News

ചെങ്ങന്നൂര്‍: ഇടതുപക്ഷ ജാതിരാഷ്ട്രീയം മറനീക്കുമോ?

തിരുവനന്തപുരം: ഇടതുമുന്നണി സിറ്റിംങ് സീറ്റ് നിലനിര്‍ത്തിയെന്നും ഭരണവിരുദ്ധ തരംഗത്തെ അതിജീവിക്കാന്‍ ഭരണമുന്നണിക്കു സാധിച്ചുവെന്നുമുള്ള ലളിതവത്കരണത്തില്‍ ഒതുങ്ങുന്നതല്ല ചെങ്ങന്നൂര്‍ നിയമസഭാമണ്ഡലം ഉപതെരഞ്ഞെടുപ്പിന്റെ ഫലം. ആഴത്തിലുള്ള രാഷ്ട്രീയ-സാമൂഹികനിരീക്ഷണം ആവശ്യമായ ഒന്നാണത്. ജാതിശക്തികളുടെ സാന്നിധ്യവും അവരോടുള്ള മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളുടെ സമീപനവും സജീവമായി ചര്‍ച്ച ചെയ്യപ്പെടേണ്ട സാഹചര്യമാണ് ഈ വിജയം സൃഷ്ടിക്കുന്നത്.
സംസ്ഥാനത്ത് ഇടതു ജനാധിപത്യ മുന്നണി, ഐക്യജനാധിപത്യ മുന്നണി, ദേശീയ ജനാധിപത്യ സഖ്യം എന്നീ മൂന്നു പാര്‍ട്ടി കൂട്ടായ്മകള്‍ക്കു ജാതി-സാമുദായിക സംഘടനകളെ കൂടെനിര്‍ത്തി ജയിക്കുക എന്ന തന്ത്രം പൊതുവായുള്ളതാണ്. എന്നാല്‍, അവയുടെ നടത്തിപ്പുരീതികളും ആസൂത്രണവുമൊക്കെ തമ്മില്‍ അജഗജാന്തരമുണ്ടു താനും. വിവിധ മതങ്ങളില്‍പ്പെട്ട ജാതിസംഘടനകളെയും സാമുദായിക സംഘടനകളെയും യാഥാര്‍ഥ്യങ്ങളായി അംഗീകരിച്ചുകൊണ്ടും അവയ്‌ക്കൊക്കെ വോട്ടിങ്ങില്‍ ഇടപെടാന്‍ സാധിക്കുമെന്ന് അംഗീകരിച്ചുകൊണ്ടും കൂടെ നിര്‍ത്തുക എന്ന വളച്ചുകെട്ടില്ലാത്ത സമീപനമാണ് ഐക്യജനാധിപത്യ മുന്നണിയുടേത്. എന്നാല്‍, തങ്ങളുടെ നയങ്ങളുമായി യോജിപ്പുള്ള സാമുദായിക സംഘടനകളെ കൂടെ നിര്‍ത്താമെന്നതാണ് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ നിലപാട്. അതേസമയം, മറ്റു രണ്ടു മുന്നണികളില്‍നിന്നും വ്യത്യസ്തമാണ് ഇടതു മുന്നണി സാമുദായിക സംഘടനകളോടു പ്രത്യക്ഷത്തില്‍ സ്വീകരിച്ചുവരുന്ന നയം. ജാതി, മതാതീതമായ മനുഷ്യക്കൂട്ടായ്മ വളര്‍ത്തുകയെന്ന വിശാലമായ ലക്ഷ്യമാണു പലയിടത്തും മുന്നണിയും മുന്നണിക്കു നേതൃത്വം നല്‍കിവരുന്ന സി.പി.ഐ(എം)യും സി.പി.ഐയും പ്രഖ്യാപിച്ചുവരുന്നതും.
സാമൂദായിക സംഘടനകളോടുള്ള മൂന്നു മുന്നണികളുടെയും നിലപാടുകളുടെ പശ്ചാത്തലത്തില്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുക വഴി കേരളത്തിലെ ജാതിരാഷ്ട്രീയവും അതിനു രാഷ്ട്രീയപ്പാര്‍ട്ടികളുമായുള്ള ബന്ധവും തിരിച്ചറിയാന്‍ സാധിക്കും. രാഷ്ട്രീയപ്പാര്‍ട്ടികള്‍ ജാതിരാഷ്ട്രീയത്തെ പ്രോല്‍സാഹിപ്പിക്കുകയാണോ നിരുല്‍സാഹപ്പെടുത്തുകയാണോ, പാര്‍ട്ടികള്‍ ജാതി-മതസംഘടനകളെ ഉപയോഗപ്പെടുത്തുകയാണോ, ജാതി-മതസംഘടനകള്‍ പാര്‍ട്ടികളെ ഉപയോഗപ്പെടുത്തി ജനാധിപത്യ പ്രക്രിയയില്‍ പിന്‍വാതിലിലൂടെ ഇടപെടുകയാണോ, മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു പ്രതിബദ്ധത സംസ്ഥാനത്തിന്റെ ഭാവിയോടാണോ അതോ അധികാരക്കസേരയോടാണോ എന്നു തുടങ്ങി പല സംശയങ്ങള്‍ക്കും വ്യക്തമായ മറുപടിയേകാനും പോരുന്നതാണ് ഇത്.
സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതില്‍ ജാതി-മത താല്‍പര്യങ്ങള്‍ പരിഗണിക്കപ്പെടാറുണ്ടോ എന്ന ചോദ്യമാണു തെരഞ്ഞെടുപ്പു ഫലം വിലയിരുത്തുന്നതില്‍ ആദ്യം പ്രസക്തമായിത്തീരുന്നത്. സ്ഥാനാര്‍ഥിനിര്‍ണയത്തിന്റെ നാളുകളിലെ സംഭവവികാസങ്ങള്‍ വിലയിരുത്തിയാല്‍ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കും. 2016ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ ദേശീയ ജനാധിപത്യ സഖ്യം സ്ഥാനാര്‍ഥിയായി മല്‍സരിച്ചത് അഡ്വ. പി.എസ്.ശ്രീധരന്‍ പിള്ളയായിരുന്നു. സംസ്ഥാനത്തു ബി.ജെ.പിക്കു ലഭിക്കാവുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ഥികളില്‍ ഒരാളാണ് അദ്ദേഹം. ചെങ്ങന്നൂര്‍ സ്വദേശായണെന്ന അനുകൂല ഘടകവമുണ്ട്. ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിക്കപ്പെട്ട വേളയില്‍ സ്ഥാനാര്‍ഥിയെ ആദ്യം പ്രഖ്യാപിച്ച മുന്നണി ദേശീയ ജനാധിപത്യ സഖ്യമായിരുന്നു. സ്ഥാനാര്‍ഥി വീണ്ടും ശ്രീധരന്‍ പിള്ള തന്നെ. അങ്ങനെ അദ്ദേഹം ഉപതെരഞ്ഞെടുപ്പിലെ ആദ്യ സ്ഥാനാര്‍ഥിയായി. ഫലത്തില്‍ ഇടതുമുന്നണിക്കും ഐക്യജനാധിപത്യ മുന്നണിക്കും സ്ഥാനാര്‍ഥിചര്‍ച്ചകള്‍ക്കു പ്രതലമൊരുക്കിയത് ദേശീയ ജനാധിപത്യ സഖ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതാണ്. ക്രിസ്ത്യന്‍ വോട്ടുകള്‍ നിര്‍ണായകമാണെങ്കിലും നേരത്തേ പി.സി.വിഷ്ണുനാഥും കഴിഞ്ഞ തവണ കെ.കെ.രാമചന്ദ്രന്‍ നായരും വിജയിച്ചിട്ടുണ്ടെന്നതിനാല്‍ മണ്ഡലത്തിലെ ഹിന്ദുവോട്ടുകളില്‍ കണ്ണുവെക്കാനായിരുന്നു ഐക്യ മുന്നണിയുടെ തീരുമാനം. സീറ്റ് കോണ്‍ഗ്രസിന്റേതാണെന്നതിനാല്‍ ഗ്രൂപ്പ് സമവാക്യവും മറ്റു പരിഗണനകളുമൊക്കെ കണക്കിലെടുത്തു വന്നപ്പോള്‍ ഡി.വിജയകുമാറിനു നറുക്കു വീണു. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ അവസാനത്തെ ഊഴം ഇടതു മുന്നണിയുടേതായിരുന്നു. മറ്റു ചില ഊഹങ്ങള്‍കൂടി ഉയര്‍ന്നെങ്കിലും ആദ്യം മുതല്‍ പറഞ്ഞുകേട്ടിരുന്ന പേരുകളിലൊന്നായ സി.പി.ഐ.(എം) ജില്ലാ സെക്രട്ടറി സജി ചെറിയാനെ രംഗത്തിറക്കാനാണു തീരുമാനമുണ്ടായത്. അവിടെയും രാഷ്ട്രീയത്തിനതീതമായ ലക്ഷ്യം വ്യക്തം. രണ്ടു സ്ഥാനാര്‍ഥികള്‍ ഒരു വിഭാഗത്തില്‍നിന്നെങ്കില്‍ മൂന്നാമത്തെ സ്ഥാനാര്‍ഥി മണ്ഡലത്തിലെ മറ്റൊരു പ്രബല വിഭാഗത്തില്‍പ്പെട്ട വ്യക്തിയായാല്‍ ആ വിഭാഗത്തിന്റെ വോട്ടുകള്‍ മുഴുവന്‍ ഉറപ്പിക്കാം എന്ന കേരളത്തിലെ രാഷ്ട്രീയാനുഭവമാണ് ഇവിടെ ഇടതുമുന്നണിയെ സ്വാധീനിച്ചത്.
പ്രചരണത്തില്‍ ആരും പിന്നിലായിരുന്നില്ലെങ്കിലും ഐക്യജനാധിപത്യ മുന്നണിയുടെ പ്രവര്‍ത്തനത്തില്‍ അല്‍പം ഉലച്ചില്‍ ആരോപിക്കപ്പെട്ടു. കേരള കോണ്‍ഗ്രസ് (എം) മുന്നണിക്കു പുറത്താണെന്നതിനാലും ചെങ്ങന്നൂരില്‍ മുസ്ലിം ലീഗ് വളരെ ദുര്‍ബലമാണെന്നതിനാലും പ്രവര്‍ത്തിക്കാന്‍ ഉള്ളതു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രം. എന്നാല്‍, ഗ്രൂപ്പിസം, സ്ഥാനാര്‍ഥിത്വം മോഹിച്ചെങ്കിലും കിട്ടാതെപോയവരുടെ ഇച്ഛാഭംഗം, സംസ്ഥാന-ജില്ലാ നേതൃത്വങ്ങളുടെ ജാഗ്രതക്കുറവ്, സ്ഥാനാര്‍ഥിയുടെ മെല്ലെപ്പോക്ക് തുടങ്ങിയ ഘടകങ്ങള്‍ കോണ്‍ഗ്രസിനു തിരിച്ചടിയായി. അവസാന ഘട്ടമായേക്കും ഉണര്‍ന്നുവെങ്കിലും തെരഞ്ഞെടുപ്പിനുശേഷം സ്ഥാനാര്‍ഥി നേരിട്ട് പ്രവര്‍ത്തനത്തിലെ പാളിച്ചകള്‍ തുറന്നുപറയുന്ന സാഹചര്യം വരെയുണ്ടായി.
അതേസമയം, എണ്ണയിട്ട യന്ത്രം പോലെയായിരുന്നു ദേശീയ ജനാധിപത്യ സഖ്യത്തിന്റെയും ഇടതുമുന്നണിയുടെയും പ്രവര്‍ത്തനം. സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ ശ്രീധരന്‍ പിള്ള മണ്ഡലത്തിലെത്തി പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചു. ഉപതെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കുംമുമ്പേ തന്നെ പ്രവര്‍ത്തനത്തില്‍ മേല്‍ക്കൈ നേടി. മുതിര്‍ന്ന നേതാക്കളെയെല്ലാം മണ്ഡലത്തിലേക്കു ക്ഷണിച്ചു. ഏറെക്കുറേ സമാനമായ രീതിയില്‍ ഇടതുമുന്നണിയും രംഗത്തുണ്ടായിരുന്നു.
എന്നാല്‍, തെരഞ്ഞെടുപ്പ് അടുക്കുന്ന ദിവസങ്ങളില്‍ കണ്ടത് മറ്റൊരു ചിത്രമാണ്. ഏറെക്കുറേ പ്രതീക്ഷ നഷ്ടപ്പെട്ട സ്ഥിതിയിലായിരുന്നു യു.ഡി.എഫ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലും കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസ്സനും മുതിര്‍ന്ന നേതാക്കളായ എ.കെ.ആന്റണിയും ഉമ്മന്‍ ചാണ്ടിയുമൊക്കെ എത്തി പ്രവര്‍ത്തിച്ചിട്ടും ഐക്യമുന്നണി സ്ഥാനാര്‍ഥിയെ വിജയത്തിനരികിലേക്ക് എത്തിക്കാന്‍ സാധിച്ചില്ല.
ദേശീയ ജനാധിപത്യ സഖ്യത്തിനും പാളിച്ചകള്‍ സംഭവിച്ചു. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ മിക്കവരും മണ്ഡലത്തിലെത്തിയെങ്കിലും വേണ്ടത്ര സജീവമായില്ലെന്ന പരാതിയുണ്ടായി. മുന്നണി ഘടകകക്ഷിയായ ബി.ജെ.ഡി.എസ്. പാര്‍ട്ടിക്കു നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ ഇടഞ്ഞുനിന്നു എന്നതാണ് അതിലും ഗൗരവമായ പ്രശ്‌നമായിത്തീര്‍ന്നത്. ബി.ജെ.പി. കേന്ദ്രനേതൃത്വം തങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങളൊന്നും നടപ്പാക്കിയില്ലെന്നും അതുണ്ടായില്ലെങ്കില്‍ ഉപതെരഞ്ഞെടുപ്പില്‍ സഹകരിക്കില്ലെന്നും ബി.ജെ.ഡി.എസ്. നേതാക്കള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയെങ്കിലും പ്രശ്‌നം പരിഹരിക്കാന്‍ ബി.ജെ.പിക്കു സാധിച്ചില്ല. ശ്രീധരന്‍ പിള്ളയുടെ സ്ഥാനാര്‍ഥിത്വത്തെ അദ്ദേഹവുമായി അടുപ്പം പുലര്‍ത്തുന്ന എന്‍.എസ്.എസ്. അംഗീകരിക്കുമെന്ന പ്രതീക്ഷയും ഫലിച്ചില്ല. സംസ്ഥാന പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണര്‍ സ്ഥാനത്തേക്കു നിയോഗിച്ചത് ഉപതെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മുമ്പാണെന്നതു നേതാവില്ലാത്ത നിലയിലേക്കു നയിക്കുകയും ചെയ്തു.
പിന്നോട്ടുപോക്കാണ് ഐക്യജനാധിപത്യ മുന്നണിക്കും ദേശീയ ജനാധിപത്യ സഖ്യത്തിനും ഉണ്ടായതെങ്കില്‍ ഇടതുമുന്നണി ക്യാംപിലെ സാഹചര്യം വിപരീതമായിരുന്നു. കെട്ടുറപ്പോടെ മുന്നോട്ടുപോകുന്നതില്‍ മുന്നണി വിജയിച്ചു. മറ്റു രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് സി.പി.ഐ(എം)യും സി.പി.ഐയും കൈകോര്‍ത്തുനീങ്ങി. മുതിര്‍ന്ന സി.പി.ഐ.(എം) നേതാവ് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ കണ്ണൂരില്‍നിന്നെത്തി ക്യാംപ് ചെയ്തു പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ സജീവമായി നിലകൊള്ളുകയും ചെയ്തു.
വോട്ടര്‍മാര്‍ക്കിടയിലുള്ള പ്രചരണ പ്രവര്‍ത്തനങ്ങളില്‍ ഒപ്പത്തിനൊപ്പമെന്നു മൂന്നു മുന്നണികളും അവകാശപ്പെട്ടേക്കാമെങ്കിലും അണിയറപ്രവര്‍ത്തനങ്ങളില്‍ ഇടതുമുന്നണിയായിരുന്നു ബഹുദൂരം മുന്‍പില്‍. സംസ്ഥാന ഭരണം കയ്യിലുണ്ടെന്നത് ഇതിന് അനുകൂലമായിത്തീരുകയും ചെയ്തു. എന്‍.എസ്.എസ്. നേതൃത്വവുമായും ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വവുമായും ഇടതുനേതാക്കള്‍ ചര്‍ച്ച നടത്തി. പല തവണ ചെങ്ങന്നൂരിലെ എം.എല്‍.എ. ആയി പ്രവര്‍ത്തിച്ചിട്ടുള്ള കോണ്‍ഗ്രസ് നേതാവും ഓര്‍ത്തഡോക്‌സ് സഭയോട് അടുപ്പമുള്ള വ്യക്തിയുമായ ശോഭനാ ജോര്‍ജിനെ ഒപ്പം നിര്‍ത്താന്‍ സാധിച്ചതും ഇടതുമുന്നണിക്കു നേട്ടമായി. സഭയുമായുള്ള ആശയവിനിമയം എളുപ്പമായിത്തീര്‍ന്നു എന്നു മാത്രമല്ല, സഭക്കാരിയായ ശോഭന ജോര്‍ജിനു സ്ഥാനാര്‍ഥിത്വം നിഷേധിച്ച ഐക്യമുന്നണിയോടു പകരംവീട്ടാനുള്ള അവസരമായി സഭയും സഭാവിശ്വാസികളും ഈ തെരഞ്ഞെടുപ്പിനെ കാണണമെന്ന വികാരം സൃഷ്ടിക്കപ്പെടുകയും ചെയ്തു. ആറന്മുളയില്‍ സഭക്കാരികൂടിയായ വീണ ജോര്‍ജിനെ എം.എല്‍.എയാക്കിയ മുന്നണി എന്ന താല്‍പര്യവും സഭയ്ക്ക് ഇടതുമുന്നണിയോടുണ്ട്.
കടുത്ത മല്‍സരത്തില്‍ വിയര്‍പ്പൊഴുക്കി നേടിയ ജയമാണ് ഇടതുമുന്നണിയുടേത്. വിജയത്തേക്കാള്‍ വലിയ വിജയമാണു ഭൂരിപക്ഷം വര്‍ധിച്ചു എന്നത്. എന്നാല്‍, ഇതു നയിക്കുന്നതാകട്ടെ, ചില സംശയങ്ങളിലേക്കാണ്. ഭരണവിരുദ്ധ വികാരത്തെ എങ്ങനെ മറികടന്നു എന്നതു ഗൗരവമേറിയ ചോദ്യമാണ്. ഉപതെരഞ്ഞെടുപ്പു ദിവസം രാവിലെ പ്രണയിച്ചതിന്റെ പേരില്‍ യുവാവ് കൊല്ലപ്പെടുകയും ഈ സംഭവത്തില്‍ പൊലീസ് പ്രതിസ്ഥാനത്തു നിര്‍ത്തപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടായതും ഇതു സംബന്ധിച്ച വാര്‍ത്തകള്‍ വീടുകളില്‍ എത്താതിരിക്കാനായി ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ടെലിഫോണ്‍ കേബിളുകള്‍ വ്യാപകമായി മുറിച്ചുമാറ്റിയതും വൈദ്യുതി നിഷേധിക്കപ്പെട്ടതുമൊക്കെ വോട്ടര്‍മാരെ ഇടതുമുന്നണിക്കെതിരായി സ്വാധീച്ചിട്ടുണ്ടാവാന്‍ ഇടയുള്ള സംഭവങ്ങളാണ്. പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കുന്നതിനു കേന്ദ്ര സര്‍ക്കാരിന്റേതിനു തുല്യമായ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനും ഉണ്ടെന്ന വസ്തുത ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ ദേശീയ ജനാധിപത്യ സഖ്യം വിജയിച്ചതും സമാനമായ ഒന്നാണ്. എന്നിട്ടും മിന്നുന്ന ജയം ഇടതുമുന്നണിക്കു നേടാനായി എന്നതു രാഷ്ട്രീയനിരീക്ഷകരെ കൊണ്ടുചെന്നെത്തിക്കുന്നതു ചില അണിയറനാടകങ്ങളിലേക്കും അരമനച്ചര്‍ച്ചകളിലേക്കുമാണ്.
മതരാഷ്ട്രീയത്തിന് അതീതമായി നിലകൊള്ളുന്നുവെന്നും മത, സാമുദായിക സംഘടനകളുടെ വിഴുപ്പലക്കാന്‍ തങ്ങളെ കിട്ടില്ലെന്നും വീമ്പിളക്കുന്ന ഇടതുമുന്നണി നേതാക്കള്‍ ഇത്തവണ പരസ്യമായിത്തന്നെ 'സഭാവസ്ത്രം' അണിയുന്ന സാഹചര്യം ചെങ്ങന്നൂരില്‍ ഉണ്ടായി. തങ്ങള്‍ അണിഞ്ഞിരുന്ന 'മതേതരവസ്ത്രം' അഴിച്ചുവെച്ച് ജാതി-മതശക്തികളോട് അങ്ങോട്ടുചെന്നു സൗഹൃദം സ്ഥാപിച്ച് അവയെ ഇടതുപക്ഷമെന്ന കമ്പിയില്‍ കോര്‍ത്തെടുത്തതാണു ചെങ്ങന്നൂരിലെ ചുവപ്പെങ്കില്‍ അത് അപകടത്തെ സൂചിപ്പിക്കുന്ന നിറമാണ്. ഇനി ഇതാണു തങ്ങളുടെ വഴിയെന്നും ഈ വഴിക്കു വളരാമെന്നുമാണ് ഇടതുമുന്നണി നേതൃത്വം തീരുമാനിക്കുന്നതെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അബ്ദുല്‍ നാസര്‍ മദനിക്കും പിണറായി വിജയനുമൊപ്പം ക്രിസ്ത്യന്‍ ബിഷപ്പുമാരും വേദി പങ്കിട്ടേക്കും. മുഖംമൂടി അഴിഞ്ഞുവീഴുന്നതോടെ ഇടതുമുന്നണി മേനിനടിക്കുന്ന മതേതര രാഷ്ട്രീയ മുഖം എത്രമാത്രം ഇരുണ്ടതാണെന്നും അതില്‍ എത്ര മുറിപ്പാടുകളുണ്ടെന്നും തെളിയുകയും അതു ചില രാഷ്ട്രീയശക്തികളുടെ രഹസ്യ അജണ്ട വെളിപ്പെടുത്തുകയും ചെയ്യുമെന്ന നേട്ടം ഇതിലൂടെ ഉണ്ടാവും എന്നത് ആശ്വാസപ്രദമാണ്.
.

Back to Top