ഫെബ്രുവരി രണ്ടിന് മള്ളിയൂര്‍ ഭാഗവതഹംസ ജയന്തി
January 27 2017ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന് നമ്പൂതിരിയുടെ തൊണ്ണൂറ്റിയാറാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള ഭാഗവതാമൃത സത്രം മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രസന്നിധിയില്‍ നടന്നുവരുന്നു. ഫെബ്രുവരി രണ്ടിനാണ് ഭാഗവതഹംസ ജയന്തി. അന്നു നടക്കുന്ന ജയന്തി സമ്മേളനം ശ്രീഎം ഉദ്ഘാടനം ചെയ്യും.
സത്രവേദിയില്‍ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹവുമായുള്ള രഥഘോഷയാത്ര തിരുവൈരാണിക്കുളം മഹാദേവക്ഷേത്രസന്നിധിയില്‍ നിന്ന് എത്തിച്ചേര്‍ന്നതോടെ ജനുവരി 23നാണ് ഭാഗവതാമ്യത സത്രം ആരംഭിച്ചത്. മള്ളിയൂര്‍ പരമേശ്വരന് നമ്പൂതിരിയാണ് മുഖ്യാചാര്യന്‍. വെണ്മണി കൃഷ്ണന്മ്പൂതിരി, എ.കെ. ബാലകൃഷ്ണ പിഷാരടി, പെരുമ്പള്ളി കേശവന് നമ്പൂതിരി, ശ്രീധര്‍ ശര്‍മ്മ, കിഴക്കേടം ഹരിനാരായണന് നമ്പൂതിരി, വിഠല്‍ദാസ് ജയകൃഷ്ണ ദീക്ഷിതര്‍ എന്നിവര്‍ ആചാര്യന്മാരാണ്. രാവിലെ 9 മുതല്‍ വൈകിട്ട് 6.30വരെയാണ് പ്രഭാഷണം.
വൈകിട്ട് 7 മുതല്‍ നടക്കുന്ന കലാപരിപാടികളും ഭക്തരെ ഏറെ ആകര്‍ഷിക്കുന്നു. ജനുവരി 23ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും കൈതപ്രം ദീപാങ്കുരന് നമ്പൂതിരിയും നയിച്ച ഭക്തിഗാന തരംഗിണി, 24ന് കെ.ജി.ജയന്, 25ന് ടി.എസ്. രാധാകൃഷ്ണന്, 26ന് മഞ്ഞപ്ര മോഹനന്, 27ന് മാതംഗി സത്യമൂര്‍ത്തി എന്നിവരുടെ സംഗീത സദസ്സ് എന്നിവ ഇതുവരെയുള്ള ദിവസങ്ങളില്‍ നടന്നുകഴിഞ്ഞു.
ഫെബ്രുവരി ഒന്നിന് ഉച്ചക്ക് 12.30മുതല്‍ കാവാലം ശ്രീകുമാറിന്റെ സംഗീതസദസ്സ്, ഫെബ്രുവരി രണ്ടിന് രാവിലെ 9 മുതല്‍ കോഴിക്കോട് പ്രശാന്ത് വര്‍മ്മയുടെ മാനസജപലഹരി എന്നിവ നടക്കും. ഭാഗവതസത്രത്തില്‍ പങ്കെടുക്കുന്ന ഭക്തജനങ്ങളുടെ എണ്ണം ഓരോ വര്‍ഷവും കൂടിവരികയാണെന്ന് മള്ളിയൂരില്‍ എത്തുന്നവര്‍ക്ക് ബോധ്യമാകും.