Sanathanam

''ഹരിവരാസനം...'': പ്രചരിക്കുന്നതു തെറ്റിദ്ധാരണകള്‍; ദേവസ്വം ബോര്‍ഡ് റീറെക്കോഡ് ചെയ്യില്ല

തിരുവനന്തപുരം: ശബരിമലയില്‍ ശ്രീധര്‍മശാസ്താവിനെ പാടിയുറക്കുന്ന 'ഹരിവരാസനം വിശ്വമോഹനം...' എന്ന ഗാനത്തിന്റെ റീറെക്കോഡിങ് സംബന്ധിച്ച കാര്യങ്ങള്‍ ഗവണ്‍മെന്റും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും കൈകാര്യം ചെയ്യുന്നതു ലാഘവത്തോടെ. ഗാനം റീ റെക്കോഡ് ചെയ്യാന്‍ ദേവസ്വം ബോര്‍ഡിനു പദ്ധതിയില്ലെന്നു പ്രസിഡന്റ് വെളിപ്പെടുത്തി. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ഒരു ട്രസ്റ്റാണ് റീറെക്കോഡിങ് നടത്താന്‍ തീരുമാനിച്ചതെന്നുകൂടി അദ്ദേഹം വ്യക്തമാക്കിയതോടെ സംഭവത്തിലെ ദുരൂഹതയും വര്‍ധിച്ചു. താന്‍കൂടി ഉള്‍പ്പെടുന്ന ഹരിവരാസനം ട്രസ്റ്റാണു പാട്ട്  വീണ്ടും റെക്കോഡ് ചെയ്യുകയെന്നാണ് ഒരു മാധ്യമത്തോടു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വെളിപ്പെടുത്തിയത്. ഇക്കാര്യത്തില്‍ മാധ്യമങ്ങളിലും അതിലേറെ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നതേറൈയും അര്‍ധസത്യങ്ങളും തെറ്റായ വാര്‍ത്തകളുമാണ്.  
ശബരിമലയില്‍ നിത്യവും നടയടയ്ക്കുംമുന്‍പ് ആലപിക്കുന്ന കീര്‍ത്തനമാണ് 'ഹരിവരാസനം വിശ്വമോഹനം...'. ഇതിനായി വര്‍ഷങ്ങളായി ഉപയോഗിച്ചുവരുന്നതാകട്ടെ, 1975ല്‍ പുറത്തിറങ്ങിയ സ്വാമി അയ്യപ്പന്‍ എന്ന സിനിമയ്ക്കുവേണ്ടി ജി.ദേവരാജന്റെ ഈണപ്രകാരം ഈ കീര്‍ത്തനം കെ.ജെ.യേശുദാസ് ആലപിച്ചതാണ്.
ആലാപനത്തില്‍ ഭാഷാപരവമായ പിഴവു സംഭവിച്ചിട്ടുണ്ടെന്ന് യേശുദാസ് ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് വെളിപ്പെടുത്തിയതോടെയാണു റീറെക്കോഡിങ് എന്ന ആശയം ഉയര്‍ന്നുവന്നത്. 'അരിവിമര്‍ദനം നിത്യനര്‍ത്തനം...' എന്ന വരി ആലപിക്കുമ്പോള്‍ അരി (ശത്രു), വിമര്‍ദനം (ഇല്ലാതെയാക്കല്‍) എന്നീ വാക്കുകള്‍ ഒരുമിച്ചു പാടിയതു ശരിയല്ലെന്നാണ് യേശുദാസ് വെളിപ്പെടുത്തിയത്. തെറ്റു സ്വയം സമ്മതിച്ചു രംഗത്തു വന്ന അദ്ദേഹം തുടര്‍ന്നിങ്ങോട്ടു വേദികളില്‍ പാടുമ്പോള്‍ തിരുത്തിപ്പാടാന്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുന്നുമുണ്ട്.
ഈ വര്‍ഷം ശബരിമല ദര്‍ശനവേളയില്‍ ഇക്കാര്യം അദ്ദേഹം ഒരിക്കല്‍ക്കൂടി ചൂണ്ടിക്കാട്ടിയതോടെ ദേവസ്വം ബോര്‍ഡ് റീറെക്കോഡിങ് നടത്തുന്നു എന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നു. വാര്‍ത്ത ശരിയാണെന്ന സ്ഥിരീകരണം പല കേന്ദ്രങ്ങളില്‍നിന്നും ഉണ്ടാവുകയും ചെയ്തു. വീണ്ടും റെക്കോര്‍ഡ് ചെയ്യാന്‍ ഗായകന്‍ സമ്മതിച്ചുവെന്നും യേശുദാസിനു സൗകര്യപ്രദമായ ദിവസം ഉടന്‍ തന്നെ റീറെക്കോഡിങ് നടക്കുമെന്നുമുള്ള വാര്‍ത്തകളും പ്രചരിച്ചു.
എന്നാല്‍, കഴിഞ്ഞ ദിവസം പത്മകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ വിശ്വാസികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ഹരിവരാസനം റീറെക്കോഡ് ചെയ്യാന്‍ ദേവസ്വം ബോര്‍ഡിനു പദ്ധതിയില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ഹരിവരാസനം ട്രസ്റ്റാണു പാട്ട് വീണ്ടും പാടിക്കുന്നതെന്നും പത്മകുമാര്‍ പറഞ്ഞു. പത്മകുമാര്‍ തന്നെയാണ് ഈ ട്രസ്റ്റിന്റെ സെക്രട്ടറിയെന്നതും ശ്രദ്ധേയമാണ്.
ഈ സാഹചര്യത്തില്‍, 'ഹരിവരാസനം...' എന്ന പാട്ടിന്റെ ചരിത്രവും അതുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനുള്ള ബന്ധവും ചര്‍ച്ചാവിഷയമായിത്തീര്‍ന്നിരിക്കുകയാണ്. പത്മകുമാറിന്റെ മുത്തച്ഛന്റെ സഹോദരി കൊന്നകത്തു ജാനകിയമ്മയാണ് എത്രയോ പതിറ്റാണ്ടുകള്‍ക്കു മുമ്പ് ഈ കീര്‍ത്തനം രചിച്ചത്. ജാനകിയമ്മ സ്വന്തം കൈപ്പടയില്‍ 'ഹരിവരാസനം...' എഴുതിയതന്റെ പകര്‍പ്പ് തെളിവായി കാണിച്ച് പത്മകുമാര്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
അതിനിടെ, ശബരിമലയ്ക്കുവേണ്ടി ഗാനം യേശുദാസിന്റെ ശബ്ദത്തില്‍ റീറെക്കോഡ് ചെയ്യപ്പെട്ടതായി ഓഡിയോ ക്ലിപ് സഹിതം ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതു ശരിയല്ല. യേശുദാസ് ചെന്നൈയില്‍ സംഗീതക്കച്ചേരിക്കിടെ പാടിയ 'ഹരിവരാസന'മാണ് ഇതെന്നു വിശദീകരിക്കപ്പെടുന്നു.
.

Back to Top