Sanathanam

വാല്‍മീകിജയന്തി നാളില്‍ പ്രധാനമന്ത്രിയുടെ ആചാര്യവന്ദനം

ന്യൂഡെല്‍ഹി: ഭാരതീയ ആചാര്യന്‍മാരെ ജനാധിപത്യ ഭരണകൂടം ആദരിക്കുന്ന കീഴ്‌വഴക്കത്തിന് അടിവരയിട്ടുകൊണ്ട്, മഹര്‍ഷി വാല്‍മീകിയുടെ ഔന്നത്യം ഓര്‍മിപ്പിച്ച് വാല്‍മീകി ജയന്തി നാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവനയിറക്കി. മഹര്‍ഷി വാല്‍മീകിയുടെ സംഭാവനകള്‍ നമ്മുടെ സമൂഹത്തെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാഷ്ട്രത്തിലെ പ്രാചീനകാല ആചാര്യന്‍മാരെ അനുസ്മരിക്കാന്‍ മുന്‍പ്രധാനമന്ത്രിമാര്‍ താല്‍പര്യമെടുത്തിട്ടില്ലെന്നിരിക്കെ, ഭാരതത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് ആദരിക്കുന്ന രീതിക്കാണു നരേന്ദ്ര മോദി തുടക്കമിട്ടിരിക്കുന്നത്.
പാശ്ചാത്യ ചിന്തകരെയും ചിന്താധാരകളെയും വിജ്ഞാനത്തെയും ഉയര്‍ത്തിക്കാട്ടാന്‍ താല്‍പര്യമെടുത്തിരുന്നെങ്കില്‍ ഭാരതീയ വിജ്ഞാനത്തിനും ആചാര്യന്‍മാര്‍ക്കും അര്‍ഹമായ പരിഗണന നല്‍കാന്‍ മുന്‍ ഗവണ്‍മെന്റുകള്‍ക്കു പലപ്പോഴും കഴിഞ്ഞിരുന്നില്ല. ബ്രിട്ടീഷ് ഭരണത്തിന്റെ രീതികളുടെ തുടര്‍ച്ച, പാശ്ചാത്യ വിദ്യാഭ്യാസം, മറ്റു രാഷ്ട്രങ്ങളിലെ മാതൃകകള്‍ തുടങ്ങി പലതും ഇത്തരം കാര്യങ്ങളില്‍ മുന്‍ കേന്ദ്ര ഗവണ്‍മെന്റുകളെ സ്വാധീനിച്ചിരിക്കാം. ഈ രീതിക്കു പ്രകടമായ മാറ്റം വരുത്തുകയാണ് മോദി സര്‍ക്കാര്‍. 'വാല്‍മീകിജയന്തി നാളില്‍ വാല്‍മീകി മഹര്‍ഷിയുടെ മഹത്തായ ആശയങ്ങളും ചിന്തകളും അനുസ്മരിക്കുന്നു. അദ്ദേഹം നമ്മുടെ സമൂഹത്തിന്‍മേല്‍ പ്രാതിഭാസികമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.'- പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രിപദമേറ്റതു മുതല്‍ ഭാരതീയതയ്ക്കു മൂല്യം കല്‍പിക്കാന്‍ നരേന്ദ്ര മോദി തയ്യാറായിട്ടുണ്ട്. പ്രധാനമന്ത്രിയെന്ന നിലയില്‍ നടത്തുന്ന പ്രസംഗങ്ങളിലൊക്കെ മഹത്തായ സന്ദേശങ്ങള്‍ പകരുന്ന സംസ്‌കൃത ശ്ലോകങ്ങളും ഭാരതീയ ആശയങ്ങളും ഉള്‍പ്പെടുത്താന്‍ അദ്ദേഹം ശ്രദ്ധിച്ചുപോരുന്നുണ്ട്. രാജ്യാന്തര വേദികളില്‍ നടത്തുന്ന കൂടിക്കാഴ്ചകളിലും ആശയസംവാദങ്ങളിലുമൊക്കെ നല്ല ലോകത്തിന്റെ സൃഷ്ടിക്കായി ഭാരതത്തിനു നല്‍കാനുള്ള ദര്‍ശനങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കാറുമുണ്ട്. സമത്വസുന്ദരവും സമാധാനപൂര്‍ണവും സന്തോഷം നിറഞ്ഞതുമായ നവലോകസൃഷ്ടിയാണു തങ്ങളുടെ ലക്ഷ്യമെന്ന് ആവര്‍ത്തിച്ചു ചൂണ്ടിക്കാട്ടാറുള്ള മോദി, തന്റെ ജീവിതം അതിനായുള്ള നിസ്വാര്‍ഥ സേവനമായിരിക്കുമെന്നു പലവട്ടം വ്യക്തമാക്കിയിട്ടുള്ളതുമാണ്.
.

Back to Top