Rishipatham

ജ്യോതിഷത്തിന്റെ പിതാവായ ഭൃഗു മഹര്‍ഷി

സ്വാമിനി ശിവാനന്ദ പുരി
ഭാരതീയഋഷിപരമ്പരയില്‍ വളരെ പ്രാധാന്യമുള്ള ഒരു സ്ഥാനമാണ് ഭൃഗുമഹര്‍ഷിക്കുള്ളത്. സപ്തര്‍ഷിമാരില്‍ ഒരാളായി മാനിക്കപ്പെടുന്ന ഭൃഗുമഹര്‍ഷി ഹൈന്ദവജ്യോതിഷത്തിന്റെ പിതാവു കൂടിയാണ്. വേദത്തിലും ഭൃഗുവിനെ കാണാം. കൃഷ്ണയജുര്‍വേദീയമായ തൈത്തിരീയോപനിഷത്തിലെ ഭൃഗുവല്ലിയില്‍ പിതാവായ വരുണനില്‍നിന്ന് ബ്രഹ്മോപദേശം നേടുന്ന ഭൃഗുവിനെക്കുറിച്ചു പറയുന്നുണ്ട്. ശ്രീകൃഷ്ണഭഗവാന്‍ ഗീതയില്‍ 'മഹര്‍ഷീണാം ഭൃഗുരഹം' (ഭഗവദ്ഗീത 10/25 = മഹര്‍ഷിമാരുടെ കൂട്ടത്തില്‍ ഞാന്‍ ഭൃഗുവാകുന്നു) എന്നും പറഞ്ഞിരിക്കുന്നു. ഇവയില്‍നിന്നെല്ലാം നമുക്ക് ഋഷിമാരില്‍ ഭൃഗുവിനുള്ള പ്രാധാന്യം മനസ്സിലാക്കാം.  
ബ്രഹ്മാവിന്റെ മാനസപുത്രനാണ് ഭൃഗു. സൃഷ്ടിപ്രക്രിയയില്‍ സഹായിക്കാന്‍ വേണ്ടിയാണ് ബ്രഹ്മാവിനാല്‍ ഭൃഗുമഹര്‍ഷി സൃഷ്ടിക്കപ്പെട്ടതെന്നതിനാല്‍ അദ്ദേഹം പ്രജാപതിമാരില്‍ ഒരാളുംകൂടിയാണ്. ദക്ഷപ്രജാപതിയുടെ മകള്‍ ഖ്യാതി, കര്‍ദമപ്രജാപതിയുടെ മകള്‍ പുലോമ, ഉശന (കാവ്യമാതാ) എന്നിവര്‍ അദ്ദേഹത്തിന്റെ ഭാര്യമാരായിരുന്നു. ധാതാ, വിധാതാ എന്നീ പുത്രന്മാരും ശ്രീ എന്ന പുത്രിയും ഭൃഗുവിനു ഖ്യാതിയില്‍ ജനിച്ചു. പുലോമയില്‍ ഭൃഗുവിനു ജനിച്ച മകനാണ് പ്രസിദ്ധനായ ച്യവനമഹര്‍ഷി. ഭൃഗുപുത്രിയായ ശ്രീയാണേ്രത വിഷ്ണുപത്‌നിയായ ലക്ഷ്മി. അതുകൊണ്ട് ലക്ഷ്മിക്ക് ഭാര്‍ഗവിയെന്നും പേരുണ്ട്. ഭൃഗുമഹര്‍ഷിക്ക് ഉശനയില്‍ ജനിച്ച മകനാണ് ശുക്രാചാര്യര്‍. ഉശനസ്സ് എന്നും ഭാര്‍ഗവന്‍ എന്നും ശുക്രാചാര്യര്‍ അറിയപ്പെടുന്നു.

വിഷ്ണുവിന്റെ ശാപം
ഇതു ദേവീഭാഗവതത്തില്‍ വരുന്ന കഥയാണ്. ഒരിക്കല്‍ ദേവന്മാരും ദൈത്യന്മാരും തമ്മില്‍ യുദ്ധമുണ്ടായപ്പോള്‍ ദേവേന്ദ്രനാല്‍ നയിക്കപ്പെട്ട ദേവസൈന്യത്തിനു വിജയം ഉണ്ടാകുമെന്ന സ്ഥിതി വന്നു. ആ സമയത്ത് ദൈത്യന്മാര്‍ ശുക്രാചാര്യരെ സമീപിച്ചു. ശുക്രാചാര്യര്‍ കഠിനതപസ്സനുഷ്ഠിച്ചു ശിവനെ പ്രത്യക്ഷപ്പെടുത്തി മൃതസഞ്ജീവനിമന്ത്രം നേടി. ശുക്രാചാര്യര്‍ ഇല്ലാത്ത സന്ദര്‍ഭത്തില്‍ അസുരന്മാര്‍ ശുക്രാചാര്യരുടെ മാതാവായ ഉശനയെ സമീപിച്ചു. ഉശന അസുരന്മാരെ സഹായിക്കാമെന്നേറ്റു. ദേവന്മാരെ ഉശന തന്റെ സിദ്ധി ഉപയോഗിച്ച് നിശ്ചേഷ്ടരാക്കിക്കളഞ്ഞു. അനങ്ങാന്‍ പറ്റാത്തവരായിത്തീര്‍ന്ന ദേവന്മാര്‍ അസുരന്മാരുടെ ദുഷ്പ്രവൃത്തികള്‍ക്കെല്ലാം ഇരകളായിത്തീര്‍ന്നു. രക്ഷയ്ക്കായി ദേവന്മാര്‍ മഹാവിഷ്ണുവിനെ ശരണം പ്രാപിച്ചു. ഉശനയെ കൊന്നല്ലാതെ ദേവന്മാര്‍ക്കേറ്റ ശാപത്തെ നീക്കാനാവില്ലെന്നു മഹാവിഷ്ണു മനസ്സിലാക്കി. എന്നാല്‍ ധര്‍മമനുസരിച്ച് ഇങ്ങോട്ട് കാരണമുണ്ടാക്കാത്തിടത്തോളം സ്ത്രീയെ കൊല്ലാന്‍ പാടുള്ളതല്ല എന്നറിയുന്ന വിഷ്ണു ഒരു ഭീകരനായ കാട്ടുപന്നിയുടെ വേഷത്തില്‍ ഉശനയെ ഭയപ്പെടുത്താനായി ചെന്നു. ഉസന കാട്ടുജീവിയെ കണ്ടു. എന്നാല്‍ അതു വേഷംമാറി വന്ന വിഷ്ണുവാണെന്നു മനസ്സിലാക്കി ഇപ്രകാരം പറഞ്ഞു. 'അല്ലയോ വിഷ്ണു, ഞാന്‍ എന്റെ മക്കളെ സംരക്ഷിക്കുക എന്ന കടമ മാത്രമാണു ചെയ്യുന്നത്. അങ്ങ് ധര്‍മസംരക്ഷണത്തിന് ഉത്തരവാദപ്പെട്ട ആളാണല്ലോ. എന്നാല്‍ അങ്ങ് ഇപ്പോള്‍ ദേവപക്ഷപാതിയായിരിക്കുന്നു. നിശ്ചയമായും ഈ തെറ്റ് ശിക്ഷിക്കപ്പെടേണ്ടതു തന്നെ. ഞാന്‍ അങ്ങയെ ശപിക്കുകയാണ്. നീയും ഇന്ദ്രനും ഭസ്മമായിപ്പോകട്ടെ'. ഈ വാക്കുകള്‍ പറയുമ്പോഴേക്കും വിഷ്ണു തന്റെ അമ്പുകൊണ്ട് ഉശനയുടെ ഉടലില്‍നിന്നും തല വേര്‍പെടുത്തി. ഉശന കൊല്ലപ്പെട്ടതോടെ തങ്ങള്‍ക്കേര്‍പ്പെട്ട ജഡഭാവത്തില്‍നിന്നും ദേവന്മാര്‍ മുക്തരായിത്തീര്‍ന്നു. ഉശനയെ കൊന്ന വാര്‍ത്തയറിഞ്ഞ് വിഷ്ണുവിനെ ഭൃഗു ശപിച്ചു. ഭൂമിയില്‍ ജനിച്ച് തങ്ങളെപ്പോലെ വിരഹദുഃഖം അനുഭവിക്കാന്‍ ഇടവരട്ടെ എന്നായിരുന്നു ശാപം. ഉശനയ്ക്ക് ഭൃഗു തന്റെ സിദ്ധിവിശേഷം ഉപയോഗിച്ച് പുനര്‍ജന്മമേകി. ഭൃഗുവിന്റെ ശാപത്തെ വിഷ്ണു സ്വീകരിച്ചു. ആ ശാപത്തിന്റെ ഫലമായാണേ്രത വിഷ്ണു ശ്രീരാമനായി ജനിച്ച് വിരഹദുഃഖം അനുഭവിക്കാനിടയായത്.

ത്രിമൂര്‍ത്തികളെ ഭൃഗുമഹര്‍ഷി പരീക്ഷിക്കുന്നു
ഭൃഗുമഹര്‍ഷിയെക്കുറിച്ചുള്ള പ്രസിദ്ധമായ മറ്റൊരാഖ്യാനം ഭാഗവതപുരാണത്തിലും പദ്മപുരാണത്തിലും വരുന്നുണ്ട്. ത്രിമൂര്‍ത്തികളില്‍ ആരാണു ശ്രേഷ്ഠന്‍ എന്നു പരീക്ഷിക്കാന്‍ ഭൃഗു നിയോഗിക്കപ്പെടുന്നതാണ് ആ കഥ. ഒരിക്കല്‍ ഋഷിമാര്‍ വലിയൊരു യജ്ഞം നടത്താന്‍ പദ്ധതിയിട്ടു. ആ യജ്ഞത്തില്‍ ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ഠനായ ആള്‍ക്ക് പൂര്‍ണാഹുതി നല്കാന്‍ തീരുമാനമായി. എന്നാല്‍ അവരില്‍ ആരാണേറ്റവും ശ്രേഷ്ഠനെന്ന വിഷയത്തില്‍ അവര്‍ക്കൊരു തീരുമാനത്തിലെത്താന്‍ സാധിച്ചില്ല. അതറിഞ്ഞുവരാന്‍ മഹര്‍ഷിമാരെല്ലാവരും ചേര്‍ന്ന് ഭൃഗുമഹര്‍ഷിയെ നിയോഗിക്കുന്നത് അങ്ങനെയാണ്.
ആദ്യംതന്നെ ബ്രഹ്മലോകത്തിലേക്കാണ് അദ്ദേഹം പോയത്. ചെന്ന ഉടനെ ബ്രഹ്മാവിന്റെ മുന്നില്‍ ഉയര്‍ന്ന ഇരിപ്പിടത്തില്‍ക്കയറി ഇരുന്നു. ബ്രഹ്മാവ് ക്രുദ്ധനായി. ഭൃഗു ഒന്നും മിണ്ടാതെ അവിടെനിന്നിറങ്ങി കൈലാസത്തിലേക്കു പോയി. ഭൃഗുവിനെക്കണ്ട പരമശിവന്‍ രണ്ടു കൈകളും നീട്ടി അദ്ദേഹത്തെ ആലിംഗനംചെയ്യാനടുത്തു. എന്നാല്‍ ഭൃഗു അദ്ദേഹത്തിന്റെ കൈകള്‍ തട്ടിമാറ്റി, അകന്നു മാറി. കോപിഷ്ഠനായ ശിവന്‍ ശൂലംകൊണ്ട് ഭൃഗുവിനെ കുത്താനാഞ്ഞു. പാര്‍വതീദേവി തടഞ്ഞതുകൊണ്ടു മാത്രം കുത്തുകൊള്ളാതെ രക്ഷപ്പെട്ടു. ഉടന്‍ അവിടെനിന്നും യാത്രയായ ഭൃഗു നേരെ വൈകുണ്ഠത്തിലേക്കാണ് പോയത്. അവിടെ എത്തിയപ്പോള്‍ കാണുന്നത് വിഷ്ണു ശയിക്കുന്നതാണ്. ഭൃഗു നേരെ ചെന്ന് വലതുകാല്‍കൊണ്ട് വിഷ്ണുവിന്റെ മാറില്‍ ചവിട്ടി. ചവിട്ടേറ്റ വിഷ്ണു ഉറക്കമുണര്‍ന്നു. ഭൃഗുമഹര്‍ഷിയെക്കണ്ടതും അദ്ദേഹത്തിന്റെ പാദങ്ങളില്‍പ്പിടിച്ചു തലോടാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ ആഗമനസമയത്ത് ഉറങ്ങിപ്പോയതില്‍ ക്ഷമാപണംചെയ്യുകയുംചെയ്തു. മാത്രവുമല്ല ഭൃഗുവിന്റെ പാദമുദ്ര ശ്രീവത്സം എന്ന പേരില്‍ എന്നെന്നും തന്റെ മാറിനെ അലങ്കരിച്ചുകൊണ്ട് നിലകൊള്ളുമെന്ന് അനുഗ്രഹിക്കുകയും ചെയ്തു. തിരിച്ച് ഋഷിമാരുടെ സമീപമെത്തിയ ഭൃഗു, ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ഠന്‍ മഹാവിഷ്ണുവാണെന്ന് അറിയിച്ചു. ഇത് വൈഷ്ണവപുരാണങ്ങളില്‍ വിഷ്ണുവിന്റെ മഹത്ത്വം സൂചിപ്പിക്കുന്നതിനുവേണ്ടി പറഞ്ഞിട്ടുള്ള കഥയായി മാത്രം കണ്ടാല്‍ മതി.
ഭൃഗു ഒരിക്കല്‍ യശ്വന്തന്‍ എന്ന രാജാവിന് മക്കളുണ്ടാവുന്നതിനായി പുത്രകാമേഷ്ടി നടത്തുകയും ദിവ്യജലം നിറഞ്ഞ ഒരു പാത്രം രാജാവിനു നല്കി അതിലുള്ള ജലം രാജാവിന്റെ ഭാര്യയ്ക്കു കുടിക്കാനായി നല്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അന്നു രാത്രി രാജാവിന് എന്തെന്നില്ലാത്ത ദാഹം അനുഭവപ്പെട്ടു. മഹര്‍ഷി നല്കിയ ജലമെടുത്ത് രാജാവു കുടിച്ചു. പിറ്റേന്ന് വിവരമറിഞ്ഞ മഹര്‍ഷി, മക്കളുണ്ടാവാനുള്ള ഔഷധവീര്യമുള്ള ജലമായിരുന്നു പാത്രത്തിലുണ്ടായിരുന്നതെന്നും അതു കുടിച്ച രാജാവ് ഗര്‍ഭം ധരിക്കുമെന്നും പറഞ്ഞു. അതുപോലെത്തന്നെ സംഭവിച്ചു. രാജാവ് ഗര്‍ഭം ധരിച്ചു. ആ ഗര്‍ഭത്തിലുണ്ടായ കുഞ്ഞാണേ്രത മാന്ധാതാവ്.
ഇതുപോലെ ഭൃഗുമഹര്‍ഷിയുമായി ബന്ധപ്പെട്ട ഒട്ടേറെ കഥകള്‍ ഇതിഹാസപുരാണങ്ങളിലുണ്ട്.
ഹൈന്ദവജ്യോതിഷത്തിന്റെ പിതാവ് എന്നാണ് ഭൃഗുമഹര്‍ഷി അറിയപ്പെടുന്നത്. ഭൃഗുസംഹിത ആദ്യത്തെ ജ്യോതിഷഗ്രന്ഥമായി മാനിക്കപ്പെടുന്നു. 50 ലക്ഷത്തില്‍പ്പരം ഭാവിജ്യോതിഷങ്ങള്‍ അതില്‍ രേഖപ്പെടുത്തിയിരുന്നുവേ്രത. ഇതില്‍ അഞ്ചുലക്ഷം ഭൃഗുമഹര്‍ഷിയും ബാക്കി അദ്ദേഹത്തിന്റെ ശിഷ്യന്മാരും എഴുതിയതാണെന്നു പറയപ്പെടുന്നു. ഇസ്ലാം ആക്രമണകാലത്ത് നളന്ദ സര്‍വകലാശാല അഗ്നിക്കിരയാക്കപ്പെട്ടപ്പോള്‍ ഈ ഗ്രന്ഥങ്ങള്‍ മിക്കവയും നഷ്ടമായി.
.

Back to Top