Bharathayathra

ഉജ്ജയിനി: ആത്മീയതയുടെയും നാഗരികതയുടെയും ദേവഭൂമി

സഹസ്രാബ്ദങ്ങളുടെ ആത്മീയ, നാഗരിക ചരിത്രമുള്ള പ്രദേശമാണു മധ്യപ്രദേശിലെ ഉജ്ജയിനി. ദ്വാദശ ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നായ മഹാകാലേശ്വരം ഇവിടെയാണ്. 51 ശക്തിപീഠങ്ങളില്‍ ഒന്നും ഇവിടെയാണ്. 28 തീര്‍ഥങ്ങളും 12 പ്രധാന ശിവക്ഷേത്രങ്ങളും സപ്തസാഗരവും ചതുര്‍ദശദേവീ സ്ഥാനങ്ങളും 54 പ്രധാന ലിംഗപ്രതിഷ്ഠകളും ഉള്‍പ്പെട്ട അതിവിസ്തൃതമായ തീര്‍ഥാടനകേന്ദ്രമാണ് ഇവിടം. സാന്ദീപനി ആശ്രമം സ്ഥിതി ചെയ്യുന്ന സ്ഥലമാണെന്ന സവിശേഷതയുമുണ്ട്.
സപ്തമോക്ഷ പുരികളില്‍ ഒന്നുകൂടിയായ ഈ പ്രദേശം, 16 മഹാജനപദങ്ങളില്‍ ഒന്നായ അവന്തി രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. അങ്ങനെ പ്രാചീനകാലത്ത് അവന്തികാപുരി എന്ന് അറിയപ്പെട്ടു. 6000 ബി.സിയോടെ മാള്‍വ പീഠഭൂമിയുടെ രാഷ്ട്രീയ, വാണിജ്യ, സാംസ്‌കാരിക കേന്ദ്രമായി ഉജ്ജയിനി മാറിയെന്നാണു ചരിത്രം. മൗര്യസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഇവിടെയായിരുന്നു വിക്രമാദിത്യന്റെ രാജധാനി. വിശ്വകര്‍മാവാണ് ഈ നഗരം സൃഷ്ടിച്ചതെന്നു കഥാസരിത്‌സാഗരത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭൂമണ്ഡലത്തിന്റെ നാഭീസ്ഥാനമായി ഈ സ്ഥലം പരിഗണിക്കപ്പെടുന്നു. ക്രിസ്ത്വബ്ദം 1235ല്‍ ഇല്‍തുത്മിഷ് ഇവിടെയെത്തി കൊള്ള നടത്തുകയും ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും ചെയ്തു. എങ്കിലും ഉജ്ജയിനി തല ഉയര്‍ത്തിത്തന്നെ നിലകൊണ്ടു. പിന്നീടാണ് ജന്തര്‍ മന്തര്‍ ഇവിടെ സ്ഥാപിക്കപ്പെട്ടത്.

ക്ഷിപ്രാനദിയുടെ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. മഹാവിഷ്ണുവിന്റെ ശരീരത്തില്‍നിന്നാണു ക്ഷിപ്രാനദി ഉദ്ഭവിച്ചതെന്നാണു വിശ്വാസം. നരസിംഹഘട്ടം, രാമഘട്ടം, പിശാചമോചനഘട്ടം, ഛത്രീഘട്ടം, ഗന്ധര്‍വതീര്‍ഥം തുടങ്ങിയ സ്‌നാനഘട്ടങ്ങള്‍ ഇവിടെയുണ്ട്.

രണ്ടു ഭാഗങ്ങളോടുകൂടിയതാണ് മഹാകാലേശ്വരക്ഷേത്രം. ഓങ്കാരേശ്വരനാണു താഴ്‌വരയിലെ ക്ഷേത്രത്തില്‍. ഇവിടെനിന്നു പടികള്‍ ഇറങ്ങിയാല്‍ മഹാകാലലിംഗം കാണാം. ഇവിടെ നെയ്‌വിളക്കും എണ്ണവിളക്കും എല്ലായ്‌പ്പോഴും കത്തിക്കൊണ്ടിരിക്കും. മുന്‍ഭാഗത്തുള്ള കുണ്ഡം, കോടിതീര്‍ഥം എന്ന് അറിയപ്പെടുന്നു. ക്ഷേത്രപരിസരത്തു മുകളിലായി അനാദികാലേശ്വരന്റെയും വൃദ്ധകാലേശ്വരന്റെയും ക്ഷേത്രങ്ങളുണ്ട്. മഹാകാലക്ഷേത്രത്തിനു മുമ്പില്‍ ശ്രീരാമക്ഷേത്രവും അതിനു പിന്നില്‍ അവന്തികാദേവീ ക്ഷേത്രവും ഉണ്ട്.

ഇല്‍തുത്മിഷ് തകര്‍ത്തുകളഞ്ഞ മഹാകാലേശ്വര ജ്യോതിര്‍ലിംഗം പിന്നീട് ഗ്വാളിയര്‍ സിന്ധ്യമാരാണു പുനര്‍നിര്‍മിച്ചത്. മഹാകാലേശ്വര ക്ഷേത്രത്തിനു സമീപമാണ് വലിയ ഗണേശ ക്ഷേത്രം. ഇതിനോടു ചേര്‍ന്ന് അഞ്ചു മുഖങ്ങളുള്ള ഹനുമാന്റെ ക്ഷേത്രമുണ്ട്. ഏഴു ലോഹങ്ങള്‍ ചേര്‍ത്തു നിര്‍മിച്ചതാണത്രെ ഇവിടത്തെ വിഗ്രഹം.
വലിയ ഗണേശ ക്ഷേത്രത്തില്‍നിന്ന് അല്‍പം മാറി രുദ്രസരോവരത്തിനടുത്താണ് 51 ശക്തിപീഠങ്ങളില്‍പ്പെട്ട ഹരസിദ്ധിദേവീ ക്ഷേത്രം. വിഗ്രഹമില്ലാത്ത ക്ഷേത്രമാണിത്. പ്രധാന പീഠത്തില്‍ ശ്രീയന്ത്രമാണ് ഉള്ളത്. പിന്‍ഭാഗത്ത് വിക്രമാദിത്യന്റെ ആരാധ്യദേവതയായിരുന്ന അന്നപൂര്‍ണാദേവിയുടെ വിഗ്രഹവുമുണ്ട്. ഈ ക്ഷേത്രത്തിനു പിന്നിലായി അഗസ്‌തേശ്വരക്ഷേത്രവും ഉണ്ട്.

നഗരത്തില്‍നിന്ന് അഞ്ചു കിലോമീറ്ററോളം അകലെ ഭൈരവഗഢ് എന്ന ഗ്രാമത്തില്‍ മലമുകളിലാണു കാലഭൈരവക്ഷേത്രം.

പ്രാചീനഭാരതത്തില്‍ സംസ്‌കൃത പഠനത്തിന്റെയും അറിവിന്റെയും ശാസ്ത്രത്തിന്റെയും കലയുടെയുമൊക്കെ ആസ്ഥാനമായിരുന്ന ആദ്യപീഠം ഉജ്ജയിനിയില്‍ പ്രവര്‍ത്തിച്ചു. ഭര്‍തൃഹരി വിരാടകഥയും നീതിശതകവും വാസവദത്ത രാജകുമാരിയുടെയും ഉദയന്റെയും പ്രണയകഥയുമൊക്കെ രചിച്ചത് ഉജ്ജയിനിയില്‍ വെച്ചാണ്. ഇവിടമാണു രചനകള്‍ക്കുള്ള തട്ടകമായി ഭാസനും തെരഞ്ഞെടുത്തത്. തന്റെ ഒന്നിലേറെ കൃതികളില്‍ ഉജ്ജയിനിയെ പരാമര്‍ശിച്ചിട്ടുള്ള കാളിദാസനും ഇവിടെ എത്തിയിട്ടുണ്ടെന്നാണു കരുതിപ്പോരുന്നത്. ശൂദ്രകന്റെ മൃച്ഛകടികമാണ് ഉജ്ജയിനിയില്‍ വെച്ചു തയ്യാറാക്കപ്പെട്ട മറ്റൊരു കൃതി.

12 വര്‍ഷത്തിലൊരിക്കല്‍ കുംഭമേള നടക്കുന്ന സ്ഥലവുമാണ് ഉജ്ജയിനി.
.

Back to Top