Sanathanam

കോഴിക്കോട് ശാരദ അദ്വൈതാശ്രമം ഉദ്ഘാടനം നാളെ

കോഴിക്കോട്: കൊളത്തൂര്‍ അദ്വൈതാശ്രമത്തിന്റെ ഘടകമായി കോഴിക്കോട് നഗരത്തില്‍ ശ്രീ ശാരദ അദ്വൈതാശ്രമം പ്രവര്‍ത്തനമാരംഭിക്കുന്നു. പുതിയ ബസ് സ്റ്റാന്‍ഡിനു തൊട്ടടുത്തായി അശോകപുരത്തേക്കുള്ള കുനിയില്‍ കാവ് റോഡിലാണു സ്വന്തം കെട്ടിടത്തില്‍ ആശ്രമം പ്രവര്‍ത്തനമാരംഭിക്കുന്നത്. നാളെ രാവിലെ ശ്രീരാമകൃഷ്ണമഠത്തിന്റെ കൊല്‍ക്കത്തയിലുള്ള ബ്രഹ്മചാരി ട്രെയിനിങ് സെന്ററിലെ ആചാര്യന്‍ സ്വാമി സ്വപ്രഭാനന്ദ ഉദ്ഘാടനം നിര്‍വഹിക്കും.
കൊല്‍ക്കത്ത ദക്ഷിണേശ്വര്‍ ആസ്ഥാനമായുള്ള ശ്രീശാരദാമഠത്തിന്റെ കോഴിക്കോട്ടെ കേന്ദ്രങ്ങളിലൊന്നായിരുന്ന കെട്ടിടവും സ്ഥലവും കഴിഞ്ഞ വര്‍ഷം കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദ പുരി മാനേജിങ് ട്രസ്റ്റിയായുള്ള ശ്രീശങ്കര ചാരിറ്റബിള്‍ ട്രസ്റ്റിനു കൈമാറിയിരുന്നു. കെട്ടിടം അറ്റകുറ്റപ്പണി നടത്തി നവീകരിച്ച ശേഷം ഇവിടെയാണ് ശ്രീ ശാരദ അദ്വൈതാശ്രമം ഉദ്ഘാടനത്തിനൊരുങ്ങുന്നത്.
ഞായറാഴ്ച പുലര്‍ച്ചെ മഹാഗണപതിഹവനത്തോടെയാണ് ഉദ്ഘാടനച്ചടങ്ങുകള്‍ക്കു തുടക്കമാവുകം. തുടര്‍ന്നു സന്ന്യാസിവര്യന്‍മാരെ ആദരിക്കുന്ന യതിപൂജ നടക്കും.
ഒമ്പതരയ്ക്കാണ് ഉദ്ഘാടനസമ്മേളനം ആരംഭിക്കുക. സ്വാമി ഗോലോകാനന്ദ (ശ്രീരാമകൃഷ്ണമഠം, തിരുവല്ല) അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സ്വാമി പ്രജ്ഞാനാനന്ദ തീര്‍ഥപാദര്‍ (തീര്‍ഥപാദാശ്രമം, വാഴൂര്‍) മുഖ്യപ്രഭാഷണം നിര്‍വഹിക്കും. സ്വാമി ചിദാനന്ദ പുരി ആമുഖപ്രഭാഷണം നടത്തും. മാതാ പ്രവ്രാജിക തപഃപ്രാണ (ശ്രീശാരദ മഠം, തൃശൂര്‍), സ്വാമി ആപ്തലോകാനന്ദ (ശ്രീരാമകൃഷ്ണമഠം, കൊയിലാണ്ടി), മാതാ പ്രവ്രാജിക മാതൃക പ്രാണ (ശ്രീശാരദാശ്രമം, കോഴിക്കോട്), സ്വാമി വിനിശ്ചലാനന്ദ (ശ്രീരാമകൃഷ്ണാശ്രമം, കോഴിക്കോട്), സ്വാമി അധ്യാത്മാനന്ദ (സംബോധ് ഫൗണ്ടേഷന്‍, തിരുവനന്തപുരം), ബ്രഹ്മചാരി വിവേകാമൃത ചൈതന്യ (മാതാ അമൃതാനന്ദമയീമഠം, കോഴിക്കോട്), പട്ടയില്‍ പ്രഭാകരന്‍ (ജനറല്‍ കണ്‍വീനര്‍, സനാതനധര്‍മപരിഷത്ത്) എന്നിവര്‍ അനുഗ്രഹഭാഷണം നിര്‍വഹിക്കും. സ്വാമിനി ശിവാനന്ദ പുരി (സെക്രട്ടറി, ശ്രീശങ്കര ചാരിറ്റബിള്‍ ട്രസ്റ്റ്) സ്വാഗതവും എം.കെ.രജീന്ദ്രനാഥ് (അധ്യക്ഷന്‍, ശ്രീ വല്ലോറക്കാവ് ക്ഷേത്രസമിതി, കൊളത്തൂര്‍) നന്ദിയും പറയും. ഉദ്ഘാടനസമ്മേളനത്തിനുശേഷം പ്രസാദവിതരണം ഉണ്ടായിരിക്കുന്നതാണ്.
പ്രഭാഷണങ്ങളും ക്ലാസുകളും സത്സംഗങ്ങളും ആശ്രമവുമായി ബന്ധപ്പെട്ടുള്ളതും അല്ലാത്തതുമായ പരിപാടികളും ശാരദ അദ്വൈതാശ്രമത്തില്‍ നടക്കും. കൊളത്തൂര്‍ അദ്വൈതാശ്രമം പുറത്തിറക്കുന്ന പുസ്തകങ്ങളും സി.ഡികളും ഇവിടെ ലഭ്യമാകും. അദ്വൈതാശ്രമം സത്സംഗം മാസികയുടെ പ്രചാരം തുടങ്ങിയ പ്രവര്‍ത്തനങ്ങളും ഉണ്ടായിരിക്കും.
.

Back to Top