Ulsavam

കുളിര്‍മ പകരുന്ന കൊട്ടിയൂരില്‍ വൈശാഖ ഉത്സവം മേയ് 20 മുതല്‍

കണ്ണൂര്‍: കൊട്ടിയൂര്‍ വൈശാഖ ഉത്സവം മേയ് 20 മുതല്‍ ജൂണ്‍ 15 വരെ (ഇടവത്തിലെ ചോതി നാള്‍ മുതല്‍ മിഥുനത്തിലെ ചിത്തിര നാള്‍ വരെ) നടക്കും. അക്കെര കൊട്ടിയൂരില്‍ ഉത്സവകാലത്തേക്കു മാത്രമായി കെട്ടിയുണ്ടാക്കുന്ന ക്ഷേത്രം കേന്ദ്രീകരിച്ചാണു ചടങ്ങുകള്‍ നടക്കുക. കഴിഞ്ഞ വര്‍ഷം മുഴുപ്പിച്ചിട്ടില്ലാത്ത പൂജകള്‍ പൂര്‍ത്തീകരിച്ചുകൊണ്ടാണ് ഉത്സവത്തിനു തുടക്കമാവുക. 28 ദിവസം നീളുന്ന ഉത്സവകാലത്തു പൂജകള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ലെന്നാണു വിശ്വാസം. ഇളനീരാട്ടം, നെയ്യാട്ടം, കണ്ണുകെട്ടിയുള്ള ശയനപ്രദക്ഷിണം തുടങ്ങിയ ചടങ്ങുകള്‍ കൊട്ടിയൂര്‍ ഉത്സവത്തെ വേറിട്ടതാക്കുന്നു.
ഭഗവാന്‍ പരമശിവനെ അപമാനിക്കാന്‍ സതിയുടെ പിതാവായ ദക്ഷന്‍ യാഗം നടത്തിയ സ്ഥലമാണ് കൊട്ടിയൂര്‍ എന്നാണ് ഐതിഹ്യം. കണ്ണൂര്‍ ജില്ലയുടെ കിഴക്ക്, വയനാട് ജില്ലയോട് ചേര്‍ന്നാണു ക്ഷേത്രം നിലകൊള്ളുന്നത്. വളപട്ടണം പുഴയുടെ കൈവഴിയായ ബാവലിപ്പുഴയുടെ ഒരു കരയിലുള്ള ക്ഷേത്രം ഇക്കരെ കൊട്ടിയൂരെന്നും മറുകരയിലുള്ള ദേവസ്ഥാനം അക്കരെ കൊട്ടിയൂരെന്നും  അറിയപ്പെടുന്നു.
ഉത്സവചരിത്രം ഇങ്ങനെ: മേടമാസത്തിലെ വിശാഖം നാളില്‍ ഉത്സവത്തെക്കുറിച്ച് ആലോചിക്കുന്നതിന് ഇക്കരെ കൊട്ടിയൂരില്‍ പ്രാക്കൂഴം കൂടും. കൊട്ടിയൂരില്‍നിന്ന് 13 കിലോമീറ്റര്‍ അകലെയുള്ള മണത്തണയിലെ ശ്രീപോര്‍ക്കലി ക്ഷേത്രത്തിനടുത്തുള്ള ആയില്യര്‍ കാവിലും ആലോചന നടക്കും.
പുഴയുടെ തെക്കു ഭാഗത്താണ് ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രം. ഇവിടെ സ്ഥിരം ക്ഷേത്രമുണ്ട്. വടക്കുഭാഗത്താണ് അക്കരെ കൊട്ടിയൂര്‍ ക്ഷേത്രം. വൈശാഖ ഉത്സവം നടക്കുന്ന അക്കരെ കൊട്ടിയൂരില്‍ ഉത്സവകാലത്തേക്ക് മാത്രമായി ക്ഷേത്രം കെട്ടിയുണ്ടാക്കും. ഓരോ വര്‍ഷവും വൈശാഖ ഉത്സവം തീരുമ്പോള്‍ പൂജകള്‍ മുഴുവനാകരുതെന്നാണ് വൈദികവിധി. അതിനാല്‍ത്തന്നെ, ഉത്സവം തുടങ്ങുന്നത് കഴിഞ്ഞ കൊല്ലം മുഴുവനാകാതിരുന്ന പൂജകള്‍ പൂര്‍ത്തിയാക്കിക്കൊണ്ടാണ്.

നീരെഴുന്നള്ളത്ത് സംഘം ഇക്കരെ കൊട്ടിയൂരില്‍നിന്ന് പടിഞ്ഞീറ്റ നമ്പൂതിരിയുടെയും സമുദായി ഭട്ടതിരിപ്പാടിന്റെയും നേതൃത്വത്തില്‍ കാട്ടുവഴികളിലൂടെ സഞ്ചരിച്ച് മന്ദഞ്ചേരിയിലെ കൂവപ്പാടത്ത് എത്തും. ഒറ്റപ്പിലാന്‍ എന്ന കുറിച്യസ്ഥാനികന്‍, ജന്മാശാരി, പുറംകലയന്‍ എന്നീ അവകാശികള്‍ അവിടെ അവരെ വരവേല്‍ക്കും.
തുടര്‍ന്ന്, കൂവയില പറിച്ചെടുത്ത് ബാവലിയില്‍ സ്നാനം നടത്തി കൂവയിലയില്‍ ബാവലിതീര്‍ഥം ശേഖരിച്ച് അക്കരെ ദേവസ്ഥാനത്ത് എത്തും. ബാവലിതീര്‍ഥം സ്വയംഭൂവിലും മണിത്തറയിലും തളിച്ച് ശുദ്ധിവരുത്തും.
ഇതിനു പിന്നില്‍ ഒരു ഐതിഹ്യമുണ്ട്. കുറിച്യരുടെ വാസസ്ഥലമായി മാറിയ കൊട്ടിയൂരില്‍ ഒരിക്കല്‍ ഒരു കുറിച്യ യുവാവ് തന്റെ കയ്യിലുള്ള അമ്പ് മൂര്‍ച്ചകൂട്ടാനായി ശിലയില്‍ ഉരച്ചത്രെ. അപ്പോള്‍ ശിലയില്‍നിന്നു രക്തം പൊടിഞ്ഞത്രെ. അത് അറിഞ്ഞെത്തിയ പടിഞ്ഞീറ്റ നമ്പൂതിരി കൂവയിലയില്‍ കലശമാടിയെന്നാണ് ഐതിഹ്യം.
ഇടവത്തിലെ ചോതി നാളില്‍ നടക്കുന്ന നെയ്യാട്ടത്തോടെയാണ് ഉത്സവം ആരംഭിക്കുക. അന്നു സന്ധ്യയോടെ വയനാട്ടിലെ മുതിരേരിക്കാവില്‍നിന്നു വാള്‍ എഴുന്നള്ളത്ത് ഇക്കരയിലെത്തും. സംഹാരരുദ്രനായ വീരഭദ്രന്‍, ദക്ഷന്റെ ശിരസ്സറുത്ത ശേഷം ചുഴറ്റിയെറിഞ്ഞ വാള്‍ ചെന്നു വീണ സ്ഥലമാണ് മുതിരേരി എന്നാണു വിശ്വാസം.
കുറ്റ്യാടി ജാതിയൂര്‍ മഠത്തില്‍ നിന്നുള്ള അഗ്‌നിവരവാണു പിന്നെ. വാള്‍ ഇക്കരെ ക്ഷേത്രത്തില്‍ വച്ചശേഷം പടിഞ്ഞീറ്റ നമ്പൂതിരിയുടെ നേതൃത്വത്തില്‍ അഗ്‌നി അക്കരെക്ഷേത്രത്തിലേക്ക് കൊണ്ടുപോകും.
അക്കരെക്ഷേത്രത്തില്‍ 5 കര്‍മികള്‍ ചേര്‍ന്നു പഞ്ചപുണ്യാഹം കഴിച്ച് ചോതി വിളക്ക് തെളിയിക്കും. ചോതി വിളക്ക് തയ്യാറാക്കുന്നത് മൂന്നു മണ്‍താലങ്ങളില്‍ നെയ്യൊഴിച്ചാണ്. രാവിലെ തലശ്ശേരിക്കടുത്തു കോട്ടയം എരുവട്ടിക്ഷേത്രത്തില്‍നിന്നാണ് ഇതിനു വേണ്ട എണ്ണയും വിളക്കുതിരിയും കൊണ്ടുവരിക. ഈ ചടങ്ങ് കഴിഞ്ഞാല്‍ നാളം തുറക്കല്‍ നടക്കും. ഓരോ വര്‍ഷവും ഉത്സവം കഴിയുന്ന സമയത്തു പുറ്റുമണ്ണിട്ടു മറയ്ക്കുന്ന വിഗ്രഹം മണ്ണു നീക്കുന്ന ചടങ്ങാണ് നാളംതുറക്കല്‍ അഥവാ അഷ്ടബന്ധം നീക്കല്‍. നീക്കുന്ന മണ്ണു പ്രസാദമായി ഭക്തര്‍ക്കു വിതരണം ചെയ്യും.

മൂന്നാം ദിവസമായ വൈശാഖത്തില്‍ ഭണ്ഡാരം എഴുന്നള്ളിപ്പാണ്. സ്വര്‍ണ്ണം, വെള്ളി പാത്രങ്ങളും ദൈവിക ആഭരണങ്ങളും കൊണ്ടുവരുന്നതിനാണ് ഭണ്ഡാരം എഴുന്നള്ളിപ്പ് എന്ന് പറയുന്നത്. ക്ഷേത്രത്തിനടുത്തുള്ള മണത്തണ ഗ്രാമക്കാരായ കുടവതികള്‍, ഏഴില്ലക്കാര്‍ തുടങ്ങിയ തറവാട്ടുകാരാണു ഭണ്ഡാരം സൂക്ഷിപ്പുകാര്‍. അവരില്‍പ്പെട്ട അടിയന്തിരം നടത്തുന്ന യോഗികളുടെ നേതൃത്വത്തില്‍ വാദ്യമേളങ്ങളോടെയും ഗജവീരന്മാരുടെയും അകമ്പടിയോടെയാണു കൊട്ടിയൂരിലേക്ക് ഭണ്ഡാരം എഴുന്നള്ളത്തു നടക്കുക.
തുടര്‍ന്നാണു നെയ്യാട്ടം. ഇതിനുള്ള നെയ്യ് പ്രത്യേക വ്രതാനുഷ്ഠാനം പാലിച്ചാണു കൊണ്ടുവരിക. തറ്റുടുത്ത്, ചൂരല്‍വള കഴുത്തിലണിഞ്ഞ് ചെറിയ തെരികയില്‍ നെയ്ക്കുടം തലയിലേറ്റിയാണു നെയ്യമൃതു സംഘങ്ങള്‍ എത്തുക. നെയ്യാട്ടം കഴിഞ്ഞാല്‍ ഇളനീരാട്ടമാണ്. മലബാറിലെ തിയ്യസമുദായക്കാരാണ് ഇതിനുവേണ്ട ഇളനീരുകള്‍ എത്തിക്കുന്നത്. ഇതിനായി അവര്‍ വിഷു മുതല്‍ വ്രതം ആരംഭിക്കുന്നു. കൂത്തുപറമ്പിനടുത്തുള്ള എരുവട്ടിക്കാവില്‍ നിന്ന് എണ്ണയും ഇളനീരും വാദ്യാഘോഷങ്ങളോടെയാണ് എത്തിക്കുന്നത്. ഇതിന് നേതൃത്വം നല്കുന്നത് ഏരുവട്ടി തണ്ടയാനായിരിക്കും. ഇവര്‍ക്ക് കിരാതമൂര്‍ത്തിയുടെ അകമ്പടിയുണ്ടാകും എന്നാണു വിശ്വാസം.
ഇവര്‍ കൊട്ടിയൂരുള്ള മന്ദംചേരിയിലെത്തി ഇളംനീര്‍വെക്കാനുള്ള രാശി കാത്തിരിക്കുന്നു. ക്ഷേത്രത്തിലെ രാത്രിപൂജാകര്‍മ്മങ്ങള്‍ കഴിഞ്ഞാല്‍ ഇളംനീര്‍ വെപ്പിനുള്ള രാശി വിളിക്കും.
ഇതോടെ ഭക്തന്മാര്‍ സ്വയംമറന്ന് ഇളനീര്‍ക്കാവോടുകൂടി വാവലി പുഴയില്‍ മുങ്ങി ക്ഷേത്രത്തിലേക്കു കുതിക്കും. ആ ദിവസം ഭക്തര്‍ ആയിരക്കണക്കിന് ഇളനീരുകളാണു ശിവലിംഗത്തിനു മുമ്പില്‍ സമര്‍പ്പിക്കുക. പിറ്റേന്ന് ശിവലിംഗത്തിനു മേല്‍ മേല്‍ശാന്തി ഇളനീര്‍ അഭിഷേകം ചെയ്യുന്ന ചടങ്ങാണ് ഇളനീരാട്ടം.
ഉത്സവം തുടങ്ങി ആദ്യ 11 ദിവസം ശിവന്‍ കോപാകുലനായിരിക്കുമെന്നാണു വിശ്വാസം. കോപം തണുക്കാനായാണു നീരഭിഷേകം, ഇളനീരഭിഷേകം, കളഭാഭിഷേകം എന്നിവ നിര്‍ത്താതെ ചെയ്തു കൊണ്ടിരിക്കുന്നതെന്നും വിശ്വസിക്കപ്പെടുന്നു.
മറ്റൊരു ക്ഷേത്രത്തിലും ഇല്ലാത്ത ചടങ്ങാണ് കൊട്ടിയൂരിലെ രോഹിണി ആരാധന അല്ലെങ്കില്‍ ആലിംഗനപുഷ്പാഞജലി. ശൈവസാന്ത്വനത്തിനായി കുറുമാത്തൂര്‍ വലിയ നമ്പൂതിരിപ്പാട് വിഗ്രഹത്തെ പുഷ്പവൃഷ്ടി നടത്തി ആലിംഗനം ചെയ്യും. പൂജകന്‍ ഇരുകൈകളാലും ചുറ്റിപ്പിടിച്ചു വിഗ്രഹത്തില്‍ തല ചേര്‍ത്തുനില്ക്കും. സതിയെ നഷ്ടപ്പെട്ട ശ്രീപരമേശ്വരനെ ബ്രഹ്മാവ് സ്വാന്തനിപ്പിക്കുന്നതിന്റെ പ്രതീകമാണത്രേ ഈ ചടങ്ങ്.
ഉത്സവത്തിന്റെ ഭാഗമായി രണ്ട് ആനകളുടെ പുറത്ത് ശിവനെയും പാര്‍വതിയെയും എഴുന്നള്ളിക്കുന്ന ചടങ്ങുമുണ്ട്.
മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ നല്ലൂരിലുള്ള ബാലങ്കര എന്ന സ്ഥാനത്തുനിന്നു വ്രതാനുഷ്ഠാനങ്ങളോടെ കൊട്ടിയൂരിലേക്ക് കലങ്ങള്‍ തലച്ചുമടായി എഴുന്നള്ളിക്കുന്ന ഒരു ചടങ്ങുണ്ട്. കലശാട്ട് നടക്കുമ്പോള്‍ കലശം നിറയക്കുന്നത് ഈ കലങ്ങളിലാണ് ഈ കലങ്ങള്‍ ഉപയോഗിച്ച് മകം, പൂരം, ഉത്രം നാളുകളില്‍ ഗൂഢകര്‍മങ്ങള്‍ നടക്കും.
ഇത് കഴിഞ്ഞ് അത്തം നാളില്‍ 1000 കുടം അഭിഷേക പൂജ കലശപൂജയും ചിത്തിര നാളില്‍ കലശലാട്ടവും ഉണ്ടായിരിക്കും. അതിനു മുന്‍പായി ശ്രീകോവില്‍ പൊളിച്ചുമാറ്റും. അതു കഴിഞ്ഞ് കളഭാഭിഷേകം എന്ന പേരിലറിയപ്പെടുന്ന തൃക്കലശാട്ടത്തോടെ ഉത്സവം സമാപിക്കും.
ഇതോടെ അക്കരെ കൊട്ടിയൂരില്‍ ആര്‍ക്കും പ്രവേശനമില്ല. അടുത്ത ഉല്‍സവം വരെ 11 മാസം നിത്യപൂജയും ഉണ്ടായിരിക്കില്ല.

കൊട്ടിയൂരിലെ ഓടപ്പൂ പ്രസിദ്ധമാണ്. ദക്ഷന്റെ താടിയുടെ പ്രതീകമാണ് ഓടപ്പൂ. ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂര്‍ എന്നാണ് വിശ്വാസം. പരമശിവനെ സതി വിവാഹം ചെയ്തത് ഇഷ്ടമാകാതിരുന്ന സതിയുടെ പിതാവ് ദക്ഷന്‍ 14 ലോകങ്ങളില്‍ ശിവനൊഴികെ എല്ലാവരെയും ക്ഷണിച്ചു യാഗം നടത്തി. ക്ഷണിച്ചില്ലെങ്കിലും യാഗം കാണാന്‍ സതി പോയി. അവിടെവച്ച് പരമശിവനെ ദക്ഷന്‍ അവഹേളിച്ചതില്‍ ദുഃഖിതയായ സതീദേവി യാഗാഗ്‌നിയില്‍ ചാടി ജീവനൊടുക്കി.
കൈലാസത്തിലിരുന്ന പരമശിവന്‍ ഇതറിഞ്ഞ് കോപാകുലനായി ജഡ പറിച്ചെടുത്ത് നിലത്തടിച്ചു. അതില്‍ നിന്നു ജനിച്ച വീരഭദ്രന്‍ യാഗശാലയിലെത്തി ദക്ഷന്റെ ശിരസ്സറുക്കുകയും താടി പറിച്ചെറിയുകയും ചെയ്തുവത്രെ.
ശിവന്‍ താണ്ഡവനൃത്തമാടിയപ്പോള്‍ ദേവന്മാരും ഋഷിമാരും ബ്രഹ്മവിഷ്ണുമാരുമെത്തി ശാന്തനാക്കി. അതിനിടെ, ദക്ഷന്റെ തല ചിതറിപ്പോയിരുന്നതിനാല്‍ ശിവന്‍ ദക്ഷന്റെ ആടിന്റെ തല വെച്ചുനല്‍കി. ഈ സംഭവത്തിനുശേഷമാണത്രെ ഈ പ്രദേശം വനമായി മാറിയത്.
ഉത്സവകാലത്തു വളരെയേറെ തയ്യാറെടുപ്പുകളാണു കൊട്ടിയൂരില്‍ നടത്തിവരുന്നത്. മണിത്തറയും വെള്ളത്തിലും കരയിലുമായി കെട്ടിയുണ്ടാക്കിയ പര്‍ണ്ണശാലകളും കുടിലുകളും ചേര്‍ന്നതാണ് താല്‍ക്കാലിക ക്ഷേത്രസമുച്ചയം. ബാവലിയില്‍ നിന്ന് കിഴക്കുഭാഗത്തുകൂടെ ഒഴുകിവരുന്ന വെള്ളം ക്ഷേത്രമുറ്റമായ തിരുവഞ്ചിറയെ വലംവച്ച് പടിഞ്ഞാറോട്ടൊഴുകി ബാവലിയല്‍ തന്നെ ചേരും. ബാവലിയിലെ കല്ലുകളും മണ്ണും കൊണ്ടാണ് മണിത്തറ ഉണ്ടാക്കുന്നത്. ദേവീസാന്നിദ്ധ്യമുള്ള അമ്മാറക്കല്ലുമുണ്ട്. അമ്മാരക്കല്ലിന് മേല്‍ക്കൂരയുടെ സ്ഥാനത്ത് ഒരു ഓലക്കുടയാണ് ഉള്ളത്.
ഉല്‍സവകാലത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി 34 താല്‍ക്കാലിക ഷെഡ്ഡുകള്‍ കെട്ടും. രാപ്പകല്‍ ഒരുപോലെ വിറകെരിയുന്ന കൊട്ടിയൂര്‍ ക്ഷേത്രത്തിലെ തിരുവടുപ്പുകളില്‍ നിന്നു ചാരം നിത്യവും ശിവഭൂതങ്ങള്‍ നീക്കം ചെയ്യുന്നുണ്ടെന്നുമാണ് വിശ്വാസം.
വെള്ളത്തിലൂടെയാണു ഭക്തരും പൂജകരുമൊക്കെ കൊട്ടിയൂരില്‍ നടന്നുനീങ്ങുന്നത്. മുട്ടറ്റം വെള്ളത്തിലൂടെ വേണം പ്രദക്ഷിണം വെക്കാന്‍. തിരുവഞ്ചിറയിലെ ശയനപ്രദക്ഷിണം പ്രത്യേകതയുള്ളതാണ്. മുട്ടൊപ്പം വെള്ളത്തിലൂടെ കണ്ണുകെട്ടിയാണ് ശയന പ്രദക്ഷിണം നടത്തുന്നത്.
 
പല പ്രത്യേകതകളും കൊട്ടിയൂര്‍ ഉത്സവത്തിനുണ്ട്. ഉത്സവച്ചടങ്ങുകള്‍ അക്കരെ കൊട്ടിയൂരില്‍ നടക്കുന്ന ദിവസങ്ങളില്‍ ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പൂജകള്‍ ഉണ്ടാവില്ല. ഇക്കരെ കൊട്ടിയൂരില്‍ നിത്യപൂജകള്‍ നടക്കുന്ന ദിവസങ്ങളില്‍ അക്കരെ കൊട്ടിയൂരിലും പൂജകളുണ്ടാവില്ല. ഉസ്വത്തില്‍ ഭണ്ഡാരം എഴുന്നളളത്തുനാള്‍ മുതല്‍ ഉത്രാടം നാളുവരെ ദേവന്മാരുടെ ഉത്സവമാണെന്നാണു കരുതിപ്പോരുന്നത്. തിരുവോണം മുതല്‍ ആയില്യം വരെ മനുഷ്യരുടെ ഉത്സവവും മകം മുതല്‍ ഭൂതഗണങ്ങളുടെ ഉത്സവവും എന്നാണു വിശ്വാസം.
സ്ത്രീകള്‍ക്കു പ്രവേശനത്തിനു നിയന്ത്രണങ്ങളുണ്ട്. ഉത്സവം ആരംഭിച്ചാല്‍ നെയ്യാട്ടത്തിനുശേഷമേ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കു പ്രവേശനം ഉള്ളൂ. മകം നാള്‍ വരെ മാത്രമായിരിക്കും പ്രവേശനം അനുവദിക്കുന്നതും.
പ്രകൃതിയുമായി ഏറെ ബന്ധപ്പെട്ടുള്ളതാണ് കൊട്ടിയൂരിലെ മിക്ക ഉത്സവച്ചടങ്ങുകളും. മിക്ക സമുദായങ്ങള്‍ക്കും ആചാരപരമായ പ്രാതിനിധ്യമുണ്ട്. വനവാസികള്‍ തൊട്ട് നമ്പൂതിരിമാര്‍ വരെയുള്ള അവകാശികള്‍ കൊട്ടിയൂര്‍ ദേവനടയില്‍ നിറഞ്ഞ ഭക്തിയോടെ ഒറ്റമനസ്സായി ക്ഷേത്രകര്‍മങ്ങളില്‍ മുഴുകുന്നു. ഉത്സവം നടത്തുന്നതിന്റെ ചുമതലയുള്ള വിവിധ സമുദായാംഗങ്ങള്‍ ഉല്‍സവകാലത്ത് ക്ഷേത്രത്തിനു ചുറ്റുമായി പ്രത്യേകം തയ്യാറാക്കുന്ന സ്ഥലത്താണു താമസിക്കുന്നതും.
.

Back to Top