Sanathanam

പതഞ്ജലി 125 കോടി ജനങ്ങളെ സേവിക്കാന്‍: ബാബാ രാംദേവ്

ചണ്ഡീഗഢ്: 125 കോടി ജനങ്ങളെ സേവിക്കാനും ലക്ഷക്കണക്കിനു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കര്‍ഷകരുടെ ക്ഷേമം ഉറപ്പുവരുത്താനും ഉദ്ദേശിച്ചാണു പതഞ്ജലി പ്രവര്‍ത്തിക്കുന്നതെന്നു തലവന്‍ ബാബാ രാംദേവ്. സേവനവും ദാനധര്‍മവും മാത്രമാണു താല്‍പര്യമെന്നും അനുദിനം കോടിക്കണക്കിനു പേര്‍ക്കു സേവനം നല്‍കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പതഞ്ജലി ഒരു കോര്‍പറേറ്റ് സ്ഥാപനമോ വന്‍കിട കച്ചവട സ്ഥാപനമോ അല്ല. ഇതൊരു ബിസിനസ്സുകാരന്റെ സ്ഥാപനവുമല്ല.
'ഭാരതീയരുടെ ജീവിതം മെച്ചപ്പെടുത്തുക എന്ന ഏകലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പതഞ്ജലിയുടെ ഓരോ ഉല്‍പന്നങ്ങളും എന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണു തയ്യാറാക്കപ്പെടുന്നത്. എന്നും കാലത്തു യോഗ പഠിപ്പിക്കുന്നതോടൊപ്പം ഓരോ ഉല്‍പന്നവും പുറത്തിറക്കുന്നതിനുള്ള ഗവേഷണം മുതല്‍ ഉല്‍പാദനം വരെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിച്ചുവരുന്നു. ഇതില്‍ ഒട്ടും ലാഭേച്ഛയില്ല' ബാബാ രാംദേവ് വ്യക്തമാക്കി.
ഭക്ഷ്യോല്‍പന്നങ്ങളെക്കുറിച്ചും മറ്റും ബഹുരാഷ്ട്ര കമ്പനികള്‍ പുറത്തുവിടുന്ന തെറ്റായ പരസ്യങ്ങളില്‍ വഞ്ചിതരാകരുതെന്നും കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുടെ ആരോഗ്യം മോശമാകുന്ന സാഹചര്യം സൃഷ്ടിക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. പതഞ്ജലിയുടെ സ്വാഭാവിക ഉല്‍പന്നങ്ങള്‍ ശരീരത്തിനു കേടുണ്ടാക്കാത്തവയാണ്. മറ്റു കമ്പനികളുടെ ഉല്‍പന്നങ്ങളെ ഉപേക്ഷിച്ചു പതഞ്ജലി ഉല്‍പന്നങ്ങള്‍ വാങ്ങുമ്പോള്‍ 25 മുതല്‍ 30 വരെ ശതമാനം സാമ്പത്തിക ലാഭമുണ്ടാകും. പതഞ്ജലി ഉല്‍പന്നങ്ങള്‍ വാങ്ങുന്നതു രാഷ്ട്രസേവനമായി കാണണമെന്നും ബാബാ രാംദേവ് കൂട്ടിച്ചേര്‍ത്തു.
ബഹുരാഷ്ട്ര കമ്പനികള്‍ ഭാരതത്തെ ഊറ്റുകയാണ്. ഈസ്റ്റ് ഇന്ത്യ കമ്പനി 200 വര്‍ഷത്തോളം നമ്മെ ചൂഷണം ചെയ്തതിനു സമാനമാണിത്. അപകടകാരികളായ രാസോല്‍പന്നങ്ങളാണ് അവര്‍ വിപണനം നടത്തുന്നതെന്നതും ഗൗരവമേറിയ വസ്തുതയാണെന്ന് അദ്ദേഹം പറഞ്ഞു.
.

Back to Top