Sanathanam

ഹൈന്ദവ ജീവിതക്രമം പരിശീലിപ്പിക്കുന്ന ക്യാംപ് 23 മുതല്‍ കൊളത്തൂരില്‍

കോഴിക്കോട്: മത്സരാധിഷ്ഠിതമായ ഭൗതികജീവിതത്തിനുകൂടി ഉതകുംവിധം ഒരു ഹിന്ദുവിന്റെ നിത്യജീവിതം എങ്ങനെ ക്രമപ്പെടുത്താമെന്ന് ആധ്യാത്മികതയ്ക്ക് ഊന്നല്‍ നല്‍കി പരിശീലിപ്പിക്കുന്ന ഒരാഴ്ചത്തെ റസിഡന്‍ഷ്യല്‍ ക്യാംപ് (ആധ്യാത്മിക അന്തര്യോഗം) 23ന് കൊളത്തൂര്‍ അദ്വൈതാശ്രമത്തില്‍ ആരംഭിക്കുന്നു. മഠാധിപതിയും പ്രമുഖ ആധ്യാത്മിക ആചാര്യനുമായ സ്വാമി ചിദാനന്ദ പുരിയുടെ നേതൃത്വത്തിലാണ് അന്തര്യോഗം നടക്കുക. ശ്രീരാമകൃഷ്ണന്‍ മിഷന്റെ ആസ്ഥാനമായ കൊല്‍ക്കത്ത ബേലൂര്‍ മഠത്തിലെ മുതിര്‍ന്ന ആചാര്യന്‍ സ്വാമി സ്വപ്രഭാനന്ദ 29നു ക്യാംപിലെത്തി 'ഭഗവദ് ഗീത ആനുകാലികസമൂഹത്തില്‍' എന്ന വിഷയത്തില്‍ അനുഗ്രഹഭാഷണം നിര്‍വഹിക്കും.
ജീവിതത്തിരക്കു വര്‍ധിച്ചതിനാല്‍ നിത്യജീവിതത്തില്‍ ആധ്യാത്മികതയ്ക്ക് ഇടംനല്‍കാന്‍ സാധിക്കുന്നില്ലെന്ന പരാതിക്കുള്ള ഉത്തരമാണ് കൊളത്തൂര്‍ അദ്വൈതാശ്രമത്തില്‍ നടക്കുന്ന അന്തര്യോഗം. തൊഴില്‍പരവും അല്ലാതെയുമുള്ള ഉത്തരവാദിത്തങ്ങളുടെ ബാഹുല്യങ്ങള്‍ക്കിടയിലും എങ്ങനെ ആധ്യാത്മികസാധന നിത്യേന പാലിക്കാമെന്ന പരിശീലനം അന്തര്യോഗത്തില്‍ ലഭിക്കും. നിത്യവും ചെയ്യേണ്ട കര്‍മങ്ങളും വിശേഷാല്‍ കര്‍മങ്ങളും സംബന്ധിച്ച പ്രാഥമികമായ അറിവു ലഭിക്കും. വ്യക്തിപരമായി ഉള്ള സംശയങ്ങള്‍ക്കു മറുപടി തേടാന്‍ എല്ലാ ദിവസവും വൈകിട്ട് സംശയനിവാരണം ഉണ്ടായിരിക്കും. സ്വാമി ചിദാനന്ദ പുരിയാണു സംശയങ്ങള്‍ക്കു മറുപടി നല്‍കുക. അന്തര്യോഗത്തിലെ ക്ലാസുകളില്‍നിന്നു ലഭിച്ച അറിവിനെക്കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കു തുടര്‍പഠനത്തിനും അവസരമുണ്ടായിരിക്കും. ഹൈന്ദവികമായ വിഷയങ്ങളെ സംബന്ധിച്ച പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും ഓഡിയോ, വീഡിയോ സി.ഡികളും ലഭ്യമാകും.
അന്തര്യോഗത്തില്‍ സ്‌തോത്രം, ജപം, ധ്യാനം, ഭജന, ജീവിതക്രമം എന്നിവയില്‍ എല്ലാ ദിവസവും പരിശീലനമുണ്ടായിരിക്കും. രാവിലെ 5.30 മുതല്‍ രാത്രി 9.30 വരെ വിവിധ സെഷനുകളായാണു പരിശീലനവും ക്ലാസുകളും നടക്കുക. ഭഗവദ് ഗീത ഒന്നാം അധ്യായമാണു പ്രത്യേക വിഷയം. വിവിധ ദിവസങ്ങളിലായി ഭഗവദ് ഗീതയിലെ എല്ലാ അധ്യായങ്ങളുടെയും സംഗ്രഹം പ്രമുഖ ആചാര്യന്മാര്‍ വിശദീകരിക്കും. 23നു വൈകിട്ട് സ്വാമി ചിദാനന്ദ പുരിയുടെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ സ്വാമി അമൃത കൃപാനന്ദ പുരി (മാതാ അമൃതാനന്ദമയീമഠം, കണ്ണൂര്‍) ഉദ്ഘാടനം നിര്‍വഹിക്കും. സ്വാമിനി ശിവാനന്ദ പുരി സ്വാഗതപ്രസംഗവും എം.കെ.രജീന്ദ്രനാഥ് ഗുരുപ്രണാമവും നിര്‍വഹിക്കും.
സ്വാമി സദാനന്ദ സരസ്വതി (സ്വാമി ദയാനന്ദ തപോവനം, ചെറായ, കോങ്ങാട്, പാലക്കാട്), സ്വാമി അധ്യാത്മാനന്ദ സരസ്വതി (മുഖ്യാചാര്യന്‍, സംബോധ് ഫൗണ്ടേഷന്‍, കേരളം), സ്വാമി ബ്രഹ്മസ്വരൂപാനന്ദ (ഗുരു നാരായണാശ്രമം, അമരിപ്പാടം, കൊടുങ്ങല്ലൂര്‍), സ്വാമി ശാരദാനന്ദ സരസ്വതി (ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍, വെളിയനാട്), സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദ തീര്‍ഥ (ആദിശങ്കര ബ്രഹ്മവിദ്യാപീഠം, ഉത്തരകാശി), സ്വാമിനി ശിവാനന്ദ പുരി (അദ്വൈതാശ്രമം, കൊളത്തൂര്‍), ബ്രഹ്മചാരി വിവേകാമൃത ചൈതന്യ (മാതാ അമൃതാനന്ദമയീമഠം, കോഴിക്കോട്) എന്നിവരാണു വിവിധ ദിവസങ്ങളിലായി ഗീതാസംഗ്രഹം നിര്‍വഹിക്കുക.
.

Back to Top