Sanathanam

വേദത്തെ സംരക്ഷിച്ചതു വിദേശീയരെന്ന വാദം തെറ്റ്: സ്വാമി ചിദാനന്ദ പുരി

കോഴിക്കോട്: വേദങ്ങള്‍ ഒരു കാലത്തു ഭാരതത്തില്‍ സംരക്ഷിക്കപ്പെടാതെപോയെന്നും അവ വിദേശികളില്‍നിന്നാണു നമുക്കു തിരികെ കിട്ടിയതെന്നുമുള്ള വാദം അടിസ്ഥാനരഹിതമാണെന്നു സ്വാമി ചിദാനന്ദ പുരി. കോഴിക്കോട് വാര്‍ഷിക ധര്‍മപ്രഭാഷണപരമ്പരയ്ക്കിടെ സദസ്സില്‍നിന്നുയര്‍ന്ന ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു ചിദാനന്ദ പുരി സ്വാമി. വേദങ്ങള്‍ ഭാരതമണ്ണില്‍ തീരെ ഇല്ലാതായിപ്പോയെന്നുള്ള വാദം ശരിയല്ല. വാമൊഴി ആയാണു പഠിപ്പിച്ചിരുന്നത് എന്നതിനാല്‍ പകര്‍പ്പു ലഭിക്കാതെ പോയെന്ന നിഗമനത്തിലും കഴമ്പില്ല. എന്നു മാത്രമല്ല, ഇത്തരമൊരു വാദമുന്നയിക്കുന്നവര്‍ തന്നെ വാമൊഴിസമ്പ്രദായത്തിലൂടെ വേദങ്ങള്‍ തലമുറതലമുറയായി കൈമാറിവരുന്നുണ്ടെന്നു സമ്മതിക്കുന്നുണ്ട്. ബ്രിട്ടീഷ് ഗവണ്‍മെന്റ് ചുമതലപ്പെടുത്തിയതുപ്രകാരം മാക്‌സ് മുള്ളര്‍ എഡിറ്റ് ചെയ്ത വേദങ്ങളുടെ പ്രതികളെ അടിസ്ഥാനപ്പെടുത്തിയാണു ഭാരതീയര്‍ യൂറോപ്പില്‍നിന്നു വേദങ്ങളുടെ പകര്‍പ്പു വാങ്ങേണ്ട സ്ഥിതിയുണ്ടായെന്നു വാദിക്കുന്നത്. എന്നാല്‍ ഇത് അടിസ്ഥാനരഹിതമായ ഒന്നാണ്. മരിച്ചവരെക്കുറിച്ച് ഓര്‍ത്തുവിഷമിക്കുകയല്ല, അവരുടെ നന്മകളെ തിരിച്ചറിഞ്ഞ് ഉത്സാഹത്തോടെ കര്‍മം ചെയ്യുകയാണു വേണ്ടതെന്നും സ്വാമി ചിദാനന്ദ പുരി മറ്റൊരു ചോദ്യത്തിന് ഉത്തരം നല്‍കി. പ്രാരബ്ധം തീര്‍ന്നാല്‍ മരിക്കും; അല്ലാത്തപക്ഷം, ജീവനൊടുക്കാന്‍ സ്വയം ശ്രമിച്ചാലും ഫലിക്കില്ല. മുന്‍തലമുറയില്‍പ്പെട്ടവര്‍ മരിച്ചാല്‍ അവര്‍ കാട്ടിത്തന്ന ധാര്‍മികപാതയിലൂടെ മുന്നേറാന്‍ ശ്രമിക്കുകയാണു വേണ്ടത്. പാരമാര്‍ഥികസത്യം ഉള്‍ക്കൊണ്ട് മുന്‍തലമുറയെ മാതൃകയാക്കി ഉത്സാഹപൂര്‍വം കര്‍മം ചെയ്യാന്‍ തയ്യാറാകണം. ഒരു രാഷ്ട്രം, ഒരു ജനത എന്ന നിലയില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ രാഷ്ട്രത്തിന് അഖണ്ഡതയുണ്ടാവുകയുള്ളൂ എന്നു മറ്റൊരു ചോദ്യത്തിനുള്ള മറുപടിയില്‍ സ്വാമി ചിദാനന്ദ പുരി വിശദീകരിച്ചു. മതം ആചരണത്തിന്റെ ഭാഗമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഭരണസംവിധാനം പൗരന്‍മാരെ വേര്‍തിരിക്കുന്നതു ന്യായികരിക്കാവുന്നതല്ല. മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിച്ചാല്‍ എങ്ങനെ നാം ഒന്നാകുമെന്നു സ്വാമി ചിദാനന്ദ പുരി ചോദിച്ചു. സംവരണം സമൂഹത്തില്‍ വലിയ വിടവു സൃഷ്ടിക്കുന്നുണ്ട്. മതങ്ങളും ജാതികളും ജനാധിപത്യസംവിധാനത്തില്‍ വിലപേശലുകളും പിടിച്ചുവാങ്ങലുകളും സദാ നടത്തിവരുന്നു. ഇന്നത്തെ സ്ഥിതി തുടര്‍ന്നാല്‍ ഇത്തരം ഇടപെടലുകള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയേ ഉളളൂ എന്നും സ്വാമി ചിദാനന്ദ പുരി വ്യക്തമാക്കി. ധര്‍മപ്രഭാഷണപരമ്പര ഇന്ന് അവസാനിക്കും.
.

Back to Top