തലസ്ഥാന നഗരിയെ ഭക്തിസാന്ദ്രമാക്കി ആറ്റുകാലമ്മയ്ക്ക് പൊങ്കാല
September 29 2020തിരുവനന്തപുരം: തലസ്ഥാന നഗരിയെ ഭക്തിസാന്ദ്രമാക്കിക്കൊണ്ട് ആറ്റുകാലമ്മയ്ക്ക് ഭക്തലക്ഷങ്ങള്‍ പൊങ്കാലയിട്ടു. ഉച്ചയ്ക്ക് രണ്ടേകാലിന് മേല്‍ശാന്തി പണ്ടാര അടുപ്പില്‍ തീര്‍ത്ഥ ജലം തളിച്ചതോടെയാണ് പൊങ്കാലയ്ക്ക് സമാപനമായത്. ഇവിടെ നിന്നും ആയിരക്കണക്കിന് പൊങ്കാല കലങ്ങളിലേയ്ക്ക് തീര്‍ത്ഥ ജലം പകര്‍ന്നു.
മേല്‍ശാന്തി തിടപ്പള്ളിയിലെ അടുപ്പിലേക്ക് തീ പകര്‍ന്നതിന് പിന്നാലെ സഹമേല്‍ശാന്തി ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പില്‍ തീ കത്തിച്ചതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. തലേദിവസം തന്നെ ഭക്തരില്‍ പലരും ക്ഷേത്ര പരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും എത്തി പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ഒട്ടേറെ പ്രമുഖര്‍ ഇത്തവണയും പൊങ്കല അര്‍പ്പിക്കാനെത്തി.
ക്ഷേത്ര ഭരണസമിതിയും നഗരസഭയും വിവിധ സര്‍ക്കാര്‍വകുപ്പുകളും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. പ്ലാസ്റ്റിക് ഒഴിവാക്കി പരിസ്ഥിതി സൗഹൃദ പൊങ്കാല ഇത്തവണ ഒരുക്കിയതും ശ്രദ്ധേയമായി. കെ.എസ്.ആര്.ടി.സിയും റെയില്‍വെയും പ്രത്യേക സര്‍വ്വീസുകള്‍ നടത്തി. ഭക്തര്‍ക്ക് മികച്ച സേവനം ചെയ്യുന്ന മൂന്നു ഓട്ടോറിക്ഷ െ്രെഡവര്‍മാര്‍ക്ക് പോലീസ് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ച് ക്ഷേത്രപരിസരത്തും തിരുവനന്തപുരം നഗരത്തിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. 200 പിങ്ക് വളന്റിയര്‍മാരെയാണ് ഇതിനായി നിയമിച്ചത്. ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് ഇന്നലെ ഉച്ച മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു.