ഐശ്വര്യസങ്കല്പങ്ങള് വിഷുക്കണിയാവട്ടെ
April 12 2017
സ്വാമി ചിദാനന്ദ പുരി
ആചരിക്കാനും ആഹ്ലാദിക്കാനും ആഘോഷിക്കാനും ഒക്കെയുള്ള അനേകവിശേഷസന്ദര്ഭങ്ങളെ നമ്മുടെ പൂര്‍വികര്‍ നമുക്കു സമ്മാനിച്ചിട്ടുണ്ട്. അവയില്‍ത്തന്നെ പ്രാദേശികമായ ഏറ്റക്കുറച്ചിലുകളും നാമ-ആചരണഭേദങ്ങളും വളരെയധികം കാണപ്പെടുന്നുണ്ട്. ദേവതകളുമായും പ്രകൃതിശക്തികളുമായും ബന്ധപ്പെട്ടും ലോകജീവിതക്രമത്തിന്റെതന്നെ ഭാഗമായും ഒക്കെ വിവിധസമാചരണങ്ങള് ഉണ്ട്. സമ്പന്നമായ ഒരു സംസ്കൃതിയുടെ അവശ്യഭാഗങ്ങളാണ് ഇത്തരം ആചരണവിശേഷങ്ങള്. കലയും സാഹിത്യവുമൊക്കെത്തന്നെ പുഷ്കലമായി വളര്ന്നുപന്തലിക്കുന്നതിന് അനുകൂലമായ ഘടകങ്ങളെ നല്‍കുന്നതിലും ഇത്തരം ആചരണവിശേഷങ്ങള്ക്കു വലിയ സ്ഥാനമുണ്ട്. അങ്ങനെയുള്ള ആചരണങ്ങളില്‍ ഒന്നാണ് വിഷു.
സൂര്യദേവനുമായി ബന്ധപ്പെട്ടാണ് നാം വിഷു സമാചരിക്കുന്നത്. ഉത്തരായണമധ്യത്തില് ദിനരാത്രങ്ങള്‍ ഏറെക്കുറെ തുല്യമായി വരുന്ന സന്ദര്‍ഭം. ഉച്ചസ്ഥനായി സൂര്യന് നിലകൊള്ളുന്ന ദിവസം. പ്ലാവും മാവും മറ്റു ഫലവൃക്ഷങ്ങളും കായകളും പഴങ്ങളുമായി സമൃദ്ധിയെ വിളിച്ചോതുന്ന കാലം. ഐശ്വര്യക്കാഴ്ചകളേകി പൂത്തുലഞ്ഞുനിലകൊള്ളുന്ന കൊന്നമരങ്ങള്‍ സൗവര്ണസൗന്ദര്യത്താല് അനുഗ്രഹിക്കുന്ന കാലം. കുയിലുകളുടെ കൂജനത്താല്‍ അന്തരീക്ഷമാകെ ആനന്ദഭാവത്തെ നുകരുന്ന കാലം. അങ്ങനെയുള്ള കാലത്തില്‍ ദിവസകാരകനായ സൂര്യഭഗവാന് മേഷം രാശിയിലേക്കു പ്രവേശിക്കുന്ന ശുഭസന്ദര്ഭമാണു വിഷു. കേരളത്തില്‍ വിഷുവെന്ന പേരില്‍ സമാചരിക്കപ്പെടുന്ന ഈ ഉത്സവം പലപേരുകളില്‍ പലയിടങ്ങളില്‍ പലപ്രകാരത്തില്‍ സമാചരിക്കപ്പെടുന്നുണ്ട്. എന്നു മാത്രമല്ല, വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്ത കാലഗണനാസമ്പ്രദായങ്ങളനുസരിച്ചു വിഷുദിനം നവസംവത്സരദിവസമായും മാനിക്കപ്പെടുന്നുണ്ട്.
വിളവെടുപ്പുത്സവം എന്ന നിലയ്ക്ക് കേരളത്തില്‍ വിഷു (മേടം ഒന്ന്) സംവത്സരാരംഭമായി മാനിക്കപ്പെട്ടിരുന്നു. കര്‍ണാടകയില്‍ യുഗാദി, തമിഴ്നാട്ടില്‍ പുത്താണ്ട്, കുടകില്‍ ബിസുചംക്രാന്തി, തുളുവില്‍ ബിസു, ആസാമില്‍ റൊങ്ഗാളി ബിഹു, ബോഡോ പ്രദേശങ്ങളില്‍ ബ്വിസഗു, ഒഡീഷയില്‍ മഹാവിഷുവ സംക്രാന്തി, പഞ്ചാബില്‍ വൈശാഖി, ബംഗാളില്‍ പൊഹേല ബൊയ്സാഖ് തുടങ്ങി പല പേരുകളില്‍ ഭാരതത്തില്‍ നവവത്സരദിനമായി വിഷു സമാചരിക്കപ്പെടുന്നു. അതുപോലെ നേപ്പാള്‍, മ്യാന്മര്, ശ്രീലങ്ക, കംബോഡിയ, ലാവോസ്, തായ്ലന്ഡ് തുടങ്ങിയ പ്രദേശങ്ങളിലും ഇതു നവവത്സരദിനമാണ്.
പ്രതിവര്‍ഷം വിഷുദിനമായി നാം ഗണിക്കുന്ന ദിവസത്തിന്റെ കണിശതയെ സംബന്ധിച്ച് പലവിധതര്‍ക്കങ്ങളും ജ്യോതിശ്ശാസ്ത്രജ്ഞര്‍ക്കിടയില്‍ ഉണ്ടെന്നുള്ളതു വസ്തുതയാണെങ്കിലും അതിനാല്‍ ലക്ഷീകരിക്കപ്പെടുന്ന സങ്കല്പം അവിചലമായിത്തന്നെ നിലകൊള്ളുന്നുണ്ട്. ഭൂമിയുടെ ഭ്രമണ-പരിക്രമണപഥങ്ങളിലെ സവിശേഷതകളാല്‍ സമയത്തില്‍ ചെറിയ മാറ്റങ്ങള്‍ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കും എന്നതിനാല്‍ ഒരു സംവത്സരചക്രവുംതന്നെ സ്ഥായിയായി നില്ക്കുകയില്ല. വളരെ ചെറിയ മാറ്റങ്ങള്‍ കാലികമായി നിരന്തരം സംഭവിക്കും. എന്നാല്‍, അത്തരം മാറ്റങ്ങള്‍ക്കനുസരിച്ച് സംവത്സരചക്രത്തെ മാറ്റി മാറ്റി നിശ്ചയിച്ചാല്‍ മറ്റനേകം ഗണനകള്‍ വളരെയധികം വികലവും സങ്കീര്ണവുമായിത്തീരും എന്നതിനാല്‍ അത് അഭികാമ്യമല്ല. ഉദയാസ്തമയങ്ങള്‍ക്ക് ചെറിയ അന്തരങ്ങള്‍ അംഗീകരിച്ചുകൊണ്ടുതന്നെ വിഷുക്കാലവും മേഷാരംഭവും ഗണിക്കുകയാണ് വ്യവഹാരത്തില്‍ പതിവ്.
പ്രതിവര്‍ഷം വന്നണയുന്ന വിഷു അത്യന്തം ദൈര്‍ഘ്യമേറിയ കാലഘട്ടത്തിലെ ഒട്ടനേകം സ്മൃതികളെ നമുക്കു സമ്മാനിക്കുന്നു. എന്നാല്‍ ഇന്നാകട്ടെ, ആചാരരഹിതരായാണ് പൊതുവേ നാം കഴിയുന്നത്. ഇനി ആചരിക്കുന്നുണ്ടെങ്കില്ത്തന്നെ, ഏതെങ്കിലും ഹോട്ടലുകളിലോ കേറ്ററിംങ് സര്‍വീസുകളിലോ വിഷുസദ്യയും ഏല്പിച്ച് ചൈനീസ് പടക്കങ്ങളും പൊട്ടിച്ചു കഴിയുന്നു! ഈ സ്ഥിതി വരുന്നതിനുമുമ്പുള്ള കേരളത്തിന്റെ അവസ്ഥയില്‍ കഴിഞ്ഞവര്‍ക്ക് ഇന്നും ഒരു നല്ല കാലത്തിന്റെ ഗൃഹാതുരത്വചിന്തയെ സമ്മാനിക്കുന്ന ഒന്നാണ് വിഷുസന്ദര്ഭം. വിളവെടുപ്പുകള്‍ കഴിഞ്ഞ് സമൃദ്ധമായ സമൂഹത്തിലെ ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും ഭാവിപ്രതീക്ഷകളുടെയും ഒക്കെ ഉത്സവമായാണ് വിഷു ആഘോഷപൂര്‍വം സമാചരിക്കപ്പെട്ടിരുന്നത്.
എല്ലാ ആചരണവിശേഷങ്ങളുംതന്നെ എന്തെന്നും എന്തിനെന്നും എങ്ങനെയെന്നും അറിഞ്ഞു ചെയ്യേണ്ടതാണ്. ഓരോ സമാചരണവും നല്കുന്ന സന്ദേശത്തെ യഥാതഥമായി ഉള്‍ക്കൊണ്ടുവേണം ആചരിക്കാന്‍. അല്ലാതെ ആഘോഷിക്കുന്നതു നിരര്‍ഥകമാണ്. ഐശ്വര്യവും സമൃദ്ധിയുമൊക്കെ നാം കൈവരിക്കേണ്ടത് കഠിനാധ്വാനത്തിലൂടെയാണ്. അധ്വാനത്തിനുള്ള സാഹചര്യമാകട്ടെ, അനേകഘടകങ്ങളുടെ അപക്ഷേയില്‍ ഉണ്ടാകുന്നതുമാണ്. മാനുഷവും ദൈവവുമായ (പ്രകൃത്യാ ഉള്ളതുമായ) ഘടകങ്ങളെ വേണ്ടതുപോലെ മനസ്സിലാക്കുകയും പോഷിപ്പിക്കുകയും വേണം. സ്വാധീനിക്കുന്ന ഘടകങ്ങളെ ഗണിക്കുമ്പോള്‍ ദൈവമെന്നു നാം പറഞ്ഞേക്കാവുന്നവയിലുള്ള മാനുഷസ്വാധീനങ്ങളെയും മാനുഷങ്ങളെന്നു പറയുന്നവയിലുള്ള ദൈവികസ്വാധീനങ്ങളെയും വിലയിരുത്തണം. അതുപോലെ, മാനുഷങ്ങളായ ഘടകങ്ങളില്ത്തന്നെ പരസ്പരബന്ധത്തോടെ നിലനില്‍ക്കുന്ന വ്യക്തി, സമൂഹം, ഭരണവ്യവസ്ഥ എന്നിവയെല്ലാം പരിഗണിക്കപ്പെടണം.
ഒരുകാലത്ത് കാര്‍ഷികസമൃദ്ധിയുടെ പ്രദേശമായിരുന്ന കേരളത്തിന്റെ ഇന്നത്തെ സ്ഥിതി വളരെ ദയനീയമാണ്. 'കേര'ശബ്ദത്തിനു പരമായി 'അലച്' പ്രത്യയം പ്രവര്‍ത്തിക്കുമ്പോഴാണ് കേരളം എന്ന ശബ്ദം സിദ്ധമാകുന്നത്. എങ്കിലും തെങ്ങുവളര്ത്തലിലും തേങ്ങ ഉത്പാദനത്തിലും നാം ബഹുദൂരം പിന്നിലേക്കുപോയി. പലവിധത്തില്പ്പെട്ട ഉത്പാദനശേഷിയും പ്രതിരോധശക്തിയുമുള്ള അനേകം ഇനം നെല്‍വിത്തുകള്‍ സ്വായത്തമായിരുന്ന കേരളനാട്ടില്‍ നെല്ലുല്പാദനവും നാമമാത്രമായി. നാടേറെയും കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നിറയുകയും മഴവെള്ളത്തെ ശേഖരിച്ചു ഭൂമിയില്‍ കുടിപ്പിക്കുന്നതിനായുള്ള പറമ്പുകിളയ്ക്കലുകളും വരമ്പുമാടലുകളും ഇല്ലാതാവുകയും ചെയ്തതോടെ ഭൗമജലവിതാനം അപകടകരമായി താഴുകയാണ്. കിണറുകളും കുളങ്ങളും കാവുകളും കുറയുകയും കുഴല്‍ക്കിണറുകള്‍ ഏറുകയും ചെയ്തതോടെ ഭൂഗര്‍ഭജലവും താഴ്ന്നുപോയിക്കൊണ്ടിരിക്കുന്നു. ജൈവവൈവിധ്യങ്ങള്‍ നിറഞ്ഞ ഭൂമിയുണ്ടായിരുന്നിടത്ത് ഏറെയും റബ്ബര്‍ത്തോട്ടങ്ങള്‍ നിരന്നുകഴിഞ്ഞു. കേരളത്തിന്റെ ഭൂപ്രകൃതിക്കു യോജിക്കുന്ന ഇനം വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുന്നതില്‍, എന്തോ, നാം വളരെയേറെ വിമുഖത കാണിക്കുന്നു.
ഭാരതത്തിന്റെ മറ്റു പ്രദേശങ്ങളിലേറെയും പ്രായേണ ലോകത്തിലെ മറ്റു രാഷ്ട്രങ്ങളിലൊക്കെയും മനുഷ്യര്‍ക്കുവേണ്ടി വീടുകള്‍ നിര്‍മിക്കുമ്പോള്‍ കേരളത്തില്‍ വീടുകള്‍ക്കുവേണ്ടി മനുഷ്യരായിപ്പോകുന്ന കാഴ്ചയാണു കാണാനാവുന്നത്. വലിയ കൂറ്റന്‍ വീടുകളില്‍ മിക്കവാറും വൃദ്ധരായ രണ്ടുപേര്‍ മാത്രം കഴിയുന്ന സ്ഥിതിയാണുള്ളത്. അവരാകട്ടെ, ഭൂമിയുടെ മറ്റേതോ കോണില്‍ സ്ഥിരവാസമുറപ്പിക്കുന്ന മക്കള്‍ക്ക് പുതിയ വീടുനിര്മിക്കുന്നതിന്റെ വ്യഗ്രതയിലുമാവാം! ലക്ഷങ്ങള്‍ വ്യയം ചെയ്ത് ഗൃഹനിര്‍മാണം ചെയ്യുന്നവര്‍, പക്ഷേ, തനിക്ക് ആവുംവിധം ജലസംഭരണോപായങ്ങള് ചെയ്യാന്‍ തത്പരരാകുന്നില്ല. ലോകജനസംഖ്യയുടെ 17.8 ശതമാനത്തിലേറെപ്പേര്‍ ഇന്ത്യക്കാരാണെങ്കില്‍ ലോകത്തിലെ ശുദ്ധജലത്തിന്റെ വെറും നാലു ശതമാനമാണത്രേ ഇന്ത്യയിലുള്ളത്. എത്ര ഭീഷണമായ സ്ഥിതിയാണിത്? അങ്ങനെയുള്ള ഭാരതത്തില്‍ പ്രതിവര്‍ഷം വളരെയധികം മഴ ലഭിക്കുന്ന സംസ്ഥാനമാണു കേരളം. എന്നാല്‍, പെയ്യുന്ന വെള്ളത്തിലേറെയും നേരെ കടലില്‍ച്ചെന്നു പതിക്കുന്നുവെന്നതാണു സത്യം. ഈ വിഷയത്തില്‍ ജലസംരക്ഷണത്തിന് വ്യക്തമായ കാഴ്ചപ്പാടോടുകൂടിയ ഒരു പ്രവര്‍ത്തനം സമൂഹം ചെയ്യേണ്ടതാണ്. ഓരോ വീട്ടിലും മുറ്റത്തെ വെള്ളമെങ്കിലും കുഴല്‍വെച്ച് പുറമെയുള്ള ചാലിലേക്ക് ഒഴുക്കിക്കളയാതെ ഒരല്പമെങ്കിലും കെട്ടിനിര്‍ത്താന്‍ നാം പരിശ്രമിക്കുക. അവനവന്റെ വീടിന്റെ മേല്‍ക്കൂരയില്‍ വീഴുന്ന വെള്ളമെങ്കിലും ശേഖരിക്കാനും ഉപയോഗിക്കാനും സംവിധാനങ്ങളൊരുക്കുക. അപ്പപ്പോള്‍ ഉപയോഗിക്കുന്നതിലധികമായി വരുന്ന വെള്ളം കരി, മണല്‍ തുടങ്ങിയവയിലൂടെ അരിക്കാന് സംവിധാനമൊരുക്കി കിണറിലേക്കു നേരിട്ട് ഒഴുക്കിവിടാം. അല്ലാത്തപക്ഷം, കിണര്‍ നിലകൊള്ളുന്ന പറമ്പ് വൃത്തിയാക്കി അതിലേക്കു തിരിച്ചുവിടാം. ഇപ്രകാരം ചെയ്താല്‍ ചുരുങ്ങിയകാലം കൊണ്ട് ഭൗമ-ഭൂഗര്ഭജലവിതാനങ്ങളെ വളര്‍ത്താന്‍ നമുക്കു സാധിക്കും. എല്ലാവരുടെയും പറമ്പുകളില്‍ ചെരിഞ്ഞുകിടക്കുന്ന ഭാഗങ്ങളില്‍ മഴക്കാലത്തിനുമുമ്പായി വരമ്പുമാടുക, കൃഷിവയലുകളില് എന്തെങ്കിലുമൊക്കെ കൃഷിയുണ്ടാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ ജലമെന്ന ഏറ്റവും വിലയേറിയ വിഭവത്തെ നമുക്കു സംരക്ഷിക്കാന്‍ ശ്രമിക്കാം. ഇതോടൊപ്പം ഓരോ വ്യക്തിയും കുടുംബവും കേരളത്തിന്റെ ഭൂപ്രകൃതിക്കു യോജിച്ച തരം വൃക്ഷങ്ങളെ ആവുന്നത്ര വെച്ചുപിടിപ്പിക്കാനും ഒരു നാലുവര്‍ഷമെങ്കിലും സംരക്ഷിക്കാനും പരിശ്രമിച്ചാല്‍ കേരളത്തിന്റെ വാതാവരണത്തെയും ജലസമ്പത്തിനെയും നമുക്കു സംരക്ഷിക്കാം.
ജലദൗര്‍ലഭ്യമുള്ളപ്പോള്‍ ആയത് വിതരണം ചെയ്യാനും മറ്റും സര്‍ക്കാരും മറ്റു സന്നദ്ധസംഘടനകളും പ്രവര്‍ത്തിക്കുന്നതു വളരെ നല്ലതുതന്നെ. എന്നാല്‍, മഴയുള്ളപ്പോള്‍ മഴവെള്ളം വീഴുന്നിടത്തുതന്നെഅതു സംരക്ഷിക്കാനും വനനശീകരണം തടയാനും മഴവെള്ളം പരമാവധി പ്രയോജനകരമായി വിനിയോഗിക്കാനുമുള്ള പദ്ധതികള്‍ ആവിഷ്കരിക്കാനും വരള്‍ച്ചയെ തടുക്കാനും നാം ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുകയാണ് ഏറെ വേണ്ടത്. ചെറിയൊരു മഴ പെയ്യുമ്പോഴേക്കുതന്നെ 'പ്രളയം', 'മഴയാല്‍ ജനങ്ങള്‍ ക്ലേശത്തില്‍' എന്നൊക്കെ പറഞ്ഞും എഴുതിയും സമൂഹത്തില്‍ മഴയ്ക്കും വെള്ളത്തിനും പ്രതികൂലമായ മനസ്സുണ്ടാക്കാന്‍ പരിശ്രമിക്കാതെ ദശകങ്ങള്‍ക്കുമുമ്പ് നമുക്കു കിട്ടിക്കൊണ്ടിരുന്ന മഴയുടെ തോതിനെയും ഇന്നത്തെ നമ്മുടെ പദ്ധതികളിലെ വൈകല്യങ്ങളെയും ചൂണ്ടിക്കാണിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാവുക. മഴ നമുക്കു ലഭിക്കുന്ന ഏറ്റവും വലിയ വരദാനമാണെന്ന ബോധം സമൂഹത്തില്‍ വളര്‍ത്താന്‍ നമുക്ക് ഒത്തൊരുമിക്കാം. ഒരു മഹായജ്ഞത്തിന്റെ ഫലരൂപമാണ് മഴയെന്നത് ഓര്‍ത്തുകൊണ്ട് നമുക്കും ആ വരദാനത്തെ സമഷ്ടിനന്മയ്ക്കു വിനിയോഗിക്കാനുള്ള യജ്ഞത്തില്‍ പങ്കുചേരാമെന്നു നിശ്ചയിക്കാം. ഈയൊരു സമൂഹമനസ്സിനെ രൂപപ്പെടുത്തുന്നതിനു സഹായകമാകുന്ന പദ്ധതികള്‍ ഉണ്ടാവട്ടെ. വെള്ളത്തിനും മഴയ്ക്കും വേണ്ടിയുള്ള പ്രാര്‍ഥനായോഗങ്ങള്‍ ഓരോ മതവിശ്വാസത്തിന്റെയും അടിസ്ഥാനത്തില്‍ നടക്കുന്നതു നിശ്ചയമായും നല്ലതാണ്. ഐശ്വര്യക്കാഴ്ചകളിലൂടെ ഐശ്വര്യപൂര്‍ണമായ ഭാവി സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്ന വിഷു സാര്‍ഥകമാകണമെങ്കില്‍ ഇത്തരം വിഷയങ്ങള്‍ നാം വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്.
സാമാന്യപൗരന്മാര് പ്രകൃതിസംരക്ഷണത്തിനു മുന്നിട്ടിറങ്ങുന്നതോടൊപ്പംതന്നെ സര്‍ക്കാരുകളുടെ നയവും നിയമവും കര്‍ശനമായും പ്രകൃതിസംരക്ഷണം എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിക്കൊണ്ടാവണം. വാണിജ്യ, വ്യവസായങ്ങളെയും നവീന തൊഴില്സാധ്യതാമേഖലകളെയും ഒക്കെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം അടിസ്ഥാനമായ കാര്‍ഷികമേഖലയെ പ്രായോഗികമായി പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളും കൂടുതലായി ഉണ്ടാവട്ടെ. സാമ്പത്തികാനുകൂല്യങ്ങള്‍ പ്രതീക്ഷിക്കുന്ന ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കാതെ സ്വയംപര്യാപ്തതാബോധത്തോടെ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നതിനു പ്രേരകമാകുന്ന പദ്ധതികളാണ് ഏറെയുണ്ടാകേണ്ടത്.
വിഷുദിവസം നവവത്സരാരംഭമായി കണക്കാക്കി ഐശ്വര്യക്കാഴ്ചയോടെ അതാരംഭിക്കുകയാണ് നാം കേരളത്തില്‍ പരമ്പരാഗതമായി ചെയ്യാറുള്ളത്. വരുംനാളുകളില്‍ മംഗളമായ അനുഭവങ്ങള്‍ എനിക്കുണ്ടാവേണമേ എന്ന സങ്കല്പത്തോടെ സൂര്യോദയത്തിനുമുമ്പായി ആരംഭിക്കുന്ന യാമത്തിന്റെ ആദ്യപാദത്തില്‍ മംഗളദര്‍ശനം ചെയ്യുന്ന ചടങ്ങാണ് 'വിഷുക്കണിദര്‍ശനം'. കാഴ്ചയിലൂടെ മഹത്തായ ഒരു സങ്കല്പത്തെ ഏറ്റെടുക്കാനുള്ള മനുഷ്യമനസ്സിന്റെ സാധ്യതയെ ആണ് ഈ വിഷുക്കണിദര്ശനത്തിലൂടെ നാം ഉദ്ദീപിപ്പിക്കുന്നത്. ദീപവും വിവിധയിനം ഫലങ്ങളും കായ്കനികളും പുസ്തകവും താംബൂലവും കണ്ണാടിയും സിന്ദൂരച്ചെപ്പും പുതുവസ്ത്രവുമെല്ലാം ഐശ്വര്യപ്രദമായ രീതിയില്‍ വീടിന്റെ ഐശ്വര്യത്തിന്റെ ആസ്പദമായിരിക്കുന്ന അമ്മ ഒരുക്കിവെക്കുന്നു. മറ്റെല്ലാവരും ഈ കണിദര്‍ശനം നല്കുന്ന മംഗളഭാവത്തെ ഉള്‍ക്കൊണ്ട് ഇനി വരുന്ന സംവത്സരകാലം അത്യന്തം മംഗളകരമാകുമെന്നു സങ്കല്പിക്കുകയും ആവാന്‍ പ്രാര്‍ഥിക്കുകയും വേണം. ഓരോ വ്യക്തിയിലും മംഗളകരമായ ചിന്തയെ ഊട്ടിയുറപ്പിക്കേണ്ടതാണ്. അതില്‍നിന്നാണ് മംഗളകരമായ പ്രവര്‍ത്തനം വരുന്നത്. ശുഭസങ്കല്പത്തോടുകൂടിയ മനസ്സാണ് ശുഭകരമായ കര്‍മങ്ങളെ ചെയ്യുന്നത്. മംഗളകരമായതു കാണാനും അനുഭവിക്കാനും ഏവരും ആഗ്രഹിക്കുന്നു. തീര്‍ച്ചയായും ജീവിതത്തില്‍ എല്ലാ മംഗളങ്ങളെയും നേടാന്‍ സങ്കല്പിക്കണം. സങ്കല്പത്തിനനുസരിച്ചാണ് ഫലസിദ്ധിയുണ്ടാകുന്നത് എന്നെപ്പോഴും ഓര്‍മിക്കണം. അതുകൊണ്ടുതന്നെ ഒരിക്കലും ഒരു കാരണവശാലും അശുഭം സങ്കല്പിക്കരുത്. ഇതു ജീവിതവ്രതമാകണം. എന്നാല്‍, കേവലം സങ്കല്പിച്ചതുകൊണ്ടും വെറുതേ പ്രാര്‍ഥിച്ചതുകൊണ്ടും പ്രയോജനമില്ല. അവ നല്കുന്ന ഭാവസംശുദ്ധിയോടെ നിര്മായമായി പ്രവര്‍ത്തിക്കണം. അങ്ങനെയുള്ള പ്രവര്‍ത്തനത്തിലൂടെ മാത്രമേ ശ്രീ ഉണ്ടാകൂ. ഇത് ഓര്‍ക്കണം. വേദത്തില്‍ ഋഷി 'ഭദ്രം കര്‍ണേഭിഃ ശൃണുയാമ ദേവാഃ, ഭദ്രം പശ്യേമാക്ഷഭിര്യജത്രാഃ' എന്നു പ്രാര്‍ഥിക്കാന്‍ പഠിപ്പിച്ചത് ശ്രദ്ധിക്കേണ്ടതാണ്. 'അല്ലയോ, സകലപ്രതിഭാസങ്ങളെയും പ്രകാശിപ്പിക്കുന്ന ദേവന്മാരേ, ഞങ്ങള്‍ ചെവികളെക്കൊണ്ട് മംഗളമായതു കേള്‍ക്കുമാറാകണേ. സത്കര്മങ്ങളെ രക്ഷിക്കുന്നവരായ ദേവന്മാരേ, ഞങ്ങള്‍ കണ്ണുകളെക്കൊണ്ടു മംഗളമായതു കാണുമാറാകണേ അഥവാ, സത്കര്മങ്ങളെ അനുഷ്ഠിക്കുന്നതിലൂടെ രക്ഷിക്കുന്നവരായ ഞങ്ങള്‍ നല്ലതു കാണുമാറാകണേ' എന്നു സദാ സങ്കല്പിക്കണം. ഈ സങ്കല്പവും അതിനനുസൃതമായ ക്രിയയും നമ്മില്നിന്നുണ്ടാകണമെന്ന് ഈ വിഷുസന്ദര്ഭത്തില് നമുക്ക് ഉറപ്പിക്കാം.
വിഷുക്കണിദര്‍ശനം കഴിഞ്ഞാല്‍ വീടുകളിലെ മുതിര്‍ന്നവര്‍ എല്ലാവര്ക്കും, വിശേഷിച്ച് കുട്ടികള്‍ക്ക് എന്തെങ്കിലും ധനം സമ്മാനമായി കൊടുക്കുന്ന ചടങ്ങാണ് വിഷുക്കൈനീട്ടം. മുമ്പുകാലത്ത് ഇപ്രകാരം ലഭിക്കുന്ന അല്പസ്വല്പം ചില്ലറപ്പൈസയായിരിക്കും കുട്ടികള്‍ക്ക് ആകെയുണ്ടാകുന്ന സ്വകാര്യധനം. അതില്‍നിന്ന് അഭിരുചിക്കനുസരിച്ച് കുട്ടികള്‍ ചെലവുചെയ്യുമായിരുന്നു. കൈനീട്ടമായി ലഭിക്കുന്ന ഏതാനും ചില്ലിക്കാശ് കുട്ടികള്‍ക്കു വലിയ ആനന്ദത്തെ നല്‍കിയിരുന്നു. ഇന്നു സ്ഥിതി മാറി. ഇന്നത്തെ സാഹചര്യത്തില്‍ നാം അടുത്ത തലമുറയ്ക്കു സമ്മാനിക്കേണ്ട കൈനീട്ടം എന്താണെന്ന് നല്ലപോലെ വിവേചനംചെയ്തു നിശ്ചയിക്കുക. ഭൗതികമായ വസ്തുജാലങ്ങളുടെ മായാവലയത്തില്‍ ജീവിക്കുന്നവരാണ് ഇന്നു പ്രായേണ ഏറെപ്പേരും. ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും മേഖലകള്‍ ഇല്ലെന്നല്ല. പക്ഷേ, ദാരിദ്ര്യത്തില്‍ വലിയ മാറ്റം നമുക്കു വന്നിരിക്കുന്നു. അതുകൊണ്ടുതന്നെ വിഭവങ്ങള്‍ വാരിക്കോരി കൊടുക്കുന്നതിനുപകരം നല്ല മനുഷ്യനാകാനുള്ള സന്ദേശവും അറിവുകളും അടുത്ത തലമുറയ്ക്കു നല്കലാവട്ടെ മുഖ്യം. വിഭവങ്ങളെ ഗുണകരമായി വിനിയോഗിക്കാനുള്ള ബുദ്ധിയെ വളര്‍ത്തുന്ന മൂല്യബോധമാകട്ടെ മുഖ്യമായും നല്‍കാനുള്ള വിഷുക്കൈനീട്ടം.
രണ്ടു വര്‍ഷങ്ങള്‍ക്കുമുമ്പ് പല ക്ലാസുകളില്‍ പഠിക്കുന്ന കുറേ വിദ്യാര്‍ഥികളുമായി നാം സംവദിച്ചു. അവര്‍ക്കുവേണ്ടി വ്യത്യസ്തങ്ങളായ വിഷയങ്ങളെക്കുറിച്ചു ക്ലാസുകള്‍ എടുത്തു. ആയിരത്തി അഞ്ഞൂറിലേറെ വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. പ്രഭാഷണമധ്യേ നാം അവരോടു ചോദിച്ചു: 'മക്കളേ, നിങ്ങള്‍ ചെറിയ കുട്ടികളായിരുന്നപ്പോള്‍ പഠിച്ചു നല്ല മനുഷ്യരാകൂ എന്ന സന്ദേശം എത്ര അമ്മമാര്‍ നല്‍കിയിട്ടുണ്ട്?'
അക്കൂട്ടത്തില്‍നിന്ന് രണ്ടുമൂന്നു പേര് മാത്രമാണ് കൈപൊക്കിയത്. നോക്കൂ, ശരാശരി ആയിരത്തി അഞ്ഞൂറു പേരില്‍ മൂന്നു പേര്‍ക്കാണ് പഠിച്ചു നല്ല മനുഷ്യരാകണമെന്ന സന്ദേശം ചെറുപ്പത്തില്‍ ലഭിച്ചിട്ടുള്ളത്. അതിനാല്‍ വിചാരംചെയ്തു നിശ്ചയിക്കുക, നമുക്കു നല്‍കാനുള്ള വിഷുക്കൈനീട്ടത്തെക്കുറിച്ച്.
ഒന്നും നേരെയാവില്ല, എല്ലാം അത്യബദ്ധമാണ്, നമ്മുടെ സമൂഹം അധഃപതിക്കുകയാണ്, മൂല്യബോധം നഷ്ടപ്പെടുകയാണ് എങ്ങും മൂല്യശോഷണമാണ് എന്നൊക്കെയുള്ള സ്ഥിരം വാക്കുകളും ചിന്തകളും ആവര്‍ത്തിക്കാതെ എല്ലാം നല്ലതായിത്തീരും എന്ന ശുഭസങ്കല്പത്തെ നമുക്ക് ഉറപ്പിക്കാം. അതിനായി പ്രവര്‍ത്തിക്കാം. ശുഭമായ ഒരു ഭാവിയെ, വ്യക്തിയുടെയും രാഷ്ട്രത്തിന്റെയുമൊക്കെ മഹത്വപൂര്‍ണവും പരസ്പരപൂരകവുമായ ഉയര്‍ച്ചയെ നമുക്കു സങ്കല്പിക്കാം. വന്നടുക്കുന്ന വിഷു സാര്ഥകമാവട്ടെ.
തന്മേ മനഃ ശിവസങ്കല്പമസ്തു!
(കടപ്പാട്: അദ്വൈതാശ്രമം സത്സംഗം മാസിക)
.ആചരിക്കാനും ആഹ്ലാദിക്കാനും ആഘോഷിക്കാനും ഒക്കെയുള്ള അനേകവിശേഷസന്ദര്ഭങ്ങളെ നമ്മുടെ പൂര്‍വികര്‍ നമുക്കു സമ്മാനിച്ചിട്ടുണ്ട്. അവയില്‍ത്തന്നെ പ്രാദേശികമായ ഏറ്റക്കുറച്ചിലുകളും നാമ-ആചരണഭേദങ്ങളും വളരെയധികം കാണപ്പെടുന്നുണ്ട്. ദേവതകളുമായും പ്രകൃതിശക്തികളുമായും ബന്ധപ്പെട്ടും ലോകജീവിതക്രമത്തിന്റെതന്നെ ഭാഗമായും ഒക്കെ വിവിധസമാചരണങ്ങള് ഉണ്ട്. സമ്പന്നമായ ഒരു സംസ്കൃതിയുടെ അവശ്യഭാഗങ്ങളാണ് ഇത്തരം ആചരണവിശേഷങ്ങള്. കലയും സാഹിത്യവുമൊക്കെത്തന്നെ പുഷ്കലമായി വളര്ന്നുപന്തലിക്കുന്നതിന് അനുകൂലമായ ഘടകങ്ങളെ നല്‍കുന്നതിലും ഇത്തരം ആചരണവിശേഷങ്ങള്ക്കു വലിയ സ്ഥാനമുണ്ട്. അങ്ങനെയുള്ള ആചരണങ്ങളില്‍ ഒന്നാണ് വിഷു.