Bharathayathra

ആദിശങ്കരന്‍ ഗുരുവിനെ കണ്ടെത്തിയ ഓംകാരേശ്വരം

ദ്വാദശ ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നാണു മധ്യപ്രദേശിലെ ഖാന്ദ്വ ജില്ലയിലുള്ള ഓംകാരേശ്വരക്ഷേത്രം. വിശുദ്ധനദിയായ നര്‍മദ തീര്‍ത്ത ഓംകാരത്തിന്റെ രൂപമുള്ളതെന്നു കരുതപ്പെടുന്ന ദ്വീപിലാണു ചരിത്രപ്രധാനമായ ക്ഷേത്രനഗരി.  ഓംകാരേശ്വരവും നദിക്കു മറുകരയുള്ള അമലേശ്വരവും ജ്യോതിര്‍ലിംഗങ്ങളായി ഗണിക്കപ്പെടുന്നു. ശങ്കരാചാര്യര്‍ തന്റെ ഗുരു ഗോവിന്ദഭഗവദ്പാദരെ കണ്ടുമുട്ടിയത് ഇവിടെ വെച്ചായിരുന്നു.
നര്‍മദയുടെ മധ്യത്തില്‍ മാന്ധാതാ മഹാരാജാവിന്റെ തപോഭൂമിയും മാന്ധാതാവെന്ന ദ്വീപും ഉണ്ട്. ഒരു കിലോമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശം. ദ്വീപില്‍ ഓങ്കാരേശ്വരവും നദിക്കു മറുകരയില്‍ അമലേശ്വരവും. വിന്ധ്യപര്‍വതം ഇവിടെ ഓങ്കാരയന്ത്രരൂപത്തില്‍ നില്‍ക്കുന്നു.
നര്‍മദാനദിയില്‍ കോടിതീര്‍ഥം, ചക്രതീര്‍ഥം എന്നീ രണ്ടു തീര്‍ഥങ്ങളുണ്ട്. പടവുകള്‍ കയറിയാല്‍ ഓങ്കാരേശ്വരക്ഷേത്രത്തിലെത്താം. ക്ഷേത്രത്തിനു താഴെവശത്താണ് അന്‍ഗഢ് ഓങ്കാരേശ്വരം. വിഗ്രഹത്തിനു നാലുവശത്തും വെള്ളം നിറഞ്ഞുനില്‍ക്കുന്നു. അടുത്ത് പാര്‍വതീദേവിയുടെ വിഗ്രഹമുണ്ട്. പടികള്‍ കയറി മുകളില്‍ച്ചെന്നാല്‍ മഹാകാലേശ്വരനും മൂന്നാമത്തെ നിലയില്‍ വൈദ്യനാഥേശ്വരനും ഉണ്ട്. ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ അഞ്ചു മുഖങ്ങളുള്ള ഗണപതിയുണ്ട്. രാമേശ്വരം, ഗോരി, സോമനാഥം എന്നീ ക്ഷേത്രങ്ങളും ഇവിടെയാണ്. ജാലേശ്വരം, അവിമുക്തേശ്വരം, കേദാരേശ്വരം മുതലായ ക്ഷേത്രങ്ങളും കാണാം.
വിന്ധ്യപര്‍വതവുമായി ബന്ധപ്പെട്ടുള്ളതാണു ഓംകാരേശ്വരത്തെക്കുറിച്ചുള്ള ഐതിഹ്യം. തന്റെ യാത്രകള്‍ക്കിടെ നാരദമുനി ഒരിക്കല്‍ വിന്ധ്യപര്‍വതം സന്ദര്‍ശിച്ചു. മേരുപര്‍വതത്തിന്റെ മഹിമയെക്കുറിച്ചു നാരദമുനി വിന്ധ്യനോടു വിശദീകരിക്കുകയും ചെയ്തു. ഇതു വിന്ധ്യനു മേരു പര്‍വതത്തോടുള്ള അസൂയ വളര്‍ത്തി. മേരുവിനെക്കാള്‍ വലുതാകണമെന്നു വിന്ധ്യന്‍ തീരുമാനിച്ചുറച്ചു. അതിനായി ശിവനെ തപസ്സു ചെയ്തു. സംപ്രീതനായ ശിവന്‍ പ്രത്യക്ഷപ്പെട്ട് വിന്ധ്യന്‍ ചോദിച്ച വരം നല്‍കി. എന്നാല്‍, എല്ലാ ദൈവങ്ങളും സന്ന്യാസിമാരും അഭ്യര്‍ഥിച്ചതനുസരിച്ചു ശിവന്‍, ലിംഗത്തിന്റെ രണ്ടു ഭാഗങ്ങള്‍ നിര്‍മിച്ചിരുന്നു. ഇതില്‍ ഒന്ന് ഓംകാരേശ്വരവും മറ്റേത് അമരേശ്വരവു(മാമലേശ്വരം)മാണ്. വിന്ധ്യനു വളരാനുള്ള അനുഗ്രഹം നല്‍കിയെങ്കിലും അതൊരിക്കലും തന്റെ ഭക്തര്‍ക്കു ബുദ്ധിമുട്ടു സൃഷ്ടിക്കുംവിധമാകരുതെന്നു ശിവന്‍ വ്യവസ്ഥ വെച്ചിരുന്നു. എന്നാല്‍, ഈ വ്യവസ്ഥ പാലിക്കാതെ വിന്ധ്യന്‍ വളരാന്‍ തുടങ്ങി. സൂര്യനെയും ചന്ദ്രനെയും മറയ്ക്കുംവരെ വളര്‍ച്ച തുടര്‍ന്നു.
ഈ അവസരത്തില്‍ എല്ലാ ദേവന്മാരും സഹായംതേടി അഗസ്ത്യമുനിയെ സമീപിച്ചു. അഗസ്ത്യമുനി ഭാര്യാസമേതനായി വിന്ധ്യനടുത്തേക്കു വരികയും താനും ഭാര്യയും തിരിച്ചുപോകുന്നതുവരെ വളരാന്‍ സാധിക്കില്ലെന്നു വിന്ധ്യനെ അറിയിക്കുകയും ചെയ്തു. അഗസ്ത്യമുനിയും ഭാര്യയും അവിടെത്തന്നെ കഴിയാന്‍ തീരുമാനിച്ചതോടെ വിന്ധ്യനു പീന്നീട് വളരാന്‍ സാധിച്ചില്ല. ദ്വാദശ ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നും ദക്ഷിണകാശിയെന്നു കരുതി ആരാധിച്ചുപോരുന്നതുമായ ശ്രീശൈലത്തിലാണു മുനിയും ഭാര്യയും കഴിഞ്ഞിരുന്നത്. ഓംകാരേശ്വരത്തിന്റെ ചരിത്രത്തെക്കുറിച്ചു വേറെയും വിശദീകരണങ്ങള്‍ നല്‍കപ്പെടുന്നുണ്ട്.
ഗോവിന്ദഭഗവദ്പാദരുടെ സ്ഥാനം ഇവിടെയായിരുന്നു. ഗുരുവിനെ തേടിയെത്തിയ ശങ്കരാചാര്യര്‍ ഒടുവില്‍ ഇവിടെ വെച്ചാണ് ഗുരുപ്രാപ്തി നേടിയത്.
.

Back to Top