്ലകളില്‍ നിന്നും സംസ്ഥാനങ്ങളില്‍നിന്നും ഉള്ളവര്‍ ഇതില്‍പ്പെടും. ആന്ധ്ര, കര്‍ണാടക, തമിഴ്നാട്, വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നാലാള്‍വലിപ്പമുള്ള സ്വാമിമാരുടെ മൂലപറ്റി തൊഴുതുമടങ്ങുന്ന ഞാനൊക്കെ അയ്യപ്പ സ്വാമിയേക്കാള്‍ കണ്ടിട്ടുള്ളത് മുന്നില്‍ നില്‍ക്കുന്ന ഇവരുടെ വിശാലമായ പുറമാണ്. ഇടിച്ച് നീര് പുറത്തുവരുമെന്ന് തോന്നിയിട്ടുണ്ട്. അമ്മാതിരി ഇടി മേടിച്ചു കൂട്ടിയാണ് പുറത്തെത്തുന്നത്. പതിനെട്ടാം പടി പകുതി ആകും മുമ്പേ കക്ഷത്തില്‍ പിടിച്ച് ഉയര്‍ത്തി നമ്മളെ അവസാന പടിയിലേക്ക് പൊക്കിവിടുന്ന പോലീസുകാര്‍. പാതിരയോ പുലര്‍ച്ചയോ നട്ടുച്ചയോ കണക്കിലെടുക്കാത്ത ചെരിപ്പ് പോലും ഇടാതെ മൂന്നുനാലു ദിവസം ചുട്ടുപഴുത്തുള്ള യാത്ര. പമ്പയിലെ നിര്‍ത്തിയിട്ട വാഹനങ്ങളുടെ നിഴല്‍പറ്റി പരമാവധി കാല്‍ പൊള്ളാതെ ചാടിച്ചാടി പോകുമ്പോഴും ഉച്ചിയിലടിക്കുന്ന വെയില്‍. ഇടയ്ക്കിടെ ഉള്ളംകാലില്‍ വന്ന് തലയറ്റം വരെ ഷോക്ക് നല്‍കിപ്പോകുന്ന കല്‍ച്ചീളുകള്‍. കാലിന്റെ അടിയില്‍ തൊലിയുണ്ടോ എന്ന് പോലും സംശയിച്ചുപോകുന്ന സമയം. അടിയുറച്ച കമ്മ്യൂണിസ്റ്റ് പോലും പമ്പയില്‍ മുങ്ങി നിവരുമ്പോള്‍ ആയ്യപ്പോ എന്നല്ലാതെ എന്റെ കാറല്‍ മാക്സേ എന്നു വിളിച്ചുകേട്ടിട്ടില്ല. അയ്യപ്പോ എന്ന് വിളിച്ച് മതിയാകാത്ത എത്രയോ ഇടതന്‍മാര്‍ ഇന്നും മല കയറുന്നു. ശബരിമല യാത്രയുടെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ തണുപ്പിന്റെയും ചൂടിന്റെയും രൂക്ഷത നമ്മളറിയും. ഇ്‌പ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നത് ഒരുപാട് ഹൈറേഞ്ചുകള്‍ കയറിയിറങ്ങിയവരാണു തങ്ങള്‍ എന്നല്ലേ! സമ്മതിക്കുന്നു. അല്ലേലും നിങ്ങളേക്കാള്‍ ശക്തിയൊന്നും അയ്യപ്പനില്ല. അതൊരു വിശ്വാസമാണ്. ആ വിശ്വാസം അങ്ങനെ ഇരുന്നോട്ടെ എന്ന് തന്നെയാണ് പഞ്ഞുവരുന്നതും. നിങ്ങളൊക്കെ തന്നെയാണ് താരങ്ങള്‍. വെള്ളപ്പൊക്കം വന്നപ്പോഴും അതിന് മുന്നില്‍ നെഞ്ചും വിരിച്ച് നിന്ന് സെല്‍ഫി എടുത്തവരല്ലേ! ഏത് മലമുകള്‍ യാത്രയിലും നിങ്ങളുടെ സഞ്ചിയില്‍ ആവശ്യത്തില്‍ കൂടുതല്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നു. ഇനി വസ്ത്രം കുറവാണെങ്കില്‍ തീ കായാമായിരുന്നു. രണ്ടെണ്ണം അടിക്കാമായിരുന്നു. എന്തും കഴിക്കാമായിരുന്നു. എല്ലാറ്റിനുമപ്പുറം നിങ്ങടെ തലയില്‍ ഇരുമുടിക്കെട്ടില്ലായിരുന്നു. ഇനി ഇരുമുടിയുണ്ടെങ്കിലും ഇല്ലെങ്കിലും മണിക്കൂറുകള്‍ ക്യു നില്‍ക്കേണ്ട സാഹചര്യം ഇല്ലായിരുന്നു. ഒരു മണിക്കൂര്‍ തികച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ക്യു നില്‍ക്കുമ്പോഴേക്ക് കുഴഞ്ഞുവീഴുന്ന എത്രയോ സ്ത്രീകളെ കണ്ടിട്ടുണ്ട്. അവര്‍ക്കു വെള്ളം കൊടുത്തിട്ടുമുണ്ട്. ശബരിമലയില്‍ എത്തുമ്പോള്‍ ക്യൂ നില്‍ക്കേണ്ട സമയം ഗുരുവായൂരിലേതിനെക്കാള്‍ എട്ടോ പത്തോ ഇരട്ടിയാകും. പരിഹസിക്കുകയല്ല; ഇതൊക്കെ കൂടിയാണ് ശബരിമല എന്ന് പറയാന്‍ ശ്രമിക്കുകയാണ്. പറഞ്ഞുവന്നത് തെരുവില്‍ ചുംബന വിളയാട്ടം നടത്തിയ ഒരു വിഭാഗം കാണിച്ചുകൂട്ടുന്ന ഷോവനിസം മാത്രമാണ് ശബരിമലയില്‍ പ്രവേശനം വേണമെന്നുള്ളത് എന്നുമാണ്. ഇപ്പറയുന്ന നിങ്ങള്‍ പോലും ചിലപ്പോള്‍ ഒരു പ്രാവശ്യത്തിലധികം പോകില്ല. കാരണം ശബരിമല കാല്‍വെള്ളയില്‍ തട്ടി തല പൊളിക്കുന്ന കാഠിന്യമാണ്. കയറ്റത്തേക്കാള്‍ ഇറക്കത്തെ ഭയപ്പെടുന്ന കൈലാസമാണ്. അമ്മമാരെ എടുത്തിറങ്ങുന്ന പുരുഷന്‍മാരെ എത്രയോ കണ്ടിട്ടുണ്ട്. അമ്മമാരുടെ ഇരുമുടികൂടി തലയില്‍ വെച്ച് കുട്ടികളെ ചുമന്നപോകുന്നവരും എത്രയോ! എന്താ, സ്ത്രീ സഹനത്തിന്റേത് അല്ലേയെന്ന് നിങ്ങള്‍ ചോദിക്കും. ഒരു സംശയവുമില്ല. സ്ത്രീ സഹനത്തിന്റേത് തന്നെയാണ്. പക്ഷെ സ്ത്രീയുടെ സഹനത്തിനു ചൂടുപറ്റി കൂട്ടിരിക്കുന്ന പുരുഷന്‍പോലും തളരുന്ന യാത്രയാണത്. കേള്‍ക്കുന്നത്ര എളുപ്പമല്ല ശബരിമല എന്ന സത്യം. 
 
പമ്പ മുതല്‍ മലമുകള്‍ വരെ ക്യു ഇല്ലാതെ നടന്നെത്താന്‍ മാത്രം ഒന്നര മണിക്കൂര്‍ വേണം. ഇനി യാത്ര വൈകീട്ട് ആണെങ്കില്‍ എരുമേലി മുതല്‍ തുടങ്ങുന്ന തണുപ്പ് കോരിയൊഴിക്കുന്ന കാറ്റ്. രാത്രിയാകുംതോറും നമ്മള്‍ മരവിക്കുന്നു. നിങ്ങള്‍ക്ക് മൂടിപ്പുതച്ച് ഉറങ്ങാന്‍ തോന്നും. പക്ഷെ പോകുന്നത് മൂന്നാറിലേക്കല്ലല്ലോ. ഗുരുസ്വാമി ഉച്ചത്തില്‍ രാത്രി ശരണംവിളിക്കും. ഏറ്റുവിളിച്ചിരിക്കണമെന്നാണ്. കാരണം ആ ഒരു വലിയ സ്പിരിറ്റില്‍ നിന്നാണ് ശബരിമലയെക്കുറിച്ച് നമ്മള്‍ കൂടുതല്‍ ബോധവാന്‍മാര്‍ ആകുന്നതു തന്നെ. ആ സ്പിരിറ്റിലാണ് തണുപ്പിനെ മറക്കുന്നത്. എന്നിട്ടോ? പമ്പ അടുക്കും തോറും തണുപ്പിന്റെ വിളയാട്ടമാണ്. അങ്ങനെ ചെന്നിറങ്ങുന്ന പമ്പയില്‍, അതായത് വെള്ളപ്പൊക്കം 'ഇല്ലാതെയാക്കിക്കളഞ്ഞ' പമ്പയില്‍ കിടന്ന് മുട്ടുവരെ മാത്രം വെള്ളത്തില്‍ കുളിച്ചുകയറുന്ന പുരുഷന്‍മാര്‍. വെള്ളം നിറഞ്ഞുകവിഞ്ഞിരുന്ന പമ്പ വേനല്‍ക്കാലത്ത് നീര്‍ച്ചാല്‍ മാത്രമാണ്. ഇപ്പോള്‍ത്തന്നെ പമ്പയിലെ കെട്ടിടങ്ങള്‍ താല്‍ക്കാലികം എന്ന സ്ഥിതിയിലേക്ക് ആക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു. കാരണം അത്രമാത്രം അപകടം പതിയിരിക്കുന്നു. ഒരു പുതപ്പ് മാത്രം വിരിച്ച് പത്തുപന്ത്രണ്ടുപേര്‍ ഒന്നിച്ച് കിടക്കുന്നത് പുരുഷത്വത്തിന്റെ അധികാരം കാണിക്കാനല്ല സുഹത്തേ, വിശ്വാസത്തിന്റെ ഭാഗമായി ഉണ്ടായതാണ്. 
ശബരിമലയെക്കുറിച്ച് ആധികാരികമായി പറയാന്‍ പന്തളം രാജകുടുംബത്തിന് അവകാശം ഉണ്ടെങ്കില്‍ അത് നിര്‍ത്തലാക്കാന്‍ നിങ്ങള്‍ എന്തിന് ശ്രമിക്കണം? പലതും വിശ്വാസത്തില്‍ അധിഷ്ഠിതം തന്നെയാണ്. പുരുഷന്‍മാരുടെ മുട്ടുകള്‍ വിറയ്ക്കുന്ന കയറ്റത്തിലും ഇറക്കത്തിലും സ്ത്രീകള്‍ പോകുന്നതിനെക്കുറിച്ചുള്ള ആശങ്കകളാണ് പങ്കുവെച്ചത്. സ്ത്രീസമത്വം ആയിക്കോളൂ. പക്ഷെ അനാവശ്യ ഷോവനിസം എന്തിനാണ്?
 
സംഘിയല്ലാത്ത ഒരു പോലീസുകാരന്‍ പറഞ്ഞത്
'തിരക്ക് തന്നെയാണ് ശബരിമലയിലെ ഏറ്റവും വലിയ പ്രശ്നം. മണ്ഡലപൂജ സമയത്ത് ലക്ഷക്കണക്കിനു ഭക്തരാണ് അയ്യപ്പനെ തൊഴാന്‍ എത്തുന്നത്. ആ സമയത്തെ തിരക്ക് നിയന്ത്രിക്കുക എന്നാല്‍ വലിയ മലകയറ്റം പോലെ തന്നെയുള്ള പണിയാണ്. ഏറ്റവും വലിയ ബുദ്ധിമുട്ട് അനുഭവിക്കാന്‍ പോകുന്നത് പടി കയറ്റത്തിലാകും. ആയിരങ്ങളാണ് ഒരേ സമയം പടി കയറുന്നത്. ഓരോ പടിയിലും രണ്ടു വശത്തും പൊലീസുകാരുണ്ടാകും. അവര്‍ കുനിഞ്ഞുനിന്നാണ് ഭക്തരെ തള്ളിക്കയറ്റി അകത്തേക്കു വിടുന്നത്. ഈ പോലീസുകാര്‍ എങ്ങനെ സ്ത്രീകളെ കൈകാര്യം ചെയ്യും എന്നതു പ്രശ്നമാണ്. ഇരച്ചുകയറി വരുന്ന ഭക്തരെ സ്ത്രീയെന്നും പുരുഷനെന്നും വേര്‍തിരിച്ചു നിര്‍ത്തല്‍ എന്തുമാത്രം എളുപ്പമാകും എന്നതും ആലോചിക്കേണ്ട കാര്യമാണ്. 
അപ്പോ, നിങ്ങള്‍ പോരാട്ടം തുടരൂ. ക്ഷേത്ര പ്രവേശന വിളംബരവുമായും പണ്ടത്തെ പല ആചാരങ്ങളുമായും ഇതിനെ താരതമ്യം ചെയ്യുന്നവരോട്: വിഷയം എന്താണെന്ന് നന്നായി മനസ്സിലാക്കി കാര്യമാത്ര പ്രസക്തമായി പ്രതികരിക്കുവാന്‍ ശ്രമിക്കുക. കാള പെറ്റെന്ന് കേട്ടാല്‍ കയറെടുക്കുമെന്ന പഴഞ്ചൊല്ലിന് ഇന്നും അര്‍ഥം പഴയതു തന്നെയാണ്!
 
.

Back to Top