Sanathanam

ചരിത്രത്തിലൊതുങ്ങാത്ത ഗുരുപഥം (ഇന്നു ഗുരുപൂര്‍ണിമ)

'ഗുരുഃ സാക്ഷാത് പരം ബ്രഹ്മ' - പരമമായ ബ്രഹ്മം തന്നെയാണ് ഗുരു.
എങ്ങനെയാണ് ഗുരുതത്ത്വത്തെക്കുറിച്ചു പറയുക? അനാദിയായ  ആര്‍ഷപാരമ്പര്യം പകര്‍ന്നുതന്ന വേദാന്തശാസ്ത്രം അന്വേഷണബുദ്ധിയോടെ പഠിച്ചാല്‍ മനസ്സിലാവുക അവാച്യമായതിനെയാണ് ആചാര്യന്മാര്‍ പറയാന്‍ ശ്രമിച്ചിട്ടുള്ളത് എന്നാണ്. വാക്കുകൊണ്ട് പറയാന്‍ കഴിയാത്തതിനെ വാക്കുകൊണ്ടു പറയാന്‍ ശ്രമിക്കുകയാണ് ആചാര്യന്മാരൊക്കെയും ചെയതത്. അവരുടെ അത്തരം പരിശ്രമങ്ങളാണ് വേദാന്തശാസ്ത്രങ്ങളൊക്കെയും. 'ന വിദ്‌മോ ന വിജാനീമോ യഥൈതദനുശിഷ്യാത്'- ഇതെങ്ങനെയാണ്  ഉപദേശിക്കേണ്ടതെന്ന് നമുക്കറിയില്ല എന്നു സാരം. താന്‍ അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയെ ഈ വിധത്തില്‍ ശിഷ്യന്റെ മുമ്പില്‍ തുറന്നുവെയ്ക്കുന്ന ഒരു ആചാര്യനെ ഉപനിഷത്തില്‍ കാണാം. ഗുരുനാഥന് അറിവില്ലാത്തതുകൊണ്ടാവാം എങ്ങനെയാണ് ഉപദേശിക്കേണ്ടത് എന്നറിയില്ലെന്നു പറഞ്ഞതെന്നു തോന്നിയേക്കാം. കൂടുതല്‍ അറിവുള്ള ഒരു ഗുരുവിന്റെ അടുത്തു പോകാം, അപ്പോള്‍ വ്യക്തതയോടെ വിശദീകരിച്ചു തരും എന്നു കരുതുകയുമാവാം. എന്നാല്‍ ഓര്‍ക്കേണ്ടത്, വാക്കിനു വിഷയമല്ലാത്ത പരംതത്ത്വമായ ബ്രഹ്മതത്ത്വത്തെ എങ്ങനെ വാക്കുകൊണ്ടു പറയേണ്ടൂ എന്ന യാഥാര്‍ഥ്യത്തെയാണ് ഇവിടെ ആചാര്യന്‍ വ്യക്തമാക്കിയതെന്നാണ്. ബ്രഹ്മതത്ത്വത്തെ സംബന്ധിച്ച് വിശദീകരിക്കാന്‍ കഴിയില്ല. എങ്കിലും അവാച്യമായതിനെ പറയാന്‍ ശ്രമിക്കുന്നു എന്നു നേരത്തെ പറഞ്ഞുവല്ലോ. അതുപോലെ മാത്രമേ ഗുരു ശബ്ദത്തെയും ഗുരുതത്ത്വത്തെയും വിശദീകരിക്കാന്‍ സാധിക്കൂ.
'ഗും രാവയതി ഇതി ഗുരു'. 'ഗും' എന്നാല്‍ അന്ധകാരത്തെ അഥവാ അജ്ഞാനത്തെ, 'രാവയതി' എന്നാല്‍ നീക്കുന്നത് ദൂരീകരിക്കുന്നത്. അജ്ഞാനത്തെ നീക്കുന്നയാള്‍ ആരോ അയാള്‍ ഗുരു. സത്യത്തെ തിരിച്ചറിയുന്നതിനു തടസ്സമായി ഓരോരുത്തരുടെയും ഉള്ളിലുള്ള ഇരുട്ടിനെ നീക്കുകയാണ് ഗുരു. പ്രകാശത്തിന്റെ അഭാവത്തില്‍ ഒരു വസ്തുവിന്റെയും സാന്നിധ്യം അറിയാനാവില്ല. സമാനമായി, പരമമായ സത്യത്തെ അറിയാതിരിക്കാന്‍ നമ്മുടെ ഉള്ളില്‍ ഇരുട്ടിന്റെ ഒരു ഭാവമുണ്ട്. ആ ഇരുട്ടിനെ നീക്കി ജ്ഞാനപ്രകാശത്തിലേക്കു നയിക്കുന്നവനാണു ഗുരു. ഇതാണ് ഗുരുശബ്ദത്തിന്റെ നിരുക്തി. മറ്റൊരു വിധത്തിലും വിശദീകരിക്കാറുണ്ട്. 'ഗൃണന്തി ശിഷ്യേഭ്യ ഇതി ഗുരുഃ'. 'ഗൃണന്തി' എന്നാല്‍ വ്യക്തമായി പറയുന്നു എന്നര്‍ത്ഥം. വ്യക്തമായി പറയുന്നവനാരോ അവന്‍ ഗുരു. വ്യക്തമായി പറയുക എന്നതിന് എന്താണര്‍ത്ഥം? ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. ഒരാള്‍ മറ്റൊരാളോട് ഒരു പ്രത്യേക സ്ഥലത്തേക്കുള്ള വഴി ചോദിച്ചു എന്നിരിക്കട്ടെ. ഭൂപടം നോക്കി പഠിച്ചു പറഞ്ഞുകൊടുക്കാന്‍ സാധിക്കും. എന്നാല്‍ പ്രസ്തുത സ്ഥലത്തേക്കു യാത്രചെയ്ത അനുഭവമില്ലെങ്കില്‍ ഭൂപടമോ മറ്റു സങ്കേതങ്ങളോ എത്രത്തോളം ഉപയോഗിച്ചു പഠിച്ചാലും ശരി, ആ ഉപദേശത്തില്‍ വ്യക്തതയുണ്ടാവില്ല. അതുപോലെ, വിദ്വാന്മാര്‍ ഏറെണ്ടാകാം, എന്നാല്‍ സ്വാനുഭവത്തിന്റെ ദൃഢതയില്‍നിന്നുകൊണ്ട് വ്യക്തമായി ഉപദേശിക്കുന്നവനാണ് ഗുരു.
ഗുരുവിനുള്ള മേല്‍പ്പറഞ്ഞ രണ്ടര്‍ത്ഥങ്ങളെയും ചേര്‍ത്താല്‍ പുതിയൊരു അര്‍ഥം ലഭിക്കും. വ്യക്തമായി ഉപദേശിക്കുന്നതിലൂടെ ശിഷ്യന്റെ, സമൂഹത്തിന്റെ, തന്നെ ആശ്രയിച്ച സജ്ജനങ്ങളുടെ അന്ധകാരത്തെ നീക്കുന്നവനാരോ അവനാകുന്നു ഗുരു.
ഗുരുവിന്റെ തത്ത്വത്തെയും മഹിമയെയും ഉള്‍ക്കൊള്ളുകയെന്നതു ശിഷ്യന്റെ പ്രധാന ഉത്തരവാദിത്തമാണ്. 'ശിവഏവ ഗുരുഃ സാക്ഷാത് ഗുരുരേവ ശിവഃ സ്വയം.' എന്നു പറയാറുണ്ട്. ഗുരു ശിവന്‍തന്നെയാകുന്നു, ശിവന്‍തന്നെയാണ് ഗുരു. 'ഉഭയോരന്തരം നാസ്തി' - രണ്ടുപേര്‍ക്കും തമ്മില്‍ വ്യത്യാസമില്ല. ഭാരതീയ ദര്‍ശനവും ശാസ്ത്രപാരമ്പര്യവും പ്രകാരം എത്ര മഹോന്നതമായ പദവിയാണ് ഗുരുവിനുള്ളത് എന്ന് ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നു. 'ന ഗുരോരധികം തത്ത്വം' - ഗുരുവിനുപരി മറ്റൊരു തത്ത്വമില്ല. 'ന ഗുരോരധികം തപഃ' - ഗുരുവിനുപരി ഒരു തപസ്സുമില്ല. ഒരാള്‍ മനസ്സിലെന്തെങ്കിലും ഒന്ന് തപസ്സാണെന്നു വിചാരിച്ചിട്ടുണ്ട് എന്ന് വിചാരിക്കുക. ഗുരു മറ്റൊന്ന് നിര്‍ദ്ദേശിച്ചു എന്നും വെക്കുക. അപ്പോള്‍ ഗുരു നിര്‍ദേശിച്ചതാകുന്നു തപസ്സ്.
ഭാരതീയ സംസ്‌കൃതിയുടെയും പാരമ്പര്യത്തിന്റെയും അടിത്തറ നിലകൊള്ളുന്നത് ഗുരുവിലാണ്. ഹിന്ദുധര്‍മ്മത്തിന്റെ, സനാതനധര്‍മ്മത്തിന്റെ മഹത്വങ്ങളെല്ലാം നിലകൊള്ളുന്നത് കേന്ദ്രീകൃതമായിരിക്കുന്ന ഒരാശ്രയത്തിലാണ്; ഗുരുവില്‍! അനാദിയായ ഗുരുപരമ്പരയാണു ഭാരതീയ മഹിമയുടെ അടിത്തറ. ഹിന്ദുധര്‍മ്മത്തിന്റെ എല്ലാ ഉപദേശങ്ങളെയും ഉള്‍ക്കൊള്ളുന്ന ഗ്രന്ഥമെന്നു സര്‍വ്വസമ്മതമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതു ഭഗവദ്ഗീതയാണല്ലോ. 'ഇദം ഗീതാശാസ്ത്രം സമസ്തവേദാര്‍ത്ഥസാരസംഗ്രഹഭൂതം' എന്നു ഗീതയെ ശങ്കരാചാര്യര്‍ വിശേഷിപ്പിച്ചു. സമസ്ത വേദങ്ങളിലും എന്തെന്ത് അര്‍ഥങ്ങളെ പറഞ്ഞിട്ടുണ്ടോ അവയുടെ മുഴുവന്‍ സാരസംഗ്രഹമാണ് ഭഗവദ്ഗീത. ഗീതയില്‍ 'ശിഷ്യസ്‌തേfഹം ശാധിമാം ത്വാം പ്രപന്നം' (നിന്നില്‍ പരിപൂര്‍ണ്ണമായി സമര്‍പ്പിച്ച ശിഷ്യനാണു ഞാന്‍. അങ്ങെനിക്ക് നിശ്ചയിച്ചുറപ്പിച്ചു പറഞ്ഞുതരേണമേ) എന്ന് അര്‍ജുനന്‍ അപേക്ഷിച്ചതിനുശേഷമാണ് ശ്രീകൃഷ്ണന്‍ തത്ത്വോപദേശം ചെയ്യുന്നത്. അതുകൊണ്ടുതന്നെ 'ഇതൊക്കെ ഞാന്‍ പറയുകയാണ്' എന്നു പറഞ്ഞ് ഉപദേശിച്ചാല്‍ മതിയായിരുന്നു കൃഷ്ണന്. എന്നാല്‍ അങ്ങനെ ചെയ്തില്ല. മറിച്ച് ഏതാശയത്തെ പറയുന്ന സമയത്തും 'ഇങ്ങനെ പറയപ്പെടുന്നു' (ഉച്യതേ) എന്നാണു ശ്രീകൃഷ്ണന്‍ പറയുന്നത്. സ്വയം നല്‍കുന്ന ഉപദേശത്തിനു സ്വീകരിച്ച പദങ്ങളൊക്കെയും പൂര്‍വ്വാചാര്യന്മാരാല്‍ പറയപ്പെട്ടതാണ്.
ഉപനിഷത്തിന്റെ സാരമായാണ് ഗീത ഉപദേശിക്കപ്പെട്ടത്. ഉപനിഷത്തുക്കളിലും കാണാം ഇതേ ഭാഷ. ഇങ്ങനെ പൂര്‍വ്വാചാര്യന്മാരാല്‍ പറയപ്പെട്ടിരിക്കുന്നു എന്ന് ഉപനിഷത്തുക്കളും ആവര്‍ത്തിക്കുന്നു. കാലം നിര്‍ണ്ണയിക്കാനാവാത്ത ഉപനിഷത്തിലാണ് ഇപ്രകാരം പറഞ്ഞിരിക്കുന്നത്. ഇത് ആധുനിക ചരിത്രകാരന്‍മാരുടെ അളവുകോല്‍വെച്ച് ഗണിക്കാവുന്നതല്ല. ഇത് എന്നാരംഭിച്ചു എന്നു പറയാന്‍ വയ്യ.
അന്വേഷണം തുടരാം. ഉപനിഷത്തുക്കളേക്കാള്‍ പ്രാചീനമായി എന്തെങ്കിലുമുണ്ടോ? അവസാനം എത്തിച്ചേരുന്നത് വേദസംഹിതയിലാണ്. അതിലെ ആദ്യത്തെ മന്ത്രത്തിലുമുണ്ട് 'ഋഷിഭിഃ പൂര്‍വ്വേഭിഃ ഈഡ്യഃ'- പൂര്‍വ്വികരായ ഋഷിമാരാല്‍ സ്തുതിക്കപ്പെട്ടത് എന്ന്.  
എന്ന് ആരംഭിച്ചു ഗുരുപരമ്പര എന്ന് ആര്‍ക്കും കണക്കാക്കാന്‍ കഴിയില്ല. അത് അനാദിയാണ്. അതുകൊണ്ടാണു ഗുരുപരമ്പരയെ സ്മരിക്കുമ്പോള്‍ 'സദാശിവ സമാരംഭാം' എന്നു തുടങ്ങുന്നത്. നാരായണ സമാരംഭാം എന്തു പറഞ്ഞാലും ഒന്നുതന്നെ. സാക്ഷാല്‍ സദാശിവനിലാണ് ഇതിന്റെ ആരംഭം- ദക്ഷിണാമൂര്‍ത്തിയില്‍, ആദി നാരായണനില്‍. ആദി നാരായണനും ദക്ഷിണാമൂര്‍ത്തിയും ഒന്നുതന്നെ. അനാദിയായ ഗുരുപരമ്പര ഇതാ ശിഷ്യ-തച്ചിഷ്യ-പ്രശിഷ്യ പരമ്പരയിലൂടെ നമ്മിലേക്കു വന്നുനില്‍ക്കുകയാണ്.
.

Back to Top