Ulsavam

മകരജ്യോതിക്ക് പൊന്നമ്പലമേട് ഒരുങ്ങി


കലിയുഗവരദനായ കാനനവാസന് ശരണം വിളിച്ചുകൊണ്ട് ഭക്തജനലക്ഷങ്ങള്‍ ശബരിമലയില്‍. മകരജ്യോതി ദര്‍ശനത്തിനും മകര സംക്രമപൂജക്കുമായി പതിനായിരങ്ങള്‍ എരുമേലിയില്‍നിന്ന് പരമ്പരാഗത കാനനപാതകളിലൂടെ സന്നിധാനത്തേക്ക് ഒഴുകുന്നു. അഭൂതപൂര്‍വ്വമായ തിരക്കാണ് ഇക്കുറി വരാനിരിക്കുന്നതെന്ന് ഇതോടെ ഉറപ്പായി. ജനുവരി 14നാണ് മകരവിളക്ക്.

സ്വകാര്യ വാഹനങ്ങളിലും കെ.എസ്.ആര്‍.ടി.സി ബസുകളിലുമായി പതിനായിരങ്ങളാണ് എരുമേലിയിലും പമ്പയിലും എത്തിക്കൊണ്ടിരിക്കുന്നത്. തമിഴ്‌നാട്ടില്‍നിന്നും ആന്ധയില്‍നിന്നും പമ്പയിലും സന്നിധാനത്തും എത്തിയവര്‍ ഇനി മകരവിളക്ക് കഴിയാതെ മലയിറങ്ങില്ല. വനമേഖലകളിലെല്ലാം ആയിരങ്ങള്‍ മകരവിളക്ക് ദര്‍ശനത്തിനായി തമ്പടിക്കുന്നതായാണ് റിപ്പോര്‍ട്ട്. നാളെയോടെ തീര്‍ഥാടകരുടെ എണ്ണം ഇരട്ടിയാകുമെന്നതിനാല്‍ കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് പൊലീസ്‌വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.

എരുമേലിയില്‍നിന്ന് കോയിക്കകാവ്, കാളകെട്ടി, അഴുത, കരിമലവഴിയും വണ്ടിപ്പെരിയാര്‍, പുല്ലുമേട് വഴിയും കാനനപാതകളിലൂടെ നിലക്കാത്ത തീര്‍ഥാടക പ്രവാഹമാണ്. ഇടുക്കി ജില്ല പൊലീസ് മേധാവിയുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ഇവിടങ്ങളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. പുല്ലുമേട്ടിലടക്കം മൊബൈല്‍ ടവറുകളും മറ്റും സ്ഥാപിച്ച് കൂടുതല്‍ സുരക്ഷ ഒരുക്കുന്നതില്‍ പൊലീസ് ജാഗ്രത പാലിക്കുന്നുണ്ട്. അവസാനവട്ട സുരക്ഷ ക്രമീകരണം വിലയിരുത്താന്‍ എ.ഡി.ജി.പി ബി.സന്ധ്യ പുല്ലുമേട് സന്ദര്‍ശിച്ചു. പുല്ലുമേട്ടില്‍ മാത്രം രണ്ട് എസ്.പിമാരുടെ കീഴില്‍ 300 പൊലീസുകാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ബി. സന്ധ്യ പറഞ്ഞു. 

വാദ്യമേളങ്ങളുടെയും ശരണം വിളികളുടെയും അകമ്പടിയോടെ പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വെള്ളിയാഴ്ച ഉച്ചക്ക് പെരുന്നാട് ക്ഷേത്രത്തിലെത്തി. അവിടെനിന്ന് വൈകീട്ട് നാലിന് പുറപ്പെട്ട് പെരുനാട് രാജേശ്വരി മണ്ഡപം തോട്ടംവഴി രാത്രി ഒമ്പതിന് ളാഹ ഫോറസ്റ്റ് ഗസ്റ്റ്ഹൗസില്‍ എത്തും. ഇവിടെ ഭക്തര്‍ക്ക് തിരുവാഭരണ ദര്‍ശന സൗകര്യം ലഭിക്കും. ശനിയാഴ്ച പുലര്‍ച്ചെ രണ്ടിന് ളാഹയില്‍നിന്ന് പുറപ്പെട്ട് പ്‌ളാപ്പള്ളി നാറാണം തോട്ടം, നിലക്കല്‍ ക്ഷേത്രം, അട്ടത്തോട്, വലിയാനവട്ടം, ചെറിയാനവട്ടം, നീലിമല, ശബരീപീഠം വഴി വൈകീട്ട് 5.30ന് ശരംകുത്തിയിലത്തും. വൈകീട്ട് ആറിന് ഇവിടെനിന്ന് സന്നിധാനത്തേക്ക് സ്വീകരിക്കും.
.

Back to Top