Ulsavam

സ്ത്രീകളെ കാല്‍കഴുകി പൂജിക്കുന്ന ചരിത്രവുമായി ചക്കുളത്തുകാവു പൊങ്കാലയും നാരീപൂജയും 12 നോമ്പും

വൃശ്ചികത്തിലെ കാര്‍ത്തികയ്ക്കാണ് എടത്വ ചക്കുളത്തുകാവില്‍ പൊങ്കാല ഉല്‍സവം. പൊങ്കാലയിടുന്നതിനു സ്ത്രീകള്‍ പാത്രവും അരിയുമായി എത്തും. ക്ഷേത്രപരിസരം മുതല്‍ സ്ത്രീകള്‍ അടുപ്പൊരുക്കും. വരിവരിയായി റോഡിലും നഗരത്തിരക്കിലും അടുപ്പുകളൊരുക്കാന്‍ മാത്രം ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ക്ഷേത്രത്തില്‍നിന്നു തെളിയിച്ചുനല്‍കുന്ന തിരികൊണ്ടാണ് പൊങ്കാലയടുപ്പുകള്‍ കത്തിക്കുക. കാര്‍ത്തികസ്തംഭം കത്തിക്കുന്നതോടെ പൊങ്കാല ഉല്‍സവം സമാപിക്കും.
ധനു മാസം ഒന്നു മുതല്‍ 12 വരെയാണു ചക്കുളത്തുകാവിലെ 12 നോമ്പ്. ധനു ഒന്നിനു മാലയിട്ടാണു വ്രതം ആരംഭിക്കുക. ദിവസവും രാവിലെയും വൈകിട്ടും കുളിച്ചു ചക്കുളത്തുകാവിലമ്മയെ പ്രാര്‍ഥിക്കണം. മല്‍സ്യ, മാംസാദികള്‍ വര്‍ജിക്കണം. ബ്രഹ്മചര്യം അനുഷ്ഠിക്കണം. നഖം വെട്ടുകയോ താടി വടിക്കുകയോ ചെയ്യാന്‍ പാടില്ല, അഹിംസ പിന്തുടരണം തുടങ്ങിയവയാണു നോമ്പിന്റെ ചിട്ടകള്‍. 12 ദിവസവും ക്ഷേത്രത്തില്‍ തന്നെ ഭജനമിരിക്കുന്നവരുമുണ്ട്. നോമ്പിലെ ഏറ്റവും പ്രധാന ദിവസമായ പതിനൊന്നാം നാള്‍ കലശാഭിഷേകം വഴിപാടായി നടത്തുന്നു. എത്രയോ ഭക്തരാവും വഴിപാടു നടത്താനെത്തുന്നത്. പന്ത്രണ്ടാം ദിവസമാണ് അമ്മച്ചിക്കാവടി. സ്ത്രീകളും പുരുഷന്‍മാരും കുട്ടികളുമൊക്കെ ചേര്‍ന്ന് കാവടി നടത്തുന്നതാണു ചടങ്ങ്.
ചക്കുളത്തുകാവിലെ നാരീപൂജയും പ്രസിദ്ധമാണ്. ഇതിന്റെ പിന്നില്‍ രസകരമായ ഐതിഹ്യമുണ്ട്. പണ്ടുകാലത്ത് ഒരു ദിവസം ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളുടെ ആവശ്യാര്‍ഥം മതില്‍ക്കെട്ടിനകത്തെ മുഴുവന്‍ സ്ത്രീകളെയും പുറത്തുനിര്‍ത്താന്‍ തീരുമാനിച്ചത്രെ. പുറത്തിറങ്ങിനില്‍ക്കാന്‍ നിര്‍ദേശം നല്‍കിയപ്പോള്‍ ഒരു പ്രായംചെന്ന സ്ത്രീ ഒഴികെ മറ്റെല്ലാ സ്ത്രീകളും പുറത്തിറങ്ങി. മടിച്ചുനിന്ന സ്ത്രീയെ പുറത്തിറങ്ങാന്‍ നിര്‍ബന്ധിച്ചപ്പോള്‍ തന്നെ അകത്തുനില്‍ക്കാന്‍ സമ്മതിക്കണമെന്ന് അവര്‍ വിനയത്തോടെ അപേക്ഷിച്ചത്രെ. പക്ഷേ, അധികൃതര്‍ അംഗീകരിച്ചില്ല. അവരെ നിര്‍ബന്ധിച്ചു പുറത്തിറക്കിയതോടെ ഭദ്രദീപം അണയുകയും പൂജിച്ചുവച്ചിരുന്ന കലശം ഇളകിമറിയുകയും ചെയ്തു.
അശുഭലക്ഷണങ്ങള്‍ കണ്ടു വെളിച്ചപ്പാടിനെ വരുത്തിയപ്പോള്‍ പുറത്തിറങ്ങാന്‍ മടിച്ചുനിന്നതു ദേവി തന്നെയാണെന്നായിരുന്നു കിട്ടിയ മറുപടി. തുടര്‍ന്നു ദേവിയോടു മാപ്പപേക്ഷിച്ചപ്പോള്‍ പുറത്തുള്ള എല്ലാ സ്ത്രീകളെയും കാല്‍ കഴുകി പൂജിച്ച് അകത്തു കടത്തിയാല്‍ അവരിലൊരാളായി താനും അകത്തേക്കുവരാമെന്നായിരുന്നത്രെ ദേവി പറഞ്ഞത്. ഈ ഓര്‍മയിലാണു വര്‍ഷാവര്‍ഷം നാരീപൂജ നടത്തുന്നത്. പ്രശസ്തരായ സ്ത്രീകളാണു നാരീപൂജയ്ക്കായി ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെടാറ്.
.

Back to Top