Kshethrangal

ശിവപ്രഭയില്‍ ഗണപതി തിളങ്ങുന്ന വേളം മഹാഗണപതി ക്ഷേത്രം

കണ്ണൂര്‍: തളിപ്പറമ്പ് താലൂക്കില്‍ മയ്യില്‍ ടൗണിന് തൊട്ടായി വേളം ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന മഹാഗണപതിക്ഷേത്രം കേരളത്തില്‍ അത്യപൂര്‍വമായ ക്ഷേത്രങ്ങളിലൊന്നാണ്. .
ഒരു ചുറ്റമ്പലത്തിനുള്ളില്‍ത്തന്നെ രണ്ട് ശ്രീകോവിലുകളിലായി രാജരാജേശ്വരഭാവത്തിലും വൈദ്യനാഥ സങ്കല്‍പ്പത്തിലുമായി ശിവപ്രതിഷ്ഠകളുണ്ട്. എന്നാല്‍, രാജരാജേശ്വരക്ഷേത്രത്തിന്റെ തെക്കെ ഇടനാഴിയില്‍ തെക്കോട്ട് മുഖമായി പ്രതിഷ്ഠിച്ച മഹാഗണപതിക്ക് പ്രാധാന്യം കല്‍പ്പിച്ച് മഹഗണപതിയുടെ അത്യല്‍ഭുതകരമായ ശക്തിചൈതന്യം കൊണ്ടാണ് ഈ ക്ഷേത്രത്തിനു പ്രസിദ്ധി.
വേളത്തെ ഗ്രാമക്ഷേത്രമായ വൈദ്യനാഥ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നിര്‍വഹിച്ചത് ഖരമഹര്‍ഷിയാണെന്നാണു വിശ്വാസം.
പഴയ പെരുഞ്ചല്ലൂര്‍ ഗ്രാമത്തിന്റെ അതിര്‍ത്തി സംബന്ധിച്ച് ബ്രാഹ്മണരുടെ ഇടയില്‍ തര്‍ക്കം ഉടലെടുത്ത ഒരുനാള്‍ വേളത്തെ ബ്രാഹ്മണര്‍ ആചാരപ്രകാരം പെരുഞ്ചെല്ലൂരപ്പ(തളിപ്പറമ്പ് രാജരാജേശ്വരന്‍)ന്റെ മുമ്പില്‍ ഭജനമിരിക്കാന്‍ പോയത്രെ. ആ സമയത്ത് ഊരാളന്‍മാര്‍ അപമാനിച്ചുവെന്നും അതിനാലുണ്ടായ ക്രോധത്തിലും വാശിയിലും തളിപ്പറമ്പില്‍ പോകാതെതന്നെ രാജരാജേശ്വരനെ പൂജിക്കാനായി വേളത്തെ വൈദ്യനാഥ ക്ഷേത്രത്തോട് ചേര്‍ന്ന് തളിപ്പറമ്പ് ക്ഷേത്രത്തിന്റെ അളവിലും മാതൃകയിലും ക്ഷേത്രം നിര്‍മ്മിക്കുകയായിരുന്നത്രെ.
പ്രതിഷ്ഠ നടത്തുവാന്‍ തരണനല്ലൂര്‍ തന്ത്രികളെ വരുത്തുകയും ചെയ്തു. ഏന്നാല്‍ ക്ഷേത്രനിര്‍മ്മാണ കാര്യത്തിലും മറ്റും ഗ്രാമത്തിലെ ബ്രാഹ്മണരുടെ ഇടയിലുണ്ടായിരുന്ന അസ്വാരസ്യങ്ങളുടെ ഫലമായി അതിലൊരു വിഭാഗം ക്ഷേത്രപ്രതിഷ്ഠ മുടക്കുക എന്ന ലക്ഷ്യത്തോടെ തന്ത്രിയുടെ പേരില്‍ അപവാദം പ്രചരിപ്പിക്കുയുകയും അദ്ദേഹത്തെ സമൂഹമദ്ധ്യത്തില്‍ അപമാനിക്കുകയും ചെയ്തു. ഇതില്‍ മനംനൊന്ത തന്ത്രികള്‍ രാജരാജേശ്വര പ്രതിഷ്ഠക്കായി പൂജിച്ചുവെച്ച ജീവകലശങ്ങള്‍ ശ്രീകോവിലിന്റെ തെക്കെ ഇടനാഴിയില്‍ തെക്കോട്ടു മുഖമായി ഗണപതിയെ പ്രതിഷ്ഠിച്ച് ധാരചെയ്യുകയൂം ഇവിടെ ഗണപതിക്ക് മാത്രം പ്രാധാന്യം വരട്ടെയെന്നും മറ്റുള്ള ദേവന്മാര്‍ ഇവിടെ അപ്രസക്തരാവട്ടെയെന്ന് ശപിക്കുകയും ചെയ്തുവത്രെ. അപമാന ഭാരത്താല്‍ മനസ്സുനൊന്ത ഋഷിതുല്യനായ അദ്ദേഹത്തിന്റെ വാക്കുകള്‍ ഫലിക്കുകയും മഹാഗണപതി രാജരാജേശ്വര ഭാവത്തില്‍ ഇവിടെ പ്രശസ്തി നേടി അഭീഷ്ടവരദായകനായി പരിലസിക്കുകയും ചെയ്യുന്നുവെന്നാണു വിശ്വാസം.
അടുത്ത കാലത്തായി ക്ഷേത്രനവീകരണം നല്ലനിലയില്‍ നടന്നു. കല്‍ക്കെട്ട് ഇടിഞ്ഞു നാശോന്മുഖമായിരുന്ന വിശാലമായ ക്ഷേത്രക്കുളവും ചെങ്കല്ലുകെട്ടി സംരക്ഷിക്കപ്പെട്ടു. തരണനല്ലൂര്‍ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാടാണു തന്ത്രി. സര്‍വ്വവിഘ്‌ന നിവാരണത്തിനു പുറമെ വിവാഹ തടസ്സം നീങ്ങുന്നതിനും സന്താന ലബ്ദിക്കും ഇവിടെ പ്രാര്‍ഥനകള്‍ നടത്തിപ്പോരുന്നു.
.

Back to Top