Sanathanam

ക്രിസ്ത്യന്‍ മിഷനറിമാര്‍ ഇന്ത്യയില്‍ നടത്തുന്നതു മതപരിവര്‍ത്തനമോ ബലപ്രയോഗമോ?

ഫിലിപ് ഗോള്‍ഡ്‌ബെര്‍ഗ്
നിങ്ങള്‍ ഗ്രാമപ്രദേശത്തു ജീവിക്കുന്ന ഒരു ദരിദ്രകുടുംബത്തിലെ അംഗമാണെന്നു വിചാരിക്കുക. നിങ്ങളുടെ മകള്‍ക്ക് ഒരു അസുഖം ബാധിക്കുന്നു. നിങ്ങള്‍ അവളെ ഒരു ആശുപത്രിയിലോ ക്ലിനിക്കിലോ എത്തിക്കുന്നു. ചികില്‍സിച്ചു ഭേദമാക്കാവുന്ന അസുഖമാണെന്ന് അറിയുന്നതോടെ നിങ്ങള്‍ക്ക് ആശ്വാസം തോന്നുന്നു. എന്നാല്‍, ചികില്‍സയ്ക്കു വേണ്ടിവരുന്ന ചെലവ് താങ്ങാവുന്നതല്ല എന്നല്ല, ചിന്തിക്കാന്‍ പോലും പറ്റാത്ത വലിയ തുക. ഈ അവസരത്തില്‍, ഒരു ആരോഗ്യപ്രവര്‍ത്തക നിങ്ങളോടു പറയുന്നു, ചികില്‍സ പൂര്‍ണമായും സൗജന്യമായി നടത്താമെന്ന്. ഒരു വ്യവസ്ഥ മാത്രം: നൂറ്റാണ്ടുകളായി പിന്‍തുടരുന്ന പാരമ്പര്യം ഉപേക്ഷിച്ച് ഒരു വൈദേശിക മതത്തിലേക്കു പരിവര്‍ത്തനം ചെയ്യണം. ഇത്തരം ഒട്ടേറെ വാഗ്ദാനങ്ങളാണ് ഇന്ത്യയിലെ ഗ്രാമങ്ങളിലും ഗോത്രവര്‍ഗ മേഖലകളിലും കഴിയുന്ന അഗതികളായ ജനങ്ങളെ തേടിയെത്തിക്കൊണ്ടിരിക്കുന്നത്. എന്റെ പുസ്തകമായ അമേരിക്കന്‍ വേദയുടെ ഇന്ത്യയിലെ പ്രസിദ്ധീകരണത്തോടനുബന്ധിച്ച് ഒരു മാസമായി ഞാന്‍ അവിടെയായിരുന്നു. അടുത്തിടെയാണു തിരിച്ചെത്തിയത്. ഞാന്‍ സന്ദര്‍ശിച്ച 18 നഗരങ്ങളിലും ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ടു കേട്ടത് ചില മിഷനറിമാരുടെ നിഗൂഢതന്ത്രത്തെ കുറിച്ചാണ്.
എല്ലാ മിഷനറിമാരും അങ്ങനെയാണെന്നു കരുതരുത്. ഇല്ലാത്തവരെ സേവിക്കാനുള്ള രക്ഷകന്റെ ആഹ്വാനം ചെവിക്കൊണ്ട് ദരിദ്രരെയും ദുഃഖിതരെയും നിരക്ഷരെയും സഹായിക്കാനായി നിസ്വാര്‍ഥമായി പ്രവര്‍ത്തിക്കുന്ന സാഹസികരായ വ്യക്തികളെയല്ല ഉദ്ദേശിച്ചത്. ഈ വിധം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന മിഷനറിമാരെ നൂറ്റാണ്ടുകളായി ഇന്ത്യയില്‍ സ്വാഗതം ചെയ്യപ്പെട്ടുവരുന്നുമുണ്ട്. എന്നോടു സംസാരിച്ച ഹിന്ദുക്കളെല്ലാം അത്തരം മിഷനറിമാര്‍ ചെയ്തിട്ടുള്ള നല്ല കാര്യങ്ങള്‍ക്കു നന്ദി രേഖപ്പെടുത്തുകയും ഉണ്ടായി. ആശങ്കയും വിദ്വേഷവും ജനിപ്പിക്കുന്നത് അമേരിക്കന്‍ യാഥാസ്ഥിതികര്‍ പണം നല്‍കി പ്രോത്സാഹിപ്പിക്കുന്ന ഒരു പുതിയ വര്‍ഗം മതാന്ധന്‍മാരുടെ പ്രവര്‍ത്തനമാണ്. വീടുവീടാന്തരം കയറിയിറങ്ങി കമ്മീഷന്‍ നേടിയെടുക്കുന്ന സെയില്‍സ്മാനെപ്പോലെയാണ് അവരുട പ്രവര്‍ത്തനം. മനുഷ്യരെ രക്ഷിക്കാന്‍ അവര്‍ കാട്ടുന്ന വ്യഗ്രതയും നിശ്ചയദാര്‍ഢ്യവും കാണുമ്പോള്‍ യേശുക്രിസ്തുവിന്റെ സുവിശേഷ പ്രവര്‍ത്തകരെയല്ല, പുരാവൃത്തത്തിലെ പാമ്പെണ്ണ വില്‍പനക്കാരെയാണ് ഓര്‍മ വരിക.
മേലെ സൂചിപ്പിച്ച വിധത്തില്‍, ദാരിദ്ര്യം അനുഭവിക്കുന്നവരെയും നിരക്ഷരരെയും ലക്ഷ്യമിട്ടുള്ള ആശുപത്രിയിലെ വിലപേശല്‍ ആമസോണില്‍നിന്ന് ഒരു പുസ്തകം വരുത്തുന്നതുപോലെ മാന്യമായ പ്രവൃത്തിയായി ചിലര്‍ കരുതിയേക്കാം. ജനങ്ങള്‍ക്കു താല്‍ക്കാലിക ജോലി നല്‍കുകയും ഹിന്ദുത്വത്തിലേക്കു തിരിച്ചുപോയാല്‍ ജോലി നഷ്ടപ്പെടുമെന്നും നരക യാതന അനുഭവിക്കേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന രീതി മിഷനറിമാര്‍ക്ക് ഉണ്ടെന്ന് എന്നോടു ചിലര്‍ പറഞ്ഞു. മതം മാറ്റപ്പെടുന്നവര്‍ മതം മാറാത്ത ബന്ധുക്കള്‍ക്കൊപ്പം കഴിയുന്നതിനെ വിലക്കുന്നതു നിമിത്തം കുടുംബങ്ങള്‍ പിച്ചിച്ചീന്തപ്പെടുന്നു.
സ്വാമിമാരെപ്പോലെ തോന്നിക്കാന്‍ വേണ്ടി മിഷനറി പ്രവര്‍ത്തകര്‍ ഓറഞ്ച് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതായി ഞാന്‍ അറിഞ്ഞു. എന്തും വിശ്വസിക്കുന്ന നിഷ്‌കളങ്കരായ ഗ്രാമീണരോടു പറയുന്നത് നിങ്ങളുടെ പരമ്പരാഗത ദൈവങ്ങളെല്ലാം ക്രിസ്തുവിന്റെ രൂപത്തിനു കൃത്രിമമായി മാറ്റം സൃഷ്ടിച്ച് ഉണ്ടാക്കിയവ ആണെന്നാണ്. ഇന്ത്യയിലെ ആദരണീയരായ പൂര്‍വകാല ഋഷിമാരും സന്ന്യാസിവര്യന്മാരും യഥാര്‍ഥത്തില്‍ ക്രിസ്ത്യാനികളാണെന്നും പറഞ്ഞു വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു. ശൈവര്‍ നെറ്റിയില്‍ അണിയുന്ന മൂന്നു വരകളോടു കൂടിയ ഭസ്മാലേപനം ക്രിസ്തുമതവുമായി ബന്ധപ്പെട്ട പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും സൂചിപ്പിക്കുന്നതാണെന്നും പ്രചരിപ്പിക്കുന്നു. 'ഞങ്ങളെ ഇരുട്ടില്‍നിന്നു വെളിച്ചത്തിലേക്കു നയിച്ചാലും' എന്ന ഉപനിഷത്തിലെ പ്രാര്‍ഥന തങ്ങളെ രക്ഷിക്കേണമേ എന്നു യേശുക്രിസ്തുവിനോടു യാചിക്കുന്നതാണെന്നും തെറ്റിദ്ധരിപ്പിക്കുന്നു.
ഒരു കുടുംബത്തിലെ അമ്മ രോഗബാധിതയായി അഥവാ, അച്ഛന്റെ വരുമാനം നിലച്ചു കുടുംബം പട്ടിണിയായി അഥവാ, ഒരു സംഘം യുവാക്കള്‍ യാത്ര ചെയ്യുകയായിരുന്ന ബസ് ഒരു കയറ്റത്തില്‍വെച്ച് യന്ത്രത്തകരാറു നിമിത്തം നിന്നു എന്ന് ഊഹിക്കുക. അത്തരം ഘട്ടത്തില്‍ നിങ്ങളുടെ ഹിന്ദു ദൈവങ്ങളെ പ്രാര്‍ഥിച്ചതുകൊണ്ട് എന്തെങ്കിലും ഫലം ഉണ്ടാകുമോ എന്ന ചോദ്യം മിഷനറിമാര്‍ ഉയര്‍ത്തും. ഇല്ലെന്നു വിദഗ്ധമായി സമര്‍ഥിക്കും. എന്നാല്‍ യേശുക്രിസ്തുവിനോടു പ്രാര്‍ഥിച്ചാലോ? അമ്മയ്ക്കു മരുന്നു ലഭിക്കുന്നു; അച്ഛനു ജോലി ലഭിക്കുന്നു; ബസിന്റെ എന്‍ജിന്‍ താനേ പ്രവര്‍ത്തിച്ചു തുടങ്ങുന്നു. യേശുവിനെ ഒറ്റത്തവണ പ്രാര്‍ഥിക്കുന്നതിലൂടെ ഇത്ര വലിയ അദ്ഭുതങ്ങള്‍ സംഭവിക്കുമെങ്കില്‍ മതംമാറിയാന്‍ എന്തൊക്കെ നേട്ടങ്ങളായിരിക്കും ഉണ്ടാകുക എന്ന് ആലോചിച്ചുനോക്കൂ!
വിഗ്രഹങ്ങള്‍ പിശാചിന്റെ വിവിധ രൂപങ്ങളാണെന്നും ഹൈന്ദവ മൂര്‍ത്തികളെ ആരാധിക്കുന്നതോടെ വ്യക്തികളുടെ നിര്‍ഭാഗ്യം ആരംഭിക്കുന്നുവെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായി എനിക്കു കേള്‍ക്കാന്‍ സാധിച്ചു. ഗ്രാമീണരെയാകെ മതംമാറ്റാനായി ഗ്രാമത്തലവനെ പണം കൊടുത്തു സ്വാധീനിക്കുന്നതായും അറിയാന്‍ കഴിഞ്ഞു. ഒരു മൈല്‍ ദൂരം താണ്ടി തലച്ചുമടായി വെള്ളം കൊണ്ടുവരണോ, അതോ തൊട്ടടുത്ത ക്രിസ്ത്യന്‍ പള്ളിയിലെ പുതിയ കിണറില്‍നിന്നു വെള്ളമെടുക്കണോ എന്ന ചോദ്യം സ്ത്രീകള്‍ക്കു മുന്നിലേക്ക് ഇട്ടുകൊടുക്കുന്നതായും മനസ്സിലാക്കാന്‍ സാധിച്ചു. ഇതിനൊക്കെ എന്തു വിലയാണു കൊടുക്കേണ്ടത്? സംശയമില്ല, മതംമാറ്റം തന്നെ.
ഇത്തരം ഹീനമായ പ്രവൃത്തികള്‍ വ്യാപകമാണോ അതോ ഒറ്റപ്പെട്ടതാണോ എന്ന് എനിക്കറിയില്ല. ഇതൊന്നും മാന്യതയുള്ളതല്ല എന്ന് എനിക്കറിയാം. ഇതൊക്കെ ബലപ്രയോഗമാണ്; ആത്മീയ പരിവര്‍ത്തനം സൃഷ്ടിക്കലല്ല. പിടിച്ചുപറിയാണ്; ആശയങ്ങളുടെ കൈമാറ്റമല്ല. ഇത്തരക്കാരുടെ പ്രവര്‍ത്തനം ഞാന്‍ കണ്ടിട്ടുള്ള ഓരോ ഹിന്ദുവും ദൈവത്തിന്റെ അവതാരം അഥവാ ഉന്നതനായ വിശുദ്ധന്‍ എന്നു കരുതിപ്പോരുന്ന യേശുവിന് അപമാനം വരുത്തിവെക്കുന്നതാണ് എന്നാണ് ഒരു അക്രൈസ്തവന്‍ എന്ന നിലയില്‍ ഞാന്‍ പറയുക. അദ്ദേഹത്തിന്റെ പേരില്‍ നടക്കുന്ന വഞ്ചന കാണുമ്പോള്‍, അമ്പലങ്ങളില്‍ പണം കടം കൊടുക്കുന്നയാളെ എത്ര മോശമായാണോ കാണുന്നത് അതിനു തുല്യം അദ്ദേഹം കുപിതനാകുമെന്നു ഞാന്‍ കരുതുന്നു.
അമിതാവേശക്കാരായ തങ്ങളുടെ സഹോദരങ്ങള്‍ എന്താണു ചെയ്യുന്നതെന്ന് അറിഞ്ഞാല്‍ അമേരിക്കയിലെ ക്രിസ്ത്യാനികള്‍ അമ്പരന്നുപോകുമെന്ന് ഇന്ത്യയിലുള്ളവരോടു ഞാന്‍ പറഞ്ഞു.
ഈ സാഹചര്യത്തില്‍, എന്റെ ക്രിസ്തീയ സഹോദരീസഹോദരന്‍മാര്‍ എന്താണു ചിന്തിക്കുന്നത്? മനുഷ്യാത്മാക്കളെ വലയിലാക്കാന്‍ ഒരു തത്വദീക്ഷയുമില്ലാത്ത കോസ്മിക് യുദ്ധം വല്ലതും നടക്കുന്നുണ്ടോ? അതോ, സംസ്‌കാരമുള്ള മനുഷ്യര്‍ പാലിക്കേണ്ട ചില വ്യവസ്ഥകളുണ്ടോ? എന്തായിരിക്കും യേശു പറയുക?

(എഴുത്തുകാരനും പ്രഭാഷകനും ആധ്യാത്മിക കൗണ്‍സിലറും 'അമേരിക്കന്‍ വേദ: ഹൗ ഇന്ത്യന്‍ സ്പിരിച്വാലിറ്റി ചെയ്ഞ്ച്ഡ് ദ് വെസ്റ്റ്' എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവുമായ ഫിലിപ് ഗോള്‍ഡ്‌ബെര്‍ഗ് 2015ല്‍ എഴുതിയ ലേഖനം. കടപ്പാട്: http://www.sanskritimagazine.com)
.

Back to Top