ഹിന്ദുവും ജൈനനും ബൗദ്ധനും ആത്മീയകേന്ദ്രമായ ഗിര്‍നര്‍
May 24 2017
പ്രഭ ചൊരിയുന്ന ഭാരതീയ ആധ്യാത്മികനഭസ്സില്‍ മത,ധര്മസംഗമഭൂമിയായി തിളങ്ങുന്ന കുങ്കുമപ്പൊട്ടാണ് ഗിര്‍നര്‍. ഹിന്ദു, ജൈന, ബുദ്ധ ആധ്യാത്മിക കേന്ദ്രമാണ് ഭാരതീയസംസ്കൃതിയുടെ ചരിത്രത്തില്‍ മായാത്ത ഇടമുള്ള ഈ പ്രദേശം.
ഗിരിനഗര(മലമുകളിലുള്ള നഗരം)മായ ഗിര്‍നര്‍ ഗുജറാത്തിലെ ഗുജനഗഢ് ജില്ലയിലുള്ള ഒരുകൂട്ടം മലനിരകളാണ്. ഹിമാലയത്തേക്കാള്‍ പഴക്കമുള്ളതെന്നു കരുതുന്ന ഈ മലനിരകള്‍ വിശുദ്ധമായ പ്രദേശമായാണു ഹിന്ദുക്കളും ജൈനമതവിശ്വാസികളും ബുദ്ധമതവിശ്വാസികളും കരുതിപ്പോരുന്നത്. ഉജ്ജയന്തം എന്നും ദൈവതകം എന്നും പ്രാചീനകാലത്തു പേരുണ്ടായിരുന്ന ഈ പ്രദേശത്തുവെച്ചാണത്രെ ബലരാമന്, ദ്വിവിദനെ കൊലപ്പെടുത്തിയത്. ഇതു യാദവരുടെ വിഹാരഭൂമിയും യോഗികളുടെ തപോഭൂമിയും ആയിരുന്നു. ദത്താത്രേയഭഗവാന്‍ ഇവിടെ വേഷപ്രച്ഛന്നനായി നിലകൊള്ളുന്നു എന്നും വിശ്വാസമുണ്ട്. ജൈനമതസ്ഥര്‍ പവിത്രമെന്നു വിശ്വസിക്കുന്ന അഞ്ചു പര്‍വതങ്ങളില്‍ ഒന്നുമാണിത്.
പല ആത്മീയ-ആരാധനാകേന്ദ്രങ്ങളും പ്രാചീനീകാലം മുതല്‍ ഈ പ്രദേശത്തുണ്ട്.
ദാമോദര്‍ കുണ്ഡം: ഗിര്‍നര്‍ താഴ്വരയില് സ്വര്ണരേഖാനദി തടഞ്ഞുനിര്‍ത്തി ഉണ്ടാക്കിയ തടാകമാണിത്. ഇവിടെ ബ്രഹ്മദേവന് യാഗം നടത്തി എന്നു വിശ്വസിക്കപ്പെടുന്നു.
രേവതീകുണ്ഡം: ദാമോദരകുണ്ഡത്തിനു മുന്നിലാണു രേവതീകുണ്ഡം. ഇവിടെ വല്ലഭാചാര്യരുടെ ആസ്ഥാനമുണ്ട്.
ലംബേഹനുമാന്‍: ഭവനാഥേശ്വരത്തിനു മുന്നിലായി സ്ഥിതിചെയ്യുന്നു.
ജൈനക്ഷേത്രം: കാഴ്ചയെ പിടിച്ചുനിര്‍ത്തുന്ന ക്ഷേത്രസമുച്ചയം മാര്‍ബിള്‍കൊണ്ടു നിര്‍മിച്ചതാണ്. നേമിനാഥക്ഷേത്രമാണ് ഇതില്‍ ഏറ്റവും പ്രധാനം.
അംബികാശിഖരം: ഹിന്ദുക്കളും ജൈനരും ആരാധിച്ചുവരുന്ന വിശാലമായ ദേവീക്ഷേത്രമാണ് ഇവിടെയുള്ളത്. തദ്ദേശീയര്‍ 51 ശക്തിപീഠങ്ങൡലൊന്നായാണ് ഇതിനെ കരുതുന്നത്.
ഗോരഖ്ശിഖരം: അംബികാശിഖരത്തിനു സമീപമാണു ഗോരഖ്ശിഖരം. ഗോരഖ്നാഥന് തപസ്സുചെയ്ത സ്ഥലമാണിത്. അദ്ദേഹത്തിന്റേതെന്നു വിശ്വസിച്ചുപോരുന്ന അഗ്നികുണ്ഡവും കാല്‍പ്പാടുകളും ഇവിടെ കാണാം.
ദത്തശിഖരം: ഗുരു ദത്താത്രേയന് തപസ്സു ചെയ്ത സ്ഥലം. ഗോരഖ് ശിഖരത്തില്‍നിന്ന് 600 പടികള്‍ ഇറങ്ങി 800 പടികള്‍ കയറിയാല്‍ ദത്തശിഖരത്തിലെത്താം. ജൈനര്‍ ഈ പ്രദേശത്തെ നേമിനാഥന്റെ മോക്ഷസ്ഥാനമായി കരുതുന്നു.
നേമിനാഥശിഖരം: ഗോരഖ്നാഥശിബിരത്തില്നിന്ന് ഇറങ്ങി ദത്തശിഖരത്തിലേക്കു പോകുംമുമ്പ് പടികളൊന്നുമില്ലാത്ത ഒരു ശിഖരം. ജൈനമതവിശ്വാസപ്രകാരം 22ാമതു തീര്‍ഥങ്കരനായ നേമീനാഥന്റെ പ്രതിമയും കാല്പാടും ഇവിടെ കാണാം.