Sanathanam

രാമകൃഷ്ണമിഷന്‍ പ്രസിഡന്റ് ആത്മസ്ഥാനന്ദ സ്വാമി സമാധിയായി

ഹൗറ: രാമകൃഷ്ണമഠത്തിന്റെയും രാമകൃഷ്ണമിഷന്റെയും 15-ാമത് പ്രസിഡന്റ് ആത്മസ്ഥാനന്ദ സ്വാമി സമാധി പ്രാപിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങള്‍ നിമിത്തം ചികില്‍സയിലാല്‍ കഴിയുകയായിരുന്ന കൊല്‍ക്കത്തയിലെ രാമകൃഷ്ണമിഷന്‍ സേവാപ്രതിഷ്ഠാന്‍ ആശുപത്രിയില്‍വെച്ച് ഞായറാഴ്ച വൈകിട്ട് അഞ്ചരയ്ക്കാണ് അന്ത്യശ്വാസം വലിച്ചത്. 98 വയസ്സായിരുന്നു. മൃതദേഹം രാമകൃഷ്ണ മിഷന്റെ ബേലൂര്‍ മഠത്തില്‍ പൊതുദര്‍ശനത്തിനു വെച്ചിരിക്കുകയാണ്. ഇന്നു രാത്രി 9.30നു സംസ്‌കാരം നടക്കുമെന്ന് രാമകൃഷ്ണമഠത്തിന്റെയും മിഷന്റെയും ജനറല്‍ സെക്രട്ടറിയായ സുവീരാനന്ദ സ്വാമി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ആത്മസ്ഥാനന്ദ സ്വാമിയുടെ സമാധിയില്‍ അനുശോചിച്ചു.

ധാക്കയ്ക്കു സമീപം സബജ്പൂരില്‍ 1919ല്‍ ജനിച്ച സ്വാമി ആത്മസ്ഥാനന്ദ 1938ല്‍ ശ്രീരാമകൃഷ്ണപരമ്പരയില്‍പ്പെട്ട സ്വാമി വിജ്ഞാനാനന്ദയില്‍നിന്നു മന്ത്രദീക്ഷ സ്വീകരിച്ചു. 1941 ജനുവരി മൂന്നിനാണ് രാമകൃഷ്ണപ്രസ്ഥാനത്തില്‍ ചേര്‍ന്നത്. 1945ല്‍ സ്വാമി വിരജാനന്ദയാണു ബ്രഹ്മചര്യം നല്‍കിയത്. 1949ല്‍ സന്ന്യാസം ലഭിച്ചു.

ബേലൂര്‍ മഠത്തിലും ദേവഗഢിലെ വിദ്യാപീഠത്തിലും മായാവതിയിലെ അദ്വൈതാശ്രമത്തിലും പ്രവര്‍ത്തിച്ചശേഷം ഏറെക്കാലം അന്നത്തെ മിഷന്‍ പ്രസിഡന്റായിരുന്ന വിരജാനന്ദ സ്വാമിക്കൊപ്പം കഴിഞ്ഞു. 1952ല്‍ റാഞ്ചി ടി.ബി. സാനറ്റോറിയം ഘടകത്തിന്റെ അസിസ്റ്റന്റ് സെക്രട്ടറിയായി നിയമിതനായി. സാനറ്റോറിയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനായി അദ്ദേഹം കഠിനപ്രയത്‌നം നടത്തി. തുടര്‍ന്ന് 1958ല്‍ റംഗൂണ്‍ സേവാശ്രമം സെക്രട്ടറിയായി ചുമതലയേറ്റ സ്വാമി ആത്മസ്ഥാനന്ദ, സേവാശ്രമം ആശുപത്രിയെ മ്യാന്‍മറിലെ ഏറ്റവും നല്ല ആശുപത്രിയായി വികസിപ്പിച്ചു. 1965ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ അദ്ദേഹത്തെ അടുത്ത വര്‍ഷം രാജ്‌കോട്ട് ശാഖയുടെ തലവനായി അയച്ചു. രാജ്‌കോട്ട് ആശ്രമത്തിലെ ആകര്‍ഷകമായ ശ്രീരാമകൃഷ്ണക്ഷേത്രം യാഥാര്‍ഥ്യമാക്കിയത് അദ്ദേഹമാണ്.

1973ല്‍ രാമകൃഷ്ണമഠം ട്രസ്റ്റിയും രാമകൃഷ്ണമിഷന്‍ ഭരണസമിതി അംഗവുമായി തെരഞ്ഞെടുക്കപ്പെട്ടു. 1975ല്‍ ഇരു സംഘടനകളുടെയും അസിസ്റ്റന്റ് (ജനറല്‍) സെക്രട്ടറിയായി നിയമിതനാവുകയും ചെയ്തു. മഠത്തിന്റെയും മിഷന്റെയും റിലീഫ് സെക്രട്ടറിയായി പ്രവര്‍ത്തിക്കവേ, ഇന്ത്യയില്‍ മാത്രമല്ല, നേപ്പാളിലും ബംഗ്ലാദേശിലും വ്യാപകമായി ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. 1992ല്‍ മഠത്തിന്റെയും മിഷന്റെയും ജനറല്‍ സെക്രട്ടറിയായിത്തീര്‍ന്ന അദ്ദേഹം 1997ല്‍ വൈസ് പ്രസിഡന്റ് പദവിയിലും എത്തി. 2007 ഡിസംബര്‍ മൂന്നിനാണ് രാമകൃഷ്ണ മഠത്തിന്റെയും രാമകൃഷ്ണ മിഷന്റെയും പ്രസിഡന്റായത്.

യു.എസ്.എ., കാനഡ, ജപ്പാന്‍ സിംഗപ്പൂര്‍ എന്നീ രാഷ്ട്രങ്ങള്‍ 1998ല്‍ സന്ദര്‍ശിച്ചു. മലേഷ്യ, ഫിജി, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാഷ്ട്രങ്ങള്‍ പല അവസരങ്ങളിലായി സന്ദര്‍ശിച്ചിട്ടുണ്ട്. അവിടെയൊക്കെ വേദാന്തത്തിന്റെയും ശ്രീരാമകൃഷ്ണന്റെയും ശ്രീശാരദാ ദേവിയുടെയും സ്വാമി വിവേകാനന്ദന്റെയും സന്ദേശം പ്രചരിപ്പിക്കാനും ആധ്യാത്മികജ്ഞാനം തേടുന്നവര്‍ക്കു മന്ത്രദീക്ഷ നല്‍കാനും അദ്ദേഹം ശ്രമിച്ചു.

ആത്മസ്ഥാനന്ദ സ്വാമിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
'സ്വാമി ആത്മസ്ഥാനന്ദ ജിയുടെ സമാധി എനിക്കു വ്യക്തിപരമായി ഒരു നഷ്ടമാണ്. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടത്തില്‍ അദ്ദേഹത്തോടൊപ്പം കഴിഞ്ഞിട്ടുണ്ട്. അളവറ്റ അറിവും വിവേകവുംകൊണ്ട് അനുഗൃഹീതനായിരുന്നു സ്വാമി ആത്മസ്ഥാനന്ദ ജി. അദ്ദേഹത്തിന്റെ ശ്രേഷ്ഠമായ വ്യക്തിത്വം തലമുറകളോളം ഓര്‍മിക്കപ്പെടും. കൊല്‍ക്കത്തയില്‍ പോകുമ്പോഴൊക്കെ ഞാന്‍ സ്വാമി ആത്മസ്ഥാനന്ദ ജിയെ കണ്ട് അനുഗ്രഹം തേടാറുണ്ട്. സ്വാമി വിവേകാനന്ദന്‍ കെട്ടിപ്പടുത്ത രാമകൃഷ്ണ മിഷന്റെ അധ്യക്ഷനെന്ന നിലയില്‍ സ്വാമി ആത്മസ്ഥാനന്ദ ജി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയും മിഷന് ആഗോളതലത്തില്‍ സ്വാധീനം നേടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു', പ്രധാനമന്ത്രി പറഞ്ഞു.
.

Back to Top