Sanathanam

ഏകരാഷ്ട്രബോധം വളര്‍ത്തുകയല്ല; ബ്രിട്ടന്‍ ചെയ്തതു രാഷ്ട്രബോധത്തെ തകര്‍ക്കല്‍: സ്വാമി ചിദാനന്ദ പുരി

കോഴിക്കോട്: ഏകരാഷ്ട്രമെന്ന വീക്ഷണം ഭാരതത്തിനു പകര്‍ന്നുനല്‍കിയതു ബ്രിട്ടീഷുകാരാണെന്ന വാദം ശരിയല്ലെന്നും രാഷ്ട്രബോധത്തെ തകര്‍ക്കുകയാണ് ബ്രിട്ടന്‍ ചെയ്തതെന്നും സ്വാമി ചിദാനന്ദ പുരി. വേദങ്ങളിലും പുരാണങ്ങളിലും രാഷ്ട്രത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. കൊളത്തൂര്‍ അദ്വൈതാശ്രമം കോഴിക്കോട്ട് സംഘടിപ്പിക്കുന്ന വാര്‍ഷിക ധര്‍മപ്രഭാഷണപരമ്പരയുടെ അവസാനദിവസം സംശയങ്ങള്‍ക്കു മറുപടി നല്‍കുകയായിരുന്നു സ്വാമി ചിദാനന്ദ പുരി.
യജുര്‍വേദത്തിലും അഥര്‍വവേദത്തിലും രാഷ്ട്രത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്. വിഷ്ണുപുരാണം പോലുള്ള അതിപുരാതനമായ പുരാണങ്ങളില്‍ രാഷ്ട്രമഹിമയെക്കുറിച്ചു പരാമര്‍ശമുണ്ട്. ശ്രുതികളിലും സ്മൃതികളിലും പലയിടത്തും രാഷ്ട്രാഭിമാനത്തെക്കുറിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
ഭാരതത്തില്‍ നിലനിന്നിരുന്നതു ചെറു നാട്ടുരാജ്യങ്ങളായിരുന്നു എന്നതു ശരിയാണ്. എങ്കിലും ഭാരതം ഒരു രാഷ്ട്രമായിരുന്നു. നീതിശാസ്ത്രം അനുസരിച്ചാണു രാജാക്കന്മാര്‍ ഭരിച്ചിരുന്നത്.
ഭാരതത്തിനു ദേശീയബോധം പകര്‍ന്നുനല്‍കിയത് ബ്രിട്ടീഷുകാരാണെന്ന വാദം തെറ്റാണ്. അധികാരം കയ്യടക്കാന്‍ അവര്‍ കണ്ടെത്തിയ മാര്‍ഗങ്ങളിലൊന്ന് ഇവിടുത്തെ രാഷ്ട്രീയബോധത്തെ ഇല്ലാതാക്കുക എന്നതായിരുന്നു. ബ്രിട്ടന്റെ ഈ നീക്കത്തിനെതിരെ അലയടിച്ച ദേശീയബോധമാണു സ്വാതന്ത്ര്യസമരം.
ഭാരതത്തിന്റെ തനതു ദേശീയത തന്നെയാണു ഹിന്ദുധര്‍മം. ഭാരതമഹിമയെ അറിഞ്ഞുജീവിക്കുന്നവരെല്ലാം ഹിന്ദുക്കളാണ്. ഇപ്രകാരം ജീവിക്കലാണു ശരിയായ ദേശീയതയും.
ആധ്യാത്മികതയെക്കുറിച്ചു മനസ്സിലാക്കാന്‍ ഓരോ വ്യക്തിക്കും അവസരമുണ്ടെന്നും ഇതിനായി വിവിധ ഹൈന്ദവസ്ഥാപനങ്ങളില്‍ നടക്കുന്ന സത്സംഗങ്ങളെ ആശ്രയിക്കാവുന്നതാണെന്നും മറ്റൊരു ചോദ്യത്തിനു സ്വാമി ചിദാനന്ദ പുരി മറുപടി നല്‍കി. ആരാണു സംഘടിപ്പിക്കുന്നത് എന്നു ചിന്തിക്കാതെ സത്സംഗങ്ങളില്‍ സംബന്ധിക്കണം. ഇത്തരം കൂട്ടായ്മകളിലൂടെ ആധ്യാത്മികതയുടെ പ്രാഥമിക പാഠങ്ങള്‍ അറിയാന്‍ സാധിക്കും. സദ്‌വിഷയങ്ങള്‍ കേട്ടു ശ്രവണശീലം വളര്‍ത്തുകയാണ് ആദ്യപടി. വേദാന്തം, ആചരണങ്ങള്‍, പൂജാവിധികള്‍, വൈദികകര്‍മങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്‍കുന്ന ആചാര്യന്‍മാരും സ്ഥാപനങ്ങളും എല്ലായിടങ്ങളിലും ഉണ്ട്. അത്തരം സേവനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും സ്വാമി ചിദാനന്ദ പുരി പറഞ്ഞു.
സകല പ്രാപഞ്ചിക വസ്തുക്കള്‍ക്കും നിയതഭാവമുണ്ടെന്നും അതുകൊണ്ടാണു പ്രപഞ്ചവ്യവസ്ഥ നിലനില്‍ക്കുന്നതെന്നും ഗീതാശ്ലോകങ്ങള്‍ വ്യാഖ്യാനിക്കവേ ചൂണ്ടിക്കാട്ടി. പ്രപഞ്ച വ്യവസ്ഥയാണു ധര്‍മം. സകല പ്രതിഭാസങ്ങളെയും എങ്ങനെ വേണമോ അങ്ങനെ വിഭജിച്ചുവെച്ചിട്ടുണ്ട്.
വ്യഷ്ടിയിലും സമഷ്ടിയിലുമുള്ള ഏതു പ്രവര്‍ത്തനത്തെയും നിരീക്ഷിച്ചാല്‍ അവയൊക്കെ മഹിമായര്‍ന്നതാണെന്നു വ്യക്തമാകും. ഒരു അണുകണത്തെ പഠിക്കാന്‍ ശ്രമിച്ചാല്‍ത്തന്നെ അദ്ഭുതപ്പെട്ടുപോകും. അണുകണത്തിന്റെ വിന്യാസത്തില്‍ വരുന്ന ചെറിയ മാറ്റങ്ങള്‍ പോലും മൂലവസ്തുവില്‍ മാറ്റം വരുത്തും. ഈ പ്രപഞ്ചവ്യവസ്ഥയുടെ നിയാമകശക്തിയാണ് ഈശ്വരന്‍.
ഉറച്ച വിശ്വാസത്തോടെ പ്രാര്‍ഥിച്ചാല്‍ ഫലം ഉറപ്പാണെന്ന് ഒരു ചോദ്യത്തിന് ഉത്തരം നല്‍കവേ ചിദാനന്ദ പുരി സ്വാമി വിശദീകരിച്ചു. ഉറച്ച വിശ്വാസത്തോടെ പ്രാര്‍ഥിക്കുമ്പോള്‍ നമ്മുടെ ശരീരത്തിലും ചുറ്റുമുള്ള സാഹചര്യത്തിലും അനുകൂലമായ മാറ്റമുണ്ടാകും. ഇതിലൂടെ പ്രാര്‍ഥനയ്ക്കു ഫലം കിട്ടുമെന്നും വിശദീകരിച്ചു.
പ്രഭാഷണപരമ്പരയ്ക്കു സമാപനം കുറിച്ചുകൊണ്ട് യജ്ഞപ്രസാദവിതരണം നടന്നു. ഒട്ടേറെപ്പേര്‍ യജ്ഞപ്രസാദം സ്വീകരിക്കാനെത്തിയിരുന്നു. കൊളത്തൂര്‍ അദ്വൈതാശ്രമത്തിന്റെ രജതജയന്തിയോടനുബന്ധിച്ചു നടത്താന്‍ പദ്ധതിയിട്ടിരിക്കുന്ന വ്യാപകമായ സേവാപ്രവര്‍ത്തനങ്ങള്‍ക്കായുള്ള നിധിയിലേക്കുള്ള സമര്‍പ്പണം എല്ലാ ദിവസവും പ്രഭാഷണവേദിയില്‍ നടന്നിരുന്നു.
.

Back to Top