കോഴിക്കോട് നഗരഹൃദയത്തില്‍ ക്ഷേത്രഭാഗങ്ങള്‍ കണ്ടെത്തി
July 7 2017
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ നിന്നും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രാവശിഷ്ടം കണ്ടെത്തി. ജില്ലാ കോടതിക്ക് സമീപത്തെ കോണ്‍വെന്റ് റോഡില്‍ ഓവുചാലിനായി കുഴിയെടുക്കുന്നതിനിടയിലാണ് ഒറ്റക്കല്ലില്‍ തീര്‍ത്ത ലലാടബിംബം (വാതില്‍ കട്ടിളയുടെ മേല്‍പ്പടി) കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മണ്ണുമാന്തി ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടെയാണു രണ്ടു മീറ്ററിലധികം നീളമുള്ള ലലാട ബിംബം കണ്ടെത്തിയത്. ഗണപതിയുടെ രൂപവും പത്മവും കല്ലില്‍ കൊത്തിവെച്ചിട്ടുണ്ട്. മറ്റു കൊത്തുപണികളും ശിലയിലുണ്ട്.
പുരാതനകാലത്തെ വലിയ ക്ഷേത്രത്തിന്റെ ഭാഗമാണ് കണ്ടെത്തിയിരിക്കുന്നതെന്ന് സ്ഥലത്തെത്തിയ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മുന്‍ റീജനല്‍ ഡയറക്ടറും ആര്‍ക്കിയോളജിസ്റ്റുമായ കെ. കെ. മുഹമ്മദ് പറഞ്ഞു. 15-16 നൂറ്റാണ്ടുകള്‍ക്കിടയില്‍ നിര്മ്മിക്കപ്പെട്ടതാകാമെന്നാണ് കരുതുന്നത്. കൂടുതല്‍ പഠനങ്ങള്‍ക്ക് ശേഷമേ വിശദാംശങ്ങള്‍ അറിയാന്‍ സാധിക്കൂ. കരിങ്കല്ലില്‍ തീര്‍ത്തതായതിനാല്‍ ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ണ്ണമായും കരിങ്കല്ലുകൊണ്ടായിരിക്കാമെന്ന് അനുമാനിക്കാം. ലലാട ബിംബത്തിന്റെ വലിപ്പം സൂചിപ്പിക്കുന്നത് വലിയൊരു ക്ഷേത്രത്തിന്റെ ഭാഗമാണ് ഇതെന്നാണ്. ശിവന്റെയോ ഗണപതിയുടെയോ വിഷ്ണുവിന്റെയോ ക്ഷേത്രത്തിന്റെ ഭാഗമായിരിക്കാം ഇത്. ചിലപ്പോള്‍ ഉപേക്ഷിക്കപ്പെട്ടതാകാനും സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ ഹെറിറ്റേജ് കണ്‍വീനര്‍ ക്യാപ്റ്റന്‍ ദിന്‍കര്‍ കരുണാകര്‍, മുന്‍ കണ്‍വീനര്‍ കെ. മോഹന്‍ എന്നിവരും കെ. കെ. മുഹമ്മദിനൊപ്പം ഉണ്ടായിരുന്നു. ക്ഷേത്രാവശിഷ്ടം വെസ്റ്റ്ഹില്‍ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഇവര്‍ അറിയിച്ചു.