Sanathanam

കുരുന്നുകള്‍ അക്ഷരലോകത്തേക്ക്; നവരാത്രി ആഘോഷം സമാപിച്ചു

കോഴിക്കോട്: ഒന്‍പതു രാവും പകലും നീണ്ട നവരാത്രി ആഘോഷങ്ങള്‍ സമാപിച്ചു. വിജയദശമി നാളില്‍ അമ്പലങ്ങളിലും സരസ്വതീക്ഷേത്രങ്ങളിലും ആശ്രമങ്ങളിലുമൊക്കെ കുരുന്നുകളുടെ എഴുത്തിനിരുത്തല്‍ നടന്നു. ഗ്രന്ഥപൂജയും ആയുധപൂജയും സമാപിച്ച പുലരിയില്‍ മിക്ക ക്ഷേത്രങ്ങളിലും വാഹനപൂജ നടത്തപ്പെട്ടു.
അഖണ്ഡനാമജപവും പ്രഭാഷണങ്ങളും കലാപരിപാടികളുമായാണു നാടിന്റെ നാനാഭാഗത്തും നവരാത്രിയാഘോഷം നടന്നത്. ദീപാലംകൃതമായ ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും നിന്നുമൊക്കെ ഉയര്‍ന്ന ഭക്തിസാന്ദ്രമായ കീര്‍ത്തനങ്ങളും സനതാന ധര്‍മസന്ദേശവും നാടിനെ ഉണര്‍ത്തി.
മിക്ക ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും കുരുന്നുകളെ എഴുത്തിനിരുത്തി. മിക്ക കേന്ദ്രങ്ങളിലും അതിരാവിലെ മുതല്‍ എഴുത്തിനിരുത്താന്‍ എത്തിയവരുടെ വലിയ തിരക്കുണ്ടായിരുന്നു. കൊളത്തൂര്‍ അദ്വൈതാശ്രമത്തില്‍ മഠാധിപതി സ്വാമി ചിദാനന്ദ പുരി നൂറിലേറെ കുരുന്നുകളെ എഴുത്തിനിരുത്തി. പതിവുപോലെ വിവിധ പ്രദേശങ്ങളില്‍നിന്നു മാതാപിതാക്കളും ബന്ധുക്കളും കുട്ടികളെ എഴുത്തിനിരുത്താന്‍ ആശ്രമത്തിലെത്തിയിരുന്നു. വിവിധ മേഖലകളിലെ പ്രമുഖര്‍ ചടങ്ങുകളില്‍ പങ്കാളികളാകാന്‍ കൊളത്തൂരിലെത്തിയിരുന്നു. നവരാത്രി ആഘോഷങ്ങളുടെ സമാപനം കുറിച്ച് വൈകിട്ട് ജ്ഞാനശാസ്ത്രികളുടെ നേതൃത്വത്തില്‍ സംഗീതാരാധനയും അരങ്ങേറി.
കേരളത്തിനു പുറത്തും വിപുലമായ രീതിയില്‍ ആഘോഷങ്ങള്‍ നടന്നു. ഘോഷയാത്രകളും രാവണന്റെയും കുംഭകര്‍ണന്റെയും മേഘനാദന്റെയും കോലം കത്തിക്കലും ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ ശോഭ പകര്‍ന്നു.
സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിലെ പ്രമുഖര്‍ നവരാത്രി ആഘോഷങ്ങളില്‍ പങ്കാളികളാവുകയും സന്ദേശം നല്‍കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡെല്‍ഹിയില്‍ ചെങ്കോട്ടയ്ക്കു സമീപം മാധവ് ദാസ് പാര്‍ക്കില്‍ നടന്ന ചടങ്ങുകളില്‍ പങ്കെടുത്തു.
ആയിരക്കണക്കിനു വര്‍ഷങ്ങളുടെ പഴക്കമുള്ള ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ഐതിഹ്യങ്ങള്‍ നമുക്ക് ഊര്‍ജം പകരുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം പുരാണങ്ങള്‍ നമുക്ക് ഊര്‍ജ സ്രോതസ്സുകളാണ്. നവരാത്രി ആഘോഷത്തിന്റെ അവസാനഘട്ടമായി ഇന്നു വിജയദശമി നാളില്‍ രാവണന്റെ കോലം കത്തിക്കു പാരമ്പര്യം നമുക്കുണ്ട്. ഇതു പ്രതീകാത്മകമാണ്. ഉത്തരവാദിത്തമുള്ള പൗരന്മാരെ നിലയില്‍ തിന്‍മ പരത്തുന്ന ശക്തികളെ അകറ്റിനിര്‍ത്തേണ്ടതു നമ്മുടെ ചുമതലയാണ്.
ഉല്‍സവങ്ങള്‍ ആഘോഷിക്കാനുള്ളതു മാത്രമല്ലെന്നു ചൂണ്ടിക്കാണിക്കട്ടെ. അവയ്ക്കു പിന്നില്‍ ഓരോ ലക്ഷ്യങ്ങളുണ്ട്. രാജ്യത്തിനായി ഗുണപരമായി വല്ലതും ചെയ്യാനുള്ള ദൃഢപ്രതിജ്ഞ നാം കൈക്കൊള്ളണമെന്നു പ്രധാനമന്ത്രി ആഹ്വാനംചെയ്തു. 
.

Back to Top