News

വെള്ളിത്തിരയില്‍ ഇനി ''ക്യാപ്റ്റന്‍'' ചിരിക്കില്ല

എറണാകുളം: ഏറെ ഓര്‍മ്മകള്‍ നല്‍കുന്ന കഥാപാത്രങ്ങളുമായി മലയാളികളുടെ മനസ്സില്‍ നിറഞ്ഞുനിന്ന ചലച്ചിത്ര നടന്‍ ക്യാപ്റ്റന്‍ രാജു യാത്രയായി. എറണാകുളത്തെ വസതിയില്‍ ആയിരുന്നു അന്ത്യം. അഭിനയിച്ച വേഷങ്ങള്‍ മിക്കതും അവിസ്മരണീയമാക്കിയാണ് രാജു ഡാനിയല്‍ എന്ന ക്യാപ്റ്റന്‍ രാജു മടങ്ങുന്നത്. പരുക്കന്‍ കഥാപാത്രങ്ങള്‍ അടക്കം നിരവധി ഫ്രെയിമുകള്‍ സിനിമാ സ്നേഹികള്‍ക്ക് നല്‍കിയാണ് ക്യാപ്റ്റന്റെ മടക്കം. വില്ലന്‍ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ഘനഗംഭീരമായ ശബ്ദം കൂടിയായതോടെ അദ്ദേഹത്തിന് ആരാധകര്‍ കൂടി.
പ്രമുഖ സംവിധായകര്‍ അണിയിച്ചൊരുക്കിയ വമ്പന്‍ ഹിറ്റുകളില്‍ അവിഭാജ്യ ഘടകമായിരുന്നു ക്യാപ്റ്റന്‍ രാജു. 1981ല്‍ ജോഷി സംവിധാനം ചെയ്ത രക്തം എന്ന ചിത്രത്തിലൂടെയാണ് സിനിമാ ജീവിതത്തിനു തുടക്കമിട്ടത്. തുടര്‍ന്ന് ഒട്ടേറെ ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങളില്‍ എത്തിയ അദ്ദേഹം 1983ല്‍ നടന്‍ മധു നിര്‍മിച്ച് ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത രതിലയം എന്ന ചിത്രത്തില്‍ ചെയ്ത വേഷം ശ്രദ്ധേയമായി. തടാകം, മോര്‍ച്ചറി, അസുരന്‍ തുടങ്ങിയ ചിത്രങ്ങളിലുടെ രാജു, മലയാള സിനിമയുടെ മുന്‍നിരയിലേയ്ക്ക് എത്തി.
മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, ഇംഗ്ലിഷ് തുടങ്ങിയ ഭാഷകളില്‍ അഞ്ഞൂറിധികം സിനിമകളില്‍ അഭിനയിച്ചു. പത്തോളം സീരിയലുകളിലും വേഷമിട്ടു. 1997ല്‍ 'ഇതാ ഒരു സ്‌നേഹഗാഥ' എന്ന സിനിമ സംവിധാനം ചെയ്തു. 1987ല്‍ പുറത്തിറങ്ങിയ നാടോടിക്കാറ്റില്‍ മലപ്പുറം കത്തി എന്ന ഡയലോഗുമായി വന്ന പവനായി എന്ന കഥാപാത്രം ഇന്നും പ്രേക്ഷകര്‍ക്ക് മറക്കാന്‍ കഴിയില്ല. 2012ല്‍ തന്റെ പ്രിയ കഥാപാത്രമായ പവനായിയുടെ രണ്ടാം വരവായി 'മിസ്റ്റര്‍ പവനായി 99.99' എന്ന ചിത്രത്തിന്റെ സംവിധാന ജോലികള്‍ ആരംഭിച്ചിരുന്നു.
1989ല്‍ എം.ടി രചിച്ച് ഹരിഹരന്‍ സംവിധാനം ചെയ്ത ഒരു വടക്കന്‍ വീരഗാഥയിലും തുടര്‍ന്ന് 20 വര്‍ഷത്തിനു ശേഷം അതേ ടീം പഴശ്ശിരാജ അണിയിച്ചൊരുക്കിയപ്പോള്‍ അതിലും ചെയ്ത കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ തിലകക്കുറിയായി.
.

Back to Top