Sanathanam

ശബരിമലവിവാദങ്ങള്‍ പാവക്കൂത്തിനു തുല്യം: സ്വാമി ചിദാനന്ദ പുരി

കോഴിക്കോട്: ശബരിമലയെ ചുറ്റിപ്പറ്റി അടിക്കടി ഉയരുന്ന വിവാദങ്ങള്‍ പാവക്കൂത്തിനു സമാനമാണെന്നു സ്വാമി ചിദാനന്ദ പുരി. പാവക്കൂത്തില്‍ പാവകളുടെ ചലനം മാത്രമേ നാം കാണുന്നൂള്ളൂ. പാവകള്‍ കളിപ്പിക്കാന്‍ ചരടുകള്‍ വലിക്കുന്നതു നാം കാണുന്നില്ല. ശബരിമലയെച്ചൊല്ലി ഉയരുന്ന വിവാദങ്ങള്‍ക്കെല്ലാം പിന്നില്‍ ചില ഗൂഢതാല്‍പര്യങ്ങള്‍ ഉണ്ടെന്നു നിരീക്ഷിച്ചാല്‍ മനസ്സിലാകുമെന്നും വാര്‍ഷികധര്‍മപ്രഭാഷണ പരമ്പരയുടെ സംശയനിവാരണ വേളയില്‍ സ്വാമി ചിദാനന്ദ പുരി വ്യക്തമാക്കി.
അയ്യപ്പഭക്തരായി മാലയിട്ടു മലചവിട്ടുന്നവര്‍ ആലപ്പുഴ ജില്ലയിലെ അര്‍ത്തുങ്കല്‍ പള്ളിയില്‍ ചെന്നു വേണം മാലയഴിക്കാന്‍ എന്ന ഒരു പ്രചരണം അടുത്തിടെ ഉണ്ടായി. ഇതിനെന്ത് അടിസ്ഥാനമെന്ന ചോദ്യം ഉയര്‍ന്നതോടെ അര്‍ത്തുങ്കല്‍ പള്ളി വിവാദത്തിനു ശമനമായി. നേരത്തേ, മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടുമെന്ന പ്രചരണുമുണ്ടായതും അതിനു മന്ത്രി തന്നെ നേതൃത്വം നല്‍കിയതും ദുരൂഹമാണ്. സ്ത്രീപ്രവേശം സംബന്ധിച്ചായിരുന്നു ശബരിമലയെ അടുത്തിടെ ലക്ഷ്യംവെച്ചു നീക്കമുണ്ടായത്.
ഒന്നിനു പിറകെ ഒന്നായി ശബരിമലയെ വിവാദത്തില്‍ പെടുത്തുന്നത് എന്തുകൊണ്ടാണെന്നു ചിന്തിക്കണം. തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനം നടത്താന്‍ നടന്ന ശ്രമങ്ങളെ വലിയ അളവോളം പ്രതിരോധിക്കാന്‍ സാധിച്ചതില്‍ ശബരിമലയ്ക്കു നിര്‍ണായക പങ്കുണ്ട്.
ശബരിമല ക്ഷേത്രത്തിന്റെ പേരു മാറ്റിയതിനെ അഭിനന്ദിക്കുന്നു. ശാസ്താവിന്റെ ബ്രഹ്മചര്യഭാവമായ അയ്യപ്പനാണു ശബരിമലയിലെ പ്രതിഷ്ഠ.
അമ്പലങ്ങളുടെ പേരു മാറ്റുന്നത് ഇതാദ്യമല്ല. ചതുര്‍ബാഹുവായ മഹാവിഷ്ണുവിന്റെ പ്രതിഷ്ഠയുള്ള ഗുരൂവായൂര്‍ ക്ഷേത്രത്തിന്റെ പേരു പിന്നീട് മാറ്റി ശ്രീകൃഷ്ണക്ഷേത്രം എന്നാക്കിയതാണെന്നും സ്വാമി ചിദാനന്ദ പുരി ചൂണ്ടിക്കാട്ടി.
സമൂഹത്തോടുള്ള ബാധ്യത തിരിച്ചറിയണമെന്നു ഗീതാശ്ലോകങ്ങള്‍ വ്യാഖ്യാനിക്കവേ സ്വാമി ചിദാനന്ദ പുരി ചൂണ്ടിക്കാട്ടി. ഇന്ന് അവകാശബോധമാണു കൂടുതല്‍. അവകാശങ്ങള്‍ ബോധിപ്പിക്കാന്‍ എത്രയോ സംഘടനകളുണ്ട്. അവകാശം വേണ്ടെന്നു പറയുന്നില്ല. എന്നാല്‍, അവകാശബോധത്തിനു മുമ്പേ ഓരോരുത്തരും തങ്ങളുടെ ബാധ്യതകള്‍ തിരിച്ചറിയണം. ബാധ്യതകളെക്കുറിച്ചു ബോധമുള്ള പൗരന്മാര്‍ ഉണ്ടാകുമ്പോഴേ ഭാരതം നേടിയെടുത്ത സ്വാതന്ത്ര്യം സാര്‍ഥകമാകൂ.
യജ്ഞം അനുഷ്ഠിക്കാന്‍ വേണ്ടിയുള്ളതാണു ജീവിതം. മറ്റു ജീവിജാലങ്ങളെക്കുറിച്ചു ചിന്തിക്കാതെ അവനവന്‍ മാത്രം പാചകം ചെയ്തു കഴിക്കുന്നതു പാപമാണ്. വീടുകളില്‍ പാചകം ചെയ്ത ഭക്ഷണം കഴിക്കുംമുമ്പ് പുറത്തിറങ്ങി ഭക്ഷണം കഴിക്കാത്തവരുണ്ടോ എന്നു ചോദിച്ച്, അങ്ങനെയാരും പരിസരത്തെങ്ങും ഇല്ലെന്നു ഉറപ്പുവരുത്തിയശേഷം മാത്രം ആഹാരം കഴിക്കുന്ന രീതി പിന്‍തുടരുന്ന ഗ്രാമങ്ങള്‍ ഇപ്പോഴും ഭാരതത്തിലുണ്ടെന്നും സ്വാമി ചിദാനന്ദ പുരി ചൂണ്ടിക്കാട്ടി.
.

Back to Top