Sanathanam

വിശ്വാസാധിഷ്ഠിത മതങ്ങള്‍ തകരുന്നു; ലോകത്തിനു പ്രതീക്ഷ സനാതനധര്‍മത്തില്‍: സ്വാമി ചിദാനന്ദ പുരി

കൊളത്തൂര്‍: കേവലം വിശ്വാസങ്ങളില്‍ അധിഷ്ഠിതമായ മതങ്ങള്‍ക്കു പകരം ലോകം സനാതനധര്‍മത്തില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണെന്നു സ്വാമി ചിദാനന്ദ പുരി. ചോദ്യങ്ങള്‍ ചോദിക്കാനും ഉത്തരം തേടാനുമുള്ള സ്വാതന്ത്ര്യം വര്‍ത്തമാനകാലത്തില്‍ സനാതനധര്‍മത്തിനുള്ള സ്വീകാര്യത വിദേശരാഷ്ട്രങ്ങളില്‍ വര്‍ധിപ്പിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സനാതനധര്‍മശാസ്ത്രങ്ങളെ പരിചയപ്പെടുത്താന്‍ അദ്വൈതാശ്രമത്തില്‍ ആരംഭിച്ച വാര്‍ഷിക അന്തര്യോഗത്തിന്റെ ഉദ്ഘാടനസമ്മേളനത്തില്‍ അധ്യക്ഷപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു സ്വാമി ചിദാനന്ദ പുരി.
വിശ്വാസങ്ങളെ ചോദ്യംചെയ്യരുതെന്നു നിഷ്‌കര്‍ഷിക്കുന്ന മതങ്ങള്‍ തകര്‍ച്ചയെ നേരിടുകയാണ്. സംശയനിവാരണത്തിന് അവസരം നിഷേധിക്കപ്പെട്ടതാണ് ഇതിനു കാരണം. യുക്തിജന്യമായ ചോദ്യങ്ങള്‍ക്കു മറുപടി ലഭിക്കാതെവന്നതോടെ അത്തരം മതങ്ങള്‍ പിന്‍തുടര്‍ന്നിരുന്നവരില്‍ വലിയ വിഭാഗം മതവിശ്വാസമില്ലാത്തവരായിത്തീര്‍ന്നു. തങ്ങളുടെ ചോദ്യങ്ങള്‍ക്കു മറുപടി സനാതനധര്‍മശാസ്ത്രങ്ങളില്‍ ഉണ്ടെന്ന പ്രതീക്ഷയിലാണവര്‍. അവര്‍ പ്രതീക്ഷാപൂര്‍വം ഭാരതത്തിലേക്ക് ഉറ്റുനോക്കുകയാണ്. സനാതനധര്‍മത്തിന്റെ മഹിമ തിരിച്ചറിയാന്‍ ഇവിടത്തെ യുവജനതയ്ക്കു സാധിക്കാതെ പോകുന്നു എന്നതു നിര്‍ഭാഗ്യകരമാണെന്നും ധര്‍മത്തിന്റെ പാത അവര്‍ക്കു പരിചയപ്പെടുത്തിക്കൊടുക്കാത്തതാണ് ഇത്തരമൊരു അവസ്ഥയ്ക്കു കാരണമെന്നും സ്വാമി ചിദാനന്ദ പുരി ചൂണ്ടിക്കാട്ടി.
അന്തര്യോഗത്തിന്റെ ഉദ്ഘാടനം സ്വാമി അമൃത കൃപാനന്ദ പുരി (മാതാ അമൃതാനന്ദമയീമഠം, കണ്ണൂര്‍) നിര്‍വഹിച്ചു. ഭഗവദ്ഗീത പഠിച്ചാല്‍ സനാതനധര്‍മത്തെക്കുറിച്ചു സമഗ്രമായി പഠിക്കാന്‍ സാധിക്കുമെന്നും അതിനാലാണു സ്വാമി ചിന്‍മയാനന്ദനെപ്പോലുള്ള ഹൈന്ദവ ആചാര്യന്‍മാര്‍ ധര്‍മത്തെ ആഗോളതലത്തില്‍ പരിചയപ്പെടുത്താന്‍ ഗീത അവലംബമാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനജീവിതത്തില്‍ സ്വാധീനം ചെലുത്തിയിട്ടുള്ള ഭാരതീയ നേതാക്കളായ ഗാന്ധിജിയെയും ലോകമാന്യ ബാലഗംഗാധര തിലകനെയും ആചാര്യ വിനോബ ഭാവെയെയും പോലുള്ളവര്‍ മാത്രമല്ല, ഐന്‍സ്റ്റീനെപ്പോലുള്ള വിദേശ ചിന്തകരും ശാസ്ത്രജ്ഞരുമൊക്കെ ഭഗവദ്ഗീതയുടെ മഹത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. തങ്ങളുടെ ജീവിതത്തില്‍ ഗീതാപഠനം വരുത്തിയ മാറ്റത്തെക്കുറിച്ച് അവര്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും സ്വാമി അമൃത കൃപാനന്ദ പുരി പറഞ്ഞു.
സ്വാമിനി ശിവാനന്ദ പുരി സ്വാഗതപ്രസംഗം നടത്തി. എം.കെ.രജീന്ദ്രനാഥ് ഗുരുപ്രണാമം നിര്‍വഹിച്ചു.
രാവിലെ 5.30 മുതല്‍ രാത്രി 9.30 വരെ നീളുന്ന അന്തര്യോഗം 29നു സമാപിക്കും. ഭഗവദ്ഗീത ഒന്നാമധ്യായമാണ് ഇത്തവണത്തെ പ്രത്യേക വിഷയം. വിവിധ ദിവസങ്ങളിലായി വിവിധ ഹൈന്ദവ ആചാര്യന്‍മാര്‍ ഭഗവദ്ഗീതയുടെ രണ്ടു മുതല്‍ 18 വരെ അധ്യായങ്ങളുടെ സംഗ്രഹം അവതരിപ്പിക്കും. കൊല്‍ക്കത്ത ബേലൂര്‍ ശ്രീരാമകൃഷ്ണമഠം ബ്രഹ്മചാരി ട്രെയിനിംങ് സെന്റര്‍ ആചാര്യന്‍ സ്വപ്രഭാനന്ദ സ്വാമി 29നു പ്രഭാഷണം നിര്‍വഹിക്കും.
.

Back to Top