News

അനുപമ എന്നാല്‍ 'ടോട്ടലി ഡിഫറന്റ്':
പേരിനെ അന്വര്‍ഥമാക്കി തൃശൂര്‍ കലക്ടര്‍

മധു രാധാകൃഷ്ണന്‍
 
തൃശൂര്‍: 'എന്താ പേര്?'
'അനുപമ.'
'അയ്യോ ആ പേരില്‍ ഒരു കലക്ടര്‍ ഉണ്ടല്ലോ മോളെ. എന്ത് നല്ല കൊച്ചാ!'
അറിയുന്നവര്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുകയാണ് ടി.വി അനുപമ എന്ന പേര്. പേരിനെ അന്വര്‍ഥമാക്കുന്ന പെരുമാറ്റവും പക്വതയാര്‍ന്ന തീരുമാനങ്ങളും അനുപമയ്ക്ക് നല്‍കുന്നത് ഫുള്‍ എ പ്ലസ് തന്നെയാണ്. എത്തുന്ന ജില്ലകളില്‍ എല്ലാം കലക്ടര്‍ അനുപമയ്ക്ക് ഫാന്‍സ് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അനുപമ ഏതു ജില്ലയുടെ ഭരണാധികാരിയായി ചാര്‍ജെടുത്താലും ദിവസങ്ങള്‍ക്കകം നാം അറിയും. കാരണം മാനുഷികപരമായി ഇടപെടേണ്ട ഒരുപാട് കാര്യങ്ങളില്‍ മറ്റ് ഉദ്യോഗസ്ഥരെ അപേക്ഷിച്ച് അവര്‍ കൂടുതല്‍ ഇടപെടുന്നു, പരിഹാരം കാണുന്നു എന്നത് തന്നെ. അത്തരം ഇടപെടലുകള്‍ വന്‍ വാര്‍ത്തയാകുന്നു. ഒന്നുമറിയാത്ത ഭാവത്തില്‍ കലക്ടര്‍ അനുപമ അടുത്ത കര്‍ത്തവ്യത്തിലേക്ക്. 
എന്നാല്‍, ജനം ഏറ്റെടുത്തുകഴിഞ്ഞു ഇരട്ടചങ്കുള്ള ഈ വനിതയെ. ഒരിക്കല്‍ സൂപ്പര്‍താരം മമ്മുട്ടി അനശ്വരമാക്കിയ തേവള്ളി പറമ്പില്‍ ജോസഫ് അലക്സ് എന്ന കഥാപാത്രം പുനര്‍ജനിക്കുകയാണോ എന്നുവരെ തോന്നിപ്പോകും. ജോസഫ് അലക്സ് ആണായിരുന്നെങ്കില്‍ ഇവിടെ അതിനേക്കാള്‍ ചങ്കുറപ്പും കരളുറപ്പുമുള്ള പെണ്ണാണ് എന്ന് മാത്രം. മാനസികമായി ഏറെ കരുത്തയായ സ്ത്രീ എന്ന ലേബലും അനുപമ ഇതിനകം സ്വന്തമാക്കി കഴിഞ്ഞു.
തൃശൂരില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവവും അനുപമയ്ക്ക് നല്‍കിയത് അഭിനന്ദനങ്ങളുടെ കൂമ്പാരമാണ്. ദുരിതാശ്വാസ ക്യാംപുകളിലേക്ക് കൊണ്ടുപോകാന്‍ തൃശൂര്‍ കലക്ട്രേറ്റില്‍ എത്തിക്കൊണ്ടിരുന്ന സാധന സാമഗ്രികള്‍ സൂക്ഷിക്കാന്‍ മുറി അത്യാവശ്യമായതോടെയാണ് കലക്ടര്‍ ഇടപെട്ടത്. ബാര്‍ അസോസിയേഷന്‍ ഹാളില്‍ സംഭരിക്കാമെന്നു ധാരണയായി. എന്നാല്‍ ഹാള്‍ വിട്ടുനില്‍കാന്‍ ബാര്‍ അസോസിയേഷന്‍ വിസമ്മതിച്ചു. വീണ്ടും അറിയിച്ചിട്ടും ബാര്‍ അസോസിയേഷന്‍ നിലപാടു മാറ്റിയില്ല. 
മറ്റു വഴികളില്ലാതെ വന്നതോടെ ഹാളിന്റെ പൂട്ട് പൊളിക്കാന്‍ കലക്ടര്‍ ഉത്തരവിട്ടു. ദുരന്തനിവാരണ നിയമ പ്രകാരമാണ് ഹാള്‍ ഏറ്റെടുത്തത്. സാധനങ്ങല്‍ സൂക്ഷിച്ച ശേഷം പുതിയ പൂട്ട് ഇടുകയും ചെയ്തു. ദുരന്ത നിവാരണ നിയമം വകുപ്പ് 34(എച്ച്), (ജെ). (എം) പ്രകാരമാണ് മുറികള്‍ ഒഴിപ്പിച്ചത്. 
എന്തായാലും കലക്ടറുടെ ഇടപെടല്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. മുന്‍പ് ആലപ്പുഴ കലക്ടര്‍ ആയിരുന്നപ്പോഴും ഔദ്യോഗിക നടപടിക്രമങ്ങളില്‍ വിട്ട്‌വീഴ്ച വരുത്താത്ത കലക്ടറുടെ തീരുമാനങ്ങള്‍ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. മന്ത്രിയായിരുന്ന തോമസ് ചാണ്ടിയുടെ കയ്യേറ്റം സംബന്ധിച്ച വിഷയങ്ങളില്‍ അനുപമ വ്യക്തമായ നിലപാട് എടുത്തിരുന്നു.
.

Back to Top