Sanathanam

കൊളത്തൂര്‍ അദ്വൈതാശ്രമം രജതജയന്തി: ധര്‍മ്മസംവാദങ്ങള്‍ക്ക് ഒരുക്കം തുടങ്ങി

കോഴിക്കോട്: കൊളത്തൂര്‍ അദ്വൈതാശ്രമത്തിന്റെ രജതജയന്തി ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന ധര്‍മ്മസംവാദങ്ങള്‍ക്ക് ഒരുക്കം തുടങ്ങി. വിവിധ സന്ന്യാസാശ്രമങ്ങളുടെയും ഹൈന്ദവ സംഘടനകളുടെയും സഹകരണത്തോടെയാണു ധര്‍മ്മസംവാദങ്ങള്‍ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ആദ്യസംവാദം നടക്കുക. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. തുടര്‍ന്നുള്ള ദിവസങ്ങളിലായിരിക്കും മറ്റു ജില്ലകളിലെ ധര്‍മ്മസംവാദങ്ങള്‍. കോഴിക്കോട്ടു നടക്കുന്ന പരിപാടിയോടെ ധര്‍മ്മസംവാദത്തിനും ഒരു വര്‍ഷം നീളുന്ന രജതജയന്തി ആഘോഷങ്ങള്‍ക്കും സമാപനമാകും. ധര്‍മ്മസംവാദത്തിന്റെ വിജയത്തിനായി സംസ്ഥാനതലത്തിലും ജില്ലാതലത്തിലും സ്വാഗതസംഘങ്ങള്‍ രൂപീകരിക്കും.
ഹിന്ദുസമൂഹത്തില്‍ ആത്മവിശ്വാസം വളര്‍ത്തേണ്ട അനിവാര്യകാലഘട്ടമാണിതെന്ന് ധര്‍മ്മസംവാദത്തിന്റെ ആലോചനായോഗത്തില്‍ സ്വാമി ചിദാനന്ദപുരി പറഞ്ഞു. ഹിന്ദുധര്‍മത്തെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണു ചില കേന്ദ്രങ്ങള്‍ നടത്തുന്നത്. ഇത്തരക്കാരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയാനാകാതെ അപകര്‍ഷതാബോധത്തിന്റെ ഭാരം താങ്ങി ജീവിക്കുന്ന അവസ്ഥയിലാണ് ഹിന്ദുസമാജം. ഈ അവസ്ഥയ്ക്കു മാറ്റം വരണം. ഹിന്ദുസമൂഹം അപകര്‍ഷതയുടെ ഭാരം പേറേണ്ടിവരുന്ന സാഹചര്യമുണ്ടാകരുത്. സമാജത്തില്‍ ആത്മവിശ്വാസം വളര്‍ത്തിയെടുക്കണം. എല്ലാ മേഖലകളിലും മുന്നോട്ടുപോകുന്ന അവസ്ഥയിലേക്കു സമാജത്തെ നയിക്കണമെന്നും സ്വാമി ചിദാനന്ദ പുരി പറഞ്ഞു.
അഡ്വ. കെ.കെ.ബാലറാം അധ്യക്ഷത വഹിച്ചു. സ്വാമിനി ശിവാനന്ദപുരി, പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, എസ്.ജെ.ആര്‍.കുമാര്‍, എം.കെ.രജീന്ദ്രനാഥ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
.

Back to Top