വേദാന്ത ദീപപ്രഭയില്‍ കൊളത്തൂര്‍ അദ്വൈതാശ്രമത്തിനു രജതശോഭ
September 30 2016
കൊളത്തൂര്‍ അദ്വൈതാശ്രമം: ഇവിടെ സന്ന്യാസി ഹൈന്ദവികതയുടെയും ഭാരതീയതയുടെയും കാവലാളായി; ഇവിടെ സന്ന്യാസി ആചാര്യനും അകല്‍ച്ചയില്ലാത്ത ആദരണീയ ബന്ധുവുമായി; ഇവിടെ സന്ന്യാസിയുടെ കാല്‍വെപ്പുകള്‍ സമൂഹത്തെ ഉദ്ധരിക്കുന്നതായി; ഇവിടെ സന്ന്യാസിയുടെ സ്വരം സാന്ത്വനവും ചിലപ്പോള്‍ സാഗരഗര്‍ജനമായി.
ഋഷിപരമ്പരയുടെ കാലടിപ്പാടുകള്‍ പതിഞ്ഞ സനാതനധര്മപഥത്തിലൂടെ, അശരണര്‍ക്കു ശരണകേന്ദ്രവും ജിജ്ഞാസുക്കള്‍ക്ക് അറിവിന്റെ കേന്ദ്രവും വഴിതേടുന്നവര്ക്കു വഴികാട്ടിയുമായി നിലകൊള്ളുന്ന കൊളത്തൂര്‍ അദ്വൈതാശ്രമത്തിന് കാല് നൂറ്റാണ്ടു പ്രായം. കാഷായവേഷം കാപട്യത്തിന്റെ പ്രതീകമാണെന്ന തെറ്റായ പാഠം ചൊല്ലിപ്പഠിച്ച കേരളസമൂഹത്തിന്, സന്ന്യാസമെന്നാല്‍ മാനവികതയുടെ മറുവാക്കാണെന്നു മറുപടി നല്കിയ മഹത്തായ ആധ്യാത്മികകേന്ദ്രം പ്രതിസന്ധികളാല്‍ കഴുത്തുഞെരിക്കപ്പെടുമ്പോള് സമൂഹത്തിനു നിഴലും നിലാവുമാണ്. അധിനിവേശത്തിന്റെ ഇരുളില്‍ അറ്റുപോയ വേദ-ഉപനിഷദ് പഠനത്തിന്റെ ചരടു ചേര്‍ത്തുകെട്ടുന്ന യജ്ഞത്തില്‍ മുഴുകിയ വേദാന്തകേന്ദ്രമാണ് അദ്വൈതാശ്രമം. തങ്ങളുടേതെല്ലാം വെടിഞ്ഞ് സമൂഹത്തിനായി 'ഉയിരെടുത്ത' സന്ന്യാസിമാരുടെ സംഗമഭൂമി കൂടിയാണിത്. പടികടന്നെത്തുന്ന ആരെയും നിറപുഞ്ചിരിയോടെ, സസ്നേഹം സ്വാഗതം ചെയ്യുന്ന ആശ്രമാധിപന് ചിദാനന്ദ പുരി സ്വാമികളുടെ രീതിയില്‍, സ്നേഹത്തിന്റെ ഭാഷയില്‍ മാത്രം ഈ കേന്ദ്രം സമൂഹത്തോട് സംവദിക്കുന്നു. പ്രഭാഷണങ്ങളിലൂടെയും സത്സംഗങ്ങളിലൂടെയും ഗ്രന്ഥങ്ങളിലൂടെയും ഓഡിയോ, വീഡിയോ സി.ഡികളിലൂടെയും മാധ്യമങ്ങളിലൂടെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊളത്തൂര്‍ ആശ്രമം പരിചിതമാണ്. കേരളത്തിലാകട്ടെ, ശാഖകളിലൂടെയും സത്സംഗങ്ങളിലൂടെയും സ്വാമി ചിദാനന്ദ പുരിയുടെയും മറ്റു സന്ന്യാസിമാരുടെയും ബ്രഹ്മചാരിമാരുടെയും പ്രഭാഷണങ്ങളിലൂടെയും അദ്വൈതാശ്രമം സജീവമായി നിലകൊള്ളുന്നു. സമസ്ത ജന്തുജാലങ്ങളുടെയും സൗഖ്യത്തിനും സുഖകരമായ ജീവിതത്തിനുമായി അറിവിന്റെയും ഭക്തിയുടെയും മാര്‍ഗത്തിലൂടെ നയിക്കുന്നതിനൊപ്പം തടസ്സങ്ങളെയും എതിര്‍പ്പുകളെയും ഭയലേശമന്യേ നെഞ്ചുവിരിച്ചു നേരിടാനും സമൂഹത്തെ പഠിപ്പിക്കുന്ന ആശാകേന്ദ്രത്തിന്റെ സില്‍വര്‍ ജൂബിലി ജനകീയ ആഘോഷമാക്കിത്തീര്‍ക്കാന്‍ ഒരുങ്ങുകയാണു സമൂഹത്തിലെ വലിയൊരു വിഭാഗം.
1992ലാണ് സ്വാമി ചിദാനന്ദ പുരിയുടെ നേതൃത്വത്തില്‍ അദ്വൈതാശ്രമം സ്ഥാപിതമാകുന്നത്. പിന്നീട് ഘട്ടംഘട്ടമായി ബ്രഹ്മവിദ്യാപീഠവും ബാലസദനവും വിദ്യാലയവും പ്രവര്‍ത്തനം ആരംഭിച്ചു. കോഴിക്കോട്ട് രണ്ടും പാലക്കാട്ടും മലപ്പുറത്തും വയനാട്ടിലും ഓരോന്നു വീതവും ശാഖകള്‍ യാഥാര്‍ഥ്യമായി. കോഴിക്കോട് ജില്ലയില്‍ കിടപ്പിലായവരെ പരിപാലിക്കാനുള്ള സേവാകേന്ദ്രം, വൃദ്ധജനങ്ങളെ പരിപാലിക്കാനുള്ള സേവാകേന്ദ്രം, ചികില്‍സയും മരുന്നുവിതരണവുമുള്ള ഡിസ്പെന്‍സറി എന്നീ പദ്ധതികള്‍ ആരംഭിക്കാനുള്ള പദ്ധതി തയ്യാറായിവരികയുമാണ്.
2016 ഒക്ടോബര്‍ മുതല്‍ 2017 ഒക്ടോബര്‍ വരെയാണ് ജൂബിലി ആഘോഷങ്ങള്‍ നടക്കുക. സ്വാമി അധ്യാത്മാനന്ദ സരസ്വതി(ശിവാനന്ദാശ്രമം, അഹമ്മദാബാദ്)യാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നിര്‍വഹിക്കും. സംസ്ഥാന ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്, എം.പിമാരായ എം.കെ.രാഘവന്, റിച്ചാഡ് ഹേ, ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. സ്വാമി ചിദാനന്ദ പുരി അധ്യക്ഷത വഹിക്കും. പ്രവ്രാജിക മാതൃകപ്രാണാ മാതാ, സ്വാമി വിനിശ്ചലാനന്ദ, സ്വാമിനി ശിവാനന്ദ പുരി, ബ്രഹ്മചാരി വിവേകാമൃത ചൈതന്യ, ബ്രഹ്മചാരി മുകുന്ദ ചൈതന്യ, പി.ഗോപാലന് കുട്ടി മാസ്റ്റര്‍, ഡോ. എസ്. രാം മനോഹര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. സ്വാമി ചിദാനന്ദ പുരി അധ്യക്ഷത വഹിക്കും. വൈകിട്ട് നാലിന് വിഷ്ണുസഹസ്രനാമ പാരായണത്തോടെയാണു ചടങ്ങുകള്‍ ആരംഭിക്കുക. ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി ഞെരളത്ത് ഹരിഗോവിന്ദന് സോപാനസംഗീതം ആലപിക്കും. ഉദ്ഘാടനസമ്മേളനത്തിനു ശേഷം എം.കെ.ശങ്കരന് നമ്പൂതിരിയുടെ സംഗീതക്കച്ചേരി, കൊയിലാണ്ടി ഭരതാഞ്ജലി അവതരിപ്പിക്കുന്ന നൃത്താവിഷ്കാരം എന്നിവ അരങ്ങേറും.