Sanathanam

കശ്മീരില്‍ നാളെ കുംഭമേള

ശ്രീനഗര്‍: 75 വര്‍ഷത്തെ ഇടവേളയ്ക്കുശഷം കശ്മീരില്‍ കശ്മീരി പണ്ഡിറ്റുകളുടെ കേന്ദ്രത്തില്‍ കുംഭമേള. ജൂണ്‍ 14നു ഗന്ദര്‍ബല്‍ ജില്ലയിലെ പ്രയാഗ് ചിനാര്‍ ദ്വീപാണു ദഷര്‍ മഹാകുംഭമേളയ്ക്കു വേദിയാകുന്നത്. വിതസ്ത, കൃഷന്‍ ഗംഗ, സിന്ധു നദികളുടെ സംഗമസ്ഥാനംകൂടിയാണിത്.
ദ്വീപിലുള്ള ചിനാര്‍ മരച്ചുവട്ടിലുള്ള ശിവലിംഗം കാലങ്ങളായി ഭക്തര്‍ ആരാധിച്ചുവരുന്നതാണ്. നദി എത്ര കരകവിഞ്ഞാലും ചിനാര്‍ മരം മുങ്ങിപ്പോകില്ലെന്നാണു കശ്മീരി പണ്ഡിറ്റുകളുടെ വിശ്വാസം. ബോട്ടില്‍ വേണം ഈ പ്രദേശത്ത് എത്തിച്ചേരാന്‍. ഷാദിപോറ ഘട്ട്, നാരായണ്‍ ബാഗ് തുടങ്ങിയ ആധ്യാത്മിക കേന്ദ്രങ്ങളും ഇവിടെയുണ്ട്.
പലായനം ചെയ്ത ഇരുപതിനായിരത്തിലധികം പണ്ഡിറ്റുകളെ മേളയില്‍ പ്രതീക്ഷിക്കുന്നതായി കമ്മിറ്റി കണ്‍വീനര്‍ എ.കെ.കൗള്‍ പറഞ്ഞു. ജമ്മു-കശ്മീരില്‍നിന്നു വലിയ ആള്‍ക്കൂട്ടമെത്തുന്നതിനു പുറമേ, ഭാരതത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്നും വിദേശരാഷ്ട്രങ്ങളില്‍നിന്നും കുംഭമേളയില്‍ പങ്കെടുക്കാന്‍ ഭക്തരെത്തും.
ഏറെക്കാലത്തിനു ശേഷം കശ്മീരില്‍ നടക്കുന്ന കുംഭമേളയ്ക്കു വലിയ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. തീര്‍ഥാടകര്‍ക്കാവശ്യമായ സഹായങ്ങളും സൗകര്യങ്ങളും ലഭ്യമാക്കണമെന്നു കുംഭമേള സംഘാടകസമിതി ഭാരവാഹികള്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ്ങിനെ കണ്ട് ആവശ്യപ്പെട്ടു. താല്‍ക്കാലിക താമസസ്ഥലങ്ങളും ശുചിമുറികളും സജ്ജീകരിക്കണമെന്നും വൈദ്യസഹായവും കുടിവെള്ളവും ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
.

Back to Top