Ulsavam

ധനുമാസത്തിലെ തിരുവാതിര ശ്രീമഹാദേവന്റെ പിറന്നാള്‍


പാര്‍വ്വതീദേവിയുടെ ദാസിയായ സുന്ദരിയെന്ന യുവതി വേദികനെന്ന യുവാവിനെ വിവാഹം ചെയ്തു. പക്ഷെ, കുടിയിരിപ്പിന് മുമ്പ് വേദികന്‍ മരിച്ചു. സുന്ദരിയുടെ ഹൃദയഭേദകമായ വിലാപം പാര്‍വ്വതീദേവിയുടെ കാതുകളില്‍ പതിച്ചു. ദേവി ശിവന്റെയടുത്തെത്തി സുന്ദരിയുടെ ദുഃഖാവസ്ഥയറിയിച്ചു. ശിവനുണ്ടോ ഇതില്‍ ശ്രദ്ധ. സുന്ദരിയുടെ ദുഃഖമുള്‍ക്കൊണ്ട പാര്‍വ്വതീദേവി പ്രതിജ്ഞ ചെയ്തു, 'സുന്ദരി ഈറന്‍ വസ്ത്രം പിഴിയാതെ ഉടുക്കുന്നതുപോലെ ഞാനും ഉടുക്കും. സുന്ദരി ഭര്‍ത്താവിനെ സ്പര്‍ശിക്കാതിരിക്കുന്നത് പോലെ ഞാനും സ്പര്‍ശിക്കാതിരിക്കും'. ശിവന്റെ മനസ്സലിഞ്ഞു. ശിവന്‍ കാലപുരിയിലേക്ക് നോക്കി. ഭയന്നുവിറച്ച കാലന്‍ വേദികന്റെ ജീവന്‍ തിരിച്ചുനല്‍കി. ഈ ദിവസമാണത്രേ തിരുവാതിര. പരമശിവന്റെ ജന്മനക്ഷത്രമാണ് തിരുവാതിരയെന്നും അന്നേദിവസം പാര്‍വ്വതി ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനായി വ്രതമനുഷ്ടിക്കുകയാണെന്നുമുള്ള മറ്റൊരു ഐതിഹ്യവുമുണ്ട്.

ധനുമാസത്തിലെ തിരുവാതിര വ്രതം സ്ത്രീകള്‍ക്കുള്ളതാണ്. ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനുവേണ്ടിയാണ് വ്രതം. പരമശിവനെ വ്രതമെടുത്ത് പൂജിക്കുന്നതും ബ്രഹ്മജ്ഞര്‍ക്ക് (അറിവുള്ളവര്‍ക്ക്) അന്നദാനവും നടത്തുന്നവര്‍ രോഗങ്ങളില്‍ നിന്നും അപായങ്ങളില്‍ നിന്നും വിമുക്തരാവും. കൃഷിസമ്പത്തും ധനസമ്പത്തും വര്‍ദ്ധിക്കുമെന്നാണ് മഹാഭാരതം പറയുന്നത്. ഈ വര്‍ഷം ജനുവരി 11നാണ് തിരുവാതിര.

ധനുവിലെ അശ്വതി മുതല്‍ പുണര്‍തം വരെ 7 നാളത്തെ വ്രതം തന്റെ കുടുംബാംഗങ്ങള്‍ക്ക് വേണ്ടിയുള്ളതാകുന്നു. അശ്വതി നാളില്‍ അശ്വമുണരും മുമ്പ് സ്‌നാനം കഴിഞ്ഞ് വ്രതമനുഷ്ഠിക്കുന്നത് ഗൃഹനാഥന് നന്മ വരാനാണ്. ഭരണി നാളില്‍ ഭര്‍ത്താവുണരും മുമ്പ് സ്‌നാനം കഴിഞ്ഞ് വ്രതമനുഷ്ഠിക്കുന്നത് ബന്ധുമിത്രാദികള്‍ക്ക് നന്മ വരാനാണ്. കാര്‍ത്തിക നാളില്‍ കാക്ക കരയും മുമ്പ് സ്‌നാനം കഴിഞ്ഞ് വ്രതമനുഷ്ഠിക്കുന്നത് മാതാപിതാക്കള്‍ക്ക് നന്മ വരാനാണ്. രോഹിണി നാളില്‍ രോമം കാണും മുമ്പ് സ്‌നാനം കഴിഞ്ഞ് വ്രതമനുഷ്ഠിക്കുന്നത് സകല കുഞ്ഞുങ്ങള്‍ക്കും നന്മ വരാനാണ്. മകയിരം നാളില്‍ മക്കള്‍ ഉണരും മുമ്പ് സ്‌നാനം കഴിഞ്ഞ് വ്രതമനുഷ്ഠിക്കുന്നത് സന്താനങ്ങള്‍ക്ക് നന്മ വരാനാണ്. തിരുവാതിര നാളില്‍ പുലര്‍ച്ചെ 3 മണിയ്ക്ക് സ്‌നാനം കഴിഞ്ഞ് വ്രതമനുഷ്ഠിക്കുന്നത് ഭര്‍ത്താവിന് നന്മ വരാനാണ്. പുണര്‍തം നാളില്‍ പുലര്‍കാലത്ത് മുമ്പ് സ്‌നാനം കഴിഞ്ഞ് വ്രതമനുഷ്ഠിക്കുന്നത് സഹോദരങ്ങള്‍ക്ക് നന്മ വരാനാണ്.

മകയിരം നാളില്‍ സന്ധ്യാസ്‌നാനം നടത്തിയ ശേഷം മുറ്റത്ത് അടുപ്പുകൂട്ടി എട്ടങ്ങാടി (ചേമ്പ്, ചേന, കാവത്ത്, കായ്, കൂര്‍ക്ക, വെള്ളപ്പയര്‍, നനകിഴങ്ങ്, എള്ള്) ഇവ വേവിച്ച് ശര്‍ക്കരപ്പാവ് കാച്ചി നാളീകേരം ചിരവിയിട്ട് പുഴുങ്ങുന്ന പലഹാരമാണ് 'എട്ടങ്ങാടി'.

തിരുവാതിര നാളില്‍ പുലര്‍ച്ചെ 3 മണിയ്ക്ക് മുമ്പ് അഷ്ടമംഗല്യത്തോടുകൂടി വീട്ടമ്മമാര്‍ കുളിക്കാന്‍ പോകുന്നതേ തിരുവാതിരപ്പാട്ട് പാടിക്കൊണ്ടാണ്. 'ധനുമാസത്തില്‍ തിരുവാതിര ഭഗവാന്‍ തന്റെ തിരുനാളാണ്...' എന്ന് തുടങ്ങുന്ന പാട്ടാണ് സാധാരണ പാടുന്നത്. കുളത്തില്‍ നീന്തിത്തുടിക്കലും വെള്ളത്തുള്ളികള്‍ തെറിപ്പിച്ചുകൊണ്ടുള്ള 'മലരുവറുക്കല്‍' എന്ന പതിവ് വിനോദവുമുണ്ട്. 'ശ്രീഭഗവതി തിരുദേവി, നിനക്കാരാ പൂ തന്നത്...', 'ഇരുനാഴൂരി വരിനെല്‍വിത്ത്...' തുടങ്ങിയ പാട്ടുകളാണ് ഇതിന് പാടാറുള്ളത്.

തിരുവാതിര നാള്‍ പുലര്‍ച്ചെ പാട്ടുപാടി, കുളിച്ച്, ഇണമുണ്ടുടുത്ത് കണ്ണെഴുതി ദശപുഷ്പം ചൂടി തിരുവാതിരക്കളി നടത്തി കുരവയിട്ടുകൊണ്ട് വീട്ടില്‍ വന്ന് സ്ത്രീകള്‍ പാര്‍വതീപരമേശ്വരന്മാരെ പൂജിക്കും. എരിക്ക്, കൊന്ന, ചടച്ചി, ദശപുഷ്പങ്ങള്‍ ഇവ അടുക്കായി വെച്ച് ഭഗവാന് ചാര്‍ത്തുന്നു. അന്ന് ഇളനീര്‍, പാളയംകോടന്‍ പഴം, കൂവ ശര്‍ക്കര ചേര്‍ത്ത് കുറുക്കിയത് എന്നിവയാണ് പ്രഭാതഭക്ഷണം. ഉച്ചയ്ക്ക് നിലവിളക്ക് കൊളുത്തി നാക്കിലയില്‍ ഭക്ഷണം. അന്ന് അരിഭക്ഷണമില്ല. ചാമ, ഗോതമ്പ്, വരിനെല്ലരി ഇവ കഴിയ്ക്കാം. കൂടെ മുതിര, ചേന, ചേമ്പ്, കാവത്ത്, കായ് എന്നിവ കൊണ്ടുള്ള പുഴുക്കുമാകാം. പരമശിവന്റെ പിറന്നാള്‍ ആകയാല്‍ പപ്പടവും വറുത്തുപ്പേരിയും ആകാം. 

പ്രഭാതഭക്ഷണം കഴിഞ്ഞാല്‍ പാട്ടുകള്‍ പാടിക്കൊണ്ടുള്ള ഊഞ്ഞാലാട്ടമാണ്. സന്ധ്യയ്ക്ക് മുമ്പ് ഭക്ഷണം കഴിച്ചിരിക്കണം. സന്ധ്യകഴിഞ്ഞ് തിരുവാതിരക്കളി തുടങ്ങും. പാതിരാവ് വരെ പാട്ടുണ്ടാകും. ശ്രീപാര്‍വ്വതിയുടെ പ്രതീകമായ വാല്‍ക്കണ്ണാടി അഷ്ടമംഗല്യത്തോടുകൂടി നടുവില്‍വെച്ച് അതിനുചുറ്റും പാതിരാത്രിയാവോളം കൈക്കൊട്ടിക്കളിക്കും. ചിലര്‍ ഗോതമ്പ് പായസം ഭക്ഷണമായി രാത്രിയില്‍ കഴിക്കും.

പാതിരായ്ക്കാണ് 'പാതിരാപ്പൂ ചൂടല്‍'. അടയ്ക്കാമണിയോ കൊടുവേലിപ്പൂവോ ഇതിനുപയോഗിക്കും. പാതിരാപ്പൂ, നേരത്തേ പടിക്കല്‍ കൊണ്ടുവെച്ചിരിക്കും. അവിടുന്ന് അഷ്ടമംഗല്യവും വിളക്കുമായി വഞ്ചിപ്പാട്ടുമായി എഴുന്നള്ളിച്ചുവരും. അമ്മിക്കുഴവിയും നിലവിളക്കും ശിവപാര്‍വതീ സങ്കല്പത്തില്‍വെച്ച് പ്രദക്ഷിണം വെച്ച് ഓരോരുത്തരായി പൂജിച്ചശേഷം മഞ്ഞള്‍, എരിക്കിന്‍കുരുവില്‍ ചാലിച്ച് കുറി തൊടും. 

പാതിരാപ്പൂ ചൂടുംമുമ്പ് വിളക്കില്‍ സങ്കല്പമായി ഗണപതിയ്ക്ക് വെക്കും. മൂന്ന് പൂവ് വീതം നാലുദിക്കിലേക്കും അതുപോലെ നമ്മുടെ നേരെയും വെക്കും. അമ്മിക്കുഴവിയില്‍ കൊടുവേലിപ്പൂ ചാര്‍ത്തിയശേഷം രണ്ട് കൈകളിലുമായി പൂക്കള്‍ പിടിച്ചുകൊണ്ട് അമ്മിക്കുഴവിയെ പ്രദക്ഷിണംവെച്ച് ചന്ദ്രനെനോക്കി നമസ്‌ക്കരിക്കും.

തുടര്‍ന്ന് ഓരോരുത്തരും വെറ്റില മുറുക്കും. തിരുവാതിര മാഹാത്മ്യം പാടിക്കൊണ്ട് 3 മണിവരെ തിരുവാതിരക്കളിയുമുണ്ടാകും. ശേഷം കുളത്തില്‍പ്പോയി സ്‌നാനം ചെയ്തശേഷം പുതുവസ്ത്രമോ അലക്കിയ വസ്ത്രമോ ധരിച്ച് ക്ഷേത്രദര്‍ശനം ചെയ്ത് വ്രതം പൂര്‍ത്തിയാക്കണം.

ഒരു പെണ്‍കുട്ടിയുടെ വിവാഹശേഷം ആദ്യം വരുന്ന ധനുമാസത്തിരുവാതിരയാണ് 'പൂത്തിരുവാതിര'. അതില്‍ പങ്കെടുക്കാന്‍ ഏവരെയും ക്ഷണിക്കും. മകയിരം രാതി മുതല്‍ വ്രതമുള്ളവര്‍ക്ക് അരിഭക്ഷണമില്ല. എല്ലാവരും ചേര്‍ന്ന് പെണ്‍കുട്ടിയുടെ ദീര്‍ഘമംഗല്യത്തിനായി അകമഴിഞ്ഞ് പ്രാര്‍ത്ഥിക്കും. കിഴക്കേമുറ്റത്ത് അരിമാവണിഞ്ഞ അമ്മിക്കുഴവിവെച്ച് പാര്‍വ്വതീപരമേശ്വരന്‍മാരെ സങ്കല്‍പ്പിച്ച് പ്രാര്‍ത്ഥിക്കും.
.

Back to Top