Sanathanam

നവരാത്രി: നാനാത്വത്തിലെ ഏകത്വം അഥവാ ഏകത്വത്തിലെ നാനാത്വം

ആചാരവൈവിധ്യങ്ങളാല്‍ നാനാത്വം പുലര്‍ത്തുന്ന ഭാരതത്തിന് ഏകത്വം പകരുന്ന ഉത്സവമാണ് നവരാത്രി. എന്നാല്‍, ആചരണത്തിലെ വൈവിധ്യത്താല്‍ അവിടെയും ഭാരതം നാനാത്വം പുലര്‍ത്തുന്നു! നവരാത്രിനാളുകളില്‍ ഉത്തരഭാരതത്തിലെ പ്രധാന ആഘോഷം രാമലീലയാണ്. എന്നാല്‍ ബംഗാളിലാകട്ടെ, ദുര്‍ഗാപൂജയ്ക്കാണു പ്രാധാന്യം. ദക്ഷിണഭാരതത്തില്‍ തമിഴ്‌നാട്ടില്‍ ആയുധൂപജയ്ക്കാണു പ്രാധാന്യമെങ്കില്‍ കര്‍ണാടകത്തില്‍ പത്തു രാത്രികള്‍ നീളുന്ന ദസറ കെങ്കേമമായി ആഘോഷിക്കപ്പെടുന്നു. കേരളത്തിലാകട്ടെ വിദ്യാരംഭത്തിനു പ്രാമുഖ്യം കല്‍പിച്ചുവരുന്നു. തപോബലമാര്‍ന്ന മനസ്സോടെ സരസ്വതി, ദുര്‍ഗ, ലക്ഷ്മീദേവതകളെ ഉപാസിച്ചു തിന്മയെ നിഗ്രഹിക്കുന്ന നവരാത്രികളും ദിനങ്ങളുമാണിവ. ഒമ്പതാം ദിനം പുലര്‍ച്ചെ ആദ്യക്ഷരം കുറിച്ചു ഭാരതത്തിലെ മാനവകുലം വിദ്യയിലേക്കു ചുവടുവെക്കുന്നു. ആയുധപൂജയും ഗ്രന്ഥപൂജയും നടത്തിയും മത്സ്യമാംസങ്ങള്‍ ഉപേക്ഷിച്ചു വ്രതനിഷ്ഠമായ ജീവിതം നയിച്ചുമാണ് നവരാത്രി ആഘോഷത്തിനു സമാപനം കുറിക്കുന്ന വിജയദശമി നാളിലേക്കു സമൂഹം ഉണരുക. ക്ഷേത്രദര്‍ശനവും നാമജപവും കലാപ്രകടനങ്ങളും പഠനപദ്ധതികളുമൊക്കെ വഴി മനുഷ്യനെ ആധ്യാത്മികതയുടെയും വിജ്ഞാനത്തിന്റെയും വഴികളിലേക്ക് നവരാത്രി നയിക്കുന്നു. അധര്‍മത്തിന്റെ പ്രതീകമായ മഹിഷാസുരന്‍ ദേവിയുടെ കരങ്ങളാല്‍ വധിക്കപ്പെടുന്ന ദിനമാണു വിജയദശമിയെന്നാണു വിശ്വാസം. മഹിഷാസുരന്‍ ഭൂമിയിലും സ്വര്‍ഗത്തിലും നാശം വിതയ്ക്കാന്‍ ഒരുമ്പെട്ടപ്പോള്‍ ദേവന്മാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നു ദേവി അവതരിക്കുകയായിരുന്നത്രെ. ദുഷ്ടനിഗ്രഹത്തിനായുള്ള ശക്തിസ്വരൂപിണി ഭാവത്തിലായിരുന്നു അവതാരമെടുത്തത്. ത്രിമൂര്‍ത്തികളുടെ കരുത്തുണ്ടായിരുന്നു ദേവിക്ക്. മഹിഷാസുരനുമായി നടത്തിയ യുദ്ധം ഒമ്പതു രാത്രികള്‍ നീണ്ടു. ഇതിന്റെ ഓര്‍മപുതുക്കുകയാണു നവരാത്രി ആഘോഷത്തിലൂടെ. രാവണന്‍ വധിക്കപ്പെട്ടതു വിജയദശമി നാളിലാണെന്നും വിശ്വാസമുണ്ട്. രാവണനെ നേരിടാന്‍ ശ്രീരാമന്‍ ശക്തി സംഭരിച്ചു നവരാത്രിവ്രതം അനുഷ്ഠിച്ചു ദുര്‍ഗാദേവിയില്‍നിന്ന് അനുഗ്രഹം നേടിയാണെന്നാണു കരുതിപ്പോരുന്നത്. വ്രതനിഷ്ഠയാര്‍ന്ന ഒമ്പതു ദിനരാത്രങ്ങളാണു ഭക്തര്‍ക്കു നവരാത്രി കാലം. ജപവും ക്ഷേത്രദര്‍ശനവും മുടക്കമില്ലാതെ നടത്തുന്നതോടൊപ്പം ചിത്തശുദ്ധി നേടുകവഴി ജീവിതദുഃഖങ്ങള്‍ക്കും മാനസിക പിരിമുറുക്കത്തിനും അറുതിയാവുന്നു എന്നതാണു നവരാത്രിവ്രതത്തിന്റെ സവിശേഷത. മഹിഷാസുരവധവും രാവണനിഗ്രഹവും സൂചിപ്പിക്കുന്നതു ദുഷ്ടഭാവത്തെ ഇല്ലായ്മ ചെയ്യുന്നതിനെയാണ്. ആസുരികതയും ദൈവികതയും തമ്മിലുള്ള പോരാട്ടം എല്ലാ മനസ്സുകളിലും നടക്കുന്നു. ഇവിടെ ദൈവികത ജയിക്കേണ്ടതു മനുഷ്യന്റെ നിലനില്‍പിനു തന്നെ അത്യന്താപേക്ഷിതമാണ്. അതിനു വഴിയൊരുക്കുകയാണു നവരാത്രിദിനങ്ങള്‍. ശക്തിയുടെ ദേവിയായ ദുര്‍ഗയെയും ഐശ്യര്യത്തിന്റെ ദേവിയായ ലക്ഷ്മിയെയും വിദ്യയുടെ ദേവിയായ സരസ്വതിയെയും മൂന്നു വീതം ദിവസങ്ങളില്‍ ഉപാസിക്കുന്ന രീതി ചിലയിടങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. ജീവിതവിജയത്തിനു കരുത്തം ഐശ്വര്യവും വിദ്യയുമാണ് അനിവാര്യമെന്ന പാഠംകൂടി പകരുന്നുണ്ട് നവരാത്രി ആഘോഷം.
.

Back to Top