Sanathanam

സ്വാമി ചിദാനന്ദ പുരിയുടെ കോഴിക്കോട് പ്രഭാഷണ പരമ്പര ഇന്നു മുതല്‍

കോഴിക്കോട്: കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദ പുരി സ്വാമിയുടെ വാര്‍ഷിക ധര്‍മപ്രഭാഷണ പരമ്പര മുതലക്കുളം മൈതാനത്ത് ഇന്ന് ആരംഭിക്കും. വൈകിട്ട് 5.30ന് ഋഷികേശ് കൈലാസാശ്രമം മഠാധിപതി ദിവ്യാനന്ദ സരസ്വതി സ്വാമി ഉദ്ഘാടനം നിര്‍വഹിക്കും. വേദാന്തരത്‌ന പുരസ്‌കാരം സമര്‍പ്പണം, കൊളത്തൂര്‍ അദ്വൈതാശ്രമം രജതജയന്തി ആഘോഷ നിധിസമാഹരണം ഉദ്ഘാടനം എന്നിവയും ഇതോടൊപ്പം നടക്കും.
ചിദാനന്ദ പുരി സ്വാമിയുടെ 19ാം വാര്‍ഷിക ധര്‍മപ്രഭാഷണപരമ്പരയാണ് ഇത്തവണ നടക്കുന്നത്. ഹാളിനകത്തു തുടക്കമിട്ട പ്രഭാഷണപരമ്പര കൂടുതല്‍ പ്രേക്ഷകരെ ഉള്‍ക്കൊള്ളുന്നതിനായി പിന്നീട് തുറന്ന വേദിയിലേക്കു മാറ്റുകയായിരുന്നു. എന്നും വൈകിട്ട് ആറു മുതല്‍ എട്ടു വരെയാണു പ്രഭാഷണം. ഭഗവദ് ഗീത മൂന്നാം അധ്യായത്തെ അധികരിച്ചായിരിക്കും ഇത്തവണത്തെ പ്രഭാഷണങ്ങള്‍. എല്ലാ ദിവസവും പ്രഭാഷണത്തിനുശേഷം സംശയനിവാരണം ഉണ്ടായിരിക്കുന്നതാണ്. 18നാണു പ്രഭാഷണപരമ്പര അവസാനിക്കുക.
ഭാരതത്തില്‍ സനാതനധര്‍മപ്രചരണം നടത്തുന്ന പ്രമുഖ ആചാര്യന്‍മാര്‍ക്കാണു വേദാന്തരത്‌നം പുരസ്‌കാരം സമര്‍പ്പിച്ചുവരുന്നത്. നേരത്തേ കേരളത്തിലെ ആചാര്യന്‍മാര്‍ക്കു നല്‍കിവന്നിരുന്ന പുരസ്‌കാരം പിന്നീട് ദേശീയതലത്തിലുള്ളതായി മാറ്റുകയായിരുന്നു. ഇത്തവണത്തെ പുരസ്‌കാരം ഋഷികേശ് കൈലാസാശ്രമം മഠാധിപതി ദിവ്യാനന്ദ സരസ്വതി സ്വാമിക്ക് ഇന്നു സമര്‍പ്പിക്കും.
അദ്വൈതാശ്രമം രജതജയന്തി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന സേവാപ്രവര്‍ത്തനങ്ങളുടെ നിധിസമാഹരണത്തിന്റെ ഉദ്ഘാടനവും പ്രഭാഷണവേദിയില്‍ ഇന്നു നടക്കും. രജതജയന്തി വര്‍ഷത്തില്‍ വ്യാപകമായ സേവാപ്രവര്‍ത്തനങ്ങള്‍ നടത്താനാണു പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കൊളത്തൂരില്‍ വൃദ്ധസേവാകേന്ദ്രത്തിന്റെ നിര്‍മാണം ആരംഭിച്ചു. കോഴിക്കോട് മാത്തറയില്‍ സൗജന്യ ആയുര്‍വേദ-അലോപ്പതി-ഹോമിയോപ്പതി ഡിസ്‌പെന്‍സറി, ചെറുകുളത്ത് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കേന്ദ്രം, വീടില്ലാത്തവര്‍ക്കു വീടുവെച്ചുനല്‍കുന്ന മംഗളാലയം പദ്ധതി, കൊളത്തൂരിനെ ഹരിതാഭമാക്കാനുള്ള ഗ്രാമവനിക പദ്ധതി, സംസ്‌കൃതപഠനത്തില്‍ മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്കു സ്‌കോളര്‍ഷിപ് വിതരണം എന്നീ പദ്ധതികളാണ് ഇതിനു പുറമെ നടപ്പാക്കുക.
.

Back to Top