Sanathanam

പരമശിവന്‍: അഭയപ്രദനായ വിശ്വരക്ഷകന്‍

നാളെ ശിവരാത്രി. ശിവമായ സങ്കല്‍പം, ശിവത്തിന്റെ സങ്കല്‍പം, ശിവന്റെ സങ്കല്‍പം  എന്നൊക്കെയാണ് ശിവസങ്കല്‍പത്തിന്റെ അര്‍ഥം. ശിവമെന്നാല്‍ മംഗളം എന്നര്‍ഥം. അതുകൊണ്ട്, മംഗളസ്വരൂപമായ പരമാത്മാവിന്റെ സങ്കല്‍പം, മംഗളസ്വരൂപനായ ശിവന്റെ സങ്കല്‍പം, മംഗളമയമായ സങ്കല്‍പം എന്നൊക്കെയും ശിവസങ്കല്‍പത്തിന് അര്‍ഥമുണ്ട്. ശിവമായ സങ്കല്‍പം എന്ന അര്‍ഥത്തിലെടുത്താല്‍ ശിവസങ്കല്‍പത്തെക്കുറിച്ചു മനസ്സിലാക്കാന്‍ എളുപ്പമായിരിക്കും. അന്തഃകരണത്തില്‍ ഉണ്ടാവുന്ന, അഥവാ ഉണ്ടാകേണ്ടതായ മംഗളകരങ്ങളായ സങ്കല്‍പങ്ങളെ ശിവസങ്കല്‍പമെന്നു പറയാം.
'മേ മന ശിവസങ്കല്പമസ്തു' (എന്റെ മനസ്സ് ശിവമായ-മംഗളകരമായ സങ്കല്‍പത്തോടുകൂടിയതാകണമേ) എന്നു വേദത്തില്‍ ഋഷി ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രാര്‍ഥിച്ചിട്ടുണ്ട്.
നല്ല ചിന്തകളെക്കൊണ്ട് എന്റെ മനസ്സ് നിറേയണമേ എന്ന ഈ പ്രാര്‍ഥന വൈദികമായ ശിവസങ്കല്‍പസൂക്തത്തിലുള്ളതാണ്. കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, അസൂയ തുടങ്ങിയ ദോഷങ്ങളെല്ലാമൊഴിഞ്ഞ് എന്റെ മനസ്സ് നല്ല സങ്കല്‍പത്തോടു കൂടിയതാകട്ടെ. ഇങ്ങനെയുള്ള നല്ല, മംഗളകരമായ സങ്കല്‍പമാണു ശിവസങ്കല്‍പം എന്നു പറയാം. ശിവത്തെ സംബന്ധിക്കുന്ന സങ്കല്‍പത്തെയും ശിവനെ സംബന്ധിക്കുന്ന സങ്കല്‍പത്തെയും ശിവസങ്കല്‍പമെന്നു പറയാം. ശിവത്തിന്റെ സങ്കല്‍പമെന്നു പറയുമ്പോള്‍ മംഗളസ്വരൂപിയായ പരമാത്മാവിന്റെ, പരമേശ്വരന്റെ സങ്കല്‍പം എന്നര്‍ഥം. അതായത്, പരബ്രഹ്മത്തെ സംബന്ധിച്ച്, പരമാത്മാവിനെ സംബന്ധിച്ച് നമ്മുടെ ശാസ്ത്രങ്ങളുടെ- അനുഭവികളായ ആചാര്യന്മാരുടെ സങ്കല്പം. അതുപോലെ ദേവാധിദേവനും മംഗളസ്വരൂപിയുമായ പരമശിവന്റെ സൃഷ്ടിസ്ഥിതിസംഹാരാദി വ്യവഹാരങ്ങളെയും നിഗ്രഹാനുഗ്രഹാദി കൃത്യങ്ങളെയും ലീലാവിലാസങ്ങളെയും സംബന്ധിക്കുന്ന സങ്കല്‍പത്തെയും ശിവസങ്കല്‍പമെന്നു പറയാം.
ശിവതത്ത്വത്തെ വളരെ ഹൃദയസ്പൃക്കായി വര്‍ണിച്ച ശ്രീ പുഷ്പദന്തന്‍ തന്റെ ശിവമഹിമ്‌നഃസ്‌തോത്രത്തിന്റെ ആരംഭത്തില്‍ത്തന്നെ 'അതീതഃ പന്ഥാനം തവ ച മഹിമാ വാങ്മനസയോഃ അതദ്‌വ്യാവൃത്ത്യായം ചകിതമഭിധത്തേ ശ്രുതിരപി' എന്നു പറയുന്നത് ശ്രദ്ധേയമാണ്. അവിടുത്തെ മഹിമ വാക്കിന്റെയും മനസ്സിന്റെയും വഴിയെ അതിക്രമിച്ചിരിക്കുന്നു. ശ്രുതിപോലും പേടിച്ചുവിറച്ചുകൊണ്ട് ഇതല്ല, ഇതല്ല എന്നിങ്ങനെയാണ് അതിനെക്കുറിച്ചു പറയുന്നത് എന്നര്‍ഥം. യാതൊന്നിനെ വാക്കുകൊണ്ടു പറയാന്‍ കഴിയില്ലയോ, യാതൊന്നിനെ മനസ്സുകൊണ്ട് മനസ്സിലാക്കാന്‍ കഴിയില്ലയോ അതാണ് അവിടുത്തെ സ്വരൂപം. വാക്കുകളെക്കൊണ്ട് നമുക്ക് വിഷയങ്ങളെക്കുറിച്ചു പറയാം. ഏതെങ്കിലും പ്രകാരത്തില്‍ അറിയപ്പെടുന്നതും ജാതിരൂപഗുണക്രിയാ നാമസംബന്ധങ്ങളുള്ളതുമായ വിഷയങ്ങളെക്കുറിച്ച് നമുക്ക് പറയാനും അറിയാനും കഴിയും. എന്നാല്‍ ഈവകയൊന്നുമില്ലാത്ത പരമതത്ത്വത്തെക്കുറിച്ച് എങ്ങനെ പറയാന്‍ കഴിയും? എങ്ങനെ മനസ്സിലാക്കാന്‍ കഴിയും? അതുകൊണ്ട് ഉപനിഷത്തില്‍ 'യദ്വാചാ അനഭ്യുദിതം' (യാതൊന്ന് വാക്കിനാല്‍ പ്രകാശിപ്പിക്കപ്പെടുന്നില്ലയോ), 'യന്‍മനസാ ന മനുതേ' (യാതൊന്ന് മനസ്സിനാല്‍ മനസ്സിലാക്കപ്പെടുന്നില്ലയോ) എന്നൊക്കെ പരമമായ തത്ത്വത്തെക്കുറിച്ചു പറയും. വാക്കിന്റെയും മനസ്സിന്റെയും പരിധിയെ അതിക്രമിച്ചു നില്‍ക്കുന്നതാണ് അവിടുത്തെ മഹിമ. വാങ്മനസ്സുകള്‍ക്ക് അതീതമാകയാല്‍ സാക്ഷാല്‍ വേദംപോലും 'നേതി, നേതി' (ഇതല്ല, ഇപ്രകാരമല്ല) എന്ന അപവാദമുഖത്തെക്കൊണ്ടാണ് പരമസത്യത്തെ പറയുന്നത്. വാക്കിനും മനസ്സിനും വിഷയമായ സകലവസ്തുപ്രപഞ്ചത്തെയും നിഷേധിക്കുമ്പോള്‍ അനിഷേധ്യമായ, അടിസ്ഥാനമായ  ഈശ്വരസ്വരൂപം ശേഷിക്കും. 'യതോ വാചോ നിവര്‍ത്തന്തേ അപ്രാപ്യ മനസാ സഹ'- പ്രാപിക്കാനാവാതെ എവിടെനിന്നാണോ മനസ്സോടുകൂടെ വാക്കുകള്‍ പിന്തിരിയുന്നത് അതാണ് പരമമായ ശിവതത്ത്വം. അശബ്ദവും അസ്പര്‍ശവും അരൂപവും അഗന്ധവും ഒക്കെയാകയാല്‍ അനിര്‍വ്വചനീയമാണ് ആ തത്ത്വമെങ്കിലും അനുഭൂതിസമ്പന്നന്മാരായ മഹര്‍ഷിവര്യന്‍മാര്‍ അപാരമായ ലോകകൃപ ഒന്നുകൊണ്ടുമാത്രം പല പ്രകാരം ഉപദേശിക്കാന്‍ പരിശ്രമിച്ചിട്ടുണ്ട്. ഇത്തരം ഉപദേശവാക്യങ്ങളാണ് ഉപനിഷത്തുക്കളൊക്കെയും. വാക്കിനു വിഷയമല്ലാത്ത തത്ത്വത്തെ വാക്കുകൊണ്ടുപറയാന്‍ ശ്രമിക്കുമ്പോഴുള്ള ന്യൂനത ഈ ആചാര്യവാക്യങ്ങളിലൊക്കെയുമുണ്ട്. 'തദ്ദൂരേ തദ്വന്തികേ' (അത് ദൂരെയാണ്, അത് അടുത്തുമാണ്), 'തദേജതി തന്നൈജതി' (അത് ഇളകുന്നു, അത് ഇളകുന്നില്ല) 'അണോരണീയാന്‍ മഹതോ മഹീയാന്‍' (അണുവില്‍വെച്ച് അണുതമവും മഹത്തില്‍വെച്ച് മഹത്തമവും) തുടങ്ങി ആയിരക്കണക്കിന് ശ്രുതിവാക്യങ്ങള്‍ ഇവിടെ ദൃഷ്ടാന്തങ്ങളാണ്. ശിവതത്ത്വത്തെ സ്പഷ്ടമായി പറയുന്ന ഉപനിഷദ്‌വാക്യം 'നാന്തഃപ്രജ്ഞം ന ബഹിഷ്പ്രജ്ഞം നോഭയതഃ പ്രജ്ഞം ന പ്രജ്ഞാനഘനം നാപ്രജ്ഞം ന പ്രജ്ഞം ക  അദൃഷ്ടമവ്യവഹാര്യമഗ്രാഹ്യമലക്ഷണമചിന്ത്യമവ്യപദേശ്യമേകാത്മപ്രത്യയസാരം പ്രപഞ്ചോപശമം ശാന്തം ശിവമദ്വൈതം' എന്നാണ് അരുളുന്നത്. അതായത് അന്തഃപ്രജ്ഞമോ (ഉള്ളിലേക്ക് പ്രജ്ഞയോടൊത്തത്) ബഹിഷ്പ്രജ്ഞമോ (പുറമേക്ക് പ്രജ്ഞയോടൊത്തത്) ഉഭയപ്രജ്ഞമോ (രണ്ടുപ്രകാരത്തിലും പ്രജ്ഞയോടൊത്തത്) പ്രജ്ഞാനഘനമോ അപ്രജ്ഞമോ പ്രജ്ഞമോ അല്ലാത്തതും അദൃഷ്ടവും വ്യവഹരിക്കാനാവാത്തതും ഗ്രഹിക്കാനാവാത്തതും ലക്ഷണമില്ലാത്തതും ചിന്തിക്കപ്പെടാനാവാത്തതും ഇന്നതെന്ന് ഉപദേശിക്കാനാവാത്തതും എന്നാല്‍ സര്‍വ്വപ്രപഞ്ചവും ഉപശമിച്ച ഏകമായ ആത്മപ്രത്യയത്തിന്റെ സാരവും ശാന്തവും അദ്വൈതവുമാണ് ശിവം എന്നര്‍ഥം. സര്‍വ്വപ്രപഞ്ചവൃത്തികളും ഉപശമിച്ച് കേവലമായ ഏകാത്മപ്രത്യയസാരമാകുന്ന സമാധിദശയില്‍ അറിയുന്ന സ്വരൂപംതന്നെ ശിവം. ശ്രവണമനനധ്യാനങ്ങളിലൂടെ ആത്മാകാരവൃത്തിയെ സമ്പാദിച്ച് പ്രപഞ്ചോപശമത്തില്‍ സ്വയം അറിയേണ്ടതാണിത്. അറിയുന്നവന്‍, അറിയപ്പെടുന്നത,് അറിവ് എന്ന ത്രിപുടി ഒഴിഞ്ഞ ഏകാത്മപ്രത്യയസാരമാണ് ശിവം. ഇത് അവാച്യം, അവ്യവഹാര്യം.
മംഗളസ്വരൂപനായ ശിവന്റെ സങ്കല്‍പങ്ങള്‍ പറഞ്ഞാല്‍ തീരുന്നവയല്ല. നിര്‍ഗുണമായ ശിവത്തിന്റെ സങ്കല്‍പം പറയാനാവതല്ല. സഗുണനായ ശിവന്റെ സങ്കല്‍പം പറഞ്ഞുതീര്‍ക്കാവതുമല്ല. സകലഭാവങ്ങളിലും ശിവസ്തുതി ചെയ്ത ശ്രീ പുഷ്പദന്തന്‍
  'അസിതഗിരിസമം സ്യാത് കജ്ജലം സിന്ധുപാത്രേ
  സുരതരുവരശാഖാ ലേഖനീ പത്രമുര്‍വ്വീ,
  ലിഖതി യദി ഗൃഹീത്വാ ശാരദാ സര്‍വ്വകാലം
  തദപി തവഗുണാനാമീശ പാരം ന യാതി.' എന്നാണ് പറയുന്നത്. അതായത്, നീലഗിരിക്കു തുല്യമായ അളവ് മഷി എടുത്ത് സമുദ്രമാകുന്ന പാത്രത്തില്‍ കലക്കി ദേവതാരുവിന്റെ വലിയ കൊമ്പിനെ എഴുത്താണിയാക്കി ഭൂമിയാകുന്ന കടലാസില്‍ ശാരദാദേവി സകലകാലവും ഇരുന്നെഴുതിയാലും അല്ലയോ ഈശ, അവിടുത്തെ ഗുണങ്ങളുടെ അറ്റം എത്തുകയില്ല. അവിടുത്തെ മഹിമകളെ എഴുതിത്തീര്‍ക്കാവതല്ലെന്ന് അര്‍ഥം. അത്രയ്ക്കധികം ജഗന്മോഹനവും തത്ത്വബോധകവും അനന്തവുമാണ് ശിവന്റെ ചരിതങ്ങളും ലീലകളും. അവിടുന്ന് സര്‍വ്വേശ്വരനാണെങ്കിലും ഭസ്മശായിയാണ്; ഉമാപതിയാണെങ്കിലും ഊര്‍ദ്ധ്വരേതസ്സാണ്; കുബേരന്റെ യജമാനന്‍ ആണെങ്കിലും മൃഗത്തോല്‍ ഉടുത്തവനാണ്! ശിവസ്വരൂപനും ശിവപ്രദായകനും ആണെങ്കിലും അവിടുന്ന് വിഹരിക്കുന്നത് ശ്മശാനത്തില്‍ പിശാചുക്കളോടുകൂടിയുമാണ്. സര്‍വ്വദേവന്മാര്‍ക്കും ഐശ്വര്യത്തെ നല്‍കുന്ന മഹാദേവനായ അവിടുന്ന് വാഹനമാക്കിയിരിക്കുന്നത് ഒരു കാളയെ! ഭിക്ഷാടകനായ അവിടുന്ന് പാത്രമാക്കിയത് ഒരു തലയോടിനെ! വിഷസര്‍പ്പമാണ് അവിടുത്തെ ആഭൂഷണം, ശ്മശാനഭസ്മം ആലേപനവും! അമൃതകിരണനായ ചന്ദ്രനും ലോകദാഹകനായ അഗ്നിയും പതിതപാവനിയായ ഗംഗയും സര്‍വ്വനാശകമായ വിഷവും ഒരുപോലെ ആ ദേഹത്തിലാവസിക്കുന്നു. കാമനെ ഭസ്മീകരിച്ച അവിടുന്ന്  ഉമയ്ക്ക് അര്‍ദ്ധാംഗത്തെ നല്‍കി സ്വയം അര്‍ദ്ധനാരീശ്വരഭാവത്തെ പ്രാപിച്ചിരിക്കുന്നു! നോക്കൂ, ബാഹ്യദൃഷ്ട്യാ അത്യന്തവിലക്ഷണങ്ങളും ഒട്ടു വിപരീതങ്ങളുമായ ഈ രൂപഭാവങ്ങളെല്ലാം വിചാരം ചെയ്യുന്നവര്‍ക്ക് എത്രയെത്ര മഹത്തത്ത്വങ്ങളെ ബോധിപ്പിക്കാതിരിക്കില്ല! സകലകലകളുടെയും വിദ്യകളുടെയും ആദിസ്രോതസ്സ് ഈ നടരാജനല്ലാതാര്? അനാദിയായ ഗുരുപരമ്പരയുടെ പ്രഭവം ഈ ദക്ഷിണാമൂര്‍ത്തിയിലല്ലാതെ എവിടെ കാണാനൊക്കും? സകല ലോകത്തെയും നശിപ്പിക്കാനുള്ള വീര്യത്തോടെ ഉയര്‍ന്ന ഹാലാഹലത്തെ കൈക്കുമ്പിളില്‍ ആവാഹിച്ച് പാനം ചെയ്ത് കണ്ഠത്തിലൊതുക്കിയ നീലകണ്ഠനല്ലാതെ അഭയപ്രദനാര്? ഒരു കൈയില്‍ അഭയമുദ്രയും മറുകയ്യില്‍ ഉഗ്രമായ ത്രിശൂലവും ധരിച്ച് ബ്രഹ്മതേജസ്സിന്റെയും ക്ഷാത്രവീര്യത്തിന്റെയും സമന്വിതമൂര്‍ത്തിയായി വിരാജിക്കുന്ന അഭയങ്കരനും ഭയങ്കരനുമായ അവിടുന്നല്ലാതെ വിശ്വരക്ഷകനാര്!
ശിവനെ സംബന്ധിക്കുന്ന സകല വിഷയങ്ങളിലുമുണ്ട് അത്യന്തം പഠനീയങ്ങളായ ഒട്ടനവധി വിശേഷങ്ങള്‍. അവിടുത്തെ കുടുംബസങ്കല്‍പം നോക്കൂ. വൈപരീത്യങ്ങളുടെ ഒരു സമാഹാരമാണ് ഈ കുടുംബസങ്കല്പത്തില്‍! തന്റെ വാഹനം ഭാര്യയുടെ വാഹനത്തിന്റെ ഇര. തന്റെ ആഭരണത്തിന് ഇരയാണ് ഒരു പുത്രന്റെ വാഹനം. മറ്റൊരു പുത്രന്റെ വാഹനമാകട്ടെ തന്റെ ഭൂഷണത്തിന്റെ ശത്രുവും. ദേഹാര്‍ദ്ധത്തില്‍ ഉമയ്ക്കു സ്ഥാനം കൊടുത്ത അവിടുത്തെ ശിരസ്സില്‍ ഇരിക്കുന്നത് ഗംഗ. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത വൈരുദ്ധ്യങ്ങളുടെ മധ്യത്തിലും പ്രശാന്തതയുടെ സര്‍വ്വോത്തമഭാവമായ തപസ്സില്‍ അവിടുന്ന് നിമഗ്നനായിരിക്കുന്നു. ശിവന്റെ ഉപാസനാരീതിയിലുമുണ്ട് ഒട്ടു വിലക്ഷണത. മറ്റു ദേവതകളെയെല്ലാം പ്രായേണ സഗുണസാകാരഭാവത്തില്‍ സര്‍വ്വാംഗയുക്തമായ വിഗ്രഹങ്ങളില്‍ പൂജിക്കുമ്പോഴും നിരവയവത്വത്തെയും അനാദ്യനന്തഭാവത്തെയും സൂചിപ്പിക്കുന്ന ലിംഗത്തിലാണ് നാം മഹാദേവനെ പൂജിക്കുന്നത്. ലിംഗമെന്നാല്‍ സൂചിപ്പിക്കുന്നത് എന്നര്‍ഥം. ശിവത്തെ സൂചിപ്പിക്കുന്നത് ശിവലിംഗം.   
വര്‍ണിച്ചുതീര്‍ക്കാനാവാത്ത ശിവ(ന്റെ)സങ്കല്‍പത്തെയും വര്‍ണ്ണനയ്ക്കു വിഷയമല്ലാത്ത ശിവ(ത്തിന്റെ) സങ്കല്പത്തെയും മനനം ചെയ്യാന്‍ ശിവമയമായ മനസ്സ് നമുക്കുണ്ടാവട്ടെ. ഇതിന് ശിവപ്രസാദത്തെ നേടാന്‍ നമുക്കുണ്ടാവട്ടെ. അതിന് നിരന്തരമായ സേവാപ്രവര്‍ത്തനങ്ങള്‍, സല്‍ക്കര്‍മ്മാനുഷ്ഠാനങ്ങള്‍, സല്‍സംഗങ്ങള്‍, ക്ഷേത്രോപാസന, നാമ-മന്ത്രജപാനുഷ്ഠാനങ്ങള്‍ തുടങ്ങിയ സദാചാരങ്ങള്‍ ചെയ്തു പ്രാഥമികമായി സമ്പാദിക്കേണ്ടുന്ന ചിത്തശുദ്ധിയും സമാധാനവും നേടിയശേഷം അനുഭവികളായ ആചാര്യന്മാരെ പ്രാപിച്ച് അവരില്‍നിന്ന് ശിവതത്ത്വത്തെ ശ്രവണം ചെയ്ത് ആയതു നിരന്തരമനനത്തിനു വിധേയമാക്കി തദ്ദ്വാരാ ധ്യാനനിഷ്ഠയിലേക്ക് ഉയരണം. അനന്തരം ഏകാഗ്രതമമായ അന്തഃകരണം പ്രപഞ്ചോപശമമെന്ന സമാധിപ്രജ്ഞയിലേക്ക് ഉയരുമ്പോഴാണ് ശിവതത്ത്വത്തെ അറിയാനാവുന്നത്. അപ്പോള്‍ അറിയുന്നവനും അറിവും അറിയപ്പെടുന്നതും എല്ലാം ഏകരസംതന്നെ. ഇതുതന്നെ ശിവം. ശിവതത്ത്വത്തെ അനുസന്ധാനംചെയ്ത് അത്യുത്കൃഷ്ടതമവും സര്‍വ്വലക്ഷണയുക്തവുമായ ശ്ലോകങ്ങളാല്‍ ശിവസ്തുതിചെയ്ത ശ്രീ പുഷ്പദന്തന്‍ ഒടുവില്‍ നമിക്കുംപോലെ നമുക്കും നമിക്കാം:
'തവ തത്ത്വം ന ജാനാമി കീദൃശോസി മഹേശ്വര,
യാദൃശോസി മഹാദേവ താദൃശായ നമോ നമഃ' (അല്ലയോ മഹേശ്വര, അവിടുന്ന് എങ്ങനെയുള്ളതാണെന്ന തത്ത്വത്തെ ഞാന്‍ അറിയുന്നില്ല. അല്ലയോ മഹാദേവ, എങ്ങനെയുള്ളവനാണോ അവിടുന്ന് അങ്ങനെയുള്ള അങ്ങേയ്ക്ക് വീണ്ടും വീണ്ടും നമസ്‌കാരം).
.

Back to Top