Sanathanam

കൗശല്‍ പന്‍വാര്‍: ദളിത് യുവതി സംസ്‌കൃതം അധ്യാപികയായ കഥ

ന്യൂഡെല്‍ഹി: ഡെല്‍ഹി മോട്ടിലാല്‍ നെഹ്രു കോളജ് സംസ്‌കൃത വകുപ്പിലെ അധ്യാപിക കൗശല്‍ പന്‍വാറിന് ഒരു സവിശേഷതയുണ്ട്. അവര്‍ നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തില്‍ ജാതിക്കുരുക്കഴിക്കുന്നതില്‍ വിജയം കണ്ടെത്തിയ യുവതിയാണ്. വ്യവസ്ഥിതിയെ ചോദ്യംചെയ്യാനല്ല, മറിച്ച് സംസ്‌കൃതത്തോടുള്ള അമിതമായ താല്‍പര്യം നിമിത്തമാണു പടവെട്ടാന്‍ താന്‍ തയ്യാറായതെന്ന് അവര്‍ വെളിപ്പെടുത്തുമ്പോള്‍ സംസ്‌കൃതിയോടും ഭാരതീയമായ അറിവിനോടുമുള്ള അഭിവാഞ്ഛയാണ് കൗശലിന് ഊര്‍ജം പകരുന്നതെന്നു വ്യക്തമാകും.
 
വാല്‍മീകി വംശത്തില്‍ ജനിച്ചത് അഭിമാനമായാണു കൗശല്‍ പന്‍വാല്‍ കുട്ടിക്കാലം മുതല്‍ കരുതിയിരുന്നതെങ്കില്‍ സമൂഹത്തിന്റെ പെരുമാറ്റം അങ്ങനെയായിരുന്നില്ല. ദളിത് ബാലികയെന്ന പേരില്‍ പലയിടത്തും മാറ്റിനിര്‍ത്തപ്പെട്ടു. സംസ്‌കൃതം പഠിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചപ്പോള്‍ ശക്തമായ എതിര്‍പ്പുയരുകയും ചെയ്തു.
 
ഹരിയാനയിലെ കൈതാല്‍ ജില്ലയാണു കൗശലിന്റെ സ്വദേശം. മാതാപിതാക്കള്‍ നിരക്ഷരായ കൂലിപ്പണിക്കാര്‍. ശൗചാലയങ്ങള്‍ ശുചിയാക്കലും മറ്റുമായിരുന്നു അവരുടെ തൊഴില്‍. സംസ്‌കൃതം പഠിക്കാന്‍ ചേര്‍ന്നോട്ടേ എന്ന ചോദിച്ചപ്പോള്‍ ഭ്രഷ്ട് കല്‍പിച്ചു മാറ്റിനിര്‍ത്തുകയാണ് അധ്യാപകന്‍ ആദ്യഘട്ടത്തില്‍ ചെയതത്. ചെന്നു മാതാപിതാക്കളോടൊപ്പം അവരുടെ ജോലി പങ്കിട്ടു ജീവിക്കൂ എന്ന ഉപദേശമാണു ലഭിച്ചത്.
 
എന്നാല്‍, കൗശല്‍ പിന്‍മാറിയില്ല. വീണ്ടും വീണ്ടും അധ്യാപകന്റെ മുന്നിലെത്തി. ഒടുക്കം ക്ലാസില്‍ ചേര്‍ക്കാന്‍ സമ്മതിച്ചെങ്കിലും മുന്‍നിരയില്‍ ഇരിക്കരുതെന്നു വ്യവസ്ഥ വെച്ചു. മേല്‍ജാതിക്കാരായ വിദ്യാര്‍ഥികള്‍ക്കായുള്ള മുന്‍നിരയില്‍ ഇരിക്കാനായില്ലെങ്കിലും അധ്യാപകന്റെ ശ്രദ്ധ പിന്‍നിരയിലേക്ക് എത്തിക്കുന്നതില്‍ കൗശല്‍ വിജയിച്ചു. എല്ലാ ചോദ്യങ്ങള്‍ക്കും അവള്‍ ഉത്തരം പറയുമായിരുന്നു. ദളിത് ബാലിക ചോദ്യങ്ങള്‍ക്ക് ഉത്തരം പറയരുതെന്ന വിലക്കും കുറച്ചൊക്കെ നിലനിന്നുവെങ്കിലും കൗശല്‍ പഠനം വിജയകരമായിത്തന്നെ തുടര്‍ന്നു.
 
അടിസ്ഥാനപാഠങ്ങള്‍ അധ്യാപകല്‍നിന്നു പഠിച്ചശേഷം ഹരിയാനയിലെ ഇന്ദിരാഗാന്ധി മഹിളാ മഹാ വിദ്യാലയത്തില്‍നിന്നു ബിരുദപഠനം പൂര്‍ത്തിയാക്കി. കുരുക്ഷേത്ര സര്‍വകലാശാലയില്‍നിന്നു ബിരുദാനന്തര ബിരുദവും മഹര്‍ഷി ദയാനന്ദ് സര്‍വകലാശാലയില്‍നിന്ന് എം.ഫില്ലും ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍നിന്ന് പിഎച്ച്.ഡിയും നേടി. സംസ്‌കൃതം പഠിക്കുക മാത്രമല്ല, പഠിപ്പിക്കുകകൂടി ചെയ്യുകയാണ് കൗശല്‍ ഇപ്പോള്‍.
.

Back to Top