Sanathanam

എല്ലാ തൊഴിലും ഉത്കൃഷ്ടമായി കാണുന്ന തൊഴില്‍സംസ്‌കാരം വളരണം: സ്വാമി ചിദാനന്ദ പുരി

കോഴിക്കോട്: എല്ലാ തൊഴിലുകളും ഉത്കൃഷ്ടമാണെന്നു കരുതുന്ന തൊഴില്‍സംസ്‌കാരം വളര്‍ന്നുവരണമെന്നും അതു നമ്മെ ഉന്നതിയിലേക്കു നയിക്കുമെന്നും സ്വാമി ചിദാനന്ദ പുരി. ചെയ്യുന്നത് ഏതു തൊഴിലുമാകട്ടെ, അതു മഹത്വമുള്ളതാണെന്ന തോന്നലോടെ ചെയ്യുന്നതാണു യജ്ഞം. ഇത്തരത്തില്‍ കര്‍മം ചെയ്യണമെന്നാണു അര്‍ജുനനിലൂടെ ലോകത്തിനു ശ്രീകൃഷ്ണന്‍ നല്‍കുന്ന പാഠമെന്നും കോഴിക്കോട് ധര്‍മപ്രഭാഷണപരമ്പരയുടെ രണ്ടാം ദിവസത്തില്‍ സ്വാമി ചിദാനന്ദ പുരി ചൂണ്ടിക്കാട്ടി.
അഗ്നിയിലേക്ക് ആഹൂതി അര്‍പ്പിക്കല്‍ മാത്രമല്ല യജ്ഞം. സമര്‍പ്പണഭാവത്തോടെ ചെയ്യുന്നതെന്തും യജ്ഞമാണ്. ചെയ്യുന്ന കര്‍മങ്ങളെല്ലാം യജ്ഞങ്ങളായിത്തീര്‍ന്നാല്‍ സന്തോഷമുണ്ടാകും. ചെറിയ തൊഴില്‍, വലിയ തൊഴില്‍ എന്ന ഭേദമില്ല. കിട്ടുന്നതുകൊണ്ടു സംതൃപ്തിയടയുകയും കിട്ടാത്തതിനെക്കുറിച്ചു ചിന്തിച്ചു വ്യാകുലപ്പെടാതിരിക്കുകയും വേണം.
ജോലിക്കുള്ള സമയം ജോലിചെയ്യാനുള്ളതാണെന്നും ആ സമയം ഓണപ്പൂക്കളം തീര്‍ക്കാനോ ആരാധനാലയങ്ങളില്‍ പോകാനോ യൂണിയന്‍ പ്രവര്‍ത്തനത്തിനോ ഉള്ളതല്ലെന്നും സദസ്സില്‍നിന്നുയര്‍ന്ന ചോദ്യത്തിന് ഉത്തരമായി സ്വാമി ചിദാനന്ദ പുരി വിശദീകരിച്ചു. ഇത്തരം കാര്യങ്ങളില്‍ മാതൃകയായിത്തീരേണ്ട ഭരണസാരഥികള്‍ തന്നെ ഹര്‍ത്താലിനും ബന്ദിനും ആഹ്വാനം നല്‍കുന്നതു മാതൃകാപരമല്ല. നിയമസഭകളിലെയും രാജ്യസഭയിലെയും ലോക്‌സഭയിലെയും അംഗങ്ങള്‍ ബത്ത കൈപ്പറ്റി സഭ ബഹിഷ്‌കരിക്കുന്നതും അംഗീകരിക്കാവുന്നതല്ല.
ഹൈന്ദവ ബിംബങ്ങള്‍ തച്ചുടയ്ക്കപ്പെടുന്ന സാഹചര്യം ഇല്ലാതാകണമെങ്കില്‍ ഫലപ്രദമായ പ്രതികരണശേഷി നേടിയെടുക്കണമെന്നു മറ്റൊരു ചോദ്യത്തിന് സ്വാമി ചിദാനന്ദ പുരി മറുപടി നല്‍കി. ക്രൈസ്തവ, ഇസ്ലാം മതവിശ്വാസികളോടു യഥാക്രമം മലയാള മനോരമ, മാതൃഭൂമി പത്രങ്ങള്‍ മാപ്പു പറയാന്‍ തയ്യാറായതും ചോദ്യത്തില്‍ ഉന്നയിച്ചിരുന്നു. ഇത്തരം മതങ്ങളെക്കുറിച്ച് ആക്ഷേപകരമായ എന്തെങ്കിലും പരാമര്‍ശം മാധ്യമങ്ങളില്‍നിന്ന് ഉയരുമ്പോഴേക്കും അതിനെതിരെ പ്രതികരിക്കാന്‍ അതതു മതസമൂഹങ്ങള്‍ ഏകത കാട്ടുന്നു. എന്നാല്‍ ഹൈന്ദവബിംബങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ഐക്യത്തോടെയുള്ള പ്രതികരണം ഉണ്ടാകുന്നില്ല.
ഇക്കാരണത്താല്‍ത്തന്നെ ഹൈന്ദവബിംബങ്ങളെ ഇകഴ്ത്താന്‍ മാധ്യമങ്ങള്‍ ശ്രമിച്ചാല്‍ ചോദ്യംചെയ്യാന്‍ പോലും സാധിക്കാത്ത സ്ഥിതിയാണ്. പ്രതികരിക്കാന്‍ തുനിയുന്നവരെ വര്‍ഗീയവാദികളെന്ന് ആക്ഷേപിക്കുകയും അവര്‍ മാധ്യമസ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നു എന്ന പരാതി ഉന്നയിക്കുകയും ആണ് ഉണ്ടാവുന്നത്. എന്നാല്‍ മറ്റു മതങ്ങളെ ആക്ഷേപിച്ചുള്ള പരാമര്‍ശങ്ങള്‍ മാധ്യമസ്വാതന്ത്ര്യമായി പരിഗണിക്കപ്പെടുന്നില്ല.
ജാഢ്യം വിട്ടുണര്‍ന്ന് ഇത്തരം വെല്ലുവിളികളെ നേരിടാന്‍ ഹിന്ദുസമൂഹത്തിനു സാധിക്കണം.
തിരുവാതിര നാളില്‍ ശിവന്റെ വേഷമണിഞ്ഞവര്‍ മദ്യപിച്ചും സിഗരറ്റ് വലിച്ചും നഗരവീഥികളില്‍ ഹൈന്ദവികതയെ നിന്ദിക്കുന്നു. ഇതരമതങ്ങളുടെ ദേവന്മാരെ ആണ് ഇത്തരത്തില്‍ അവഹേളിക്കുന്നതെങ്കില്‍ ഇതായിരിക്കില്ല സ്ഥിതി. ഒരു വിഭാഗത്തിനെതിരെ എന്തുമാകാം, മറ്റുള്ള വിഭാഗങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തി മാത്രം സമീപനം കൈക്കൊള്ളുക എന്ന രീതി ശരിയല്ല. തുല്യത വേണം. അതിനാവശ്യം നിന്ദകള്‍ക്കെതിരെ പ്രതികരിക്കാനുള്ള അഭിമാനമാണ്. അതുണ്ടായാല്‍ ഹൈന്ദവബിംബങ്ങള്‍ അപമാനിക്കപ്പെടില്ലെന്നും സ്വാമി ചിദാനന്ദ പുരി വ്യക്തമാക്കി.
.

Back to Top