Kshethrangal

പരശുരാമന്‍ സപ്തമാതൃക്കളെ പ്രതിഷ്ഠിച്ച ആമേട ക്ഷേത്രം

സപ്തമാതൃക്കളുടെ പ്രതിഷ്ഠയുള്ളതും നാഗാരാധാനയ്ക്കു പ്രാധാന്യം കല്‍പിച്ചുവരുന്നതുമാണ് എറണാകുളം ജില്ലയിലെ ആമേട ക്ഷേത്രം. സപ്തമാതൃക്കളെക്കൂടാതെ വീരഭദ്രന്‍, ഗണപതി എന്നീ ദേവന്‍മാരുടെ പ്രതിഷ്ഠകളും ഈ ക്ഷേത്രത്തില്‍ ഉണ്ട്. നാഗരാജാവ്, നാഗയക്ഷി കാവില്‍ ഭഗവതി എന്നീ ഉപദേവതകള്‍ക്കു പുറമെ തിരൂര്‍ വെട്ടത്തുനാട്ടിലെ മംഗലം ഗ്രാമത്തിലെ വിഷ്ണുവും ഉണ്ട്.
മൂന്നു നടയുണ്ടെങ്കിലും പതിവായി കിഴക്കേ നട മാത്രമേ തുറക്കാറുള്ളൂ. വീരഭദ്രന്‍ വടക്കോട്ടും ഗണപതി തെക്കോട്ടും ദര്‍ശനമായാണു പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. ഉല്‍സവത്തിന്റെ ആറാട്ടു നടക്കുന്ന മീനത്തിലെ ഉത്രം നാള്‍ ക്ഷേത്രത്തിന്റെ മൂന്നു നടകളും തുറക്കും. വടക്കേനട വൃശ്ചികം ഒന്നു മുതല്‍ 41 ദിവസം തുറക്കും. 41-ാം ദിവസം വൈകിട്ട് ഗുരുതി കഴിഞ്ഞും മുന്നു നടകളും തുറക്കും.
പരശുരാമനുമായി ബന്ധപ്പെട്ടുള്ളതാണ് ആമേട ക്ഷേത്രത്തിന്റെ ഐതിഹ്യം. യാത്രയ്ക്കിടെ പരശുരാമന്‍ കൈതപ്പുഴ കായലില്‍ എത്തിച്ചേര്‍ന്നുവെന്നും ആമയുടെ പുറത്തുനിന്നു കുളിക്കുകയായിരുന്ന ദേവസ്ത്രീകളെയും നാഗകന്യകയെയും നാഗരാജാവിനെയും ആമേടയില്‍ പ്രതിഷ്ഠിച്ചു എന്നുമാണു വിശ്വസിച്ചുപോരുന്നത്.
തിരൂര്‍ വെട്ടത്തുനാട്ടിലെ മംഗലം നമ്പൂതിരി ഇവിടെ ഭജനമിരുന്നിട്ടുണ്ടത്രെ. തുടര്‍ന്നു ക്ഷേത്രം മംഗലം മനയ്ക്കു കൈമാറിയെന്നും വിശ്വസിച്ചുപോരുന്നു. മംഗലം ഇല്ലക്കാരാണ് ഇപ്പോഴും പാരമ്പര്യമായി പൂജകള്‍ നടത്തിവരുന്നത്.
സപ്തമാതൃക്കളല്ല, അഷ്ടമാതൃക്കളായിരുന്നു ഇവിടെ ഉണ്ടായിരുന്നതെന്നും ഐതിഹ്യമുണ്ട്. ഇതില്‍ യോഗേശ്വരി പിന്നീട് അപ്രത്യക്ഷയായതാണ് എന്നു പക്ഷമുണ്ട്. ഭദ്രകാളിയാണ് അഷ്ടമാതാവെന്നാണു ചിലര്‍ കരുതുന്നത്.
.

Back to Top