Bharathayathra

മലനിരകളുടെ മടിത്തട്ടില്‍ വശ്യമായ ത്ര്യംബകേശ്വരം

ഗിരിശൃംഗങ്ങള്‍ക്കു കീഴെ കൊതിപ്പിക്കുന്ന പ്രകൃതിഭംഗിയിലേക്ക് മഹാരാഷ്ട്രയിലെ ത്ര്യംബകേശ്വരം തീര്‍ഥാടകരെയും സഞ്ചാരികളെയും മാടിവിളിക്കുന്നു; ഒന്നല്ല ഒരായിരം സവിശേഷതകളാല്‍. ഏതൊരു ഭക്തനെയും ഭക്തിയുടെ പാരമ്യത്തിലേക്ക് ഉയര്‍ത്തും ഇവിടം. തപസ്സിരിക്കാന്‍ മനസ്സുള്ളവരെ ഇവിടം ഒരു യഥാര്‍ഥ തപസ്വിയാക്കിത്തീര്‍ക്കും. ഭൂമിയുടെ അകളങ്കിതസൗന്ദര്യത്താല്‍ സഞ്ചാരികളുടെ മനസ്സുകളെ ഇവിടം ആഹ്ലാദിപ്പിക്കും. സ്വന്തം മടിത്തട്ടില്‍ പ്രകൃതി ഇവിടെ കാത്തുവെച്ചിരിക്കുന്നത് തന്നിലേക്കു മനുഷ്യനെ വശീകരിക്കാന്‍ വേണ്ടതെന്തെല്ലാമോ, അതൊക്കെയാണ്. പര്‍വതങ്ങളും പച്ചപ്പും താഴ്‌വരകളും തെളിനീരും ആരെയാണു ആകര്‍ഷിക്കാത്തത്?
 
ത്ര്യംബകേശ്വരം ക്ഷേത്രം
നാസിക്കില്‍നിന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെ ബ്രഹ്മഗിരി പര്‍വതസാനുവില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് ത്ര്യംബകേശ്വരം. ദ്വാദശജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നാണിത്. രാവിലെ പൂജാസമയത്തു മാത്രമാണു ദര്‍ശനം. കിഴക്കേ ഗോപുരത്തിലൂടെ നീങ്ങി സിദ്ധിവിനായകനെയും നന്ദികേശ്വരനെയും ദര്‍ശിച്ചുവേണം അകത്തുകടക്കാന്‍. അകത്തുള്ള മൂന്നു ചെറുലിംഗങ്ങള്‍ ബ്രഹ്മാവിഷ്ണുമഹോശ്വരന്‍മാരാണ്.
ഗംഗാദ്വാരം അഥവാ കൗളഗിരി എന്നറിയപ്പെടുന്ന ഗോദാവരീക്ഷേത്രവും ഇവിടെ സ്ഥിതി ചെയ്യുന്നു. വിഗ്രഹത്തിന്റെ പാദത്തില്‍നിന്നു തുള്ളിതുള്ളിയായി ഇറ്റുവീഴുന്ന വെള്ളം ഒരു കുണ്ഡത്തിലേക്കു ചെന്നുചേരുന്നുവെന്നതാണ് ഇവിടത്തെ സവിശേഷത.

ക്ഷേത്ര ഐതിഹ്യം
ഗൗതമഋഷി പത്‌നി അഹല്യയുമായി ബ്രഹ്മഗിരി മലകളില്‍ താമസിച്ചു വരുന്നുണ്ടായിരുന്നു. അദ്ദേഹം തന്റെ തപസ്സിന്റെ ഫലമായി വരുണനില്‍നിന്നും ഒരു അക്ഷയമായ ധാന്യക്കലവറ നേടി. ഗൗതമഋഷിയുടെ ഐശ്വര്യത്തില്‍ അസൂയാലുക്കളായിത്തീര്‍ന്ന മറ്റു മുനിമാര്‍ ആ കലവറയിലേക്ക് ഒരു പശുവിനെ കടത്തിവിട്ടു. ഗൗതമഋഷി അതിനെ തന്റെ കയ്യിലുണ്ടായിരുന്ന ദര്‍ഭകൊണ്ട് അടിച്ചോടിക്കാന്‍ ശ്രമിക്കുന്നതിനിടെ പശു ചത്തുപോയി. തുടര്‍ന്ന് ആശ്രമവും പരിസരവും ശുദ്ധിവരുത്തുന്നതിനായി ഗംഗയെ ഭൂമിയിലേക്കെത്തിക്കാന്‍ ഗൗതമഋഷി ശിവനെ തപസ്സു ചെയ്തു. സംപ്രീതനായ ശിവന്‍ ഗംഗയെ ഭൂമിയിലേക്ക് അയക്കുകയും എല്ലാവര്‍ക്കും നന്മ വരുത്താനായി ഭൂമിയില്‍ത്തന്നെ നിലകൊള്ളാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതോടെ എല്ലാ ദൈവങ്ങളും ഗൗതമഋഷിയെയും ഗംഗയെയും ശിവനെയും പ്രകീര്‍ത്തിക്കാന്‍ തുടങ്ങി. ദൈവങ്ങളുടെ അഭ്യര്‍ഥന മാനിച്ചു ശിവന്‍ ത്ര്യംബകേശ്വരനായി ഗോദാവരി നദിക്കരികില്‍ കഴിഞ്ഞു. ത്രയംബക ജ്യോതിര്‍ലിഗം എല്ലാവരുടെയും ആഗ്രഹങ്ങള്‍ സഫലീകരിക്കുമെന്നാണു വിശ്വാസം.

ഗോദാവരിയുടെ ഉദ്ഭവസ്ഥാനം
ദക്ഷിണേന്ത്യയിലെ പ്രധാന പുണ്യനദികളില്‍ ഒന്നായി കരുതപ്പെടുന്ന ഗോദാവരി ഉദ്ഭവിക്കുന്നതു ത്ര്യംബകേശ്വരത്തു നിന്നാണ്. ചക്രതീര്‍ഥമാണു ഗോദാവരിയുടെ ഉദ്ഭവം ദൃശ്യമാകുന്ന സ്ഥലം. ഗൗതമമഹര്‍ഷി തപസ്സ് ചെയ്തു ശിവനെ പ്രസാദിപ്പിച്ചു ഗോദാവരിയെ നേടിയെന്നാണു വിശ്വാസം.
വളരെ ഉയര്‍ന്ന പ്രദേശത്തുള്ള പുരാതന കോട്ടയും കുളവുമടങ്ങുന്ന ബ്രഹ്മഗിരി സ്ഥിതി ചെയ്യുന്നതു ഗോദാവരിയുടെ മൂലസ്രോതസ്സിനു തൊട്ടടുത്തുള്ള പര്‍വതത്തിലാണ്. ഈ പര്‍വതം ശിവസ്വരൂപമാണെന്നു വിശ്വസിച്ചുപോരുന്നു. സദ്യോജാതം, വാമദേവം, അഘോരം, തത്പുരുഷം, ഈശാനം എന്നിവയാണ് ഇതിന്റെ അഞ്ചു ശിഖരങ്ങള്‍.
ബ്രഹ്മഗിരിയുടെ ഇടതുവശത്തായി നീലഗിരിയില്‍ നീലാംബികാദേവീക്ഷേത്രം കുടികൊള്ളുന്നു. തൊട്ടടുത്തായി ദത്താത്രേയക്ഷേത്രവും നീലകണ്ഠശ്വേര ക്ഷേത്രവുമുണ്ട്.

നിവൃത്തിനാഥന്റെ സമാധിസ്ഥലം
സന്ത് ജ്ഞാനേശ്വരന്റെ ഗുരുവും ജ്യേഷ്ഠസഹോദരനുമായ നിവൃത്തിനാഥന്റെ സമാധി ഇവിടെയുള്ള പര്‍വതസാനുക്കളിലാണ്.
ക്ഷേത്രങ്ങളും മലനിരകളും നിറഞ്ഞ ത്ര്യംബകേശ്വരവും സമീപ പ്രദേശങ്ങളും സിദ്ധന്മാരുടെയും തപസ്വികളുടെയും തപോഭൂമി കൂടിയാണ്.
.

Back to Top