Bharathayathra

കീര്‍ത്തിയുടെ യുഗങ്ങള്‍ താണ്ടി നാസിക്കും പഞ്ചവടിയും

ഭാരതചരിത്രത്തില്‍ നിര്‍ണായകസ്ഥാനമുള്ള ഗോദാവരി നദിയുടെ തഴുകല്‍ ഏല്‍ക്കുന്ന ചരിത്രനഗരമാണു മഹാരാഷ്ട്രയിലെ നാസിക്. നാലു യുഗങ്ങള്‍ നീണ്ട പ്രശസ്തിയുള്ള നാസിക്കിനോടു ചേര്‍ന്നാണ്  പഞ്ചവടി. നാസിക്കിനും പഞ്ചവടിക്കും ഇടയിലൂടെയാണു ഗോദാവരി നദിയൊഴുകുന്നത്. വിശുദ്ധ നദീതീരത്തുള്ള ഈ പ്രദേശം ഹിന്ദുധര്‍മവിശ്വാസിള്‍ക്കു പുണ്യനഗരമാണ്. 
അഞ്ചു പേരാല്‍ ഒന്നിച്ചു വളര്‍ന്നുനില്ക്കുന്ന സ്ഥലമായതിനാലാണ് പഞ്ചവടി എന്നു പേരു സിദ്ധിച്ചതെന്നാണു കരുതിപ്പോരുന്നത്. ഭദ്രാചലം എന്നും പഞ്ചവടിക്ക്  പേരുണ്ട്. നാസിക്കിന് കൃതയുഗത്തില്‍ പദ്മനഗരം എന്നും ത്രേതായുഗത്തില്‍ ത്രികണ്ഡക എന്നും ദ്വാപരത്തില്‍ ജനസ്ഥാനം എന്നുമായിരുന്നുവേ്രത പേരുകള്‍. ഇപ്പോള്‍ കലിയുഗത്തില്‍ നാസിക് എന്നറിയപ്പെടുന്നു. ഇവിടെ സീതാഗുഹയെന്നു വിളിക്കപ്പെടുന്ന ഗുഹയുണ്ട്. ഖരദൂഷണന്മാര്‍ യുദ്ധത്തിനുവന്ന സമയത്ത് ലക്ഷ്മണന്‍ സീതാദേവിയെ താമസിപ്പിച്ചിരുന്നത് ഇവിടെയായിരുന്നു എന്നാണ് ഐതിഹ്യം. പഞ്ചവടിബസാറില്‍ കാലാരാമക്ഷേത്രം സ്ഥിതി ചെയ്യുന്നു. സീതയെ കാണാത്ത ദുഃഖം സഹിക്കാന്‍വയ്യാതെ രാമന്‍ കരഞ്ഞ സ്ഥലമായതിനാലാണത്രേ കാലാരാമന്‍ എന്നു പേരു വന്നത്.  
ഗോദാവരീനദിയിലെ സ്‌നാനം ഭക്തര്‍ക്കു പ്രധാനമാണ്. ശ്രീരാമനും സീതയും ലക്ഷ്മണനും പഞ്ചവടിയില്‍ താമസിച്ചിരുന്നപ്പോള്‍ വളരെക്കാലം ഗോദാവരിയിലായിരുന്നു കുളിച്ചിരുന്നത്.
രാമകുണ്ഡം, സീതാകുണ്ഡം, ലക്ഷ്മണകുണ്ഡം മുതലായ തീര്‍ഥങ്ങള്‍ നദിയിലുണ്ടെന്നാണു വിശ്വാസം. ഇവിടെനിന്ന് വായുകോണില്‍, അരുണ എന്നുപേരുള്ള മറ്റൊരു നദി കൂടി ഗോദാവരിയില്‍ ചേരുന്നു. അടുത്തുതന്നെയുള്ള മറ്റു തീര്‍ഥങ്ങളാണ് സൂര്യ, ചന്ദ്ര, അശ്വിനീതീര്‍ഥങ്ങള്‍ തുടങ്ങിയവ. ഭക്തര്‍ ഇവിടെയെത്തി തല മുണ്ഡനംചെയ്ത് ശ്രാദ്ധം നടത്തുന്ന പതിവുണ്ട്. ഗോദാവരീതീരത്ത് രാമഗയാതീര്‍ഥത്തിനടുക്കല്‍ രാമേശ്വരക്ഷേത്രവുമുണ്ട്.
അരുണാനദീതീരത്ത് ഇന്ദ്രകുണ്ഡം എന്ന തീര്‍ഥം സ്ഥിതിചെയ്യുന്നു. അഹല്യയെ പ്രാപിച്ചതിന് ഇന്ദ്രനു ഗൗതമമഹര്‍ഷിയില്‍നിന്ന് ഏല്‍ക്കേണ്ടിവന്ന ശാപത്തില്‍നിന്നു മുക്തി ലഭിച്ചത് ഇവിടെ കുളിച്ചിട്ടാണെന്നാണു വിശ്വസിച്ചുപോരുന്നത്. മേധാതിഥി തീര്‍ഥം, കോടിതീര്‍ഥം എന്നു തുടങ്ങി ഇവിടെ വേറെയും തീര്‍ഥങ്ങളുണ്ട്. 12 വര്‍ഷംകൂടുമ്പോള്‍ ഒരിക്കല്‍ വ്യാഴം ചിങ്ങംരാശിയില്‍ വരുമ്പോള്‍ മാത്രമാണ് ഗോദാവരീക്ഷേത്രം തുറക്കുക. പിന്നീട് വര്‍ഷം മുഴുവന്‍ തുറന്നിരിക്കും.
പഞ്ചവടിയില്‍നിന്നു രണ്ടര കിലോമീറ്റര്‍ അകലെ ഗോദാവരിയില്‍ കപിലാനദി വന്നുചേരുന്നുണ്ട്. കപിലാസംഗമതീര്‍ഥത്തില്‍ തപോവനം സ്ഥിതി ചെയ്യുന്നു. ഗൗതമമഹര്‍ഷിയുടെ തപഃസ്ഥലമാണിത്.
ലക്ഷ്മണന്‍ ശൂര്‍പ്പണഖയുടെ നാസികയറുത്ത സ്ഥലമായതിനാലാണ് നാസിക് എന്നു പേരു വന്നതെന്നും വിശ്വസിക്കപ്പെടുന്നുണ്ട്. എ.ഡി 1680ല്‍ ഡക്കാനിലെ വൈസ്രോയി ഔറംഗസീബിന്റെ പ്രതിപുരുഷനായി ഭരണം നടത്തിയപ്പോള്‍ നാസിക്കിലെ 25 ക്ഷേത്രങ്ങള്‍ ഒരുമിച്ചു തകര്‍ത്തുകളഞ്ഞു. 1750ല്‍ പേഷ്വാമാരുടെ ഭരണകാലത്ത് അവയില്‍ പലതും പുതുക്കിപ്പണിയുകയുണ്ടായി. മുഗളന്മാരുടെ കാലത്ത് ശവപ്പറമ്പായി മാറിയിരുന്ന ഈ ക്ഷേത്രഭൂമിക ശുദ്ധിചെയ്ത് പഴയ മാഹാത്മ്യത്തോടെ പുനരുദ്ധരിച്ചത് ബാലാജി റാവു പേഷ്വയാണ്, എ.ഡി. 1750ല്‍.
.

Back to Top