Rishipatham

വ്യാസനും വാല്‍മീകിക്കും വഴികാട്ടിയ നാരദമുനി

(വ്യാസനും വാല്‍മീകിക്കും വഴികാട്ടിയായിരുന്നു നാരദമുനി. അദ്ദേഹത്തെ നാം കേവലമൊരു പരദൂഷണക്കാരനായി ഒതുക്കിക്കളഞ്ഞു! ലോകത്തിന് നാരദമുനി ആഴമേറിയ വിജ്ഞാനഭാണ്ഡം പകര്‍ന്നുനല്‍കിയെന്നതു മറച്ചുവെക്കാന്‍ ബോധപൂര്‍വമായ ശ്രമമുണ്ടായിട്ടുണ്ടെങ്കില്‍ അങ്ങനെ ചെയ്തവര്‍ അറിവിനെ പുറംകാല്‍കൊണ്ടു തട്ടുക എന്ന മഹാ അപരാധം നടത്തിയവരാണ്.)
കഴുത്തില്‍ വീണയേന്തി നാരായണജപത്തോടെ എവിടെയും എപ്പോഴും പ്രത്യക്ഷപ്പെടുന്ന പരദൂഷണക്കാരന്‍! ഇതായിരിക്കാം, ആധുനിക സമൂഹത്തില്‍ നല്ലൊരു വിഭാഗത്തിനും മുന്നില്‍ നാരദമുനിയെക്കുറിച്ചുള്ള ചിത്രം. ഏഷണിക്കാരനും തെറ്റായ വിവരങ്ങള്‍ കൈമാറി തര്‍ക്കങ്ങളും ശണ്ഠയും ഏറ്റുമുട്ടലുമൊക്കെ സൃഷ്ടിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന മഹര്‍ഷിയാണു പലരുടെയും ചിന്തകളില്‍ നാരദന്‍. ഒരിടത്തെ വാര്‍ത്തകള്‍ മറ്റൊരിടത്തെത്തിച്ചു പൊടിപ്പുംതൊങ്ങലും ചേര്‍ത്തു റിപ്പോര്‍ട്ട് ചെയ്തിരുന്നു എന്ന വിശദീകരണത്തോടെ ലോകത്തിലെ ആദ്യത്തെ പത്രപ്രവര്‍ത്തകനായും നാരദമുനി പരിചയപ്പെടുത്തപ്പെടുന്നു. ആധുനിക പത്രപ്രവര്‍ത്തകരെപ്പോലെ വാര്‍ത്തകള്‍ വളച്ചൊടിക്കുന്നില്‍ അസൂയാവഹമായ കഴിവുണ്ടായിരുന്നു എന്ന വിമര്‍ശനവും നാരദനെതിരെയുണ്ട്. ഏതായാലും, നാരദനെന്ന പേരു കേട്ടാല്‍ കുട്ടികള്‍ ഉള്‍പ്പെടെ ചിരിക്കുന്ന നിലയിലേക്കു നാരദചരിതത്തെ കൊണ്ടെത്തിക്കാന്‍ പൊതുസമൂഹത്തിനു സാധിച്ചു!
ഗൗരവപൂര്‍ണമായ സമീപനം നമ്മെ കൊണ്ടുചെന്നെത്തിക്കുക ശാസ്ത്രത്തിന്റെയും സംഗീതത്തിന്റെയും സഞ്ചാരത്തിന്റെയുമൊക്കെ അഗാധമായ പാണ്ഡിത്യത്തിന്റെയും അവാച്യമായ ആനന്ദത്തിന്റെയും നാരദചിത്രത്തിലേക്കാണ്. അത്തരുമൊരു പഠനമാകട്ടെ, അതിപ്രാചീന കാലത്തെ ഭാരതീയമായ അറിവുകളെ എത്ര ലാഘവത്തോടും പരിഹാസലക്ഷ്യത്തോടുംകൂടിയാണ് ആധുനികസമൂഹം സമീപിക്കുന്നത് എന്നു വെളിവാക്കുകയും ചെയ്യും.   
നിത്യസഞ്ചാരിയും സന്ദര്‍കനും സന്ദേശവാഹകനും എന്നതു നാരദമുനിയുടെ പല സവിശേഷതകളില്‍ ചിലതുമാത്രമേ ആകുന്നുള്ളൂ! അറിവിന്റെ അക്ഷയപാത്രമായിരുന്ന നാരദമുനി, മഹാഭാരതം രചിച്ച വേദവ്യാസനും രാമായണം രചിച്ച വാല്‍മീകി മഹര്‍ഷിക്കും വഴികാട്ടിയായിരുന്നു എന്നത് അദ്ദേഹത്തിന്റെ ഔന്നത്യത്തിനു തിലകം ചാര്‍ത്തുന്നു. നാരദമുനിക്ക് എത്രത്തോളം അറിവുണ്ടായിരുന്നു എന്നതിന് അദ്ദേഹം തന്നെ വിശദീകരണം നല്‍കിയിട്ടുണ്ട്. എന്തൊക്കെ പഠിച്ചിട്ടുണ്ടെന്ന സനത്കുമാരമഹര്‍ഷിയുടെ ചോദ്യത്തിന് നാരദന്‍ നല്‍കിയ മറുപടി വേദം, പഞ്ചമവേദമായ ഭാരതം, വേദങ്ങളുടെ വേദമായ വ്യാകരണം, ഗണിതം, നീതിശാസ്ത്രം, തര്‍ക്കശാസ്ത്രം, ബ്രഹ്മവിദ്യ, ജ്യോതിഷം, ദേവജനവിദ്യ (നൃത്തം, സംഗീതം, വാദ്യം തുടങ്ങിയവ) എന്നിങ്ങനെ 18 വിജ്ഞാനമേഖലകള്‍ പഠിച്ചിട്ടുണ്ടെന്നാണത്രെ.
നാരദന്‍ ഒന്നിലേറെ ജന്മങ്ങള്‍ എടുത്തുവെന്നാണു വിശ്വാസം. ബ്രഹ്മാവ് ധ്യാനിച്ചിരിക്കവേ മടിയില്‍നിന്നാണു നാരദന്‍ പിറന്നതെന്നു ശ്രീമദ് ഭാഗവത(3-12.3)ത്തില്‍ വിശദീകരിച്ചിട്ടുണ്ട്. തന്റെ നിര്‍ദേശപ്രകാരം ജീവിക്കാന്‍ തയ്യാറാകാതിരുന്ന നാരദനെ അടുത്ത ജന്മത്തില്‍ 50 ഭാര്യമാര്‍ ഉണ്ടാവട്ടെ എന്നു ബ്രഹ്മാവ് ശപിച്ചുവത്രെ. ചിത്രകേതു എന്ന ഗന്ധര്‍വന്റെ മകന്‍ ഉപബര്‍ഹണനായാണ് അടുത്ത ജന്‍മം ഉണ്ടായത്. സംഗീതം തുടങ്ങിയ കലകളില്‍ പ്രാവീണ്യമുണ്ടായിരുന്ന ഉപബര്‍ഹണന്‍ ദേവസഭയില്‍ സംഗീതമാസ്വദിക്കാന്‍ എത്തിയപ്പോള്‍ രംഭയില്‍ ആകൃഷ്ടനായെന്നും തുടര്‍ന്നു ശാപമേറ്റു ഭൂമിയിലെത്തി മരണശയ്യ വരിക്കേണ്ടിവന്നു എന്നുമാണ്. എന്നാല്‍, വിഷ്ണുവിന്റെ അനുഗ്രഹത്താല്‍ ഗംഗാതീരത്തു തപസ്സനുഷ്ഠിച്ചുകൊണ്ടു മരിക്കാന്‍ സാധിച്ചു.
നാരദന്‍ പുനര്‍ജനിച്ചത് ദ്രുമിളപത്‌നിയായ കലാവതിയുടെ മകനായാണ്. ഒരു ബ്രാഹ്മണഗൃഹത്തില്‍ ദാസ്യജോലി ചെയ്തുകഴിയുകയായിരുന്നു കലാവതി. ചാതുര്‍മാസ്യം അനുഷ്ഠിക്കാനായി സന്ന്യാസിശ്രേഷ്ഠര്‍ എത്തിയിരുന്ന ഇടമാണത്. അവരുമായുള്ള സമ്പര്‍ക്കം നാരദനെ വിഷ്ണുഭക്തനാക്കിത്തീര്‍ത്തു. കലാവതി മരിച്ചപ്പോള്‍ ഏകനായിത്തീര്‍ന്ന നാരദന്‍ കാട്ടിലെത്തി തപസ്സാരംഭിച്ചു. സംപ്രീതനായി പ്രത്യക്ഷപ്പെട്ട വിഷ്ണുവിന്റെ അനുഗ്രഹം ലഭിക്കുകയും തപസ്വിയായിത്തന്നെ ജീവിതാന്ത്യത്തിലെത്തുകയും ചെയ്തു. എവിടെയും സ്ഥിരമായി തങ്ങാന്‍ കഴിയാതെ നിത്യസഞ്ചാരിയായിത്തീരട്ടെ എന്ന ദക്ഷശാപം നാരദമുനിക്കു നേരെയുണ്ടായി.
ഈ സഞ്ചാരമാകട്ടെ, ഭാരതീയ ജ്ഞാനശേഖരത്തിനും ഗ്രന്ഥശേഖരത്തിനും നല്‍കിയ ആഴവും പരപ്പും ഏറെയാണ്. രാമായണം രചിക്കുന്നതിലേക്കു വാല്‍മീകിയെ നയിച്ചതു നാരദമുനിയാണ്. പാടിക്കേള്‍പ്പിക്കാന്‍ ഉതകുന്ന ജീവിതമുള്ള വ്യക്തിയുണ്ടോ എന്ന വാല്‍മീകിയുടെ അന്വേഷണത്തിനു രാമന്‍ എന്ന ഉത്തരം നല്‍കിയതു നാരദനാണ്. 18 പുരാണങ്ങളും മഹാഭാരതവും പൂര്‍ത്തിയാക്കിയിട്ടും പോരാതെവന്ന വേദവ്യാസനോടു ഭാഗവത രചന നടത്താന്‍ നിര്‍ദേശിച്ചതും നാരദമുനി തന്നെ. ഗര്‍ഗമുനിക്കു ഗര്‍ഗഭാഗവതം തയ്യാറാക്കാന്‍ പ്രേരണ നല്‍കിയതും മറ്റാരുമല്ല. ഗ്രന്ഥരചനയ്ക്കു പ്രേരണ നല്‍കുക മാത്രമല്ല, വിലപ്പെട്ട ഗ്രന്ഥങ്ങള്‍ സ്വയം രചിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. സംഗീതം തുടങ്ങിയ കലകളെ ആഴത്തില്‍ പരിചയപ്പെടുത്തുന്ന ഗാന്ധര്‍വവേദത്തിന്റെ കര്‍ത്താവ് നാരദനാണെന്നു കരുതിപ്പോരുന്നു. നാരദപരിവ്രാജക ഉപനിഷത്ത്, ബൃഹന്നാരദീയപുരാണം, നാരദസംഹിത, നാരദഭക്തിസൂത്രം, നാരദപഞ്ചരാത്രം, നാരദസ്മൃതി തുടങ്ങിയ ഗ്രന്ഥങ്ങളും നാരദമുനിയുടേതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ജ്യോതിശ്ശാസ്ത്രം, സംഗീതം തുടങ്ങിയ മേഖലകളെ സംബന്ധിച്ച് അദ്ദേഹം പകര്‍ന്നുതന്ന അറിവുകള്‍ ഇന്നും പ്രസക്തമായി നിലകൊള്ളുന്നു. ആകാശം, സൂര്യന്‍, ഗ്രഹങ്ങള്‍, ചന്ദ്രന്‍, ഭൂമി തുടങ്ങിയവയെക്കുറിച്ചു നാരദകൃതികളില്‍ കാണുന്ന അറിവുകള്‍ പലതും പരീക്ഷണനിരീക്ഷണങ്ങളിലൂടെ തിരിച്ചറിയാന്‍ ആധുനികശാസ്ത്രത്തിനു സാധിച്ചിട്ടുണ്ട്. ഇന്നുമെന്നും ഭാരതീയസംഗീതത്തിന് അടിത്തറയായ സപ്തസ്വരങ്ങളുടെ ഉപജ്ഞാതാവ് നാരദമുനിയിലെ സംഗീതവിദ്വാനാണ്. നിര്‍ത്താതെയുള്ള സഞ്ചാരത്തിനിടെ ഗ്രന്ഥലോകത്തിനു പുറത്തും അനേകം സത്കര്‍മങ്ങള്‍ അദ്ദേഹം അനുഷ്ഠിച്ചിട്ടുണ്ട്. ഗര്‍ഭസ്ഥശിശുവായിരിക്കെ പ്രഹ്ലാദനു ജ്ഞാനോപദേശം നല്‍കുക, ധ്രുവബാലനെ ഉന്നതിയിലേക്കു നയിക്കുക തുടങ്ങിയവ അവയില്‍ ചിലതു മാത്രം.
.

Back to Top